യോഹന്നാൻ 9:1-23

യോഹന്നാൻ 9:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായൊരു മനുഷ്യനെ കണ്ടു. അവന്റെ ശിഷ്യന്മാർ അവനോട്: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ, ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. അതിന് യേശു: അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിനത്രേ. എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി, ചേറ് അവന്റെ കണ്ണിന്മേൽ പൂശി നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക എന്ന് അവനോടു പറഞ്ഞു; ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർഥം. അവൻ പോയി കഴുകി; കണ്ണു കാണുന്നവനായി മടങ്ങിവന്നു. അയൽക്കാരും അവനെ മുമ്പേ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്ന് പറഞ്ഞു. അവൻതന്നെ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്ന് മറ്റു ചിലരും പറഞ്ഞു; ഞാൻതന്നെ എന്ന് അവൻ പറഞ്ഞു. അവർ അവനോട്: നിന്റെ കണ്ണുതുറന്നത് എങ്ങനെ എന്നു ചോദിച്ചതിന് അവൻ: യേശു എന്നുപേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്ന് എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി, കാഴ്ച പ്രാപിച്ചു എന്ന് ഉത്തരം പറഞ്ഞു. അവൻ എവിടെ എന്ന് അവർ അവനോട് ചോദിച്ചതിന്: ഞാൻ അറിയുന്നില്ല എന്ന് അവൻ പറഞ്ഞു. കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അവന്റെ കണ്ണുതുറന്നത് ശബ്ബത്തുനാളിൽ ആയിരുന്നു. അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്ന് പരീശന്മാരും അവനോടു ചോദിച്ചു. അവൻ അവരോട്: അവൻ എന്റെ കണ്ണിന്മേൽ ചേറു തേച്ചു ഞാൻ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‍വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി. അവർ പിന്നെയും കുരുടനോട്: നിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചതിന്: അവൻ ഒരു പ്രവാചകൻ എന്ന് അവൻ പറഞ്ഞു. കാഴ്ച പ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല. കുരുടനായി ജനിച്ചു എന്ന് നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന് ഇപ്പോൾ കണ്ണു കാണുന്നത് എങ്ങനെ എന്ന് അവർ അവരോടു ചോദിച്ചു. അവന്റെ അമ്മയപ്പന്മാർ: ഇവൻ ഞങ്ങളുടെ മകൻ എന്നും, കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾ അറിയുന്നു. എന്നാൽ കണ്ണു കാണുന്നത് എങ്ങനെ എന്ന് അറിയുന്നില്ല; അവന്റെ കണ്ണ് ആർ തുറന്നു എന്നും അറിയുന്നില്ല; അവനോട് ചോദിപ്പിൻ; അവന് പ്രായം ഉണ്ടല്ലോ; അവൻതന്നെ പറയും എന്ന് ഉത്തരം പറഞ്ഞു. യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞത്; അവനെ ക്രിസ്തു എന്ന് ഏറ്റുപറയുന്നവൻ പള്ളിഭ്രഷ്ടനാകേണം എന്ന് യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു. അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ: അവന് പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിൻ എന്നു പറഞ്ഞത്.

