ലേവ്യാപുസ്തകം 25:1-7
ലേവ്യാപുസ്തകം 25:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ സീനായിപർവതത്തിൽ വച്ചു മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവയ്ക്കു ശബ്ബത്ത് ആചരിക്കേണം. ആറു സംവത്സരം നിന്റെ നിലം വിതയ്ക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ച് അനുഭവം എടുക്കേണം. ഏഴാം സംവത്സരത്തിലോ ദേശത്തിനു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതയ്ക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുത്. നിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുത്; അതു ദേശത്തിന് ശബ്ബത്താണ്ട് ആകുന്നു. ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിനും അതിന്റെ അനുഭവമൊക്കെയും ആഹാരമായിരിക്കേണം.
ലേവ്യാപുസ്തകം 25:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് സീനായ് പർവതത്തിൽ വച്ച് അരുളിച്ചെയ്തു: “നീ ഇസ്രായേൽജനത്തോടു പറയുക: ഞാൻ നല്‌കുന്ന ദേശത്ത് നിങ്ങൾ പ്രവേശിച്ചുകഴിഞ്ഞാൽ ആ ദേശവും ശബത്ത് ആചരിക്കണം. ആറു വർഷം നിലം വിതച്ചും മുന്തിരിത്തല മുറിച്ചൊരുക്കിയും നിങ്ങൾ വിളവെടുത്തുകൊള്ളുക. ഏഴാം വർഷം ഭൂമിക്ക് പൂർണവിശ്രമം ലഭിക്കേണ്ട ശബത്താണ്; സർവേശ്വരന്റെ ശബത്തു തന്നെ. നിലം കൃഷി ചെയ്യുകയോ, മുന്തിരിത്തല മുറിക്കുകയോ അരുത്; നിലത്തിൽ താനേ വിളയുന്നവപോലും കൊയ്യരുത്; വള്ളിത്തല മുറിക്കാത്ത മുന്തിരിച്ചെടിയുടെ ഫലം ശേഖരിക്കുകയുമരുത്. ആ വർഷം നിലത്തിനു പൂർണവിശ്രമം നല്‌കണം. വിശ്രമവർഷമാണെങ്കിലും, നിങ്ങൾക്കും നിങ്ങളുടെ ദാസീദാസന്മാർക്കും കൂലിക്കാർക്കും നിങ്ങളുടെ ഇടയിൽ നിവസിക്കുന്ന പരദേശികൾക്കും നിങ്ങളുടെ നാട്ടുമൃഗങ്ങൾക്കും കാട്ടുമൃഗങ്ങൾക്കുമുള്ള ഭക്ഷണം നിങ്ങളുടെ നിലം ഉൽപാദിപ്പിച്ചുകൊള്ളും.
ലേവ്യാപുസ്തകം 25:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങൾക്ക് തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവയ്ക്കു ശബ്ബത്ത് ആചരിക്കേണം. ആറു വർഷം നിന്‍റെ നിലം വിതയ്ക്കണം; അപ്രകാരം ആറു വർഷം നിന്‍റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ച് അനുഭവം എടുക്കേണം. ഏഴാം വർഷത്തിൽ ദേശത്തിന് സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതയ്ക്കുകയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കുകയും ചെയ്യരുത്. നിന്റെ കൊയ്ത്തിന്‍റെ പടു വിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കുകയും അരുത്; അത് ദേശത്തിന് ശബ്ബത്ത് വർഷം ആകുന്നു. ദേശത്തിന്റെ ശബ്ബത്തിൽ തനിയെ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കണം; നിനക്കും നിന്റെ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും നിന്റെ കന്നുകാലിക്കും നിന്‍റെ ദേശത്തിലെ കാട്ടുമൃഗത്തിനും അതിന്‍റെ അനുഭവം ഒക്കെയും ആഹാരമായിരിക്കണം.
ലേവ്യാപുസ്തകം 25:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവെക്കു ശബ്ബത്തു ആചരിക്കേണം. ആറു സംവത്സരം നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം. ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു. നിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുതു; അതു ദേശത്തിന്നു ശബ്ബത്താണ്ടു ആകുന്നു. ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.
ലേവ്യാപുസ്തകം 25:1-7 സമകാലിക മലയാളവിവർത്തനം (MCV)
സീനായിപർവതത്തിൽവെച്ചു യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു നൽകാൻപോകുന്ന ദേശത്തു നിങ്ങൾ പ്രവേശിക്കുമ്പോൾ ആ ദേശം യഹോവയ്ക്ക് ഒരു ശബ്ബത്ത് ആചരിക്കണം. ആറുവർഷം നിങ്ങളുടെ നിലങ്ങൾ വിതയ്ക്കുക, ആറുവർഷം നിങ്ങളുടെ മുന്തിരിത്തോപ്പുകൾ വെട്ടിയൊരുക്കി അവയുടെ ഫലം ശേഖരിക്കുക. എന്നാൽ ഏഴാംവർഷം ദേശത്തിനു വിശ്രമത്തിന്റെ ശബ്ബത്ത്, യഹോവയ്ക്ക് ഒരു ശബ്ബത്ത് ആയിരിക്കണം. നിങ്ങളുടെ നിലം വിതയ്ക്കുകയോ മുന്തിരിത്തോപ്പു വെട്ടിയൊരുക്കുകയോ ചെയ്യരുത്. താനേ വളരുന്നതു കൊയ്യുകയോ പരിപാലിക്കാത്ത മുന്തിരിവള്ളിയിൽനിന്ന് മുന്തിരിങ്ങ ശേഖരിക്കുകയോ ചെയ്യരുത്. ദേശത്തിനു വിശ്രമത്തിന്റെ ഒരുവർഷം ഉണ്ടായിരിക്കണം. ശബ്ബത്തുവർഷം ദേശം നൽകുന്ന വിളവെന്താണോ അതു നിങ്ങൾക്ക് ആഹാരമായിരിക്കും. നിങ്ങൾക്കും നിങ്ങളുടെ ദാസന്മാർക്കും ദാസികൾക്കും കൂലിക്കാർക്കും നിങ്ങളുടെ ഇടയിൽ താൽക്കാലികമായി പാർക്കുന്നവർക്കും, നിങ്ങളുടെ കന്നുകാലികൾക്കും കാട്ടുമൃഗങ്ങൾക്കുംതന്നെ. ദേശം എന്തുൽപ്പാദിപ്പിക്കുന്നോ അതു ഭക്ഷിക്കാം.