യോഹന്നാൻ 8:1-27

യോഹന്നാൻ 8:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശുവോ ഒലിവ്മലയിലേക്കു പോയി. അതികാലത്ത് അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനമൊക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്ന് അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്ന് നടുവിൽ നിറുത്തി അവനോട്: ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമത്തിൽ തന്നെ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്ന് മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചു. ഇത് അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന് അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവർ അവനോട് ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമത് കല്ല് എറിയട്ടെ എന്ന് അവരോട് പറഞ്ഞു. പിന്നെയും കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവർ അതു കേട്ടിട്ടു, മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവിർന്ന് അവളോട്: സ്ത്രീയേ, അവർ എവിടെ? നിനക്ക് ആരും ശിക്ഷവിധിച്ചില്ലയോ? എന്ന് ചോദിച്ചതിന്: ഇല്ല കർത്താവേ, എന്ന് അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് എന്ന് യേശു പറഞ്ഞു.] യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു. പരീശന്മാർ അവനോട്: നീ നിന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യം അല്ല എന്നു പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല. നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്ന് നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ. ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു. അവർ അവനോട്: നിന്റെ പിതാവ് എവിടെ എന്നു ചോദിച്ചതിനു യേശു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തുവച്ച് ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ട് ആരും അവനെ പിടിച്ചില്ല. അവൻ പിന്നെയും അവരോട്: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു പറഞ്ഞു. ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്ന് അവൻ പറഞ്ഞതുകൊണ്ട് പക്ഷേ തന്നെത്താൻ കൊല്ലുമോ എന്ന് യെഹൂദന്മാർ പറഞ്ഞു. അവൻ അവരോട്: നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ, നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ; ഞാൻ ഈ ലോകത്തിൽനിന്നുള്ളവനല്ല. ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്ന് വിശ്വസിക്കാഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു. അവർ അവനോട്: നീ ആർ ആകുന്നു എന്ന് ചോദിച്ചതിനു യേശു: ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നെ. നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്ക് ഉണ്ട്; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നെ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു. പിതാവിനെക്കുറിച്ച് ആകുന്നു അവൻ തങ്ങളോടു പറഞ്ഞത് എന്ന് അവർ ഗ്രഹിച്ചില്ല.

യോഹന്നാൻ 8:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു ഒലിവുമലയിലേക്കു പോയി. അടുത്ത ദിവസം രാവിലെ അവിടുന്നു വീണ്ടും ദേവാലയത്തിലെത്തി. ജനമെല്ലാം അവിടുത്തെ അടുക്കൽ വന്നുകൂടി. യേശു അവിടെയിരുന്ന് അവരെ പഠിപ്പിച്ചുതുടങ്ങി. വ്യഭിചാരക്കുറ്റത്തിൽ പിടിക്കപ്പെട്ട ഒരു സ്‍ത്രീയെ മതപണ്ഡിതന്മാരും പരീശന്മാരുംകൂടി കൊണ്ടുവന്ന് അവരുടെ മധ്യത്തിൽ നിറുത്തി. അവർ യേശുവിനോടു പറഞ്ഞു: “ഗുരോ, വ്യഭിചാരകർമത്തിൽ ഏർപ്പെട്ടിരിക്കെത്തന്നെ പിടിക്കപ്പെട്ടവളാണ് ഈ സ്‍ത്രീ. ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് മോശയുടെ നിയമസംഹിത അനുശാസിച്ചിട്ടുള്ളത്. അങ്ങ് എന്തു പറയുന്നു?” യേശുവിന്റെ പേരിൽ കുറ്റം ആരോപിക്കുന്നതിനുവേണ്ടി അവിടുത്തെ പരീക്ഷിക്കുന്നതിനാണ് അവർ ഇങ്ങനെ ചോദിച്ചത്. യേശുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു. എന്നാൽ അവർ ഈ ചോദ്യം ആവർത്തിച്ചതുകൊണ്ട് യേശു നിവർന്ന് “നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ” എന്ന് അവരോടു പറഞ്ഞു. പിന്നെയും യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. ