ഇയ്യോബ് 14:1-6
ഇയ്യോബ് 14:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണനും ആകുന്നു. അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞു പോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. അവന്റെ നേരേയോ തൃക്കണ്ണു മിഴിക്കുന്നത്? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നത്? അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല. അവന്റെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ; അവനു ലംഘിച്ചുകൂടാത്ത അതിർ നീ വച്ചിരിക്കുന്നു. അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിനു നിന്റെ നോട്ടം അവങ്കൽനിന്നു മാറ്റിക്കൊള്ളേണമേ.
ഇയ്യോബ് 14:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്‍ത്രീയിൽനിന്നുണ്ടായ മനുഷ്യന്റെ ആയുസ്സ് ഹ്രസ്വവും ദുരിതപൂർണവും ആകുന്നു. അവൻ പൂവുപോലെ വിടരുന്നു; വാടിക്കൊഴിയുന്നു. ഒരു നിഴൽപോലെ കടന്നുപോകുന്നു. അങ്ങനെയുള്ളവന്റെ നേരെയോ അങ്ങു തൃക്കണ്ണു മിഴിക്കുന്നത്? അവനെയോ തിരുമുമ്പിൽ ന്യായവിസ്താരത്തിനു കൊണ്ടുവരുന്നത്? അശുദ്ധമായതിൽനിന്നു ശുദ്ധമായത് നിർമ്മിക്കാൻ ആർക്കും കഴിയുകയില്ല. മനുഷ്യന്റെ ദിനങ്ങൾ നിർണയിക്കപ്പെട്ടത്; അവന്റെ മാസങ്ങളുടെ എണ്ണവും അങ്ങയുടെ പക്കലുണ്ട്. അവിടുന്ന് അതിനു പരിധി നിർണയിച്ചിരിക്കുന്നു. അവന് അതു മറികടക്കാൻ കഴിയുകയില്ല. അതിനാൽ അവനിൽനിന്നു ദൃഷ്‍ടി പിൻവലിച്ചാലും, അവനെ വിടുക; കൂലിക്കാരനെപ്പോലെ അവൻ ആഹ്ലാദിച്ചുകൊള്ളട്ടെ.
ഇയ്യോബ് 14:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“സ്ത്രീ പ്രസവിച്ച മനുഷ്യൻ, അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. അവന്റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്? എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്? അശുദ്ധനിൽനിന്ന് ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല. അങ്ങേയുടെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം അങ്ങേയുടെ പക്കൽ; അവന് ലംഘിച്ചുകൂടാത്ത അതിര്‍ അവിടുന്ന് വച്ചിരിക്കുന്നു അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ച് തന്‍റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന് അങ്ങേയുടെ നോട്ടം അവനിൽനിന്ന് മാറ്റിക്കൊള്ളണമേ.
ഇയ്യോബ് 14:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞുപോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു? അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല. അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ; അവന്നു ലംഘിച്ചുകൂടാത്ത അതിർ നീ വെച്ചിരിക്കുന്നു അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന്നു നിന്റെ നോട്ടം അവങ്കൽനിന്നു മാറ്റിക്കൊള്ളേണമേ.
ഇയ്യോബ് 14:1-6 സമകാലിക മലയാളവിവർത്തനം (MCV)
“സ്ത്രീജാതനായ മനുഷ്യന്റെ ജീവിതകാലം നൈമിഷികവും ദുരിതപൂർണവും ആയിരിക്കും. അവർ ഒരു പുഷ്പംപോലെ പൊട്ടിവിരിയുകയും വാടിക്കൊഴിയുകയും ചെയ്യുന്നു; ക്ഷണികമായ ഒരു നിഴൽപോലെ പെട്ടെന്നു മാഞ്ഞുമറയുന്നു. അങ്ങനെയുള്ള ഒരു പ്രാണിയുടെമേലാണോ അങ്ങു ദൃഷ്ടി പതിപ്പിക്കുന്നത്? എന്നെയോ അങ്ങയുടെ സന്നിധിയിൽ ന്യായവിസ്താരത്തിലേക്കു നടത്തുന്നത്? അശുദ്ധിയിൽനിന്ന് വിശുദ്ധിയെ നിർമിക്കാൻ ആർക്കു കഴിയും? ആർക്കും സാധ്യമല്ല! ഒരു മനുഷ്യന്റെ നാളുകൾ നിർണയിക്കപ്പെട്ടിരിക്കുന്നു; അവന്റെ കാലചക്രം അങ്ങ് മാസക്കണക്കിൽ നിജപ്പെടുത്തിയിരിക്കുന്നു ലംഘിക്കാൻ നിർവാഹമില്ലാത്ത ഒരു പരിധി നിശ്ചയിച്ചുമിരിക്കുന്നു. ഒരു തൊഴിലാളിയെപ്പോലെ തന്റെ നാളുകൾ തികയ്ക്കുംവരെ അങ്ങയുടെ കണ്ണുകൾ അയാളിൽനിന്നു മാറ്റണമേ, അയാളെ വെറുതേ വിടണമേ.