യോഹന്നാൻ 9:24-41

യോഹന്നാൻ 9:24-41 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിനു മഹത്ത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്ന് ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു. അതിന് അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു; ഇപ്പോൾ കണ്ണു കാണുന്നു എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: അവൻ നിനക്ക് എന്തു ചെയ്തു? നിന്റെ കണ്ണ് എങ്ങനെ തുറന്നു എന്നു ചോദിച്ചു. അതിന് അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവനെ ശകാരിച്ചു; നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ. മോശെയോടു ദൈവം സംസാരിച്ചു എന്ന് ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്ന് എന്ന് അറിയുന്നില്ല എന്നു പറഞ്ഞു. ആ മനുഷ്യൻ അവരോട്: എന്റെ കണ്ണുതുറന്നിട്ടും അവൻ എവിടെനിന്ന് എന്ന് നിങ്ങൾ അറിയാത്തത് ആശ്ചര്യം. പാപികളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്ന് അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർഥന കേൾക്കുന്നു എന്നും നാം അറിയുന്നു. കുരുടനായി പിറന്നവന്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന് ഒന്നും ചെയ്‍വാൻ കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞ് അവനെ പുറത്താക്കിക്കളഞ്ഞു. അവനെ പുറത്താക്കി എന്ന് യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: നീ അവനെ കണ്ടിട്ടുണ്ട്; നിന്നോടു സംസാരിക്കുന്നവൻ അവൻതന്നെ എന്നു പറഞ്ഞു. ഉടനെ അവൻ: കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു. കാണാത്തവർ കാൺമാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു. അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ട് ഞങ്ങളും കുരുടരോ എന്നു ചോദിച്ചു. യേശു അവരോട്: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്ന് നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നില്ക്കുന്നു എന്നു പറഞ്ഞു.

യോഹന്നാൻ 9:24-41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അന്ധനായിരുന്ന ആ മനുഷ്യനെ വീണ്ടും അവർ വിളിച്ചു: “ദൈവത്തെ പ്രകീർത്തിക്കുക. ആ മനുഷ്യൻ പാപിയാണെന്നു ഞങ്ങൾക്കറിയാം” എന്നു പറഞ്ഞു. “അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ; എന്നാൽ ഒരു കാര്യം എനിക്കറിയാം. മുമ്പു ഞാൻ അന്ധനായിരുന്നു; ഇപ്പോൾ എനിക്കു കാഴ്ചയുണ്ട്” എന്ന് അയാൾ ഉത്തരം പറഞ്ഞു. അവർ അവനോടു പിന്നെയും ചോദിച്ചു: “ആ മനുഷ്യൻ നിനക്ക് എന്തുചെയ്തു? അയാൾ നിനക്കു കാഴ്ച നല്‌കിയത് എങ്ങനെയാണ്?” അയാൾ പറഞ്ഞു: “അതു ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നതെന്ത്? നിങ്ങൾക്കും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആകണമെന്നുണ്ടോ?” അവർ അയാളെ ശകാരിച്ചുകൊണ്ട്: “നീ അവന്റെ ശിഷ്യനാണ്; ഞങ്ങൾ മോശയുടെ ശിഷ്യന്മാരാകുന്നു. ദൈവം മോശയോടു സംസാരിച്ചിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം; എന്നാൽ ഇയാൾ എവിടെനിന്നു വന്നു എന്നു ഞങ്ങൾക്കറിഞ്ഞുകൂടാ” എന്നു പറഞ്ഞു. ഉടനെ അയാൾ പറഞ്ഞു: “ഇത് ആശ്ചര്യകരം തന്നെ! അദ്ദേഹം എന്റെ കണ്ണു തുറന്നുതന്നു. എന്നിട്ടും അദ്ദേഹം എവിടെനിന്നു വരുന്നു എന്നു നിങ്ങൾക്കറിഞ്ഞുകൂടെന്നോ! പാപികളുടെ പ്രാർഥന ദൈവം കേൾക്കുകയില്ലെന്നും അവിടുത്തെ ആരാധിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവരുടെ പ്രാർഥന ശ്രദ്ധിക്കുമെന്നും നമുക്കറിയാം. ജന്മനാ കാഴ്ച ഇല്ലാത്ത ഒരുവന് ആരെങ്കിലും കാഴ്ച നല്‌കിയതായി ലോകം ഉണ്ടായതിനുശേഷം ഇന്നുവരെ കേട്ടിട്ടില്ലല്ലോ. ഇദ്ദേഹം ദൈവത്തിൽനിന്നുള്ളവനല്ലെങ്കിൽ ഇങ്ങനെയൊന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല.” “പാപത്തിൽത്തന്നെ ജനിച്ചു വളർന്ന നീയാണോ ഞങ്ങളെ പഠിപ്പിക്കുവാൻ വരുന്നത്?” എന്നു പറഞ്ഞുകൊണ്ട് അവർ അയാളെ ബഹിഷ്കരിച്ചു. യെഹൂദന്മാർ ആ മനുഷ്യനെ പുറന്തള്ളി എന്നു യേശു കേട്ടു. യേശു അയാളെ കണ്ടുപിടിച്ച് “നീ മനുഷ്യപുത്രനിൽ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു. “പ്രഭോ, ഞാൻ വിശ്വസിക്കേണ്ടതിന് അവിടുന്ന് ആരാണ് എന്നു പറഞ്ഞാലും” എന്ന് അയാൾ അപേക്ഷിച്ചു. യേശു അയാളോട് “നീ അദ്ദേഹത്തെ കണ്ടുകഴിഞ്ഞു; നിന്നോടു സംസാരിക്കുന്ന ആൾ തന്നെ” എന്ന് ഉത്തരമരുളി. അപ്പോൾ അയാൾ, “കർത്താവേ, ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ നമസ്കരിച്ചു. യേശു അരുൾചെയ്തു: “ന്യായവിധിക്കായി ഞാൻ ലോകത്തിൽ വന്നിരിക്കുന്നു; കാഴ്ചയില്ലാത്തവർക്കു കാഴ്ചയുണ്ടാകുവാനും കാഴ്ചയുള്ളവർക്കു കാഴ്ചയില്ലാതാകുവാനും തന്നെ.” ഇതുകേട്ട് അടുത്തുനിന്ന ചില പരീശന്മാർ ചോദിച്ചു: ‘’ഞങ്ങളും അന്ധന്മാരാണോ?” യേശു ഉത്തരമരുളി: “നിങ്ങൾ അന്ധന്മാരായിരുന്നെങ്കിൽ നിങ്ങൾക്കു കുറ്റമില്ലായിരുന്നെനേ. കാഴ്ചയുണ്ടെന്നു നിങ്ങൾ പറയുന്നതിനാൽ നിങ്ങളുടെ പാപം നിലനില്‌ക്കുന്നു.”

യോഹന്നാൻ 9:24-41 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു അവനോട്: “ദൈവത്തിന് മഹത്വം കൊടുക്ക; ആ മനുഷ്യൻ ഒരു പാപി എന്നു ഞങ്ങൾ അറിയുന്നു“ എന്നു പറഞ്ഞു. അതിന് അവൻ: “അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണ് കാണുന്നു“ എന്നു ഉത്തരം പറഞ്ഞു. അവർ അവനോട്: “അവൻ നിനക്കു എന്ത് ചെയ്തു? നിന്‍റെ കണ്ണ് എങ്ങനെ തുറന്നു?“ എന്നു ചോദിച്ചു. അതിന് അവൻ: “ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾക്കുവാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്‍റെ ശിഷ്യന്മാർ ആകുവാൻ ആഗ്രഹമുണ്ടോ?“ എന്നു ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവനെ ശകാരിച്ചു: “നീ അവന്‍റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ. മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; എന്നാൽ ഈ മനുഷ്യൻ എവിടെനിന്ന് എന്നു ഞങ്ങൾ അറിയുന്നില്ല“ എന്നു പറഞ്ഞു. ആ മനുഷ്യൻ അവരോട്: “എന്‍റെ കണ്ണ് തുറന്നിട്ടും അവൻ എവിടെനിന്ന് എന്നു നിങ്ങൾ അറിയാത്തത് ആശ്ചര്യമായ കാര്യമാണ്. പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്‍റെ ഇഷ്ടം ചെയ്യുന്നവന്‍റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു. കുരുടനായി പിറന്നവൻ്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. ഈ മനുഷ്യൻ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നവൻ അല്ലെങ്കിൽ അവനു ഒന്നും ചെയ്‌വാൻ കഴിയുകയില്ല“ എന്നു ഉത്തരം പറഞ്ഞു. അവർ അവനോട്: “നീ മുഴുവനും പാപത്തിൽ പിറന്നവൻ; ഇപ്പോൾ നീ ഞങ്ങളെ ഉപദേശിക്കുന്നുവോ?