ഇയ്യോബ് 1:13-22

ഇയ്യോബ് 1:13-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്തജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ദൂതൻ അവന്റെ അടുക്കൽ വന്നു: കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു; പെട്ടെന്നു ശെബായർ വന്ന് അവയെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ വേറൊരുത്തൻ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ മറ്റൊരുത്തൻ വന്നു: പെട്ടെന്നു കല്ദയർ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻമാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുത്തൻ വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നു മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലയ്ക്കും അടിച്ചു: അതു യൗവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു: നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായിത്തന്നെ മടങ്ങിപ്പോകും. യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിനു ഭോഷത്തം ആരോപിക്കയോ ചെയ്തില്ല.

പങ്ക് വെക്കു
ഇയ്യോബ് 1 വായിക്കുക

ഇയ്യോബ് 1:13-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും തങ്ങളുടെ ജ്യേഷ്ഠസഹോദരന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു. അപ്പോൾ ഒരു ദൂതൻ ഇയ്യോബിന്റെ അടുക്കൽ വന്നു പറഞ്ഞു: “ഞങ്ങൾ കാളകളെ പൂട്ടി നിലം ഉഴുകയായിരുന്നു. കഴുതകൾ സമീപത്തു മേഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ശെബായർ ചാടിവീണ് അവയെ പിടിച്ചുകൊണ്ടുപോയി; വേലക്കാരെ വാളിനിരയാക്കി. വിവരം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രം രക്ഷപെട്ടു വന്നിരിക്കുന്നു.” അയാൾ സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരുവൻ വന്നു പറഞ്ഞു: “ആകാശത്തുനിന്നു തീജ്വാല ഇറങ്ങി ആടുകളെയും ഭൃത്യരെയും ദഹിപ്പിച്ചുകളഞ്ഞു. വിവരം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രം രക്ഷപെട്ടു പോന്നു.” അയാൾ ഇതു പറഞ്ഞുകൊണ്ടിരിക്കെ മറ്റൊരാൾ വന്നു പറഞ്ഞു: “മൂന്നു സംഘം കൽദായർ വന്ന് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകുകയും ഭൃത്യന്മാരെ വാളിനിരയാക്കുകയും ചെയ്തു. വിവരം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രം രക്ഷപെട്ടു വന്നിരിക്കുന്നു.” അയാൾ പറഞ്ഞു തീരുന്നതിനു മുമ്പു വേറൊരാൾ വന്ന് അറിയിച്ചു: “അങ്ങയുടെ പുത്രീപുത്രന്മാർ ജ്യേഷ്ഠസഹോദരന്റെ ഗൃഹത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നു മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വീശി; അതു വീടിന്റെ നാലു മൂലയ്‍ക്കും ആഞ്ഞടിച്ചു. വീടു തകർന്നു വീണ് അങ്ങയുടെ മക്കളെല്ലാം മരിച്ചു. ഈ വിവരം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രമേ ശേഷിച്ചുള്ളൂ.” അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല മുണ്ഡനം ചെയ്തു നിലത്തു സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “ഞാൻ നഗ്നനായി അമ്മയുടെ ഉദരത്തിൽനിന്നു വന്നു; നഗ്നനായിത്തന്നെ മടങ്ങിപ്പോകും. സർവേശ്വരൻ തന്നു; സർവേശ്വരൻ എടുത്തു; അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ.” ഇതെല്ലാമായിട്ടും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ പഴിക്കുകയോ ചെയ്തില്ല.

പങ്ക് വെക്കു
ഇയ്യോബ് 1 വായിക്കുക

ഇയ്യോബ് 1:13-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഒരു ദിവസം ഇയ്യോബിന്‍റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്‍റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ദൂതൻ ഇയ്യോബിന്‍റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു; പെട്ടെന്ന് ശെബായർ വന്ന് അവയെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; ഈ വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു. അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ വേറൊരാൾ വന്നു; “ദൈവത്തിന്‍റെ തീ ആകാശത്തുനിന്നു വീണുകത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു. അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ മറ്റൊരുവൻ വന്നുപറഞ്ഞു: “പെട്ടെന്ന് കൽദയർ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു. അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റൊരുവൻ വന്നു; “നിന്‍റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്‍റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്ന് മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വന്ന് വീടിന്‍റെ നാലു മൂലയ്ക്കും അടിച്ചു: അത് യൗവ്വനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാനൊരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു. അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് വസ്ത്രം കീറി തല ക്ഷൗരം ചെയ്തു സാഷ്ടാംഗം വീണ് നമസ്കരിച്ചു: “നഗ്നനായി ഞാൻ എന്‍റെ അമ്മയുടെ ഗർഭത്തിൽ നിന്ന് പുറപ്പെട്ടുവന്നു, നഗ്നനായി തന്നെ മടങ്ങിപ്പോകും, യഹോവ എനിക്ക് തന്നതെല്ലാം, യഹോവ എടുത്തുമാറ്റി, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. ഇതിലൊന്നിലും ഇയ്യോബ് പാപംചെയ്യുകയോ ദൈവത്തിന് ഭോഷത്തം ആരോപിക്കുകയോ ചെയ്തില്ല.

