യോശുവ 1:1-13

യോശുവ 1:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോട് അരുളിച്ചെയ്തത്: എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോർദ്ദാനക്കരെ ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ. നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു. മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശമൊക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും. നിന്റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരേ നില്ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല. ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കു കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും. എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ച് നടക്കേണ്ടതിന് നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന് അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർഥനായും ഇരിക്കും. നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാൻ നിന്നോടു കല്പിച്ചുവല്ലോ. എന്നാറെ യോശുവ ജനത്തിന്റെ പ്രമാണികളോടു കല്പിച്ചത്: പാളയത്തിൽക്കൂടി കടന്ന് ജനത്തോട്: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന് നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞിട്ട് യോർദ്ദാനക്കരെ കടക്കേണ്ടതാകയാൽ ഭക്ഷണസാധനം ഒരുക്കിക്കൊൾവിൻ എന്നു കല്പിപ്പിൻ. പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞത് എന്തെന്നാൽ: യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.

പങ്ക് വെക്കു
യോശുവ 1 വായിക്കുക

യോശുവ 1:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ ദാസനായ മോശയുടെ മരണശേഷം അദ്ദേഹത്തിന്റെ ശുശ്രൂഷകനും നൂനിന്റെ പുത്രനുമായ യോശുവയോട് അവിടുന്ന് അരുളിച്ചെയ്തു: “എന്റെ ദാസനായ മോശ മരിച്ചു; നീയും ഇസ്രായേൽജനം മുഴുവനും യോർദ്ദാൻനദി കടന്ന് അവർക്കു ഞാൻ നല്‌കാൻ പോകുന്ന ദേശത്തു പ്രവേശിക്കുക. മോശയോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളുടെ കാലടി വയ്‍ക്കുന്ന സ്ഥലമൊക്കെയും ഞാൻ നിങ്ങൾക്കു നല്‌കും. നിങ്ങളുടെ ദേശത്തിന്റെ അതിരുകൾ തെക്ക് മരുഭൂമിയും വടക്ക് ലെബാനോനും കിഴക്ക് മഹാനദിയായ യൂഫ്രട്ടീസ് ഒഴുകുന്ന ഹിത്യരുടെ ദേശവും പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രവും ആയിരിക്കും. നിന്റെ ആയുഷ്കാലമത്രയും ആർക്കും നിന്നെ തോല്പിക്കാൻ കഴിയുകയില്ല. ഞാൻ മോശയുടെകൂടെ ഉണ്ടായിരുന്നതുപോലെ നിന്റെ കൂടെയും ഇരിക്കും. ഞാൻ നിന്നെ വിട്ടുപോകുകയില്ല; ഉപേക്ഷിക്കുകയുമില്ല. ശക്തനും ധീരനുമായിരിക്കുക; ഞാൻ ഈ ജനത്തിനു കൊടുക്കുമെന്നു പിതാക്കന്മാരോടു വാഗ്ദത്തം ചെയ്തിരുന്ന ദേശം നീയാണ് അവർക്കു വിഭജിച്ചു കൊടുക്കേണ്ടത്. നീ ശക്തനും ധീരനുമായി ഇരുന്നാൽ മാത്രം മതി; എന്റെ ദാസനായ മോശ നിങ്ങൾക്കു നല്‌കിയിട്ടുള്ള കല്പനകൾ അനുസരിക്കുന്നതിന് നീ ജാഗ്രത പുലർത്തണം; അവയിൽ ഒന്നുപോലും അവഗണിക്കാതെയിരുന്നാൽ നീ നിന്റെ ഉദ്യമങ്ങളിലെല്ലാം വിജയം വരിക്കും. ധർമശാസ്ത്രഗ്രന്ഥം നിന്റെ അധരങ്ങളിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ; അതിൽ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം ശ്രദ്ധയോടെ അനുസരിക്കാൻ ഉതകുംവിധം രാവും പകലും അതു ധ്യാനിക്കണം. അപ്പോൾ നിനക്ക് അഭിവൃദ്ധിയുണ്ടാകുകയും ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും നീ വിജയം വരിക്കുകയും ചെയ്യും. ശക്തനും ധീരനും ആയിരിക്കുക എന്നു ഞാൻ കല്പിച്ചിട്ടില്ലേ! ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; നീ പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ സർവേശ്വരൻ നിന്റെകൂടെ ഉണ്ടായിരിക്കും.” പിന്നീട് യോശുവ ജനനേതാക്കന്മാരോടു കല്പിച്ചു: “നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് നല്‌കുവാൻ പോകുന്ന ദേശം കൈവശമാക്കുന്നതിനു മൂന്നു ദിവസത്തിനുള്ളിൽ നിങ്ങൾ യോർദ്ദാൻനദി കടക്കണം. അതിനാൽ ആവശ്യമായിരിക്കുന്ന ഭക്ഷണസാധനങ്ങൾ ഒരുക്കിക്കൊള്ളുവിൻ എന്ന് പാളയത്തിൽ കടന്നു ജനത്തോടു പറയുക.” രൂബേൻ, ഗാദ്ഗോത്രക്കാരോടും മനശ്ശെയുടെ അർധഗോത്രക്കാരോടും യോശുവ പറഞ്ഞു: “സ്വസ്ഥമായി വസിക്കാൻ ദൈവമായ സർവേശ്വരൻ ഈ ദേശം നിങ്ങൾക്കു നല്‌കുമെന്ന് അവിടുത്തെ ദാസനായ മോശ നിങ്ങളോടു പറഞ്ഞിരുന്നത് ഓർക്കുക.”

