ലൂക്കൊസ് 14:7-14
ലൂക്കൊസ് 14:7-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ട് അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ഒരുത്തൻ നിന്നെ കല്യാണത്തിനു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുത്; പക്ഷേ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം. പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്ന്: ഇവന് ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോൾ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തു പോയി ഇരിക്കേണ്ടിവരും. നിന്നെ വിളിച്ചാൽ ചെന്ന് ഒടുക്കത്തെ സ്ഥലത്ത് ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോട്: സ്നേഹിതാ, മുമ്പോട്ടു വന്ന് ഇരിക്ക എന്നു പറവാൻ ഇടവരട്ടെ; അപ്പോൾ പന്തിയിൽ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്കു മാനം ഉണ്ടാകും. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും. തന്നെ ക്ഷണിച്ചവനോട് അവൻ പറഞ്ഞത്: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ചാർച്ചക്കാരെയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും. നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക; എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്വാൻ അവർക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും.
ലൂക്കൊസ് 14:7-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിരുന്നിനു ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങൾ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോൾ ഉപദേശരൂപേണ യേശു അവരോടു പറഞ്ഞു: “ഒരു വിവാഹവിരുന്നിനു നിങ്ങളെ ആരെങ്കിലും ക്ഷണിച്ചാൽ മുഖ്യസ്ഥാനത്തു കയറി ഇരിക്കരുത്. നിങ്ങളെക്കാൾ മാന്യനായ ഒരു അതിഥിയെ ക്ഷണിച്ചിട്ടുണ്ടായിരിക്കാം. ആതിഥേയൻ വന്ന് ‘ഇദ്ദേഹത്തിന് ഇടം ഒഴിഞ്ഞുകൊടുക്കുക’ എന്നു നിങ്ങളോടു പറഞ്ഞാൽ ലജ്ജിതനായി എഴുന്നേറ്റ് ഏറ്റവും ഒടുവിലത്തെ ഇരിപ്പിടത്തിൽ പോയി ഇരിക്കേണ്ടിവരും. എന്നാൽ നിങ്ങൾ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോൾ ഏറ്റവും ഒടുവിലത്തെ സ്ഥാനത്തുപോയി ഇരിക്കുക. ആതിഥേയൻ വന്ന് ‘സ്നേഹിതാ മുമ്പോട്ടു കയറി ഇരിക്കൂ’ എന്നു പറയുവാൻ ഇടയാകട്ടെ. അപ്പോൾ വിരുന്നിനു വന്നിരിക്കുന്നവരുടെ മുമ്പിൽ നിങ്ങൾ ബഹുമാനിതനാകും. തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.” പിന്നീടു തന്നെ ക്ഷണിച്ച പരീശപ്രമാണിയോടു യേശു പറഞ്ഞു: “താങ്കൾ വിരുന്നു നടത്തുമ്പോൾ സുഹൃത്തുക്കളെയോ, സഹോദരരെയോ, ചാർച്ചക്കാരെയോ, സമ്പന്നന്മാരായ അയൽക്കാരെയോ അല്ല ക്ഷണിക്കേണ്ടത്. അവർ താങ്കളെയും തിരിച്ചു ക്ഷണിക്കുകയും അങ്ങനെ പ്രത്യുപകാരം ലഭിക്കുകയും ചെയ്യും. എന്നാൽ താങ്കൾ വിരുന്നു കൊടുക്കുമ്പോൾ ദരിദ്രർ, അംഗഹീനർ, മുടന്തർ, അന്ധന്മാർ മുതലായവരെ ക്ഷണിക്കുക. അപ്പോൾ താങ്കൾ ധന്യനാകും. അവർക്കു പ്രത്യുപകാരം ചെയ്യാൻ കഴിവില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനദിവസം താങ്കൾക്കു പ്രതിഫലം ലഭിക്കും.”
ലൂക്കൊസ് 14:7-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ ക്ഷണിച്ചവർ മുഖ്യസ്ഥാനം തിരഞ്ഞെടുക്കുന്നത് കണ്ടിട്ട് അവൻ അവരോട് ഒരുപമ പറഞ്ഞു: ഒരാൾ നിങ്ങളെ കല്യാണത്തിന് വിളിച്ചാൽ മുഖ്യ സ്ഥാനത്ത് ഇരിക്കരുത്; ഒരുപക്ഷേ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം. പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന് സ്ഥലം കൊടുക്ക എന്നു നിന്നോട് പറയുമ്പോൾ നീ നാണത്തോടെ അവസാനം പോയി ഇരിക്കേണ്ടിവരും. നിന്നെ ആരെങ്കിലും ക്ഷണിച്ചാൽ ചെന്നു ഒടുവിലത്തെ സ്ഥാനത്ത് ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോട്: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നു പറവാൻ ഇടവരട്ടെ; അപ്പോൾ വിരുന്നിന് നിന്നോടുകൂടെ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്കു മാനം ഉണ്ടാകും. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും. തന്നെ ക്ഷണിച്ചവനോട് അവൻ പറഞ്ഞത്: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ബന്ധുക്കളേയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ട് നിനക്കു പ്രത്യുപകാരം ചെയ്യും. അതുകൊണ്ട് നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക; എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‌വാൻ അവർക്ക് കഴിവില്ല; അതുകൊണ്ട് നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും.