യോഹന്നാൻ 9:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “ഗുരോ, ആരു പാപം ചെയ്തിട്ടാണ് ഈ മനുഷ്യൻ അന്ധനായി ജനിച്ചത്, ഇയാളോ, ഇയാളുടെ മാതാപിതാക്കളോ?” യേശു പറഞ്ഞു: “ഈ മനുഷ്യനോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തതുകൊണ്ടല്ല ഇയാൾ അന്ധനായി ജനിച്ചത്; പിന്നെയോ, ദൈവത്തിന്റെ പ്രവൃത്തികൾ ഇയാളിൽ പ്രത്യക്ഷമാകേണ്ടതിനാണ്. പകലുള്ളിടത്തോളം എന്നെ അയച്ചവന്റെ പ്രവൃത്തികൾ നാം ചെയ്യേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിലായിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശമാകുന്നു.” ഇങ്ങനെ പറഞ്ഞശേഷം അവിടുന്നു നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണിന്മേൽ പൂശിയശേഷം, “നീ ശീലോഹാം കുളത്തിൽ ചെന്നു കഴുകുക” എന്നു പറഞ്ഞു. ‘ശീലോഹാം’ എന്ന വാക്കിന് ‘അയയ്‍ക്കപ്പെട്ടവൻ’ എന്നാണർഥം. അങ്ങനെ അവൻ പോയി കഴുകി കാഴ്ചപ്രാപിച്ചു തിരിച്ചുവന്നു. അയാളുടെ അയൽക്കാരും മുമ്പു ഭിക്ഷ യാചിക്കുന്നവനായി അയാളെ കണ്ടവരും, “ഇവനല്ലേ അവിടെയിരുന്നു ഭിക്ഷ യാചിച്ചിരുന്നത്?” എന്നു ചോദിച്ചു. “ഇവൻതന്നേ” എന്നു ചിലർ പറഞ്ഞു. “അല്ല, ഇവൻ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളൂ” എന്നു മറ്റു ചിലരും പറഞ്ഞു. അപ്പോൾ ആ മനുഷ്യൻ, “അതു ഞാൻ തന്നെ” എന്നു പറഞ്ഞു. “എങ്ങനെയാണു നിനക്കു കാഴ്ച ലഭിച്ചത്?” എന്ന് അവർ ചോദിച്ചു. അയാൾ പറഞ്ഞു: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി; ശീലോഹാം കുളത്തിൽ പോയി കഴുകുക എന്നു പറഞ്ഞു. ഞാൻ പോയി കഴുകി; കാഴ്ച പ്രാപിക്കുകയും ചെയ്തു.” “അയാൾ എവിടെ?” എന്ന് അവർ ചോദിച്ചു. “എനിക്കറിഞ്ഞുകൂടാ” എന്ന് അയാൾ മറുപടി നല്‌കി. അന്ധനായിരുന്ന ആ മനുഷ്യനെ അവർ പരീശന്മാരുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അയാൾക്കു കാഴ്ച നല്‌കിയത് ഒരു ശബത്തു ദിവസമായിരുന്നു. പരീശന്മാരും ആ മനുഷ്യനോടു ചോദിച്ചു; “എങ്ങനെയാണ് നിനക്കു കാഴ്ച കിട്ടിയത്?” “അദ്ദേഹം എന്റെ കണ്ണിൽ ചേറു പൂശി; ഞാൻ അതു കഴുകിക്കളഞ്ഞു; എനിക്കിപ്പോൾ കാഴ്ചയുണ്ട്” എന്ന് അയാൾ പറഞ്ഞു. അപ്പോൾ പരീശന്മാരിൽ ചിലർ, “ആ മനുഷ്യൻ ദൈവത്തിൽ നിന്നുള്ളവനല്ല, അയാൾ ശബത്ത് ആചരിക്കുന്നില്ലല്ലോ” എന്നു പറഞ്ഞു. എന്നാൽ മറ്റു ചിലർ “പാപിയായ ഒരു മനുഷ്യന് ഇങ്ങനെയുള്ള അടയാളപ്രവൃത്തികൾ ചെയ്യുവാൻ എങ്ങനെ കഴിയും?” എന്നു ചോദിച്ചു. ഇങ്ങനെ അവരുടെ ഇടയിൽത്തന്നെ ഭിന്നാഭിപ്രായമുണ്ടായി. കാഴ്ച ലഭിച്ച ആ മനുഷ്യനോട് പരീശന്മാർ വീണ്ടും ചോദിച്ചു: “അയാളെക്കുറിച്ച് നീ എന്തു പറയുന്നു? അയാൾ നിനക്കു കാഴ്ച നല്‌കിയല്ലോ.” “അദ്ദേഹം ഒരു പ്രവാചകനാണ്” എന്ന് അയാൾ പറഞ്ഞു. അയാൾ അന്ധനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും മാതാപിതാക്കളിൽനിന്ന് അറിയുന്നതുവരെ യെഹൂദപ്രമുഖന്മാർ വിശ്വസിച്ചില്ല. അവർ ചോദിച്ചു: “പിറവിയിലേ അന്ധനായിരുന്നു എന്നു നിങ്ങൾ പറയുന്ന മകൻ ഇവൻ തന്നെയാണോ? എങ്കിൽ ഇപ്പോൾ അവനു കാഴ്ച ലഭിച്ചതെങ്ങനെ?” മാതാപിതാക്കൾ അതിനു മറുപടിയായി “ഇവൻ ഞങ്ങളുടെ മകനാണെന്നും പിറവിയിലേ ഇവൻ അന്ധനായിരുന്നുവെന്നും ഞങ്ങൾക്കറിയാം. എന്നാൽ ഇവന് ഇപ്പോൾ എങ്ങനെ കാഴ്ചയുണ്ടായെന്നോ, ആരാണ് ഇവനു കാഴ്ച നല്‌കിയതെന്നോ ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അവനോടുതന്നെ ചോദിക്കുക; അവനു പ്രായമുണ്ടല്ലോ; അവൻതന്നെ പറയട്ടെ” എന്നു പറഞ്ഞു. യെഹൂദന്മാരെ ഭയന്നാണ് അവർ ഇങ്ങനെ പറഞ്ഞത്. എന്തെന്നാൽ യേശുവിനെ ആരെങ്കിലും ക്രിസ്തുവായി അംഗീകരിച്ചാൽ സുനഗോഗിൽനിന്ന് അയാളെ ബഹിഷ്കരിക്കണമെന്ന് യെഹൂദപ്രമുഖന്മാർ നേരത്തേ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് “അവനു പ്രായമുണ്ടല്ലോ; അവനോടു തന്നെ ചോദിക്കുക” എന്ന് അവർ പറഞ്ഞത്.

യോഹന്നാൻ 9:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശു കടന്നുപോകുമ്പോൾ ജന്മനാ കുരുടനായൊരു മനുഷ്യനെ കണ്ടു. അവന്‍റെ ശിഷ്യന്മാർ അവനോട്: “റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ ഇവന്‍റെ മാതാപിതാക്കളോ?“ എന്നു ചോദിച്ചു. അതിന് യേശു: അവനോ അവന്‍റെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവനിൽ വെളിപ്പെടേണ്ടതിനത്രേ. എന്നെ അയച്ചവൻ്റെ പ്രവൃത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്‍റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ട് ചേറുണ്ടാക്കി ചേറ് അവന്‍റെ കണ്ണിന്മേൽ തേച്ചു: നീ ചെന്നു ശിലോഹാം കുളത്തിൽ കഴുകുക എന്നു അവനോട് പറഞ്ഞു. ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണ് കാണുന്നവനായി മടങ്ങിവന്നു. അവന്‍റെ അയൽക്കാരും അവനെ മുമ്പെ യാചകനായി കണ്ടവരും: “ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ?“ എന്നു പറഞ്ഞു. “അവൻ തന്നെ“ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; എന്നാൽ “അത് ഞാൻ തന്നെ“ എന്നു അവൻ പറഞ്ഞു. അവർ അവനോട്: “നിന്‍റെ കണ്ണ് തുറന്നത് എങ്ങനെ?“ എന്നു ചോദിച്ചു. അതിന് അവൻ: “യേശു എന്നു പേരുള്ള ഒരു മനുഷ്യൻ ചേറുണ്ടാക്കി എന്‍റെ കണ്ണിന്മേൽ തേച്ച്: ശിലോഹാം കുളത്തിൽ പോയി കഴുകുക എന്നു എന്നോട് പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു“ എന്നു ഉത്തരം പറഞ്ഞു. “അവൻ എവിടെ?“ എന്നു അവർ അവനോട് ചോദിച്ചതിന്: “എനിക്കറിയില്ല“ എന്നു അവൻ പറഞ്ഞു. കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അവന്‍റെ കണ്ണ് തുറന്നത് ശബ്ബത്ത് നാളിൽ ആയിരുന്നു. അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്നു പരീശന്മാരും അവനോട് ചോദിച്ചു. അവൻ അവരോട്: “അവൻ എന്‍റെ കണ്ണിന്മേൽ ചേറ് തേച്ച് ഞാൻ കഴുകി; ഇപ്പോൾ എനിക്ക് കാണ്മാൻ കഴിയുന്നു“ എന്നു പറഞ്ഞു. പരീശന്മാരിൽ ചിലർ: “ഈ മനുഷ്യൻ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നവനല്ല; എന്തുകൊണ്ടെന്നാൽ അവൻ ശബ്ബത്ത് പ്രമാണിക്കുന്നില്ല“ എന്നു പറഞ്ഞു. മറ്റുചിലർ: “പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‌വാൻ എങ്ങനെ കഴിയും“ എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി. അവർ പിന്നെയും കുരുടനോട്: “നിന്‍റെ കണ്ണ് തുറന്നതുകൊണ്ട് നീ അവനെക്കുറിച്ച് എന്ത് പറയുന്നു?“ എന്നു ചോദിച്ചു. അതിന്: “അവൻ ഒരു പ്രവാചകൻ ആകുന്നു“ എന്നു അവൻ പറഞ്ഞു. കാഴ്ച പ്രാപിച്ചവൻ്റെ മാതാപിതാക്കളെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല. “കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവനു ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ?