യോനാ 3:6-10
യോനാ 3:6-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വർത്തമാനം നീനെവേ രാജാവിന്റെ അടുക്കൽ എത്തിയാറെ അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു രാജവസ്ത്രം നീക്കിവച്ചു രട്ടു പുതച്ച് വെണ്ണീറിൽ ഇരുന്നു. അവൻ നീനെവേയിൽ എങ്ങും ഘോഷിപ്പിച്ചു പരസ്യമാക്കിയത് എന്തെന്നാൽ: രാജാവിന്റെയും അവന്റെ മഹത്തുക്കളുടെയും ആജ്ഞയാവിത്: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുത്; മേയ്കയും വെള്ളം കുടിക്കയും അരുത്. മനുഷ്യനും മൃഗവും രട്ടു പുതച്ച് ഉച്ചത്തിൽ ദൈവത്തോടു വിളിച്ച് അപേക്ഷിക്കേണം; ഓരോരുത്തൻ താന്താന്റെ ദുർമാർഗവും താന്താന്റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരികയും വേണം. ദൈവം വീണ്ടും അനുതപിച്ചു നാം നശിച്ചുപോകാതെയിരിക്കേണ്ടതിന് അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആർക്കറിയാം. അവർ ദുർമാർഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്ന് അരുളിച്ചെയ്തിരുന്ന അനർഥത്തെക്കുറിച്ചു ദൈവം അനുതപിച്ച് അതു വരുത്തിയതുമില്ല.
യോനാ 3:6-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ വാർത്ത നിനെവേയിലെ രാജാവു കേട്ടു. അദ്ദേഹവും വിനയപൂർവം അനുതപിച്ച് ചാക്കുടുത്തു, ചാരത്തിലിരുന്നു. തുടർന്ന് നിനെവേയിൽ ഈ വിളംബരം പ്രസിദ്ധപ്പെടുത്തി: “നിനെവേയിലെ രാജാവും പ്രഭുക്കന്മാരും കല്പിക്കുന്നു: മനുഷ്യനാകട്ടെ കന്നുകാലികളാകട്ടെ യാതൊന്നും ഭക്ഷിക്കരുത്. യാതൊരു ജീവിയും തിന്നുകയോ കുടിക്കുകയോ ചെയ്യരുത്. മനുഷ്യരും മൃഗങ്ങളും എല്ലാം ചാക്കുടുത്ത് ഉച്ചത്തിൽ ദൈവത്തെ വിളിച്ചു പ്രാർഥിക്കണം; എല്ലാവരും ദുർമാർഗങ്ങളിൽനിന്നും അധർമങ്ങളിൽനിന്നും പിന്തിരിയട്ടെ.” ദൈവം തന്റെ മനസ്സുമാറ്റി ക്രോധമടക്കുകയും നാം നശിച്ചുപോകാതെ രക്ഷപെടുകയും ചെയ്യുകയില്ലെന്ന് ആരു കണ്ടു? ദൈവം അവരുടെ ഈ പ്രവൃത്തികളും ദുർവൃത്തികളിൽനിന്നുള്ള പിന്മാറ്റവും കണ്ടു. അതുകൊണ്ട് മനസ്സുമാറ്റി; അവരുടെമേൽ വരുത്താൻ നിശ്ചയിച്ച അനർഥങ്ങൾ അയച്ചില്ല.
യോനാ 3:6-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഈ വാർത്ത നീനെവേരാജാവ് അറിഞ്ഞപ്പോൾ അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജവസ്ത്രം മാറ്റി രട്ടുടുത്ത് ചാരത്തിൽ ഇരുന്നു. അവൻ നീനെവേയിൽ എങ്ങും വിളംബരം പ്രസിദ്ധപ്പെടുത്തി: “നീനെവേ രാജാവും പ്രഭുക്കന്മാരും ആജ്ഞാപിക്കുന്നു: ‘മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യരുത്. മനുഷ്യനും മൃഗവും രട്ടു പുതച്ച് ഉച്ചത്തിൽ ദൈവത്തോട് നിലവിളിക്കേണം. ഓരോരുത്തൻ താന്താന്‍റെ ദുർമാർഗ്ഗവും കൈക്കലുള്ള സാഹസവും വിട്ട് മനംതിരികയും വേണം. ഒരുപക്ഷേ ദൈവം മനസ്സലിഞ്ഞ് നാം നശിച്ചുപോകാതെ അവന്‍റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും, ആർക്കറിയാം?” അവർ ദുർമാർഗ്ഗം വിട്ടുതിരിഞ്ഞു എന്ന് ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ അവർക്ക് വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു മനസ്സുമാറ്റി. അങ്ങനെ സംഭവിച്ചതുമില്ല.
