യോശുവ 6:1-27

യോശുവ 6:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യെരീഹോവിനെ യിസ്രായേൽമക്കളുടെ നിമിത്തം അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. യഹോവ യോശുവയോടു കല്പിച്ചത്: ഞാൻ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു. നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം. ഏഴു പുരോഹിതന്മാർ ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം. അവർ ആട്ടിൻകൊമ്പ് നീട്ടിയൂതുകയും നിങ്ങൾ കാഹളനാദം കേൾക്കയും ചെയ്യുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; ജനം ഓരോരുത്തൻ നേരേ കയറുകയും വേണം. നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്: നിയമപെട്ടകം എടുപ്പിൻ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിനു മുമ്പിൽ ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് നടക്കേണം എന്നു പറഞ്ഞു. ജനത്തോട് അവൻ: നിങ്ങൾ ചെന്ന് പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം എന്നു പറഞ്ഞു. യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപെട്ടകം അവരുടെ പിന്നാലെ ചെന്നു. ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു. യോശുവ ജനത്തോട്: ആർപ്പിടുവിൻ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുത്; ഒച്ച കേൾപ്പിക്കരുത്; വായിൽനിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്; അതിന്റെശേഷം ആർപ്പിടാം എന്നു കല്പിച്ചു. അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്കു വന്ന് പാളയത്തിൽ പാർത്തു. യോശുവ അതികാലത്തേ എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു. ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ച് കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു. രണ്ടാം ദിവസവും അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റിയിട്ട് പാളയത്തിലേക്കു മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറു ദിവസം ചെയ്തു; ഏഴാം ദിവസമോ അവർ അതികാലത്ത് അരുണോദയത്തിങ്കൽ എഴുന്നേറ്റ് പട്ടണത്തെ ആ വിധത്തിൽ തന്നെ ഏഴു പ്രാവശ്യം ചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി. ഏഴാം പ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാൽ: ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്കു തന്നിരിക്കുന്നു. ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്കു ശപഥാർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ. എന്നാൽ നിങ്ങൾ ശപഥം ചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിനു ശാപവും അനർഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം. അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരേ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു. പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു. എന്നാൽ രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവ: വേശ്യയുടെ വീട്ടിൽചെന്ന് അവിടെനിന്ന് ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോടു സത്യം ചെയ്തതുപോലെ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അങ്ങനെ ഒറ്റുകാരായിരുന്ന യൗവനക്കാർ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തു കൊണ്ടുവന്നു; അവളുടെ എല്ലാ ചാർച്ചക്കാരെയും പുറത്തു കൊണ്ടുവന്ന് യിസ്രായേൽപാളയത്തിനു പുറത്തു പാർപ്പിച്ചു. പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവച്ചു ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു. യെരീഹോവിനെ ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു. അക്കാലത്ത് യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കതക് തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു. അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്ത് എല്ലാടവും പരന്നു.