“ എന്നു അവർ അവരോട് ചോദിച്ചു. അതിന് അവന്‍റെ മാതാപിതാക്കൾ: “ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾക്കു അറിയാം. എന്നാൽ അവനു ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നും അവന്‍റെ കണ്ണ് ആർ തുറന്നു എന്നും ഞങ്ങൾ അറിയുന്നില്ല; അവനോട് ചോദിപ്പിൻ; അവനു പ്രായം ഉണ്ടല്ലോ; അവൻ തന്നെ പറയും“ എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്‍റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്; യേശുവിനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവരെ പള്ളിയിൽനിന്ന് പുറത്താക്കേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു അതുകൊണ്ടാണ് അവന്‍റെ മാതാപിതാക്കൾ അവനു പ്രായം ഉണ്ടല്ലോ; അവനോട് ചോദിപ്പിൻ എന്നു പറഞ്ഞത്.

യോഹന്നാൻ 9:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ കടന്നുപോകുമ്പോൾ പിറവിയിലേ കുരുടനായോരു മനുഷ്യനെ കണ്ടു. അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. അതിന്നു യേശു: അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ. എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേൽ പൂശി: നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു. അയല്ക്കാരും അവനെ മുമ്പെ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്നു പറഞ്ഞു. അവൻ തന്നേ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു. അവർ അവനോടു: നിന്റെ കണ്ണു തുറന്നതു എങ്ങനെ എന്നു ചോദിച്ചതിന്നു അവൻ: യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു. അവൻ എവിടെ എന്നു അവർ അവനോടു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല എന്നു അവൻ പറഞ്ഞു. കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അവന്റെ കണ്ണു തുറന്നതു ശബ്ബത്ത് നാളിൽ ആയിരുന്നു. അവൻ കാഴ്ച പ്രാപിച്ചതു എങ്ങനെ എന്നു പരീശന്മാരും അവനോടു ചോദിച്ചു. അവൻ അവരോടു: അവൻ എന്റെ കണ്ണിന്മേൽ ചേറു തേച്ചു ഞാൻ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‌വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി. അവർ പിന്നെയും കുരുടനോടു: നിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചതിന്നു: അവൻ ഒരു പ്രവാചകൻ എന്നു അവൻ പറഞ്ഞു. കാഴ്ച പ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല. കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നേയോ? എന്നാൽ അവന്നു ഇപ്പോൾ കണ്ണു കാണുന്നതു എങ്ങനെ എന്നു അവർ അവരോടു ചോദിച്ചു. അവന്റെ അമ്മയപ്പന്മാർ: ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾ അറിയുന്നു. എന്നാൽ കണ്ണു കാണുന്നതു എങ്ങനെ എന്നു അറിയുന്നില്ല; അവന്റെ കണ്ണു ആർ തുറന്നു എന്നും അറിയുന്നില്ല; അവനോടു ചോദിപ്പിൻ; അവന്നു പ്രായം ഉണ്ടല്ലോ; അവൻ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവൻ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ: അവന്നു പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിൻ എന്നു പറഞ്ഞതു.