“ എന്നു പറഞ്ഞു അവനെ പള്ളിയിൽനിന്ന് പുറത്താക്കിക്കളഞ്ഞു. അവനെ പള്ളിയിൽനിന്ന് പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: “യജമാനനേ, അവൻ ആരാകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം“ എന്നു ഉത്തരം പറഞ്ഞു. യേശു അവനോട്: നീ അവനെ കണ്ടിരിക്കുന്നു; നിന്നോട് സംസാരിക്കുന്നവൻ തന്നെ അവൻ എന്നു പറഞ്ഞു. അപ്പോൾ അവൻ: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു“ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിയ്ക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു. അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ടു: “ഞങ്ങളും കുരുടരോ?“ എന്നു ചോദിച്ചു. യേശു അവരോട്: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് പാപം ഉണ്ടാകുമായിരുന്നില്ല; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനില്ക്കുന്നു എന്നു പറഞ്ഞു.

യോഹന്നാൻ 9:24-41 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിന്നു മഹത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്നു അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: അവൻ നിനക്കു എന്തു ചെയ്തു? നിന്റെ കണ്ണു എങ്ങനെ തുറന്നു എന്നു ചോദിച്ചു. അതിന്നു അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നതു എന്തു? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ. മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു. ആ മനുഷ്യൻ അവരോടു: എന്റെ കണ്ണു തുറന്നിട്ടും അവൻ എവിടെനിന്നു എന്നു നിങ്ങൾ അറിയാത്തതു ആശ്ചര്യം. പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു. കുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന്നു ഒന്നും ചെയ്‌വാൻ കഴികയില്ല എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു. അവനെ പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: നീ അവനെ കണ്ടിട്ടുണ്ടു; നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നേ എന്നു പറഞ്ഞു. ഉടനെ അവൻ: കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു. അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ടു: ഞങ്ങളും കുരുടരോ എന്നു ചോദിച്ചു. യേശു അവരോടു: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നില്ക്കുന്നു എന്നു പറഞ്ഞു.

യോഹന്നാൻ 9:24-41 സമകാലിക മലയാളവിവർത്തനം (MCV)

