യോഹന്നാൻ 8:39-47

യോഹന്നാൻ 8:39-47 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ അവനോട്: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ് എന്ന് ഉത്തരം പറഞ്ഞതിനു യേശു അവരോട്: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോട്: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്ക് ഒരു പിതാവേയുള്ളൂ; ദൈവംതന്നെ എന്നു പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായിവന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു. എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ. നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്തത്തിൽനിന്ന് എടുത്തു പറയുന്നു. അവൻ ഭോഷ്ക് പറയുന്നവനും, അതിന്റെ അപ്പനും ആകുന്നു. ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.

യോഹന്നാൻ 8:39-47 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ യേശുവിനോടു പറഞ്ഞു: “അബ്രഹാമാണു ഞങ്ങളുടെ പിതാവ്.” യേശു പറഞ്ഞു: “നിങ്ങൾ അബ്രഹാമിന്റെ മക്കളായിരുന്നെങ്കിൽ അബ്രഹാമിന്റെ പ്രവൃത്തികൾ നിങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തിൽനിന്നു കേട്ട സത്യം നിങ്ങളെ അറിയിക്കുക മാത്രം ചെയ്ത എന്നെ നിങ്ങൾ കൊല്ലുവാൻ ഭാവിക്കുന്നു. അബ്രഹാം അങ്ങനെയൊന്നും ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളത്രേ നിങ്ങൾ ചെയ്യുന്നത്.” “ഞങ്ങൾ ജാരസന്തതികളല്ല; ഞങ്ങൾക്ക് ഒരു പിതാവേയുള്ളൂ; ദൈവം മാത്രം” എന്ന് അതിന് അവർ മറുപടി പറഞ്ഞു. യേശു അവരോടു പറഞ്ഞു: “ദൈവം യഥാർഥത്തിൽ നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു. എന്തെന്നാൽ ഞാൻ ദൈവത്തിൽനിന്നു വന്നിരിക്കുന്നു. ഞാൻ സ്വമേധയാ വന്നതല്ല, എന്നെ ദൈവം അയച്ചതാണ്. ഞാൻ പറയുന്നത് നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ട്? എന്റെ വചനം ഗ്രഹിക്കുവാൻ നിങ്ങൾക്കു കഴിയാത്തതുകൊണ്ടു തന്നെ. പിശാച് ആണ് നിങ്ങളുടെ പിതാവ്. നിങ്ങളുടെ പിതാവിന്റെ ദുർമോഹം നിറവേറ്റുവാൻ നിങ്ങൾ ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകി ആയിരുന്നു. അവൻ ഒരിക്കലും സത്യത്തിന്റെ പക്ഷത്തു നിന്നിട്ടില്ല. എന്തെന്നാൽ അവനിൽ സത്യമില്ല. അവൻ അസത്യം പറയുമ്പോൾ അവന്റെ സ്വഭാവമാണു പ്രകടമാകുന്നത്. അവൻ അസത്യവാദിയും അസത്യത്തിന്റെ പിതാവുമാകുന്നു. എന്നാൽ ഞാൻ സത്യം പറയുന്നതുകൊണ്ട് നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. ഞാൻ പാപിയാണെന്ന് എന്നെ ബോധ്യപ്പെടുത്തുവാൻ നിങ്ങളിൽ ആർക്കു കഴിയും? ഞാൻ പറയുന്നതു സത്യം ആണെങ്കിൽ നിങ്ങൾ എന്തുകൊണ്ട് എന്നെ വിശ്വസിക്കുന്നില്ല? ദൈവത്തിൽ നിന്നുള്ളവൻ ദൈവത്തിന്റെ വാക്കുകൾ ശ്രവിക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവരല്ലാത്തതുകൊണ്ടാണ് അവിടുത്തെ വചനങ്ങൾ ശ്രവിക്കാത്തത്.”

യോഹന്നാൻ 8:39-47 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവർ അവനോട്: “അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ്“ എന്നു ഉത്തരം പറഞ്ഞു. അതിന് യേശു അവരോട്: നിങ്ങൾ അബ്രാഹാമിന്‍റെ മക്കൾ എങ്കിൽ അബ്രാഹാമിന്‍റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്‍റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോട്: “ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നെ“ എന്നു പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു. എന്‍റെ വാക്കുകൾ നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്‍റെ വചനം കേൾക്കുവാൻ നിങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടത്രേ. നിങ്ങൾ പിശാചെന്ന പിതാവിന്‍റെ മക്കൾ; നിങ്ങളുടെ പിതാവിന്‍റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്ത സ്വഭാവത്തിൽനിന്ന് എടുത്തു പറയുന്നു; എന്തുകൊണ്ടെന്നാൽ അവൻ ഭോഷ്ക് പറയുന്നവനും അതിന്‍റെ അപ്പനും ആകുന്നു. ഞാനോ സത്യം സംസാരിക്കുന്നു എന്നിട്ടും നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ച് ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? ദൈവത്തിൽനിന്നുള്ളവർ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരല്ലായ്കകൊണ്ട് അവ കേൾക്കുന്നില്ല.

യോഹന്നാൻ 8:39-47 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോടു: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞതു: ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു. എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ. നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു? ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.

യോഹന്നാൻ 8:39-47 സമകാലിക മലയാളവിവർത്തനം (MCV)

“അബ്രാഹാമാണ് ഞങ്ങളുടെ പിതാവ്,” അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: “നിങ്ങൾ അബ്രാഹാമിന്റെ മക്കളായിരുന്നെങ്കിൽ, അബ്രാഹാം ചെയ്ത കാര്യങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ, ദൈവത്തിൽനിന്ന് കേട്ട സത്യം നിങ്ങളെ അറിയിച്ച മനുഷ്യനായ എന്നെ വധിക്കാൻ നിങ്ങൾ ഭാവിക്കുന്നു. അബ്രാഹാം അത്തരം കാര്യങ്ങൾ ചെയ്തില്ലല്ലോ! നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾതന്നെ നിങ്ങളും ചെയ്യുന്നു.” “ഞങ്ങൾ ജാരസന്തതികളല്ല,” അവർ പ്രതിഷേധിച്ചു. “ഞങ്ങൾക്കൊരു പിതാവേയുള്ളൂ; ദൈവംതന്നെ.” യേശു അവരോടു പറഞ്ഞത്: “ദൈവം നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു, ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു. ഞാൻ സ്വയമേവ വന്നതല്ല; അവിടന്ന് എന്നെ അയച്ചതാണ്. എന്റെ വാക്കുകൾ നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്? ഞാൻ പറയുന്നതു ഗ്രഹിക്കാൻ നിങ്ങൾക്കു കഴിവില്ലാത്തതുകൊണ്ടാണ്. നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കളാണ്. അവന്റെ ഇഷ്ടം നിറവേറ്റാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അവൻ ആരംഭംമുതലേ കൊലപാതകിയായിരുന്നു. അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്തു നിൽക്കുന്നില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കുന്നു. അവൻ വ്യാജം പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. ഞാൻ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. എന്നിൽ പാപമുണ്ടെന്നു തെളിയിക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? ഞാൻ സത്യമാണു പറയുന്നതെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? ദൈവത്തിൽനിന്നുള്ളവർ ദൈവത്തിന്റെ വാക്കു കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ അല്ലാത്തതുകൊണ്ടാണ് അവിടത്തെ വാക്കു കേൾക്കാത്തത്.”