യോഹന്നാൻ 9:1-23 സമകാലിക മലയാളവിവർത്തനം (MCV)

യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. ശിഷ്യന്മാർ ചോദിച്ചു: “റബ്ബീ, ആർ പാപംചെയ്തിട്ടാണ് ഇവൻ അന്ധനായി ജനിച്ചത്? ഇവനോ ഇവന്റെ മാതാപിതാക്കളോ?” മറുപടിയായി യേശു പറഞ്ഞു. “ഇവനോ ഇവന്റെ മാതാപിതാക്കളോ പാപംചെയ്തിട്ടല്ല; ഇവനിലൂടെ ദൈവത്തിന്റെ പ്രവൃത്തി പ്രത്യക്ഷമാകാനാണ്. പകൽ ആയിരിക്കുന്നിടത്തോളം എന്നെ അയച്ചവന്റെ പ്രവർത്തനങ്ങൾ നാം തുടരേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കാൻ കഴിയാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശം ആകുന്നു.” ഇങ്ങനെ പറഞ്ഞശേഷം യേശു നിലത്തു തുപ്പി, ഉമിനീരുകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണുകളിൽ പുരട്ടി. “നീ ചെന്നു ശീലോഹാം കുളത്തിൽ കഴുകുക,” എന്ന് അവനോടു പറഞ്ഞു. (ശീലോഹാം എന്ന വാക്കിന് അയയ്ക്കപ്പെട്ടവൻ എന്നർഥം.) അങ്ങനെ ആ മനുഷ്യൻ പോയി, കണ്ണു കഴുകി, കാഴ്ചയുള്ളവനായി മടങ്ങിയെത്തി. അയാളുടെ അയൽക്കാരും അയാൾ ഭിക്ഷ യാചിക്കുന്നതു കണ്ടിട്ടുള്ളവരും ചോദിച്ചു. “ഇയാൾതന്നെയല്ലേ അവിടെ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നത്?” “അയാൾതന്നെ,” എന്നു ചിലർ പറഞ്ഞു. “അല്ല, അവനെപ്പോലെയുള്ള ഒരാൾ.” എന്നു മറ്റുചിലർ വിളിച്ചുപറഞ്ഞു. “ഞാൻതന്നെയാണ് ആ മനുഷ്യൻ,” അയാൾ തറപ്പിച്ചുപറഞ്ഞു. “എങ്ങനെയാണ് നിന്റെ കണ്ണുകൾ തുറന്നത്?” ജനം അയാളോടു ചോദിച്ചു. അയാൾ ഉത്തരം പറഞ്ഞു: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണുകളിൽ പുരട്ടി, എന്നോട് ശീലോഹാം കുളത്തിൽ ചെന്നു കഴുകാൻ പറഞ്ഞു. ഞാൻ പോയി കഴുകി; അങ്ങനെയാണ് എനിക്ക് കാഴ്ച ലഭിച്ചത്.” “ആ മനുഷ്യൻ എവിടെ?” അവർ ചോദിച്ചു. “എനിക്ക് അറിഞ്ഞുകൂടാ,” അയാൾ മറുപടി പറഞ്ഞു. അന്ധനായിരുന്ന മനുഷ്യനെ അവർ പരീശന്മാരുടെ അടുത്തു കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അയാളുടെ കണ്ണുകൾ തുറന്നത് ഒരു ശബ്ബത്തുദിവസത്തിലായിരുന്നു. അതുകൊണ്ട് പരീശന്മാരും അയാൾക്കു കാഴ്ച ലഭിച്ചത് എങ്ങനെയെന്ന് ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “യേശു എന്റെ കണ്ണുകളിൽ ചേറു പുരട്ടി, ഞാൻ പോയി കഴുകി; ഇപ്പോൾ ഞാൻ കാണുന്നു.” പരീശന്മാരിൽ ചിലർ, “ശബ്ബത്ത് ആചരിക്കാത്ത ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ല” എന്നു പറഞ്ഞു. മറ്റുചിലർ ചോദിച്ചു: “പാപിയായ ഒരാൾക്ക് ഇങ്ങനെയുള്ള ചിഹ്നങ്ങൾ ചെയ്യാൻ കഴിയുമോ?” അവരുടെതന്നെ ഇടയിൽ ഇങ്ങനെ ഒരു ഭിന്നതയുണ്ടായി. അന്ധനായിരുന്നവനോട് അവർ വീണ്ടും ചോദിച്ചു: “നിനക്ക് അയാളെക്കുറിച്ച് എന്താണു പറയാനുള്ളത്? അയാളാണല്ലോ നിന്റെ കണ്ണുകൾ തുറന്നത്!” “അദ്ദേഹം ഒരു പ്രവാചകനാണ്,” ആ മനുഷ്യൻ മറുപടി പറഞ്ഞു. അയാളുടെ മാതാപിതാക്കളെ വരുത്തി അവരോടു ചോദിക്കുന്നതുവരെയും, അന്ധനായിരുന്നിട്ട് കാഴ്ച ലഭിച്ചത് ഈ മനുഷ്യനുതന്നെയെന്ന് യെഹൂദന്മാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവരോട്, “ഇതു നിങ്ങളുടെ മകൻതന്നെയാണോ? ഇവൻ ജന്മനാ അന്ധനായിരുന്നോ? ഇപ്പോൾ എങ്ങനെയാണ് ഇവന് കാഴ്ച ലഭിച്ചത്?” എന്ന് അവർ ചോദിച്ചു. അവന്റെ മാതാപിതാക്കൾ മറുപടി പറഞ്ഞു: “ഇവൻ ഞങ്ങളുടെ മകനാണ്, ഇവൻ ജനിച്ചതേ അന്ധനായിട്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവനു കാഴ്ച ലഭിച്ചത് എങ്ങനെയെന്നോ, ഇവന്റെ കണ്ണുകൾ തുറന്നത് ആരെന്നോ ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അവനോടു ചോദിക്കുക. അവനു പ്രായമുണ്ടല്ലോ; അവൻതന്നെ പറയട്ടെ.” യെഹൂദനേതാക്കന്മാരെ ഭയന്നിട്ടാണ് മാതാപിതാക്കൾ ഇങ്ങനെ മറുപടി പറഞ്ഞത്; യേശുവിനെ ക്രിസ്തുവായി ആരെങ്കിലും അംഗീകരിച്ചാൽ അയാൾക്ക് പള്ളിയിൽനിന്ന് ഭ്രഷ്ട് കൽപ്പിക്കണമെന്ന് യെഹൂദർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ്, “അവനു പ്രായമുണ്ടല്ലോ, അവനോടുതന്നെ ചോദിക്കുക” എന്ന് അവന്റെ മാതാപിതാക്കൾ പറഞ്ഞത്.