പങ്ക് വെക്കു
ഇയ്യോബ് 1 വായിക്കുക

ഇയ്യോബ് 1:13-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ദൂതൻ അവന്റെ അടുക്കൽ വന്നു: കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു; പെട്ടെന്നു ശെബായർ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ വേറൊരുത്തൻ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ മറ്റൊരുത്തൻ വന്നു: പെട്ടെന്നു കല്ദയർ മൂന്നു കൂട്ടമായി വന്നു ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുത്തൻ വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നു മരുഭൂമിയിൽനിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചു: അതു യൗവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു: നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.

പങ്ക് വെക്കു
ഇയ്യോബ് 1 വായിക്കുക

ഇയ്യോബ് 1:13-22 സമകാലിക മലയാളവിവർത്തനം (MCV)

ഒരിക്കൽ ഇയ്യോബിന്റെ പുത്രീപുത്രന്മാർ മൂത്തസഹോദരന്റെ വീട്ടിൽ വിരുന്നുകഴിക്കുകയും വീഞ്ഞു പാനംചെയ്യുകയും ആയിരുന്നു അപ്പോൾ, ഒരു സന്ദേശവാഹകൻ ഇയ്യോബിന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “അങ്ങയുടെ കാളകൾ നിലമുഴുകയും പെൺകഴുതകൾ അവയ്ക്കു സമീപം മേഞ്ഞുകൊണ്ടിരിക്കുകയുമായിരുന്നു. ശേബായർ വന്ന് അവയെ പിടിച്ചുകൊണ്ടുപോയി, വേലക്കാരെ അവർ വാളിനിരയാക്കി. വിവരം അങ്ങയെ അറിയിക്കാൻ ഞാൻമാത്രമാണ് അവരിൽനിന്നു രക്ഷപ്പെട്ടത്!” അയാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരു സന്ദേശവാഹകൻ വന്ന് ഇപ്രകാരം പറഞ്ഞു: “ദൈവത്തിന്റെ അഗ്നി ആകാശത്തുനിന്നു വീണ് ആടുകളെയും ആട്ടിടയന്മാരെയും ദഹിപ്പിച്ചുകളഞ്ഞു. വിവരം അങ്ങയെ അറിയിക്കാൻ ഞാനൊരുവൻമാത്രം അവശേഷിച്ചു!” അയാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരു സന്ദേശവാഹകൻ വന്ന് ഇങ്ങനെ പറഞ്ഞു: “കൽദയരുടെ മൂന്നു കൊള്ളസംഘങ്ങൾ വന്ന് ഒട്ടകങ്ങളെയെല്ലാം അപഹരിച്ചു. വേലക്കാരെ അവർ വാളിനിരയാക്കി. ഇതു പറയാൻ ഞാൻമാത്രം രക്ഷപ്പെട്ടുപോന്നു!” ഇയാൾ പറഞ്ഞുകൊണ്ടിരിക്കേ വേറൊരാൾ വന്നു പറഞ്ഞു: “നിന്റെ പുത്രന്മാരും പുത്രിമാരും മൂത്തസഹോദരന്റെ വീട്ടിൽ ഭക്ഷിക്കുകയും വീഞ്ഞു പാനംചെയ്യുകയും ആയിരുന്നു. അപ്പോൾ മരുഭൂമിയിൽനിന്ന് അതിശക്തമായ ഒരു കാറ്റടിച്ച് വീടിന്റെ നാലു മൂലയും തകർത്തു. വീട് അവരുടെമേൽ നിലംപൊത്തി അവർ മരിച്ചുപോയി. വിവരമറിയിക്കാൻ ഞാൻമാത്രം രക്ഷപ്പെട്ടുപോന്നു!” അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് തന്റെ പുറങ്കുപ്പായം വലിച്ചുകീറി; തുടർന്ന് തലമുണ്ഡനം ചെയ്തു. അദ്ദേഹം സാഷ്ടാംഗം വീണു നമസ്കരിച്ച്, “എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് ഞാൻ നഗ്നനായി പുറത്തുവന്നു, നഗ്നനായിത്തന്നെ ഞാൻ മടങ്ങിപ്പോകും. യഹോവ തന്നു; യഹോവതന്നെ തിരിച്ചെടുത്തു; യഹോവയുടെ നാമം മഹത്ത്വപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.

പങ്ക് വെക്കു
ഇയ്യോബ് 1 വായിക്കുക