യോനാ 3:6-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വർത്തമാനം നീനെവേരാജാവിന്റെ അടുക്കൽ എത്തിയാറെ അവൻ സിംഹാസനത്തിൽനിന്നു എഴുന്നേറ്റു രാജവസ്ത്രം നീക്കിവെച്ചു രട്ടു പുതെച്ചു വെണ്ണീറിൽ ഇരുന്നു. അവൻ നീനെവേയിൽ എങ്ങും ഘോഷിപ്പിച്ചു പരസ്യമാക്കിയതു എന്തെന്നാൽ: രാജാവിന്റെയും അവന്റെ മഹത്തുക്കളുടെയും ആജ്ഞയാവിതു: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുതു; മേയ്കയും വെള്ളം കുടിക്കയും അരുതു. മനുഷ്യനും മൃഗവും രട്ടു പുതെച്ചു ഉച്ചത്തിൽ ദൈവത്തോടു വിളിച്ചു അപേക്ഷിക്കേണം; ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗവും താന്താന്റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരികയും വേണം. ദൈവം വീണ്ടും അനുതപിച്ചു നാം നശിച്ചുപോകാതെയിരിക്കേണ്ടതിന്നു അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആർക്കറിയാം. അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.
യോനാ 3:6-10 സമകാലിക മലയാളവിവർത്തനം (MCV)
ഈ വാർത്ത അറിഞ്ഞപ്പോൾ നിനവേരാജാവും സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു രാജകീയ വസ്ത്രങ്ങൾക്കു പകരം ചാക്കുശീല ധരിച്ച് ഭസ്മത്തിൽ ഇരുന്നു. തുടർന്ന് രാജാവ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി: “നിനവേരാജാവിന്റെയും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരുടെയും കൽപ്പന: “മനുഷ്യനോ മൃഗമോ—കന്നുകാലികളോ ആട്ടിൻപറ്റമോ—ഭക്ഷണസാധനമൊന്നും രുചിക്കുകപോലുമരുത്. അവയെ മേയിക്കാനോ വെള്ളം കുടിപ്പിക്കാനോ പാടില്ല. മനുഷ്യരും മൃഗങ്ങളും ചാക്കുശീല പുതയ്ക്കട്ടെ. എല്ലാവരും ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു പ്രാർഥിക്കട്ടെ. എല്ലാവരും അവരവരുടെ ദുഷിച്ച ജീവിതശൈലിയും അക്രമാസക്തിയും ഉപേക്ഷിക്കട്ടെ. ആർക്കറിയാം? ദൈവം മനസ്സുമാറ്റി അവിടത്തെ ഉഗ്രകോപത്തിൽനിന്ന് പിന്തിരിഞ്ഞ് നമ്മെ നശിപ്പിക്കാതിരുന്നേക്കാം.” ജനത്തിന്റെ പ്രവൃത്തികളിലൂടെ അവരുടെ ദുഷിച്ച ജീവിതശൈലി ഉപേക്ഷിച്ചെന്ന് ദൈവം കണ്ടറിഞ്ഞു. അതുകൊണ്ട് അവരുടെമേൽ വരുത്തും എന്ന് അറിയിച്ചിരുന്ന നാശത്തിൽനിന്ന് ദൈവം പിന്തിരിഞ്ഞു. അത് അവരുടെമേൽ വരുത്തിയതുമില്ല.