പങ്ക് വെക്കു
യോശുവ 6 വായിക്കുക

യോശുവ 6:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനം പ്രവേശിക്കാതിരിക്കത്തക്കവിധം യെരീഹോവിന്റെ വാതിൽ അടച്ചു ഭദ്രമാക്കിയിരുന്നു. ഉള്ളിൽ കയറാനോ പുറത്തു പോകാനോ ആർക്കും സാധ്യമായിരുന്നില്ല. സർവേശ്വരൻ യോശുവയോടു പറഞ്ഞു: “യെരീഹോപട്ടണത്തെ അതിന്റെ രാജാവിനോടും യുദ്ധവീരന്മാരോടും കൂടി ഞാൻ നിന്നെ ഏല്പിച്ചിരിക്കുന്നു. നിങ്ങളുടെ യോദ്ധാക്കൾ ദിവസം ഒരു പ്രാവശ്യം വീതം ആറു ദിവസം പട്ടണത്തെ പ്രദക്ഷിണം ചെയ്യണം. ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളം കൈയിൽ ഏന്തിയ ഏഴു പുരോഹിതന്മാർ ഉടമ്പടിപ്പെട്ടകത്തിന്റെ മുമ്പേ നടക്കണം. ഏഴാം ദിവസം കാഹളം ഊതുന്ന പുരോഹിതന്മാരോടൊപ്പം ഏഴു പ്രാവശ്യം നിങ്ങൾ പട്ടണത്തെ പ്രദക്ഷിണം ചെയ്യണം. അവർ കാഹളം നീട്ടി ഊതുന്നതു കേൾക്കുമ്പോൾ ജനമെല്ലാം ഉച്ചത്തിൽ ആർപ്പിടണം. അപ്പോൾ പട്ടണമതിൽ തകർന്നുവീഴും; തുടർന്നു സൈന്യം പട്ടണത്തിൽ പ്രവേശിക്കണം.” നൂനിന്റെ പുത്രനായ യോശുവ പുരോഹിതന്മാരെ വിളിച്ചു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുക്കുവിൻ; ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളങ്ങൾ കൈയിൽ ഏന്തി ഏഴു പുരോഹിതന്മാർ സർവേശ്വരന്റെ പെട്ടകത്തിനു മുമ്പിൽ നില്‌ക്കട്ടെ.” അതിനുശേഷം ജനത്തോടു പറഞ്ഞു: “മുന്നോട്ടു നീങ്ങുവിൻ; നിങ്ങൾ പട്ടണത്തെ പ്രദക്ഷിണം ചെയ്യുക; ആയുധധാരികൾ പെട്ടകത്തിനുമുമ്പേ നടക്കട്ടെ.” യോശുവ ജനത്തോടു കല്പിച്ചതുപോലെ കാഹളങ്ങൾ കൈയിൽ എടുത്തിരുന്ന ഏഴു പുരോഹിതന്മാർ അവിടുത്തെ പെട്ടകത്തിന്റെ മുമ്പിൽ കാഹളം ഊതിക്കൊണ്ടു നടന്നു. സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം അവർക്കു പിന്നാലെ ഉണ്ടായിരുന്നു. ആയുധധാരികളിൽ ചിലർ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിലും ശേഷമുള്ളവർ പെട്ടകത്തിനു പിമ്പിലും നടന്നു. ഈ സമയമെല്ലാം കാഹളധ്വനി മുഴങ്ങിക്കൊണ്ടിരുന്നു. യോശുവ ജനത്തോടു പറഞ്ഞു: “ആർപ്പിടുവാൻ ഞാൻ നിങ്ങളോടു കല്പിക്കുന്ന ദിവസംവരെ നിങ്ങൾ ആർപ്പിടുകയോ ഒച്ചയുണ്ടാക്കുകയോ ഒരു വാക്കെങ്കിലും ഉച്ചരിക്കുകയോ ചെയ്യരുത്.” യോശുവ കല്പിച്ചതുപോലെ സർവേശ്വരന്റെ പെട്ടകമെടുത്ത് അവർ ഒരു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു; അതിനുശേഷം അവർ പാളയത്തിൽ തിരിച്ചുവന്ന് അവിടെ രാത്രി കഴിച്ചു. യോശുവ അടുത്ത ദിവസം രാവിലെ എഴുന്നേറ്റു. പുരോഹിതന്മാർ സർവേശ്വരന്റെ പെട്ടകം എടുത്തു. ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് ഏഴു പുരോഹിതന്മാർ പെട്ടകത്തിനു മുമ്പേ നടന്നു. ആയുധധാരികളിൽ ചിലർ പെട്ടകത്തിനു മുമ്പിലും ശേഷമുള്ളവർ പിമ്പിലുമായി നടന്നു. അവർ മുമ്പോട്ടു നടക്കുമ്പോൾ കാഹളശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. രണ്ടാം ദിവസവും അവർ പട്ടണത്തെ പ്രദക്ഷിണം ചെയ്തതിനുശേഷം പാളയത്തിലേക്കു മടങ്ങി. ആറു ദിവസം അവർ ഇങ്ങനെ ചെയ്തു. ഏഴാം ദിവസവും പ്രഭാതത്തിൽതന്നെ എഴുന്നേറ്റു മുമ്പു ചെയ്തതുപോലെ പട്ടണത്തെ പ്രദക്ഷിണം ചെയ്യാൻ ആരംഭിച്ചു; അന്ന് ഏഴു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു. ഏഴാം പ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ, “ആർപ്പു വിളിക്കുവിൻ, സർവേശ്വരൻ ഈ പട്ടണം നിങ്ങൾക്കു നല്‌കിയിരിക്കുന്നു” എന്നു യോശുവ ജനത്തോടു പറഞ്ഞു. സർവേശ്വരനുള്ള ഒരു വഴിപാട് എന്നവിധം പട്ടണവും അതിലുള്ള സർവസ്വവും നശിപ്പിക്കണം. എന്നാൽ വേശ്യയായ രാഹാബ് നമ്മുടെ ദൂതന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളും കുടുംബാംഗങ്ങളും ജീവനോടെയിരിക്കട്ടെ. എന്നാൽ നശിപ്പിക്കാൻ സമർപ്പിക്കപ്പെട്ടവയിൽനിന്നും യാതൊന്നും നിങ്ങൾ എടുക്കരുത്; എടുത്താൽ ഇസ്രായേൽപാളയത്തിൽ അനർഥവും നാശവും ഉണ്ടാകും. വെള്ളി, സ്വർണം, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള സകല വസ്തുക്കളും സർവേശ്വരനുവേണ്ടി മാറ്റിവയ്‍ക്കണം. അവ അവിടുത്തെ ഭണ്ഡാരത്തിൽ ചേരേണ്ടതാകുന്നു. പിന്നീട് കാഹളം ഊതുകയും ജനം കാഹളശബ്ദം കേട്ടപ്പോൾ ആർത്തട്ടഹസിക്കുകയും ചെയ്തു. അപ്പോൾ പട്ടണമതിൽ ഇടിഞ്ഞുവീണു. ജനം നേരെ മുമ്പോട്ടു കടന്ന് പട്ടണം പിടിച്ചടക്കി. പുരുഷന്മാർ, സ്‍ത്രീകൾ, കുട്ടികൾ, വൃദ്ധന്മാർ, ആടുമാടുകൾ, കഴുതകൾ തുടങ്ങി പട്ടണത്തിലുള്ള സമസ്തവും അവർ നശിപ്പിച്ചു. ദേശം നിരീക്ഷിക്കാൻ അയച്ചിരുന്ന രണ്ടു പേരോടും യോശുവ പറഞ്ഞു: “നിങ്ങൾ പ്രതിജ്ഞ ചെയ്തിരുന്നതുപോലെ ആ വേശ്യയുടെ വീട്ടിൽ ചെന്ന് അവളെയും കുടുംബാംഗങ്ങളെയും പുറത്തു കൊണ്ടുവരിക.” അവർ പോയി രാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും സകല ചാർച്ചക്കാരെയും കൊണ്ടുവന്ന് ഇസ്രായേൽപാളയത്തിനു പുറത്തു പാർപ്പിച്ചു. പിന്നീട് പട്ടണവും അതിലുള്ള സകലവും അവർ തീവച്ചു നശിപ്പിച്ചു. എന്നാൽ വെള്ളി, സ്വർണം, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള പാത്രങ്ങൾ സർവേശ്വരന്റെ ഭണ്ഡാരത്തിൽ സൂക്ഷിച്ചു. യെരീഹോവിനെ ഒറ്റുനോക്കാൻ യോശുവ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതിനാൽ അദ്ദേഹം അവളെയും അവളുടെ ചാർച്ചക്കാരെയും അവൾക്കുള്ളതിനെയെല്ലാം ജീവനോടെ രക്ഷിച്ചു. അവളുടെ പിൻതലമുറക്കാർ ഇസ്രായേലിൽ ഇപ്പോഴും പാർക്കുന്നു. അന്ന് യോശുവ ഇപ്രകാരം ശപഥം ചെയ്തു പറഞ്ഞു: “യെരീഹോപട്ടണം വീണ്ടും പണിയാൻ തുനിയുന്നവൻ സർവേശ്വരന്റെ മുമ്പിൽ ശപിക്കപ്പെട്ടവനായിരിക്കും. “അതിന് അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകനും അതിന്റെ വാതിൽ ഉറപ്പിക്കുമ്പോൾ അവന്റെ ഇളയമകനും നഷ്ടപ്പെടും.” സർവേശ്വരൻ യോശുവയോടുകൂടി ഉണ്ടായിരുന്നു; അദ്ദേഹത്തിന്റെ കീർത്തി ദേശമെങ്ങും വ്യാപിച്ചു.

