ലൂക്കൊസ് 12:35-59

ലൂക്കൊസ് 12:35-59 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. യജമാനൻ കല്യാണത്തിനു പോയി വന്നു മുട്ടിയാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന് അവൻ എപ്പോൾ മടങ്ങിവരും എന്നു കാത്തുനില്ക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായിരിപ്പിൻ. യജമാനൻ വരുംനേരം ഉണർന്നിരിക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും വന്ന് അവർക്ക് ശുശ്രൂഷ ചെയ്കയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാമതിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ. കള്ളൻ ഇന്ന നാഴികയ്ക്കു വരുന്നു എന്നു വീട്ടുടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീടു തുരപ്പാൻ സമ്മതിക്കയില്ല എന്നറിവിൻ. നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിൻ. കർത്താവേ, ഈ ഉപമ പറയുന്നത് ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന് കർത്താവ് പറഞ്ഞത്: തക്കസമയത്ത് ആഹാരവീതം കൊടുക്കേണ്ടതിന് യജമാനൻ തന്റെ വേലക്കാരുടെമേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തുകാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കി വയ്ക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളൂ എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാൽ, അവൻ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനൻ വന്ന് അവനെ ദണ്ഡിപ്പിക്കയും അവന് അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും. യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ട് ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടി കൊള്ളും. അറിയാതെകണ്ട് അടിക്കു യോഗ്യമായത് ചെയ്തവനോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും. ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അത് ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്ത് ഇച്ഛിക്കേണ്ടൂ? എങ്കിലും എനിക്ക് ഒരു സ്നാനം ഏല്പാൻ ഉണ്ട്; അത് കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു. ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇനിമേൽ ഒരു വീട്ടിൽ ഇരുവരോടു മൂവരും മൂവരോട് ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഛിദ്രിച്ചിരിക്കും. അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും. പിന്നെ അവൻ പുരുഷാരത്തോടു പറഞ്ഞത്: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോൾ പെരുമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു. തെക്കൻകാറ്റ് ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു. കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ വിവേചിപ്പാൻ നിങ്ങൾക്ക് അറിയാം; എന്നാൽ ഈ കാലത്തെ വിവേചിപ്പാൻ അറിയാത്തത് എങ്ങനെ? ന്യായമായത് എന്തെന്ന് നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്ത്? പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കൽ പോകുമ്പോൾ വഴിയിൽവച്ച് അവനോട് നിരന്നുകൊൾവാൻ ശ്രമിക്ക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്റെ മുമ്പിൽ ഇഴച്ചുകൊണ്ടു പോകയും ന്യായാധിപൻ നിന്നെ കോല്ക്കാരന്റെ പക്കൽ ഏല്പിക്കയും കോല്ക്കാരൻ തടവിൽ ആക്കുകയും ചെയ്യും. ഒടുക്കത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.