ലൂക്കൊസ് 14:7-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടു അവൻ അവരോടു ഒരുപമ പറഞ്ഞു: ഒരുത്തൻ നിന്നെ കല്യാണത്തിന്നു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുതു; പക്ഷെ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം. പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന്നു ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോൾ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തു പോയി ഇരിക്കേണ്ടിവരും. നിന്നെ വിളിച്ചാൽ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോടു: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നു പറവാൻ ഇടവരട്ടെ; അപ്പോൾ പന്തിയിൽ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്കു മാനം ഉണ്ടാകും. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും. തന്നെ ക്ഷണിച്ചവനോടു അവൻ പറഞ്ഞതു:നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരേയും സഹോദരന്മാരെയും ചാർച്ചക്കാരെയും സമ്പത്തുള്ള അയല്ക്കാരെയും വിളിക്കരുതു; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും. നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക; എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്വാൻ അവർക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും.
ലൂക്കൊസ് 14:7-14 സമകാലിക മലയാളവിവർത്തനം (MCV)
വിരുന്നിൽ അതിഥികൾ ബഹുമാന്യസ്ഥാനങ്ങൾ തെരഞ്ഞെടുക്കുന്നതു കണ്ടിട്ട് അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “നിന്നെ ഒരാൾ കല്യാണവിരുന്നിനു ക്ഷണിച്ചാൽ ബഹുമാന്യസ്ഥാനത്ത് ഇരിക്കരുത്; നിന്നെക്കാൾ വിശിഷ്ടനായ ഒരാളെ അയാൾ ക്ഷണിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെയെങ്കിൽ, നിങ്ങളെ ഇരുവരെയും ക്ഷണിച്ച ആതിഥേയൻ വന്നു നിന്നോട്, ‘നിന്റെ ഇരിപ്പിടം ഇദ്ദേഹത്തിന് ഒഴിഞ്ഞുകൊടുക്കുക’ എന്നു പറയും. അപ്പോൾ നിനക്ക് അപമാനിതനായി ഏറ്റവും അപ്രധാനമായ ഇരിപ്പിടത്തിൽ ഇരിക്കേണ്ടിവരും. എന്നാൽ, നീ ക്ഷണിക്കപ്പെട്ടാൽ ഏറ്റവും ഒടുവിലത്തെ ഇരിപ്പിടത്തിൽ ഇരിക്കുക; നിന്റെ ആതിഥേയൻ വരുമ്പോൾ നിന്നോട്, ‘സ്നേഹിതാ, മുമ്പോട്ടുകയറി നല്ല ഇരിപ്പിടത്തിൽ ഇരിക്കുക’ എന്നു പറയും. അപ്പോൾ നിന്നോടൊപ്പം ഭക്ഷണത്തിനിരിക്കുന്ന എല്ലാവരുടെയും മുമ്പാകെ നീ ബഹുമാനിതനാകും. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.” പിന്നെ യേശു തന്റെ ആതിഥേയനോടു പറഞ്ഞത്: “നീ ഒരു ഉച്ചഭക്ഷണമോ അത്താഴമോ വിരുന്നായി നൽകുമ്പോൾ നിന്റെ സ്നേഹിതരെയോ സഹോദരങ്ങളെയോ ബന്ധുക്കളെയോ ധനികരായ അയൽക്കാരെയോ ക്ഷണിക്കരുത്; ക്ഷണിച്ചാൽ അവർ തിരിച്ചു നിന്നെയും ക്ഷണിക്കും, അതായിരിക്കും നിനക്കു ലഭിക്കുന്ന ഏകപ്രതിഫലം. എന്നാൽ, നീ ഒരു വിരുന്നു നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, അന്ധർ എന്നിങ്ങനെയുള്ളവരെ ക്ഷണിക്കുക; അങ്ങനെയെങ്കിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ കടം വീട്ടാൻ അവർക്കു കഴിവില്ലെങ്കിലും നീതിനിഷ്ഠരുടെ പുനരുത്ഥാനത്തിൽ ദൈവത്തിൽനിന്ന് നിനക്ക് പ്രതിഫലം ലഭിക്കും.”