പങ്ക് വെക്കു
യോശുവ 6 വായിക്കുക

യോശുവ 6:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ യിസ്രായേൽ മക്കൾ പ്രവേശിക്കാതിരിക്കുവാൻ യെരീഹോ പട്ടണത്തിലേക്കുള്ള വാതിലുകൾ അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്ത് കയറിയതുമില്ല. യഹോവ യോശുവയോട് കല്പിച്ചത്: “ഞാൻ യെരീഹോവിനെയും അതിന്‍റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ദിവസം ഒരുവട്ടം വീതം ആറു ദിവസം പട്ടണത്തെ ചുറ്റിനടക്കേണം; ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്‍റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം. പുരോഹിതന്മാർ നീട്ടിയൂതുന്ന കാഹളനാദം കേൾക്കുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; പടയാളികൾ ഓരോരുത്തൻ നേരെ കയറി ആക്രമിക്കുകയുംവേണം.” നൂന്‍റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്: “നിയമപെട്ടകം എടുപ്പിൻ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് നടക്കേണം” എന്നു പറഞ്ഞു. ജനത്തോട് അവൻ: “നിങ്ങൾ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ നടക്കേണം” എന്നു പറഞ്ഞു. യോശുവ ജനത്തോട് പറഞ്ഞതിൻ പ്രകാരം ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു. ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്‍റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു. യോശുവ ജനത്തോട്: “ആർപ്പിടുവിൻ എന്നു ഞാൻ നിങ്ങളോട് കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുത്; വായിൽ നിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്” എന്നു കല്പിച്ചു. അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്ക് വന്ന് രാപാർത്തു. യോശുവ അതികാലത്ത് എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു. ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്‍റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു. രണ്ടാം ദിവസവും അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റി പാളയത്തിലേക്ക് മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറു ദിവസം ചെയ്തു; ഏഴാം ദിവസമോ അവർ അതികാലത്ത് എഴുന്നേറ്റ് പട്ടണത്തെ ആ വിധത്തിൽ തന്നെ ഏഴു പ്രാവശ്യം ചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി. ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോട് പറഞ്ഞതെന്തെന്നാൽ: “ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്ക് തന്നിരിക്കുന്നു. ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്ക് ശപഥാർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ. എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽ പാളയത്തിൽ ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. വെള്ളിയും പൊന്നും ചെമ്പും ഇരിമ്പും കൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്ക് വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിലേക്ക് കൊണ്ടുവരേണം.” അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ട് കടന്ന് പട്ടണം പിടിച്ചു. പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്‍റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു. എന്നാൽ രാജ്യം ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോട് യോശുവ: “വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ നിന്ന് ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോട് സത്യം ചെയ്തതുപോലെ പുറത്തു കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. അങ്ങനെ ഒറ്റുകാരായിരുന്ന യൗവനക്കാർ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്ത് കൊണ്ടുവന്ന് യിസ്രായേൽ പാളയത്തിനു പുറത്ത് പാർപ്പിച്ചു. പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീ വച്ചു ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വെച്ചു. യെരീഹോ പട്ടണം ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു. അക്കാലത്ത് യോശുവ ശപഥം ചെയ്തു: “ഈ യെരീഹോ പട്ടണം പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്‍റെ അടിസ്ഥാനമിടുമ്പോൾ അവന്‍റെ ആദ്യജാതൻ നഷ്ടമാകും; അതിന്‍റെ കവാടങ്ങൾ ഉറപ്പിക്കുമ്പോൾ ഇളയ മകനും നഷ്ടമാകും” എന്നു പറഞ്ഞു. അങ്ങനെ യഹോവ യോശുവയോടു കൂടെ ഉണ്ടായിരുന്നു; അവന്‍റെ കീർത്തി ദേശത്ത് എല്ലാടവും പരന്നു.