ലൂക്കൊസ് 12:35-59 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“നിങ്ങൾ അരമുറുക്കിയും വിളക്കു കൊളുത്തിയും കാത്തിരിക്കുക. കല്യാണവിരുന്നു കഴിഞ്ഞ് തങ്ങളുടെ യജമാനൻ തിരിച്ചുവന്നു മുട്ടുന്നയുടൻ വാതിൽ തുറന്നു കൊടുക്കുവാൻ കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കണം നിങ്ങൾ. യജമാനൻ വരുമ്പോൾ ജാഗരൂകരായി കാണപ്പെടുന്ന ഭൃത്യന്മാർ അനുഗൃഹീതർ. അദ്ദേഹം അരകെട്ടിവന്ന് അവരെ ഭക്ഷണത്തിനിരുത്തി ഉപചരിക്കുമെന്നു ഞാൻ ഉറപ്പിച്ചു നിങ്ങളോടു പറയുന്നു. അദ്ദേഹം അർധരാത്രിക്കോ അതിനു ശേഷമോ വരികയും തന്റെ ദാസന്മാരെ ജാഗ്രതയുള്ളവരായി കാണുകയും ചെയ്താൽ അവർ അനുഗ്രഹിക്കപ്പെട്ടവരാകുന്നു. കള്ളൻ ഏതു സമയത്താണു വരുന്നതെന്ന് അറിഞ്ഞിരുന്നാൽ ഗൃഹനാഥൻ ഉണർന്നിരിക്കുകയും വീടു കുത്തിത്തുറക്കുവാൻ ഇടകൊടുക്കാതിരിക്കുകയും ചെയ്യും. അപ്രതീക്ഷിതമായ സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്. അതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.” അപ്പോൾ പത്രോസ് ചോദിച്ചു: “കർത്താവേ, ഈ ദൃഷ്ടാന്തകഥ ഞങ്ങളോടു മാത്രമാണോ അതോ എല്ലാവരോടുംകൂടിയാണോ അങ്ങു പറഞ്ഞത്?” യേശു പ്രതിവചിച്ചു: “ഭൃത്യന്മാർക്ക് യഥാവസരം ഭക്ഷണസാധനങ്ങൾ വീതിച്ചു കൊടുക്കുന്നതിനും വീട്ടുകാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനുമായി വിശ്വസ്തനും വിവേകിയുമായ ഒരു കാര്യസ്ഥനെ യജമാനൻ നിയമിക്കുന്നു എന്നു സങ്കല്പിക്കുക. യജമാനൻ വരുമ്പോൾ ആ കാര്യസ്ഥൻ അപ്രകാരമെല്ലാം ചെയ്യുന്നതായി കാണപ്പെടുന്നെങ്കിൽ അയാൾ അനുഗ്രഹിക്കപ്പെട്ടവനത്രേ. അയാളെ തന്റെ സകല വസ്തുവകകളുടെയും കാര്യസ്ഥനായി അദ്ദേഹം നിയമിക്കുമെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. എന്നാൽ യജമാനൻ വരാൻ വൈകുമെന്നു സ്വയം പറഞ്ഞുകൊണ്ട് ആ ഭൃത്യൻ വേലക്കാരായ സ്‍ത്രീകളെയും പുരുഷന്മാരെയും പ്രഹരിക്കുകയും തിന്നും കുടിച്ചും മദ്യപിച്ചും ഉന്മത്തനായാൽ താൻ പ്രതീക്ഷിക്കാത്ത നാളിലും നാഴികയിലും അദ്ദേഹം വന്ന് അയാളെ ശിക്ഷിക്കുകയും അവിശ്വസ്തരുടെ ഗണത്തിൽ അയാളെ ഉൾപ്പെടുത്തുകയും ചെയ്യും. “യജമാനന്റെ ഹിതം എന്തെന്ന് അറിഞ്ഞിട്ടും ഒരുങ്ങാതെയും യജമാനന്റെ ഇച്ഛാനുസരണം പ്രവർത്തിക്കാതെയും ഇരിക്കുന്ന ദാസനു കഠിനമായ പ്രഹരം ലഭിക്കും. എന്നാൽ ചെയ്ത പ്രവൃത്തി ശിക്ഷാർഹമാണെങ്കിലും അറിയാതെയാണ് അപ്രകാരം ചെയ്തതെങ്കിൽ അയാൾക്കു ലഭിക്കുന്ന അടി ലഘുവായിരിക്കും. അധികം ലഭിച്ചവനിൽനിന്ന് അധികം ആവശ്യപ്പെടും. കൂടുതൽ ഏല്പിച്ചവനോടു കൂടുതൽ ചോദിക്കും. “ഭൂമിയിൽ അഗ്നി വർഷിക്കുവാനാണു ഞാൻ വന്നത്. ഉടൻ തന്നെ അതു കത്തി ജ്വലിച്ചിരുന്നെങ്കിൽ! എന്നാൽ എനിക്ക് ഒരു സ്നാപനം ഏല്‌ക്കേണ്ടതായിട്ടുണ്ട്. അതു കഴിയുന്നതുവരെ ഞാൻ എത്രമാത്രം ഞെരുങ്ങുന്നു! ഭൂമിയിൽ സമാധാനം നല്‌കുവാൻ ഞാൻ വന്നു എന്നാണോ നിങ്ങൾ വിചാരിക്കുന്നത്? സമാധാനം അല്ല, പ്രത്യുത, ഭിന്നത വരുത്തുവാനത്രേ ഞാൻ വന്നിരിക്കുന്നത് എന്നു നിങ്ങളോടു പറയുന്നു. ഇനിമേൽ അഞ്ചംഗങ്ങളുള്ള ഒരു ഭവനത്തിൽ മൂന്നുപേർ രണ്ടുപേർക്കെതിരെയും രണ്ടുപേർ മൂന്നുപേർക്കെതിരെയും ഭിന്നിക്കും. അപ്പൻ മകനും, മകൻ അപ്പനും, അമ്മ മകൾക്കും, മകൾ അമ്മയ്‍ക്കും, അമ്മായിയമ്മ മരുമകൾക്കും, മരുമകൾ അമ്മായിയമ്മയ്‍ക്കും എതിരെ ഭിന്നിക്കും.” യേശു ജനത്തോട് അരുൾചെയ്തു: “പടിഞ്ഞാറു മേഘം ഉയരുന്നതു കണ്ടാൽ ഉടനെ മഴപെയ്യാൻ പോകുന്നു എന്നു നിങ്ങൾ പറയും; അപ്രകാരം സംഭവിക്കുകയും ചെയ്യുന്നു. തെക്കൻകാറ്റ് അടിക്കുമ്പോൾ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങൾ പറയുന്നു; അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യുന്നു. കപടഭക്തന്മാരേ, ആകാശത്തിന്റെയും ഭൂമിയുടെയും ഭാവഭേദങ്ങൾ വിവേചിക്കുവാൻ നിങ്ങൾക്കറിയാം. പക്ഷേ, ഈ സമയത്തെ വിവേചിക്കുവാൻ അറിഞ്ഞുകൂടാത്തത് എന്തുകൊണ്ട്? “ന്യായമായി ചെയ്യേണ്ടത് എന്തെന്നു നിങ്ങൾ സ്വയം വിധിക്കാത്തതും എന്തുകൊണ്ട്? നിന്റെ പേരിൽ അന്യായം കൊടുത്തിട്ടുള്ള വാദിയോടൊത്തു ഭരണാധിപന്റെ മുമ്പിലേക്കു പോകുമ്പോൾ വഴിയിൽവച്ചുതന്നെ അയാളുമായി രാജിയാകുവാൻ ശ്രമിക്കുക; അല്ലാത്തപക്ഷം അയാൾ നിന്നെ വലിച്ചിഴച്ചു ന്യായാധിപനെ ഏല്പിക്കുകയും ന്യായാധിപൻ നിന്നെ ജയിലധികാരിയെ ഏല്പിക്കുകയും ജയിലധികാരി നിന്നെ കാരാഗൃഹത്തിലടയ്‍ക്കുകയും ചെയ്യും. അവസാനത്തെ പൈസവരെ കൊടുത്തുകഴിഞ്ഞല്ലാതെ നീ ഒരിക്കലും അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

