ലേവ്യാപുസ്തകം 22:17-33
ലേവ്യാപുസ്തകം 22:17-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ അഹരോനോടും പുത്രന്മാരോടും എല്ലാ യിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: യിസ്രായേൽഗൃഹത്തിലോ യിസ്രായേലിൽ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവയ്ക്കു ഹോമയാഗമായിട്ട് അർപ്പിക്കുന്ന വല്ല നേർച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാടു കഴിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാൻ തക്കവണ്ണം അത് മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം. ഊനമുള്ള യാതൊന്നിനെയും നിങ്ങൾ അർപ്പിക്കരുത്; അതിനാൽ നിങ്ങൾക്കു പ്രസാദം ലഭിക്കയില്ല. ഒരുത്തൻ നേർച്ചനിവൃത്തിക്കായിട്ടോ സ്വമേധാദാനമായിട്ടോ യഹോവയ്ക്കു മാടുകളിൽനിന്നാകട്ടെ ആടുകളിൽനിന്നാകട്ടെ ഒന്നിനെ സമാധാനയാഗമായിട്ട് അർപ്പിക്കുമ്പോൾ അതു പ്രസാദമാകുവാൻ തക്കവണ്ണം ഊനമില്ലാത്തതായിരിക്കേണം; അതിന് ഒരു കുറവും ഉണ്ടായിരിക്കരുത്. കുരുട്, ചതവ്, മുറിവ്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവയ്ക്ക് അർപ്പിക്കരുത്; ഇവയിൽ ഒന്നിനെയും യഹോവയ്ക്ക് യാഗപീഠത്തിന്മേൽ ദഹനയാഗമായി അർപ്പിക്കരുത്. അവയവങ്ങളിൽ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ട് അർപ്പിക്കാം; എന്നാൽ നേർച്ചയായിട്ട് അതു പ്രസാദമാകയില്ല. വരി ചതച്ചതോ എടുത്തുകളഞ്ഞതോ ഉടച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കരുത്; ഇങ്ങനെ നിങ്ങളുടെ ദേശത്ത് ചെയ്യരുത്. അന്യന്റെ കൈയിൽനിന്ന് ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ട് അർപ്പിക്കരുത്; അവയ്ക്കു കേടും കുറവും ഉള്ളതുകൊണ്ട് അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കയില്ല. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കൽ ഇരിക്കേണം; എട്ടാം ദിവസംമുതൽ അതു യഹോവയ്ക്കു ദഹനയാഗമായി പ്രസാദമാകും. പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തിൽ അറുക്കരുത്. യഹോവയ്ക്കു സ്തോത്രയാഗം അർപ്പിക്കുമ്പോൾ അതു പ്രസാദമാകത്തക്കവണ്ണം അർപ്പിക്കേണം. അന്നുതന്നെ അതിനെ തിന്നേണം; രാവിലെവരെ അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ഞാൻ യഹോവ ആകുന്നു. ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ച് ആചരിക്കേണം; ഞാൻ യഹോവ ആകുന്നു. എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുത്; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ ശുദ്ധീകരിക്കപ്പെടേണം; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു. നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിനു മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു.
ലേവ്യാപുസ്തകം 22:17-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: അഹരോനോടും പുത്രന്മാരോടും ഇസ്രായേലിലെ സകല ജനത്തോടും പറയുക, ഇസ്രായേല്യനോ അവരുടെ ഇടയിൽ പാർക്കുന്ന പരദേശിയോ നേർച്ചയായോ സ്വമേധാദാനമായോ സർവേശ്വരനുള്ള ഹോമയാഗമായി വഴിപാട് അർപ്പിക്കുമ്പോൾ അതു സ്വീകാര്യമാകണമെങ്കിൽ മാടുകളിലോ, ചെമ്മരിയാടുകളിലോ, കോലാടുകളിലോ നിന്നു തിരഞ്ഞെടുത്ത കുറ്റമറ്റ ആൺമൃഗമായിരിക്കണം. ന്യൂനതയുള്ള മൃഗത്തെ അർപ്പിക്കരുത്, അതു സ്വീകാര്യമായിരിക്കുകയില്ല. നേർച്ചയോ, സ്വമേധാദാനമോ ആകട്ടെ, സമാധാനയാഗമായി കാളയെയോ, ആടിനെയോ, അർപ്പിക്കുന്നതും സ്വീകാര്യമാകണമെങ്കിൽ അതു കുറ്റമറ്റ മൃഗമായിരിക്കണം. കാഴ്ചയില്ലാത്തതോ അംഗവൈകല്യമുള്ളതോ, മുറിവ്, വ്രണം, ചൊറി, വീക്കം ഇവയിലേതെങ്കിലും ഉള്ളതോ ആയ ഒരു മൃഗത്തെയും സർവേശ്വരന് അർപ്പിക്കരുത്; അവയെ അവിടുത്തെ യാഗപീഠത്തിൽ വച്ചു ദഹിപ്പിക്കുകയും അരുത്. അവയവങ്ങൾക്ക് നീളം കൂടുതലോ, കുറവോ ഉള്ള കാളയെയോ ആട്ടിൻകുട്ടിയെയോ സ്വമേധാദാനമായി അർപ്പിക്കാം. എന്നാൽ നേർച്ചയായി അതു സ്വീകാര്യമല്ല. വൃഷണം ഉടച്ചതോ ചതച്ചതോ പറിച്ചെടുത്തതോ ഛേദിച്ചതോ ആയ ഒരു മൃഗത്തെയും സർവേശ്വരന് അർപ്പിക്കരുത്. നിങ്ങളുടെ ദേശത്തുവച്ച് അവയെ യാഗം കഴിക്കരുത്. പരദേശിയിൽനിന്നു ലഭിച്ച അത്തരം മൃഗത്തെ ദൈവത്തിനു ഭോജനമായി അർപ്പിക്കരുത്. അത് അംഗഭംഗമുള്ളതും ന്യൂനതയുള്ളതുമാകയാൽ സ്വീകാര്യമാവുകയില്ല. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഒരു കാളയോ, ചെമ്മരിയാടോ, കോലാടോ പിറന്നാൽ ഏഴു ദിവസം അതു തള്ളയുടെ കൂടെ നില്‌ക്കട്ടെ. എട്ടാം ദിവസം മുതൽ സർവേശ്വരനു സ്വീകാര്യമായ ദഹനയാഗമായി അതിനെ അർപ്പിക്കാം. പശുവോ പെണ്ണാടോ ആകട്ടെ, തള്ളയെയും കുഞ്ഞിനെയും ഒരേ ദിവസം കൊല്ലരുത്. നീ അർപ്പിക്കുന്ന സ്തോത്രയാഗം സർവേശ്വരനു സ്വീകാര്യമാകുംവിധം അർപ്പിക്കണം. അത് അന്നുതന്നെ ഭക്ഷിക്കണം. പിറ്റേദിവസത്തേക്ക് അല്പംപോലും അവശേഷിപ്പിക്കരുത്. ഞാൻ സർവേശ്വരനാകുന്നു. നിങ്ങൾ എന്റെ കല്പനകൾ പാലിക്കണം. ഞാൻ സർവേശ്വരനാകുന്നു. എന്റെ വിശുദ്ധനാമം ഇസ്രായേൽജനത്തിന്റെ ഇടയിൽ അശുദ്ധമാക്കരുത്. അതു വിശുദ്ധീകരിക്കപ്പെടണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന സർവേശ്വരനാകുന്നു. നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു ഞാനാണ് നിങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്നത്. ഞാനാകുന്നു സർവേശ്വരൻ”.
ലേവ്യാപുസ്തകം 22:17-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽഗൃഹത്തിലോ യിസ്രായേലിൽ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവയ്ക്കു ഹോമയാഗമായിട്ട് അർപ്പിക്കുന്ന വല്ല നേർച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാട് കഴിക്കുന്നു എങ്കിൽ നിങ്ങൾക്ക് പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അത് മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കണം. ഊനമുള്ള യാതൊന്നിനെയും നിങ്ങൾ അർപ്പിക്കരുത്; അതിനാൽ നിങ്ങൾക്ക് പ്രസാദം ലഭിക്കുകയില്ല. ഒരുവൻ നേർച്ചനിവൃത്തിക്കായോ സ്വമേധാദാനമായിട്ടോ യഹോവയ്ക്കു മാടുകളിൽനിന്നാകട്ടെ ആടുകളിൽനിന്നാകട്ടെ ഒന്നിനെ സമാധാനയാഗമായി അർപ്പിക്കുമ്പോൾ അത് പ്രസാദമാകുവാൻ തക്കവണ്ണം ഊനമില്ലാത്തത് ആയിരിക്കേണം; അതിന് ഒരു കുറവും ഉണ്ടായിരിക്കരുത്. കുരുട്, ചതവ്, മുറിവ്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവയ്ക്ക് അർപ്പിക്കരുത്; ഇവയിൽ ഒന്നിനെയും യഹോവയ്ക്ക് യാഗപീഠത്തിന്മേൽ ദഹനയാഗമായി അർപ്പിക്കരുത്; അവയവങ്ങളിൽ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ട് അർപ്പിക്കാം; എന്നാൽ നേർച്ചയായിട്ട് അത് പ്രസാദമാകുകയില്ല. വൃഷണങ്ങൾ ചതച്ചതോ എടുത്തുകളഞ്ഞതോ ഉടച്ചതോ മുറിച്ചുകളഞ്ഞതോ ആയതിനെ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കരുത്; നിങ്ങൾ ഇവയെകൊണ്ട് നിങ്ങളുടെ ദേശത്ത് ഒരു യാഗവും ചെയ്യരുത്. അന്യന്റെ കൈയിൽനിന്ന് ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ട് അർപ്പിക്കരുത്; അവയ്ക്കു കേടും കുറവും ഉള്ളതുകൊണ്ട് അവയാൽ നിങ്ങൾക്ക് പ്രസാദം ലഭിക്കുകയില്ല’”. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കൽ ആയിരിക്കേണം; എട്ടാം ദിവസംമുതൽ അത് യഹോവയ്ക്കു ദഹനയാഗമായി പ്രസാദമാകും. പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തിൽ അറുക്കരുത്. “യഹോവയ്ക്കു സ്തോത്രയാഗം അർപ്പിക്കുമ്പോൾ അത് പ്രസാദമാകത്തക്കവണ്ണം അർപ്പിക്കേണം. അന്നു തന്നെ അതിനെ ഭക്ഷിക്കേണം; രാവിലെവരെ അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ഞാൻ യഹോവ ആകുന്നു. “ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ച് ആചരിക്കേണം; ഞാൻ യഹോവ ആകുന്നു. എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുത്; യിസ്രായേൽ മക്കളുടെ ഇടയിൽ ഞാൻ ശുദ്ധീകരിക്കപ്പെടണം; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു. നിങ്ങൾക്ക് ദൈവമായിരിക്കേണ്ടതിനു മിസ്രയീമിൽ നിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു.”
ലേവ്യാപുസ്തകം 22:17-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽഗൃഹത്തിലോ യിസ്രായേലിൽ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവെക്കു ഹോമയാഗമായിട്ടു അർപ്പിക്കുന്ന വല്ല നേർച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാടു കഴിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാന്തക്കവണ്ണം അതു മാടുകളിൽ നിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം. ഊനമുള്ള യാതൊന്നിനെയും നിങ്ങൾ അർപ്പിക്കരുതു; അതിനാൽ നിങ്ങൾക്കു പ്രസാദം ലഭിക്കയില്ല. ഒരുത്തൻ നേർച്ചനിവർത്തിക്കായിട്ടോ സ്വമേധാദാനമായിട്ടോ യഹോവെക്കു മാടുകളിൽനിന്നാകട്ടെ ആടുകളിൽനിന്നാകട്ടെ ഒന്നിനെ സമാധാനയാഗമായിട്ടു അർപ്പിക്കുമ്പോൾ അതു പ്രസാദമാകുവാന്തക്കവണ്ണം ഊനമില്ലത്തതായിരിക്കേണം; അതിന്നു ഒരു കുറവും ഉണ്ടായിരിക്കരുതു. കുരുടു, ചതവു, മുറിവു, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവെക്കു അർപ്പിക്കരുതു; ഇവയിൽ ഒന്നിനെയും യഹോവെക്കു യാഗപീഠത്തിന്മേൽ ദഹനയാഗമായി അർപ്പിക്കരുതു; അവയവങ്ങളിൽ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ടു അർപ്പിക്കാം; എന്നാൽ നേർച്ചയായിട്ടു അതു പ്രസാദമാകയില്ല. വരിചതെച്ചതോ എടുത്തുകളഞ്ഞതോ ഉടെച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങൾ യഹോവെക്കു അർപ്പിക്കരുതു; ഇങ്ങനെ നിങ്ങളുടെ ദേശത്തു ചെയ്യരുതു. അന്യന്റെ കയ്യിൽനിന്നു ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ടു അർപ്പിക്കരുതു; അവെക്കു കേടും കുറവും ഉള്ളതുകൊണ്ടു അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കയില്ല. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കൽ ഇരിക്കേണം; എട്ടാം ദിവസംമുതൽ അതു യഹോവെക്കു ദഹനയാഗമായി പ്രസാദമാകും. പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തിൽ അറുക്കരുതു. യഹോവെക്കു സ്തോത്രയാഗം അർപ്പിക്കുമ്പോൾ അതു പ്രസാദമാകത്തക്കവണ്ണം അർപ്പിക്കേണം. അന്നു തന്നേ അതിനെ തിന്നേണം; രാവിലെവരെ അതിൽ ഒട്ടും ശേഷിപ്പിക്കരുതു; ഞാൻ യഹോവ ആകുന്നു. ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചു ആചരിക്കേണം; ഞാൻ യഹോവ ആകുന്നു. എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുതു; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ ശുദ്ധീകരിക്കപ്പെടേണം; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു. നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു.