പങ്ക് വെക്കു
യോശുവ 6 വായിക്കുക

യോശുവ 6:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യെരീഹോവിനെ യിസ്രായേൽമക്കളുടെ നിമിത്തം അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. യഹോവ യോശുവയോടു കല്പിച്ചതു: ഞാൻ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം. ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം. അവർ ആട്ടിൻ കൊമ്പു നീട്ടിയൂതുകയും നിങ്ങൾ കാഹളനാദം കേൾക്കയും ചെയ്യുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; ജനം ഓരോരുത്തൻ നേരെ കയറുകയും വേണം. നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടു: നിയമപെട്ടകം എടുപ്പിൻ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്നു മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു. ജനത്തോടു അവൻ: നിങ്ങൾ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം എന്നു പറഞ്ഞു. യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു. ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു. യോശുവ ജനത്തോടു: ആർപ്പിടുവിൻ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുതു; ഒച്ചകേൾപ്പിക്കരുതു; വായിൽനിന്നു ഒരു വാക്കും പുറപ്പെടുകയും അരുതു; അതിന്റെശേഷം ആർപ്പിടാം എന്നു കല്പിച്ചു. അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്കു വന്നു പാളയത്തിൽ പാർത്തു. യോശുവ അതികാലത്തേ എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു. ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചു കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു. രണ്ടാം ദിവസവും അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റീട്ടു പാളയത്തിലേക്കു മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറു ദിവസം ചെയ്തു; ഏഴാം ദിവസമോ അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴുപ്രാവശ്യംചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി. ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാൽ: ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്കു തന്നിരിക്കുന്നു. ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവെക്കു ശപഥാർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ. എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ടു യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരിമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവെക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം. അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു. പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു. എന്നാൽ രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവ: വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ നിന്നു ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോടു സത്യംചെയ്തതുപോലെ പുറത്തുകൊണ്ടുവരുവിൻ എന്നു പറഞ്ഞു. അങ്ങനെ ഒറ്റുകാരായിരുന്ന യൗവനക്കാർ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തു കൊണ്ടുവന്നു; അവളുടെ എല്ലാചാർച്ചക്കാരെയും പുറത്തു കൊണ്ടുവന്നു യിസ്രായേൽപാളയത്തിന്നു പുറത്തു പാർപ്പിച്ചു. പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ചു ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വെച്ചു. യെരീഹോവിനെ ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു. അക്കാലത്തു യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു. അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്തു എല്ലാടവും പരന്നു.