ലൂക്കൊസ് 12:35-59 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങൾ അരകെട്ടി എപ്പോഴും ഒരുങ്ങിയിരിപ്പിൻ. നിങ്ങളുടെ വിളക്ക് എപ്പോഴും കത്തിക്കൊണ്ടിരിക്കട്ടെ യജമാനൻ കല്യാണത്തിന് പോയിട്ട് തിരിച്ച് വന്നാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന് അവൻ എപ്പോൾ മടങ്ങിവരും വന്നു കാത്തുനില്ക്കുന്ന ആളുകളോട് നിങ്ങൾ തുല്യരായിരിപ്പിൻ. യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അരകെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും വന്നു അവർക്ക് ശുശ്രൂഷിക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാം യാമത്തിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ. കള്ളൻ ഏത് സമയത്ത് വരുന്നു എന്നു വീടിന്‍റെ ഉടമസ്ഥൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്‍റെ വീട് പൊളിയ്ക്കുവാൻ സമ്മതിക്കുകയില്ല എന്നറിയുവിൻ. അങ്ങനെ അറിയാത്ത സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. ”കർത്താവേ, ഈ ഉപമ പറയുന്നത് ഞങ്ങളോടോ അതോ എല്ലാവരോടും കൂടെയോ?” എന്നു പത്രൊസ് ചോദിച്ചു. അതിന് കർത്താവ് പറഞ്ഞത്: കൃത്യ സമയത്ത് ആഹാരം കൊടുക്കണ്ടതിന് യജമാനൻ തന്‍റെ വേലക്കാരുടെ മേൽ വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകനെ ആക്കി യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ. യജമാനൻ തനിക്കുള്ള സകലവും നോക്കി നടത്താൻ അവനെ വിചാരകനാക്കിവെക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നുകുടിച്ച് അഹങ്കരിക്കുവാനും തുടങ്ങിയാൽ, അവൻ പ്രതീക്ഷിക്കാത്ത നാളിലും അറിയാത്ത സമയത്തും ആ ദാസന്‍റെ യജമാനൻ വന്നു അവനെ മുറിവേൽപ്പിക്കുകയും അവനു അവിശ്വാസികളോടുകൂടെ പങ്ക് കല്പിക്കുകയും ചെയ്യും. യജമാനന്‍റെ ഇഷ്ടം അറിഞ്ഞിട്ട് ഒരുങ്ങാതെയും അവന്‍റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടികൊള്ളും. എന്നാൽ ഇതൊന്നും അറിയാതെ അടിക്ക് യോഗ്യമായതു ചെയ്തവനോ കുറച്ച് അടികൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും. ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അത് ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളാമായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്താണ് ആഗ്രഹിക്കേണ്ടത്? എങ്കിലും എനിക്ക് ഒരു സ്നാനം ഏൽക്കുവാൻ ഉണ്ട്; അത് കഴിയുന്നത് വരെ ഞാൻ എത്ര ഞെരുങ്ങുന്നു. ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഭിന്നത വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇനി മേൽ ഒരു വീട്ടിൽ ഇരുവരോട് മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഭിന്നിച്ചിരിക്കും. അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഭിന്നിച്ചിരിക്കും. പിന്നെ അവൻ പുരുഷാരത്തോട് പറഞ്ഞത്: പടിഞ്ഞാറുനിന്ന് മേഘം പൊങ്ങുന്നത് കാണുമ്പോൾ വലിയമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കൻ കാറ്റ് ഊതുന്നത് കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അത് സംഭവിക്കുകയും ചെയ്യുന്നു. കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിൻ്റെയും ഭാവത്തെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയും; എന്നാൽ ഈ കാലത്തെ തിരിച്ചറിയാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്? ന്യായമായത് എന്തെന്ന് നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്ത്? എതിരാളിയോടുകൂടെ അധികാരിയുടെ അടുക്കൽ പോകുമ്പോൾ വഴിയിൽവെച്ചു അവനോട് നിരന്നുകൊള്ളുവാൻ ശ്രമിക്കുക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്‍റെ മുമ്പിൽ ഇഴച്ചുകൊണ്ട് പോകയും ന്യായാധിപൻ നിന്നെ ഉദ്യോഗസ്ഥൻ്റെ പക്കൽ ഏല്പിക്കും. ഉദ്യോഗസ്ഥൻ നിന്നെ തടവിലും ആക്കും. അവസാനത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ നിന്നോട് പറയുന്നു.

ലൂക്കൊസ് 12:35-59 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. യജമാനൻ കല്യാണത്തിന്നു പോയി വന്നു മുട്ടിയാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന്നു അവൻ എപ്പോൾ മടങ്ങിവരും വന്നു കാത്തുനില്ക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായിരിപ്പിൻ. യജമാനൻ വരുന്നേരം ഉണർന്നിരിക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവർക്കു ശുശ്രൂഷ ചെയ്കയും ചെയ്യു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാമതിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ. കള്ളൻ ഇന്ന നാഴികെക്കു വരുന്നു എന്നു വിട്ടുടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീടു തുരപ്പാൻ സമ്മതിക്കയില്ല എന്നറിവിൻ. നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. കർത്താവേ, ഈ ഉപമ പറയുന്നതു ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന്നു കർത്താവു പറഞ്ഞതു: തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനൻ തന്റെ വേലക്കാരുടെ മേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തുകാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാൽ, അവൻ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനൻ വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും. യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും. അറിയാതെകണ്ടു അടിക്കു യോഗ്യമായതു ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും. ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്തു ഇച്ഛിക്കേണ്ടു? എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാൻ ഉണ്ടു; അതു കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു. ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇനിമേൽ ഒരു വീട്ടിൽ ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഛിദ്രിച്ചിരിക്കും. അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും. പിന്നെ അവൻ പുരുഷാരത്തോടു പറഞ്ഞതു: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോൾ പെരുമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു. തെക്കൻ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു. കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ വിവേചിപ്പാൻ നിങ്ങൾക്കു അറിയാം; എന്നാൽ ഈ കാലത്തെ വിവേചിപ്പാൻ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്തു? പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കൽ പോകുമ്പോൾ വഴിയിൽവെച്ചു അവനോടു നിരന്നുകൊൾവാൻ ശ്രമിക്ക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്റെ മുമ്പിൽ ഇഴെച്ചുകൊണ്ടു പോകയും ന്യായാധിപൻ നിന്നെ കോല്ക്കാരന്റെ പക്കൽ ഏല്പിക്കയും കോല്ക്കാരൻ തടവിൽ ആക്കുകയും ചെയ്യും. ഒടുക്കത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെ നിന്നു പുറത്തു വരികയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.

