ലൂക്കൊസ് 16:14-31
ലൂക്കൊസ് 16:14-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാർ കേട്ട് അവനെ പരിഹസിച്ചു. അവൻ അവരോട് പറഞ്ഞത്: നിങ്ങൾ നിങ്ങളെത്തന്നെ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായത് ദൈവത്തിന്റെ മുമ്പാകെ അറപ്പത്രേ. ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻവരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാൽക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു. ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം. ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവ് ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. ധനവാനായൊരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. ലാസർ എന്നു പേരുള്ളൊരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരയ്ക്കൽ കിടന്നു ധനവാന്റെ മേശയിൽനിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്ന് അവന്റെ വ്രണം നക്കും. ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തുനിന്ന് അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു: അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചുപറഞ്ഞു. അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്ന് ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു; നീയോ വേദന അനുഭവിക്കുന്നു. അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവേ വലിയൊരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നുവരുവാനും പാടില്ല എന്നു പറഞ്ഞു. അതിന് അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയയ്ക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു; എനിക്ക് അഞ്ചു സഹോദരന്മാർ ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. അബ്രാഹാം അവനോട്: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവർ കേൾക്കട്ടെ എന്നു പറഞ്ഞു. അതിന് അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്ന് ഒരുത്തൻ എഴുന്നേറ്റ് അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. അവൻ അവനോട്: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽനിന്ന് ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.
ലൂക്കൊസ് 16:14-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദ്രവ്യാഗ്രഹികളായ പരീശന്മാർ ഇവയെല്ലാം കേട്ടപ്പോൾ യേശുവിനെ പരിഹസിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങൾ മനുഷ്യരുടെ മുമ്പിൽ സ്വയം ന്യായീകരിക്കുന്നു. എന്നാൽ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യർക്ക് ഉത്തമമെന്നു തോന്നുന്നത് ദൈവത്തിന്റെ ദൃഷ്‍ടിയിൽ അധർമമായിരിക്കും. “യോഹന്നാന്റെ ആഗമനംവരെ ആയിരുന്നു ധർമശാസ്ത്രത്തിന്റെയും പ്രവാചകന്മാരുടെയും കാലം. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കപ്പെട്ടുവരുന്നു. എല്ലാവരും ദൈവരാജ്യം ബലാല്‌ക്കാരേണ പിടിച്ചുപറ്റുവാൻ ശ്രമിക്കുന്നു. ധർമശാസ്ത്രത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുന്നതിനെക്കാൾ എളുപ്പം ആകാശവും ഭൂമിയും ഇല്ലാതാകുന്നതായിരിക്കും. “സ്വഭാര്യയെ പരിത്യജിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവു പരിത്യജിച്ച സ്‍ത്രീയെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു. “ഒരിടത്ത് ധനാഢ്യനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ വിലയേറിയ പട്ടുവസ്ത്രം അണിയുകയും സുഖലോലുപനായി നിത്യേന വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്തുവന്നു. ഈ ധനികന്റെ പടിവാതില്‌ക്കൽ വ്രണബാധിതനായി കിടന്നിരുന്ന ലാസർ എന്ന ദരിദ്രൻ, ആ ധനികന്റെ ഭക്ഷണമേശയിൽനിന്നു പുറത്തുകളയുന്ന ഉച്ഛിഷ്ടംകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് ആശിച്ചു. നായ്‍ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുമായിരുന്നു. “ദരിദ്രനായ ലാസർ മരിച്ചു. മാലാഖമാർ അയാളെ കൊണ്ടുപോയി അബ്രഹാമിന്റെ മാറോടു ചേർത്തിരുത്തി. ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അയാൾ പ്രേതലോകത്തിൽ കിടന്നു യാതന അനുഭവിക്കുമ്പോൾ മുകളിലേക്കു നോക്കി. അങ്ങു ദൂരെ അബ്രഹാമിനോടു ചേർന്നിരിക്കുന്ന ലാസറിനെ കണ്ട്, അയാൾ വിളിച്ചുപറഞ്ഞു: ‘അബ്രഹാം പിതാവേ, എന്നോടു കരുണയുണ്ടാകണമേ. വിരൽത്തുമ്പുകൊണ്ടെങ്കിലും ഇറ്റുവെള്ളം പകർന്ന് എന്റെ നാവു തണുപ്പിക്കുന്നതിനു ലാസറിനെ ഇങ്ങോട്ടയച്ചാലും. ഞാൻ ഈ അഗ്നിജ്വാലയേറ്റ് അതിവേദന അനുഭവിക്കുകയാണല്ലോ. “അബ്രഹാം പ്രതിവചിച്ചു: ‘ജീവിതകാലത്ത് എല്ലാ സുഖഭോഗങ്ങളും നിനക്കു ലഭിച്ചു; അതേസമയം ലാസർ എല്ലാവിധ കഷ്ടതകളും അനുഭവിച്ചു എന്നും ഓർക്കുക. എന്നാൽ ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു; നീയാകട്ടെ വേദനപ്പെടുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കലേക്കു കടന്നുവരാനോ, അവിടെനിന്ന് ഇങ്ങോട്ടു കടക്കുവാനോ കഴിയാത്തവിധം ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ അഗാധമായ ഒരു പിളർപ്പുണ്ട്. അപ്പോൾ അയാൾ പറഞ്ഞു: ‘എന്നാൽ പിതാവേ, ഒരു കാര്യം ചെയ്യണമേ! എന്റെ ഭവനത്തിലേക്കു ലാസറിനെ അയച്ചാലും; എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്; അവരെങ്കിലും ഈ കഠിനയാതനയുടെ സ്ഥലത്തു വരാതിരിക്കുവാൻ അയാൾ അവർക്കു മുന്നറിയിപ്പു നല്‌കട്ടെ.’ “എന്നാൽ അബ്രഹാം അതിനു മറുപടിയായി ‘അവർക്ക് മോശയുടെ നിയമസംഹിതയും പ്രവാചകന്മാരുടെ പ്രബോധനങ്ങളുമുണ്ട്; നിന്റെ സഹോദരന്മാർ അവരുടെ വാക്കുകൾ ശ്രദ്ധിക്കട്ടെ.’ അപ്പോൾ അയാൾ പറഞ്ഞു: ‘അങ്ങനെയല്ല പിതാവേ, മരിച്ച ഒരാൾ അവരുടെ അടുക്കൽ മടങ്ങിച്ചെന്നാൽ അവർ അനുതപിക്കാതിരിക്കുകയില്ല.’ അബ്രഹാം അതിനു ‘മോശയെയും പ്രവാചകന്മാരെയും ചെവിക്കൊള്ളാത്തവൻ, ഒരുവൻ ഉയിർത്തെഴുന്നേറ്റു ചെന്നാലും വിശ്വസിക്കുവാൻ പോകുന്നില്ല’ എന്നു മറുപടി പറഞ്ഞു.
ലൂക്കൊസ് 16:14-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇതൊക്കെയും അമിതമായി ധനം ആഗ്രഹിക്കുന്ന പരീശർ കേട്ടു അവനെ പരിഹസിച്ചു. യേശു അവരോട് പറഞ്ഞത്: നിങ്ങൾ മനുഷ്യരുടെ മുൻപിൽ സ്വയം നീതീകരിക്കുന്നവർ ആകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു; നല്ലതെന്ന് മനുഷ്യർ ചിന്തിക്കുന്ന കാര്യങ്ങൾ ദൈവം വെറുക്കുന്നു ന്യായപ്രമാണത്തിൻ്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ദൈവരാജ്യത്തിൽ കയറുവാൻ വേണ്ടി പരിശ്രമിക്കുന്നു. ന്യായപ്രമാണത്തിൽ ഒരു ചെറിയ അക്ഷരം മാറുന്നതിനേക്കൾ എളുപ്പം ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് ആയിരിക്കും. ഭാര്യയെ ഉപേക്ഷിച്ച് മറ്റാരെയെങ്കിലും വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവ് ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. ഒരിടത്ത് ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ ജീവിച്ചിരുന്നു. ലാസർ എന്നു പേരുള്ള ഒരു ദരിദ്രൻ ഉണ്ടായിരുന്നു. അവന്‍റെ ശരീരം മുഴുവൻ വ്രണങ്ങൾ നിറഞ്ഞിരുന്നു. അവൻ ധനവാന്‍റെ പടിപ്പുരയ്ക്കൽ ആയിരുന്നു കിടന്നിരുന്നത് ധനവാന്‍റെ മേശയിൽ നിന്നു വീഴുന്നത് തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും. ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ കഷ്ടത അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്ത് നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു: അബ്രാഹാംപിതാവേ, എന്നോട് കനിവുണ്ടാകേണമേ; ലാസർ വിരലിൻ്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്ന് വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു. അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയൊരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ആഗ്രഹിക്കുന്നവർക്ക് സാധിക്കുകയില്ല; അവിടെനിന്ന് ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും സാധ്യമല്ല എന്നു പറഞ്ഞു. അതിന് അവൻ: എന്നാൽ പിതാവേ, അവനെ എന്‍റെ പിതാവിന്‍റെ വീട്ടിൽ അയയ്ക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു; എനിക്ക് അഞ്ചു സഹോദരന്മാർ ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോട് സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. അബ്രാഹാം അവനോട്: അവർക്ക് മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവർ കേൾക്കട്ടെ എന്നു പറഞ്ഞു. അതിന് അവൻ: അങ്ങനെ അല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരുവൻ എഴുന്നേറ്റ് അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. അവൻ അവനോട്: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്ക് കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുവൻ എഴുന്നേറ്റ് ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.
ലൂക്കൊസ് 16:14-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാർ കേട്ടു അവനെ പരിഹസിച്ചു. അവൻ അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ. ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്ക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു. ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം. ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും. ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു: അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു. അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു. അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു; എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. അബ്രാഹാം അവനോടു: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു. അതിന്നു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.