ലേവ്യാപുസ്തകം 22:17-33 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോനോടും അവന്റെ പുത്രന്മാരോടും സകല ഇസ്രായേല്യരോടും സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങളിലൊരാൾ—ഇസ്രായേല്യരോ ഇസ്രായേലിൽ പാർക്കുന്ന പ്രവാസിയോ—നേർച്ചയായോ സ്വമേധാദാനമായോ യഹോവയ്ക്ക് ഒരു ഹോമയാഗം കൊണ്ടുവരുന്നെങ്കിൽ, അതു നിങ്ങളുടെ പേർക്കു സ്വീകാര്യമായിരിക്കാൻ, മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണിനെ കൊണ്ടുവരണം. ഊനമുള്ള ഒന്നിനെയും കൊണ്ടുവരരുത്. അതിനാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല. ഒരു പ്രത്യേക നേർച്ച നിറവേറ്റാനോ സ്വമേധാദാനം അർപ്പിക്കാനോ കാലിക്കൂട്ടത്തിൽനിന്നാകട്ടെ ആട്ടിൻപറ്റത്തിൽനിന്നാകട്ടെ, ഒരാൾ ഒരു സമാധാനയാഗം യഹോവയ്ക്ക് അർപ്പിക്കുമ്പോൾ, അതു സ്വീകാര്യമായിരിക്കാൻ ഊനമോ കളങ്കമോ ഇല്ലാത്തതായിരിക്കണം. കുരുടുള്ളതോ മുറിവേറ്റതോ അംഗഭംഗം വന്നതോ അരിമ്പാറയുള്ളതോ പഴുത്തു സ്രവം ഒലിക്കുന്ന ചുണങ്ങുള്ളതോ ആയ ഒന്നും യഹോവയ്ക്ക് അർപ്പിക്കരുത്. ഇവയിലൊന്നും യഹോവയ്ക്കു ദഹനയാഗമായി യാഗപീഠത്തിൽ അർപ്പിക്കരുത്. എങ്കിലും വിരൂപമായതോ കുറുകിയതോ ആയ ഒരു കാളയെയോ ആണാടിനെയോ സ്വമേധാദാനമായി അർപ്പിക്കാം; എന്നാൽ അത് ഒരു നേർച്ചയുടെ നിർവഹണമായി സ്വീകാര്യമല്ല. വൃഷണങ്ങൾ തകർന്നതോ ചതച്ചതോ കീറിയതോ മുറിച്ചതോ ആയ മൃഗത്തെ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കരുത്. നിങ്ങളുടെ സ്വന്തം ദേശത്ത് ഇതു ചെയ്യരുത്. ഇങ്ങനെയുള്ള മൃഗങ്ങളെ ഒരു പ്രവാസിയുടെ കൈയിൽനിന്ന് സ്വീകരിച്ചു നിങ്ങളുടെ ദൈവത്തിനു ഭോജനമായി അർപ്പിക്കരുത്. അവ വിരൂപവും അംഗഹീനമുള്ളതും ആയതുകൊണ്ട് അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല.’ ” യഹോവ മോശയോട് അരുളിച്ചെയ്തു: “ഒരു കന്നുകുട്ടിയോ ആട്ടിൻകുട്ടിയോ കോലാടോ പിറന്നാൽ അത് ഏഴുദിവസം തള്ളയോടുകൂടെ ആയിരിക്കണം. എട്ടാംദിവസംമുതൽ യഹോവയ്ക്ക് ഒരു ദഹനയാഗമായി സ്വീകാര്യമായിരിക്കും. ഒരു പശുവിനെയോ ഒരു ആടിനെയോ കൊല്ലുന്നദിവസംതന്നെ അതിന്റെ കുട്ടിയെയും കൊല്ലരുത്. “നിങ്ങൾ യഹോവയ്ക്ക് ഒരു സ്തോത്രയാഗം അർപ്പിക്കുമ്പോൾ നിങ്ങളുടെ പേർക്കു സ്വീകാര്യമാകുന്നവിധം അർപ്പിക്കുക. അന്നുതന്നെ അതു ഭക്ഷിക്കണം. പ്രഭാതംവരെ അതിൽ അൽപ്പംപോലും ശേഷിപ്പിക്കരുത്. ഞാൻ യഹോവ ആകുന്നു. “എന്റെ കൽപ്പനകൾ പ്രമാണിച്ച് അവയെ അനുസരിക്കുക. ഞാൻ യഹോവ ആകുന്നു. എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുത്. ഇസ്രായേൽമക്കളുടെ മധ്യേ ഞാൻ വിശുദ്ധീകരിക്കപ്പെടണം. ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു. നിങ്ങളുടെ ദൈവമായിരിക്കാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു.”