അന്ധനായിരുന്ന മനുഷ്യനെ യെഹൂദർ രണ്ടാമതും വിളിപ്പിച്ചു; “സത്യം പറഞ്ഞുകൊണ്ട് ദൈവത്തിനുമാത്രം മഹത്ത്വംകൊടുക്കുക, ഈ മനുഷ്യൻ പാപിയാണെന്ന് ഞങ്ങൾക്കറിയാം” എന്നു പറഞ്ഞു. “അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ,” അയാൾ പറഞ്ഞു. “ഒന്നെനിക്കറിയാം; ഞാൻ അന്ധനായിരുന്നു, എന്നാൽ ഇപ്പോൾ എനിക്കു കാഴ്ചയുണ്ട്.” അവർ അയാളോട്, “ഈ മനുഷ്യൻ നിനക്ക് എന്താണ് ചെയ്തത്? എങ്ങനെയാണ് അയാൾ നിന്റെ കണ്ണു തുറന്നത്?” എന്നു പിന്നെയും ചോദിച്ചു. അതിനു മറുപടിയായി അയാൾ, “ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞല്ലോ, നിങ്ങൾ ശ്രദ്ധിച്ചില്ല; എന്തിനാണ് അതുതന്നെ വീണ്ടും കേൾക്കുന്നത്? നിങ്ങൾക്കും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആകാൻ ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. അപ്പോൾ അവർ അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു, “നീയാണ് അയാളുടെ ശിഷ്യൻ! ഞങ്ങൾ മോശയുടെ ശിഷ്യന്മാർ! മോശയോടു ദൈവം സംസാരിച്ചെന്നു ഞങ്ങൾക്കറിയാം. എന്നാൽ ഇയാൾ, എവിടെനിന്നു വരുന്നു എന്നുപോലും ഞങ്ങൾക്കറിഞ്ഞുകൂടാ.” അയാൾ ഉത്തരം പറഞ്ഞു: “ഇത് അത്ഭുതമായിരിക്കുന്നു! അദ്ദേഹം എന്റെ കണ്ണുകൾ തുറന്നിട്ടുപോലും, അദ്ദേഹം എവിടെനിന്നു വന്നു എന്നു നിങ്ങൾക്കറിയാൻ കഴിയുന്നില്ല! പാപികളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്ന് നമുക്കറിയാം, എന്നാൽ അവിടത്തെ ഇഷ്ടം ചെയ്യുന്ന ഭക്തന്മാരുടെ അപേക്ഷ അവിടന്നു കേൾക്കുന്നു. ജന്മനാ അന്ധനായിരുന്ന ഒരുവന്റെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഒരിക്കലും കേട്ടിട്ടില്ല. ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ലായിരുന്നെങ്കിൽ ഇദ്ദേഹത്തിന് അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാൻ സാധിക്കുമായിരുന്നില്ല.” അതിനു മറുപടിയായി, “ജന്മനാ പാപത്തിൽ മുഴുകിയിരിക്കുന്ന നീ ഞങ്ങളെ ഉപദേശിക്കാൻ ഭാവിക്കുന്നോ?” എന്നു ചോദിച്ചുകൊണ്ട് അവർ അയാളെ യെഹൂദപ്പള്ളിയിൽനിന്ന് പുറത്താക്കി. അയാളെ പുറത്താക്കിയെന്ന് യേശു കേട്ടു. പിന്നീട് യേശു അയാളെ കണ്ടപ്പോൾ ചോദിച്ചു, “നീ മനുഷ്യപുത്രനിൽ വിശ്വസിക്കുന്നുണ്ടോ?” “അദ്ദേഹം ആരാണു, പ്രഭോ?” അയാൾ ചോദിച്ചു. “എനിക്കു പറഞ്ഞുതന്നാൽ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കാം.” യേശു അവനോട്, “നീ അദ്ദേഹത്തെ കണ്ടിരിക്കുന്നു; ഇപ്പോൾ നിന്നോടു സംസാരിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹംതന്നെയാണ്” എന്നു പറഞ്ഞു. “കർത്താവേ, ഞാൻ വിശ്വസിക്കുന്നു,” എന്നു പറഞ്ഞ് ആ മനുഷ്യൻ യേശുവിനെ നമസ്കരിച്ചു. യേശു പറഞ്ഞു: “ന്യായവിധിക്കായി ഞാൻ ഈ ലോകത്തിലേക്കു വന്നിരിക്കുന്നു; അന്ധർക്കു കാഴ്ച ലഭിക്കേണ്ടതിനും കാഴ്ചയുള്ളവർ അന്ധരായിത്തീരേണ്ടതിനുംതന്നെ.” സമീപത്തുനിന്നിരുന്ന ചില പരീശന്മാർ ഇതു കേട്ടിട്ട്, “എന്ത്, ഞങ്ങളും അന്ധരാണോ?” എന്നു ചോദിച്ചു. യേശു പറഞ്ഞു: “നിങ്ങൾ അന്ധരായിരുന്നെങ്കിൽ നിങ്ങൾക്ക് പാപം ഇല്ലാതിരിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ കാഴ്ചയുണ്ടെന്നു സ്വയം പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നിലനിൽക്കുന്നു.”