ലൂക്കൊസ് 15:20-24
ലൂക്കൊസ് 15:20-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി. ദൂരത്തുനിന്നുതന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവന്റെ കഴുത്തു കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു. മകൻ അവനോട്: അപ്പാ, ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. അപ്പൻ തന്റെ ദാസന്മാരോട്: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്ന് ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിനു ചെരിപ്പും ഇടുവിപ്പിൻ. തടിച്ച കാളക്കുട്ടിയെ കൊണ്ടുവന്ന് അറപ്പിൻ; നാം തിന്ന് ആനന്ദിക്ക. ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
ലൂക്കൊസ് 15:20-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് അവൻ പിതാവിന്റെ അടുക്കലേക്കു തിരിച്ചുപോയി. “ദൂരെവച്ചുതന്നെ പിതാവ് മകനെ കണ്ടു. ആ അപ്പന്റെ മനസ്സലിഞ്ഞ്, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു. അവൻ പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘അപ്പാ, ഞാൻ അങ്ങേക്കും ദൈവത്തിനും വിരോധമായി കുറ്റം ചെയ്തിരിക്കുന്നു. മേലിൽ അവിടുത്തെ പുത്രനായി ഗണിക്കപ്പെടുവാൻ ഞാൻ യോഗ്യനല്ല! എന്നാൽ ആ പിതാവു ഭൃത്യന്മാരോടു പറഞ്ഞു: ‘നിങ്ങൾ വേഗംപോയി വിശിഷ്ടമായ വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. കൈയിൽ മോതിരവും കാലിൽ ചെരുപ്പും അണിയിക്കണം. കൊഴുപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുക. നമുക്കു ഭക്ഷിച്ച് ഉല്ലസിക്കാം. എന്റെ ഈ മകൻ മൃതനായിരുന്നു; അവൻ വീണ്ടും ജീവിച്ചിരിക്കുന്നു; അവൻ നഷ്ടപ്പെട്ടുപോയിരുന്നു; ഇപ്പോൾ അവനെ കണ്ടുകിട്ടിയിരിക്കുന്നു.’ അങ്ങനെ അവർ ആഹ്ലാദിക്കുവാൻ തുടങ്ങി.
ലൂക്കൊസ് 15:20-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി. ദൂരത്ത് നിന്നു തന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു. മകൻ അവനോട്: അപ്പാ, ഞാൻ ദൈവത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. അപ്പൻ തന്റെ ദാസന്മാരോട്: നിങ്ങൾ വേഗം പോയി മേന്മയുള്ള വസ്ത്രങ്ങൾ കൊണ്ടുവന്നു ഇവനെ ധരിപ്പിക്കുക; ഇവന്‍റെ കയ്യിൽ മോതിരവും കാലിൽ ചെരിപ്പും ഇടുവിക്കുക. ഒരു തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുത്ത് അതിനെ പാകം ചെയ്യുക; നമുക്കു തിന്നു ആനന്ദിക്കാം. ഈ എന്റെ മകൻ മരിച്ചതുപോലെയായിരുന്നു; എന്നാൽ വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
ലൂക്കൊസ് 15:20-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു. മകൻ അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക. ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
ലൂക്കൊസ് 15:20-24 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങനെ, അയാൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ അടുത്തേക്കു യാത്രയായി. “വളരെ ദൂരെവെച്ചുതന്നെ പിതാവ് അവനെ കണ്ടു, അവനോടു സഹതാപം തോന്നി; അദ്ദേഹം ഓടിച്ചെന്ന് അവനെ ആലിംഗനംചെയ്തു ചുംബിച്ചു. “ആ മകൻ അദ്ദേഹത്തോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല’ എന്നു പറഞ്ഞു. “എന്നാൽ ആ പിതാവ് തന്റെ ഭൃത്യന്മാരോട്, ‘വേഗം ഏറ്റവും നല്ല വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. ഇവന്റെ വിരലിൽ മോതിരം അണിയിക്കുക കാലിൽ ചെരിപ്പ് ഇടുവിക്കുക. വിശേഷദിവസങ്ങൾക്കായി വളർത്തിക്കൊണ്ടുവന്ന കാളക്കിടാവിനെ കൊണ്ടുവന്ന് അറക്കുക; നമുക്ക് വിരുന്നു കഴിച്ച് ആഘോഷിക്കാം. എന്റെ ഈ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; എനിക്കിവനെ തിരികെ കിട്ടിയിരിക്കുന്നു’ അങ്ങനെ അവരുടെ ആഘോഷം തുടങ്ങി.