പങ്ക് വെക്കു
യോശുവ 6 വായിക്കുക

യോശുവ 6:1-27 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ ഇസ്രായേൽമക്കൾനിമിത്തം യെരീഹോപട്ടണത്തിന്റെ കവാടം ഭദ്രമായി അടയ്ക്കപ്പെട്ടിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. അപ്പോൾ യഹോവ യോശുവയോടു കൽപ്പിച്ചു: “ഞാൻ യെരീഹോവിനെ, അതിന്റെ രാജാവിനോടും യോദ്ധാക്കളോടുമൊപ്പം നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ആയുധധാരികളായ എല്ലാ യോദ്ധാക്കളെയുംകൂട്ടി പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റുക. ആറുദിവസം ഇപ്രകാരം ചെയ്യുക. മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം വഹിച്ച ഏഴു പുരോഹിതന്മാർ പേടകത്തിന്റെ മുമ്പിൽ നടക്കട്ടെ. ഏഴാംദിവസം ഈ പുരോഹിതന്മാർ കാഹളങ്ങൾ മുഴക്കിക്കൊണ്ട് പട്ടണത്തെ ഏഴുപ്രാവശ്യം ചുറ്റണം. അവർ നീട്ടി ഊതുന്ന കാഹളനാദം നിങ്ങൾ കേൾക്കുമ്പോൾ യോദ്ധാക്കൾമുഴുവനും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ തകരും; സൈന്യത്തിന് നേരേ അതിലേക്കു കയറാൻ കഴിയും.” നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്, “യഹോവയുടെ ഉടമ്പടിയുടെ പേടകം എടുക്കുക. അതിനുമുമ്പിൽ മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ നടക്കട്ടെ” എന്നു പറഞ്ഞു. “പുറപ്പെടുക! യഹോവയുടെ പേടകത്തിനുമുമ്പിൽ ആയുധധാരികളായ പട്ടാളക്കാരെ നിർത്തിക്കൊണ്ട് പട്ടണത്തിനുചുറ്റും പടനീക്കുക” എന്ന് അദ്ദേഹം സൈന്യത്തിന് ഉത്തരവിട്ടു. യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ, യഹോവയ്ക്കുമുമ്പിൽ ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളംപിടിച്ചുനിന്ന ഏഴു പുരോഹിതന്മാർ കാഹളമൂതി മുന്നോട്ടു പോകുകയും യഹോവയുടെ ഉടമ്പടിയുടെ പേടകം അവരെ പിൻതുടരുകയും ചെയ്തു. ആയുധധാരികളായ പട്ടാളക്കാർ കാഹളം ഊതിയ പുരോഹിതന്മാർക്കു മുമ്പിൽ അണിയായി നടന്നു; പിന്നിലുള്ള പട്ടാളക്കാർ പേടകത്തെ പിൻതുടർന്നു; ഈ സമയമൊക്കെയും കാഹളനാദം മുഴങ്ങിക്കൊണ്ടിരുന്നു. എന്നാൽ യോശുവ സൈന്യത്തോട്, “യുദ്ധാരവം പുറപ്പെടുവിക്കരുത്; ശബ്ദവും ഉയർത്തരുത്; ഞാൻ നിങ്ങളോട് ആർപ്പിടാൻ പറയുന്ന ദിവസംവരെ ഒരു വാക്കുപോലും ഉച്ചരിക്കരുത്. അതിന്റെശേഷം ആർപ്പിടാം!” എന്നു കൽപ്പിച്ചു. അങ്ങനെ യഹോവയുടെ പേടകം പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റി. അതിനുശേഷം സൈന്യം പാളയത്തിലേക്കു മടങ്ങി, രാത്രി അവിടെ ചെലവഴിച്ചു. യോശുവ പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പേടകം എടുത്തു. ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടുനിന്ന ഏഴു പുരോഹിതന്മാർ കാഹളം ഊതിക്കൊണ്ട് യഹോവയുടെ പേടകത്തിനുമുമ്പിൽ അണിനടന്നു. ആയുധധാരികളായ പുരുഷന്മാർ അവരുടെമുന്നിലും പിന്നിലുള്ള പട്ടാളക്കാർ യഹോവയുടെ പേടകത്തിനു പിന്നിലുമായി അണിനടന്നു; കാഹളങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു. അങ്ങനെ രണ്ടാംദിവസവും അവർ പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റിയിട്ട് പാളയത്തിലേക്കു മടങ്ങിപ്പോന്നു. അവർ ആറുദിവസം ഇപ്രകാരം ചെയ്തു. ഏഴാംദിവസം അവർ പ്രഭാതത്തിൽ എഴുന്നേറ്റു; അതേരീതിയിൽത്തന്നെ പട്ടണത്തിനുചുറ്റും ഏഴുപ്രാവശ്യം അണിനടന്നു; അന്നുമാത്രം അവർ ഏഴുപ്രാവശ്യം പട്ടണം ചുറ്റി. ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു കൽപ്പിച്ചു: “ആർപ്പിടുക! യഹോവ നിങ്ങൾക്കു പട്ടണം തന്നിരിക്കുന്നു. ഈ പട്ടണവും ഇതിലുള്ളതൊക്കെയും യഹോവയ്ക്ക് അർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന ഗണിക നാം അയച്ച ചാരപ്രവർത്തകരെ ഒളിപ്പിച്ചതുകൊണ്ട് അവളും അവളുടെ വീട്ടിൽ അവളോടുകൂടെയുള്ളവരുംമാത്രം ജീവിച്ചിരിക്കട്ടെ. എന്നാൽ അർപ്പിതവസ്തുക്കളിൽനിന്ന് അകന്നുനിൽക്കുക; അവയിൽ എന്തെങ്കിലും കൈവശപ്പെടുത്തി നിങ്ങൾക്കുതന്നെ നാശം വരുത്തിവെക്കാൻ ശ്രമിക്കരുത്. അങ്ങനെചെയ്താൽ ഇസ്രായേൽപാളയത്തിനു നിങ്ങൾതന്നെ നാശവും അത്യാഹിതവും വരുത്തിവെക്കും. വെള്ളിയും സ്വർണവും വെങ്കലവും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളെല്ലാം യഹോവയ്ക്കു വിശുദ്ധം; അതെല്ലാം അവിടത്തെ ഖജനാവിൽ ചേർക്കണം.” പുരോഹിതന്മാർ കാഹളം ഊതി, സൈന്യം ആർപ്പിട്ടു; കാഹളനാദംകേട്ട് സൈന്യം ഉച്ചത്തിൽ ആർപ്പിട്ടപ്പോൾ പട്ടണമതിൽ തകർന്നുവീണു. ഓരോരുത്തരും പട്ടണത്തിലേക്കു നേരേകയറി, പട്ടണം പിടിച്ചടക്കി. അവർ പട്ടണം യഹോവയ്ക്കു സമർപ്പിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും ബാലന്മാരെയും വൃദ്ധന്മാരെയും, ആട്, മാട്, കഴുത എന്നിവയെയും, ഇങ്ങനെ പട്ടണത്തിൽ ജീവനോടുണ്ടായിരുന്ന സകലത്തെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. ദേശത്തെ പര്യവേക്ഷണംചെയ്യാൻ അയച്ച രണ്ടു പുരുഷന്മാരോട് യോശുവ, “ഗണികയുടെ വീട്ടിൽച്ചെന്ന്, അവളോടു നിങ്ങൾ ശപഥംചെയ്തതുപോലെ, അവളെയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവരിക” എന്ന് ഉത്തരവിട്ടു. അങ്ങനെ ചാരപ്രവർത്തകരായിരുന്ന യുവാക്കൾ ചെന്ന് രാഹാബിനെയും അവളുടെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവന്നു. അവളുടെ കുടുംബത്തെ മുഴുവൻ പുറത്തുകൊണ്ടുവന്ന് ഇസ്രായേൽപാളയത്തിനു പുറത്ത് ഒരു സ്ഥലത്ത് പാർപ്പിച്ചു. ഇതിനുശേഷം അവർ പട്ടണം മുഴുവനും അതിലുള്ള സകലതും അഗ്നിക്കിരയാക്കി. എന്നാൽ വെള്ളിയും സ്വർണവും വെങ്കലവും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളെല്ലാം അവർ യഹോവയുടെ ആലയത്തിലെ ഖജനാവിൽ വെച്ചു. രാഹാബ് എന്ന ഗണിക, യെരീഹോവിനെ പര്യവേക്ഷണംചെയ്യാൻ അയച്ച പുരുഷന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളെയും അവളുടെ കുടുംബത്തെയും അവൾക്കുള്ള സകലത്തെയും യോശുവ രക്ഷിച്ചു; അവൾ ഇന്നുവരെയും ഇസ്രായേല്യരുടെ ഇടയിൽ പാർക്കുന്നു. അക്കാലത്തു യോശുവ ഈ ശപഥംചെയ്തു: “ഈ യെരീഹോപട്ടണം വീണ്ടും പണിയാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെമുമ്പാകെ ശപിക്കപ്പെട്ടവൻ: “അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കവാടം വെക്കുമ്പോൾ അവന്റെ ഇളയമകനും നഷ്ടമാകും.” അങ്ങനെ യഹോവ യോശുവയോടുകൂടെയുണ്ടായിരുന്നു; അവന്റെ കീർത്തി ദേശമെല്ലാം പരന്നു.

പങ്ക് വെക്കു
യോശുവ 6 വായിക്കുക