ലൂക്കൊസ് 12:35-59 സമകാലിക മലയാളവിവർത്തനം (MCV)

“നിങ്ങളുടെ അര മുറുക്കിയും വിളക്കു തെളിഞ്ഞും ഇരിക്കട്ടെ. വിവാഹവിരുന്നിനു പോയി മടങ്ങിയെത്തിയ യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്ന സേവകരോടു തുല്യരായിരിക്കുക. യജമാനൻ മടങ്ങിവരുമ്പോൾ ജാഗ്രതയോടെ കാത്തിരിക്കുന്ന സേവകർ അനുഗൃഹീതർ. യജമാനൻ തന്റെ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുവന്ന് അവരെ ശുശ്രൂഷിക്കുകയും ചെയ്യും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. അദ്ദേഹം അർധരാത്രിയിലോ സൂര്യോദയത്തിനുമുമ്പോ വന്നാലും ആ സേവകർ ഒരുങ്ങിയിരുന്നാൽ അവർ അനുഗൃഹീതർ. കള്ളൻ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ. അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.” അപ്പോൾ പത്രോസ്, “കർത്താവേ, അങ്ങ് ഈ സാദൃശ്യകഥ ഞങ്ങളോടുമാത്രമാണോ അതോ എല്ലാവരോടുമായാണോ പറയുന്നത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി കർത്താവ് പറഞ്ഞത്: “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ കാര്യസ്ഥനായി യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്? യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ. അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്നവനാണ് ആ ഭൃത്യനെങ്കിൽ, അയാൾ ഇതര ദാസീദാസന്മാരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും. ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് അവിശ്വാസികൾക്കൊപ്പം ഇടം നൽകും. “യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ഒരുങ്ങാതിരിക്കുകയും അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം പ്രവർത്തിക്കാതിരിക്കുകയുംചെയ്യുന്ന ദാസനു വളരെ മർദനമേൽക്കേണ്ടിവരും. എന്നാൽ അജ്ഞതയിൽ, ശിക്ഷാർഹമായവ പ്രവർത്തിക്കുന്നവനു കുറച്ചു പ്രഹരമേ ലഭിക്കുകയുള്ളൂ. ഏറെ ലഭിച്ചവനിൽനിന്ന് ഏറെ ആവശ്യപ്പെടും; അധികം ഭരമേൽപ്പിക്കപ്പെട്ടവനിൽനിന്ന് അധികം അവകാശപ്പെടും. “ഭൂമി അഗ്നിക്കിരയാക്കാനാണ് ഞാൻ വന്നിരിക്കുന്നത്; അത് ഇപ്പോൾത്തന്നെ ജ്വലിച്ചെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുകയാണ്? എന്നാൽ എനിക്ക് ഒരു സ്നാനം സ്വീകരിക്കേണ്ടതുണ്ട്; അത് സാക്ഷാത്കൃതമാകുന്നതുവരെ ഞാൻ എത്ര ഞെരുങ്ങുന്നു! നിങ്ങൾ കരുതുന്നത് ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നാണോ? നിശ്ചയമായും അല്ല, ഭിന്നത വരുത്താനാണ് ഞാൻ വന്നത് എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇനിമേൽ ഒരു കുടുംബത്തിൽ ആകെയുള്ള അഞ്ചുപേരിൽ രണ്ടുപേരോട് മൂന്നുപേരും മൂന്നുപേരോട് രണ്ടുപേരും ഇങ്ങനെ ഭിന്നിച്ചിരിക്കും. പിതാവ് മകനു വിരോധമായും മകൻ പിതാവിന് വിരോധമായും അമ്മ മകൾക്കു വിരോധമായും മകൾ അമ്മയ്ക്കു വിരോധമായും അമ്മായിയമ്മ മരുമകൾക്കു വിരോധമായും മരുമകൾ അമ്മായിയമ്മയ്ക്ക് വിരോധമായും ഭിന്നിച്ചിരിക്കും.” പിന്നെ യേശു ജനക്കൂട്ടത്തെ സംബോധനചെയ്തുകൊണ്ട്, “പശ്ചിമദിക്കിൽ ഒരു മേഘം ഉയരുന്നതു കാണുമ്പോൾ ‘പെരുമഴ പെയ്യാൻ പോകുന്നു’ എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയുംചെയ്യുന്നു. തെക്കൻകാറ്റു വീശുമ്പോൾ ‘അത്യുഷ്ണം ഉണ്ടാകും’ എന്നു നിങ്ങൾ പറയുന്നു; അതും അതുപോലെ സംഭവിക്കുന്നു. കപടഭക്തരേ! ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് എന്തുകൊണ്ട് ഈ കാലഘട്ടത്തെ വ്യാഖ്യാനിക്കാൻ കഴിയുന്നില്ല? “എന്താണു ശരിയെന്നു നിങ്ങൾ സ്വയം വിവേചിക്കാത്തതെന്ത്? നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ രമ്യതപ്പെടാൻ ശ്രമിക്കുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന്റെ അടുത്തേക്കു വലിച്ചിഴയ്ക്കുകയും ന്യായാധിപൻ നിയമപാലകനെ ഏൽപ്പിക്കുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും. അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ പറയുന്നു.”