ലൂക്കൊസ് 16:14-31 സമകാലിക മലയാളവിവർത്തനം (MCV)
ദ്രവ്യാഗ്രഹികളായ പരീശന്മാർ ഇതെല്ലാം കേട്ട് യേശുവിനെ പരിഹസിച്ചു. അദ്ദേഹം അവരോട്, “നിങ്ങൾ മനുഷ്യരുടെമുമ്പാകെ നിങ്ങളെത്തന്നെ നീതീകരിക്കുന്നവരാകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു. മനുഷ്യർ വിലമതിക്കുന്നത്, ദൈവദൃഷ്ടിയിൽ മ്ലേച്ഛമാണ്” എന്നു പറഞ്ഞു. “ന്യായപ്രമാണപുസ്തകത്തിന്റെയും പ്രവാചകഗ്രന്ഥങ്ങളുടെയും സാംഗത്യം യോഹന്നാൻസ്നാപകൻവരെയായിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്യപ്പെടുകയാണ്. എല്ലാവരും അതിൽ പ്രവേശിക്കാൻ അത്യുത്സാഹത്തോടെയിരിക്കുന്നു. ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതാണ് എളുപ്പം. “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹംചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു. “ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ എല്ലാ ദിവസവും ഊതവർണത്തിലും പട്ടിലും മറ്റുമുള്ള വസ്ത്രങ്ങൾ ധരിച്ച് സുഖഭോഗങ്ങളിലും ആഡംബരത്തിലും ജീവിച്ചുപോന്നു. ദേഹം ആസകലം വ്രണങ്ങൾ നിറഞ്ഞ ലാസർ എന്നു പേരുള്ള ഒരു ദരിദ്രനെ ആ ധനികന്റെ പടിപ്പുരയ്ക്കൽ കിടത്തുമായിരുന്നു. ധനികന്റെ മേശയിൽനിന്ന് വീഴുന്ന അവശിഷ്ടങ്ങൾകൊണ്ടു വിശപ്പടക്കാൻ അയാൾ വളരെ കൊതിച്ചിരുന്നു. നായ്ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുകയും ചെയ്യുമായിരുന്നു. “ആ ദരിദ്രൻ മരിച്ചപ്പോൾ ദൈവദൂതന്മാർ അയാളെ അബ്രാഹാമിന്റെ അടുത്തേക്കു കൊണ്ടുപോയി. ധനികനും മരിച്ചു; അടക്കപ്പെട്ടു. പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ അയാൾ മുകളിലേക്കുനോക്കി, അങ്ങുദൂരെ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ അടുത്ത് ലാസറിനെയും കണ്ടു. അയാൾ ഉറക്കെ വിളിച്ചു: ‘അബ്രാഹാംപിതാവേ, എന്നോടു കരുണതോന്നണമേ. ഞാൻ ഈ അഗ്നികുണ്ഡത്തിൽ അതിവേദന അനുഭവിക്കുന്നു. ലാസറിന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അയാളെ ഒന്നയയ്ക്കണമേ.’ “എന്നാൽ അബ്രാഹാം പ്രതിവചിച്ചു: ‘കുഞ്ഞേ, നീ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു, ലാസറിന്റെ ജീവിതമോ, ദുരിതപൂർണമായിരുന്നു എന്ന് ഓർക്കുക. എന്നാൽ, ഇപ്പോൾ ലാസർ ഇവിടെ ആശ്വാസമനുഭവിക്കുന്നു, നീയോ കഠിനവേദന അനുഭവിക്കുന്നു. തന്നെയുമല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ വലിയൊരു പിളർപ്പു വെച്ചിരിക്കുന്നു; ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധ്യമല്ല; അവിടെനിന്ന് ആർക്കും ഞങ്ങളുടെ അടുത്തേക്കു വരാനും സാധ്യമല്ല.’ “അപ്പോൾ ധനികനായിരുന്ന മനുഷ്യൻ: ‘പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ അപ്പന്റെ വീട്ടിലേക്ക് അയയ്ക്കണമേ എന്നു ഞാൻ യാചിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്, അവരും ഈ യാതനാസ്ഥലത്തു വരാതിരിക്കേണ്ടതിന് അയാൾ അവർക്കു മുന്നറിയിപ്പു നൽകട്ടെ.’ “ ‘മോശയുടെയും പ്രവാചകന്മാരുടെയും ലിഖിതങ്ങൾ അവരുടെ പക്കലുണ്ടല്ലോ; നിന്റെ സഹോദരന്മാർ അവ അനുസരിക്കട്ടെ,’ അബ്രാഹാം പറഞ്ഞു. “ ‘അങ്ങനെയല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരാൾ അവരുടെ അടുക്കൽ ചെന്നാൽ അവർ അനുതപിക്കും,’ അയാൾ പറഞ്ഞു. “അബ്രാഹാം അയാളോടു പറഞ്ഞത്, ‘അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് അനുസരിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റുചെന്നാലും വിശ്വസിക്കില്ല.’ ”