ലൂക്കൊസ് 12:1-12
ലൂക്കൊസ് 12:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിയത്: പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ. മൂടിവച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല. ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വച്ചു ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽ ഘോഷിക്കും. എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നത്: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. രണ്ടുകാശിന് അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ. മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും. മനുഷ്യപുത്രന്റെ നേരേ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളെ പള്ളികൾക്കും കോയ്മകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ടുപോകുമ്പോൾ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടൂ? എന്തു പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറയേണ്ടത് പരിശുദ്ധാത്മാവ് ആ നാഴികയിൽത്തന്നെ നിങ്ങളെ പഠിപ്പിക്കും.
ലൂക്കൊസ് 12:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതിനിടയ്‍ക്ക് അന്യോന്യം ചവിട്ടേല്‌ക്കത്തക്കവിധം ജനങ്ങൾ ആയിരക്കണക്കിനു തിങ്ങിക്കൂടി. ആദ്യം തന്റെ ശിഷ്യന്മാരോട് യേശു ഇപ്രകാരം പറഞ്ഞു: “പരീശന്മാരുടെ കപടഭക്തിയാകുന്ന പുളിപ്പുമാവിൽനിന്ന് ഒഴിഞ്ഞുമാറിക്കൊള്ളണം; മറച്ചുവച്ചത് ഒന്നും വെളിച്ചത്തുവരാതെയും നിഗൂഢമായത് ഒന്നും അറിയപ്പെടാതെയും ഇരിക്കുകയില്ല. ഇരുട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എന്തുതന്നെയായാലും അവ വെളിച്ചത്തു കേൾക്കും. സ്വകാര്യമുറികളിലിരുന്നു മന്ത്രിച്ചത് പുരമുകളിൽ ഉച്ചത്തിൽ ഘോഷിക്കപ്പെടും. “എന്റെ സ്നേഹിതന്മാരേ, ഞാൻ നിങ്ങളോടു പറയുന്നു: ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ; അതിൽ കൂടുതലൊന്നും അവർക്കു ചെയ്യുവാൻ കഴിയുകയില്ലല്ലോ. പിന്നെ ആരെയാണു ഭയപ്പെടേണ്ടത് എന്നല്ലേ? കൊന്നശേഷം നരകത്തിലേക്കു തള്ളിക്കളയുവാൻ അധികാരമുള്ളവനെ ഭയപ്പെടുക എന്നു ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു നല്‌കുന്നു. അതേ, ആ ദൈവത്തെത്തന്നെ ഭയപ്പെടുക. “രണ്ടു കാശിന് അഞ്ചു കുരുവികളെയല്ലേ വിൽക്കുന്നത്? എന്നാൽ അവയിൽ ഒന്നിനെപ്പോലും ദൈവം മറക്കുന്നില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയും എണ്ണപ്പെട്ടിരിക്കുന്നു. നിങ്ങൾ ഭയപ്പെടേണ്ടാ, അനേകം കുരുവികളെക്കാൾ നിങ്ങൾ വിലയേറിയവരാണല്ലോ. “മനുഷ്യരുടെ മുമ്പിൽ എന്നെ സ്വീകരിച്ച് ഏറ്റുപറയുന്നവനെ, ദൈവദൂതന്മാരുടെ മുമ്പിൽ മനുഷ്യപുത്രനും സ്വീകരിച്ച് ഏറ്റുപറയും എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നാൽ മനുഷ്യരുടെ മുമ്പിൽ എന്നെ നിഷേധിക്കുന്നവനെ, ദൈവദൂതന്മാരുടെ മുമ്പിൽ ഞാനും നിഷേധിക്കും. “മനുഷ്യപുത്രനെതിരെ ഒരു വാക്കു പറയുന്ന ഏതൊരുവനോടും ക്ഷമിക്കും; പക്ഷേ, പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവനോടു ക്ഷമിക്കുകയില്ല. “നിങ്ങളെ സുനഗോഗുകളിലേക്കോ ഭരണാധിപന്മാരുടെയോ അധികാരികളുടെയോ മുമ്പിലേക്കോ കൊണ്ടുപോകുമ്പോൾ എന്തു മറുപടി പറയണമെന്നോ അഥവാ എങ്ങനെ മൊഴി കൊടുക്കണമെന്നോ ഓർത്ത് ആകുലചിത്തരാകേണ്ടതില്ല. നിങ്ങൾ എന്തു പറയണമെന്നുള്ളത് തത്സമയം പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.”