പങ്ക് വെക്കു
യോശുവ 1 വായിക്കുക

യോശുവ 1:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്‍റെ മകനും മോശെയുടെ ശുശ്രൂഷകനുമായ യോശുവയോടു അരുളിച്ചെയ്തത്: “എന്‍റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുക്കുന്ന ദേശത്തേക്ക് യോർദ്ദാൻ കടന്നുപോകുവിൻ. ഞാൻ മോശെയോട് കല്പിച്ചതുപോലെ, നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും നിങ്ങൾക്ക് തന്നിരിക്കുന്നു. നിങ്ങളുടെ അതിരുകൾ മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറ് മഹാസമുദ്രംവരെയും ആയിരിക്കും. നിന്‍റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്‍റെ നേരെ നില്‍ക്കയില്ല. ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും. ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല. “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്ക് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും. നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക. എന്‍റെ ദാസനായ മോശെ നിന്നോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ച് നടക്കേണം. ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന് അത് വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളത് നിന്‍റെ വായിൽ നിന്ന് നീങ്ങിപ്പോകരുത്. അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ച് നടക്കേണ്ടതിന് നീ രാവും പകലും അത് ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്‍റെ പ്രവൃത്തി സാധിക്കും. നീ കൃതാർഥനായും ഇരിക്കും. നിന്‍റെ ദൈവമായ യഹോവ നീ പോകുന്ന ഇടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് ഞാൻ തന്നെ നിന്നോട് കല്പിച്ചുവല്ലോ.” അപ്പോൾ യോശുവ ജനത്തിന്‍റെ പ്രമാണികളോട് കല്പിച്ചത്: “നിങ്ങൾ പാളയത്തിൽ കൂടി കടന്ന് ജനത്തോട് പറയേണ്ടത്: ഭക്ഷണസാധനങ്ങൾ ഒരുക്കിക്കൊൾവീൻ. ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന് നിങ്ങൾ മൂന്നുദിവസം കഴിഞ്ഞിട്ട് യോർദ്ദാൻ കടക്കേണ്ടതാകുന്നു.” പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞത് എന്തെന്നാൽ: “യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് സ്വസ്ഥത നല്കി ഈ ദേശം തന്നിരിക്കുന്നു.

പങ്ക് വെക്കു
യോശുവ 1 വായിക്കുക

യോശുവ 1:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തതു: എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോർദ്ദാന്നക്കരെ ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ. നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു. മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും. നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല. ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും. എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു. ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും. നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ. എന്നാറെ യോശുവ ജനത്തിന്റെ പ്രമാണികളോടു കല്പിച്ചതു: പാളയത്തിൽ കൂടി കടന്നു ജനത്തോടു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞിട്ടു യോർദ്ദാന്നക്കരെ കടക്കേണ്ടതാകയാൽ ഭക്ഷണസാധനം ഒരുക്കിക്കൊൾവിൻ എന്നു കല്പിപ്പിൻ. പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞതു എന്തെന്നാൽ: യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.

പങ്ക് വെക്കു
യോശുവ 1 വായിക്കുക

യോശുവ 1:1-13 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയുടെ ദാസനായ മോശയുടെ മരണാനന്തരം, മോശയുടെ ശുശ്രൂഷകനും നൂന്റെ മകനുമായ യോശുവയോട് യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “എന്റെ ദാസനായ മോശ മരിച്ചു; ആകയാൽ യോർദാനക്കരെ—നീയും ഈ ജനമൊക്കെയും—ഞാൻ ഇസ്രായേൽമക്കൾക്കു കൊടുക്കാനിരിക്കുന്ന ദേശത്തേക്കു പോകാൻ തയ്യാറെടുക്കുക. ഞാൻ മോശയോടു വാഗ്ദാനംചെയ്തതുപോലെ നിങ്ങളുടെ കാൽപാദങ്ങൾ പതിക്കുന്ന സ്ഥലമൊക്കെയും ഞാൻ നിങ്ങൾക്കു തരും. തെക്കേ ദേശമായ മരുഭൂമിമുതൽ വടക്ക് ലെബാനോൻ മലനിരകളും കിഴക്ക് യൂഫ്രട്ടീസ് എന്ന മഹാനദിമുതൽ പടിഞ്ഞാറ് ഹിത്യരാജ്യം മുഴുവനും മെഡിറ്ററേനിയൻ സമുദ്രംവരെയും നിങ്ങളുടെ ഭൂപ്രദേശം വ്യാപിച്ചുകിടക്കും. നിന്റെ ജീവിതകാലത്ത് ഒരിക്കലും ഒരുത്തനും നിന്റെനേരേ നിൽക്കുകയില്ല; ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയുമിരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല. ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; കാരണം, ഇവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ഞാൻ വാഗ്ദത്തംചെയ്ത ദേശം ഈ ജനം കൈവശമാക്കേണ്ടതിനു നീ അവരെ നയിക്കുക. “ഉറപ്പും വളരെ ധൈര്യവുമുള്ളവനായിരിക്കുക; എന്റെ ദാസനായ മോശ നിനക്കുതന്ന ന്യായപ്രമാണമൊക്കെയും പാലിക്കാൻ ശ്രദ്ധിക്കുക; നീ ചെല്ലുന്നിടത്തൊക്കെയും വിജയം കൈവരിക്കേണ്ടതിന് അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. ഈ ന്യായപ്രമാണഗ്രന്ഥത്തിലുള്ളത് നിന്റെ അധരങ്ങളിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ രേഖപ്പെടുത്തിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം ചെയ്യേണ്ടതിനു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാൽ നിന്റെ പ്രയത്നം സഫലമാകുകയും; നീ വിജയം നേടുകയും ചെയ്യും. ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.” അപ്പോൾ യോശുവ ജനത്തിന്റെ നായകന്മാരോട് ഇപ്രകാരം കൽപ്പിച്ചു: “പാളയത്തിൽ ചെന്നു ജനത്തോട്: ‘നിങ്ങൾക്കാവശ്യമായവ സംഭരിക്കുക. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദേശം കൈവശപ്പെടുത്തുന്നതിന് മൂന്നുദിവസം കഴിഞ്ഞ് യോർദാനക്കരെ കടക്കേണ്ടതാകുന്നു’ എന്നു പറയുക.” എന്നാൽ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പകുതിഗോത്രത്തോടും ഇപ്രകാരം പറഞ്ഞു: “യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു നൽകിയ കൽപ്പന ഓർത്തുകൊൾക; ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വിശ്രമംനൽകി ഈ ദേശവും തന്നിരിക്കുന്നു.’

പങ്ക് വെക്കു
യോശുവ 1 വായിക്കുക