ഇയ്യോബ് 37:1-7
ഇയ്യോബ് 37:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതിനാൽ എന്റെ ഹൃദയം വിറച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു. അവന്റെ നാദത്തിന്റെ മുഴക്കവും അവന്റെ വായിൽനിന്നു പുറപ്പെടുന്ന ഗർജനവും ശ്രദ്ധിച്ചുകേൾപ്പിൻ. അവൻ അത് ആകാശത്തിൻ കീഴിലൊക്കെയും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു. അതിന്റെ പിന്നാലെ ഒരു മുഴക്കം കേൾക്കുന്നു; അവൻ തന്റെ മഹിമാനാദംകൊണ്ട് ഇടിമുഴക്കുന്നു; അവന്റെ നാദം കേൾക്കുമ്പോൾ അവയെ തടുക്കുന്നില്ല. ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു. അവൻ ഹിമത്തോട്: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു. താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാൻതക്കവണ്ണം അവൻ സകല മനുഷ്യരുടെയും കൈ മുദ്രയിടുന്നു.
ഇയ്യോബ് 37:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ ഇടിമുഴക്കം എന്റെ ഹൃദയത്തെ വിറപ്പിക്കുന്നു. സ്വസ്ഥാനത്തുനിന്ന് അത് ഇളകിപ്പോകുന്നു. അവിടുത്തെ ഇടിനാദംപോലുള്ള ശബ്ദവും അതിന്റെ മുഴക്കവും കേൾക്കുക. മിന്നൽപ്പിണരിനോടൊപ്പം അത് ആകാശത്തിലെങ്ങും വ്യാപിക്കുന്നു. അത് ഭൂമിയുടെ എല്ലാ കോണുകളിലും എത്തുന്നു. അതിനുശേഷം അവിടുത്തെ ഗർജനശബ്ദം മുഴങ്ങുന്നു. അവിടുന്നു തന്റെ ഗംഭീരശബ്ദംകൊണ്ട് ഇടി മുഴക്കുന്നു. തന്റെ ശബ്ദം മുഴങ്ങുമ്പോഴും മിന്നലിനെ അവിടുന്നു തടഞ്ഞു നിർത്തുന്നില്ല. ദൈവം തന്റെ ഗംഭീരശബ്ദം അദ്ഭുതകരമായി മുഴക്കുന്നു. നമുക്കു ഗ്രഹിക്കാൻ കഴിയാത്ത മഹാകാര്യങ്ങൾ അവിടുന്നു ചെയ്യുന്നു. ഹിമത്തോട് ഭൂമിയുടെമേൽ പതിക്കുക എന്നും മഴയോടും പെരുമഴയോടും ഉഗ്രമായി വർഷിക്കുക എന്നും ആജ്ഞാപിക്കുന്നു. സർവമനുഷ്യരും അവിടുത്തെ പ്രവൃത്തി അറിയാൻ അവിടുന്ന് എല്ലാവരുടെയും പ്രയത്നങ്ങൾക്കു മുദ്രവയ്‍ക്കുന്നു.
ഇയ്യോബ് 37:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇതിനാൽ എന്റെ ഹൃദയം വിറച്ചു അതിന്‍റെ സ്ഥലത്തുനിന്ന് പാളിപ്പോകുന്നു. ദൈവത്തിന്‍റെ ശബ്ദത്തിന്‍റെ മുഴക്കവും അവിടുത്തെ വായിൽനിന്ന് പുറപ്പെടുന്ന ഗർജ്ജനവും ശ്രദ്ധിച്ചുകേൾക്കുവിൻ. അവിടുന്ന് അത് ആകാശത്തിൻ കീഴിൽ എല്ലായിടത്തും അതിന്‍റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു. അതിന്‍റെശേഷം ഒരു മുഴക്കം കേൾക്കുന്നു; അവിടുന്ന് തന്‍റെ മഹിമാനാദംകൊണ്ട് ഇടിമുഴക്കുന്നു; അവിടുത്തെ നാദം കേൾക്കുമ്പോൾ അതിനെ നിയന്ത്രിക്കുന്നില്ല. ദൈവം തന്‍റെ ശബ്ദം അതിശയകരമായി മുഴക്കുന്നു; നമുക്ക് ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങൾ ചെയ്യുന്നു. “അവിടുന്ന് ഹിമത്തോട്: “ഭൂമിയിൽ പെയ്യുക” എന്നു കല്പിക്കുന്നു; അവിടുന്ന് മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു. താൻ സൃഷ്ടിച്ച മനുഷ്യരെല്ലാം അവിടുത്തെ പ്രവൃത്തി അറിയുവാൻ വേണ്ടി അവിടുന്ന് സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.