ലൂക്കൊസ് 12:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിനിടെ ആയിരക്കണക്കിന് ജനങ്ങൾ യേശുവിന് ചുറ്റും തിങ്ങി കൂടി. പരസ്പരം ചവിട്ടേൽക്കത്തക്ക നിലയിൽ പുരുഷാരം തിക്കിത്തിരക്കുകയായിരുന്നു. അവൻ ആദ്യം ശിഷ്യന്മാരോട് പറഞ്ഞു തുടങ്ങിയത്: പരീശരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊള്ളുവിൻ. മറച്ചുവെച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല. ആകയാൽ നിങ്ങൾ ഇരുട്ടത്ത് പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കും; മുറികളിൽ വച്ചു രഹസ്യമായി പറഞ്ഞത് പുരമുകളിൽ ഘോഷിക്കും. എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നത്: ശരീരത്തെ കൊന്നിട്ട് പിന്നെ വേറെ ഒന്നും ചെയ്വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. കൊന്നിട്ട് നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അഞ്ചു കുരികിലിനെ രണ്ടു കാശിനല്ലേ വില്ക്കുന്നത്. എങ്കിലും അവയിൽ ഒന്നിനേപ്പോലും ദൈവം മറന്നുപോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; അതുകൊണ്ട് ഭയപ്പെടേണ്ടാ; അനേകം കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ. മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും. മനുഷ്യപുത്രന് എതിരെ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിയ്ക്കും; എന്നാൽ പരിശുദ്ധാത്മാവിന്‍റെ നേരെ ദൈവദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളെ പള്ളികൾക്കും ഭരണകർത്താകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ടു പോകുമ്പോൾ എങ്ങനെയാണോ മറുപടി പറയേണ്ടതു എന്നും, എന്താണോ പറയേണ്ടതു എന്നും വിചാരപ്പെടേണ്ടാ; നിങ്ങൾക്ക് പറയേണ്ടതു പരിശുദ്ധാത്മാവ് തൽസമയം തന്നെ നിങ്ങളെ പഠിപ്പിക്കും.
ലൂക്കൊസ് 12:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതു: പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ. മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല. ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വെച്ചു ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽ ഘോഷിക്കും. എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നതു: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ. മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും. മനുഷ്യപുത്രന്റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളെ പള്ളികൾക്കും കോയ്മകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ടുപോകുമ്പോൾ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടു? എന്തു പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയിൽ തന്നേ നിങ്ങളെ പഠിപ്പിക്കും.
ലൂക്കൊസ് 12:1-12 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനിടയിൽ, പരസ്പരം ചവിട്ടിമെതിച്ചു പോകുന്നതുപോലെ ആയിരക്കണക്കിനു ജനം അവിടെ വന്നുകൂടി. യേശു ആദ്യം അവിടത്തെ ശിഷ്യന്മാരുടെനേരേ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞുതുടങ്ങി: “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ചമാവ് സൂക്ഷിക്കുക. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല. നിങ്ങൾ ഇരുളിൽ പറഞ്ഞതു പകലിൽ കേൾക്കും; ഉള്ളറകളിൽ കതകുകൾ അടച്ചിട്ട് ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കും. “എന്റെ പ്രിയരേ, ഞാൻ നിങ്ങളോടു പറയട്ടെ: ശരീരത്തെ കൊല്ലുന്നതിലപ്പുറം ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ട. ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല. നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ. “ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ (ഞാനും) മനുഷ്യപുത്രനും അംഗീകരിക്കും. മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ ഞാനും നിരാകരിക്കും. മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ക്ഷമ ലഭിക്കുകയില്ല. “നിങ്ങളെ പള്ളികളിലും ഭരണകർത്താക്കളുടെയും അധികാരികളുടെയും മുമ്പിലും വിസ്തരിക്കാൻ കൊണ്ടുവരുമ്പോൾ എങ്ങനെ എതിർവാദം പറയണമെന്നോ എന്തു മൊഴി കൊടുക്കണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല; നിങ്ങൾ പറയേണ്ടതെന്തെന്നു പരിശുദ്ധാത്മാവ് ആ സമയത്തുതന്നെ നിങ്ങൾക്ക് ഉപദേശിച്ചുതരും.”