ഇയ്യോബ് 37:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതിനാൽ എന്റെ ഹൃദയം വിറെച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു. അവന്റെ നാദത്തിന്റെ മുഴക്കവും അവന്റെ വായിൽനിന്നു പുറപ്പെടുന്ന ഗർജ്ജനവും ശ്രദ്ധിച്ചുകേൾപ്പിൻ. അവൻ അതു ആകാശത്തിൻ കീഴിലൊക്കെയും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു. അതിന്റെ പിന്നാലെ ഒരു മുഴക്കം കേൾക്കുന്നു; അവൻ തന്റെ മഹിമാനാദംകൊണ്ടു ഇടിമുഴക്കുന്നു; അവന്റെ നാദം കേൾക്കുമ്പോൾ അവയെ തടുക്കുന്നില്ല. ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു. അവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു. താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവൻ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.
ഇയ്യോബ് 37:1-7 സമകാലിക മലയാളവിവർത്തനം (MCV)
“ഇതിങ്കൽ എന്റെ ഹൃദയം വിറയ്ക്കുന്നു; അതു സ്വസ്ഥാനത്തു കുതിച്ചുചാടുന്നു. അവിടത്തെ ശബ്ദത്തിന്റെ ഗർജനവും അവിടത്തെ വായിൽനിന്നുള്ള മുഴക്കവും ശ്രദ്ധിക്കുക. അവിടത്തെ മിന്നൽപ്പിണരുകളെ ആകാശത്തിൻകീഴിലെല്ലാം അഴിച്ചുവിടുന്നു, അതിനെയും ഭൂമിയുടെ അറുതിയോളം അയയ്ക്കുകയും ചെയ്യുന്നു. അവയ്ക്കു പിന്നാലെ ഒരു ഗർജനശബ്ദം ഉയരുന്നു; തന്റെ മഹത്തായ നാദത്തോടെ അവിടന്ന് ഇടിമുഴക്കുന്നു; തന്റെ ശബ്ദം മുഴങ്ങുമ്പോഴും അവിടന്നു മിന്നൽപ്പിണരിനെ തടഞ്ഞുവെക്കുന്നില്ല. ദൈവത്തിന്റെ നാദം അത്ഭുതകരമായി ഇടിമുഴക്കും സൃഷ്ടിക്കുന്നു; നമുക്കു ഗ്രഹിക്കാനാകാത്ത വൻകാര്യങ്ങൾ അവിടന്നു പ്രവർത്തിക്കുന്നു. മഞ്ഞിനോട്, ‘ഭൂമിയിൽ പതിക്കുക’ എന്നും മഴയോട്, ‘അതിശക്തമായ പേമാരി പൊഴിക്കുക’ എന്നും അവിടന്നു കൽപ്പിക്കുന്നു. സകലമനുഷ്യരും അവിടത്തെ പ്രവൃത്തി ഗ്രഹിക്കേണ്ടതിന്, അവിടന്ന് ഓരോ മനുഷ്യന്റെയും പ്രവൃത്തികൾ നിർത്തിവെപ്പിക്കുന്നു.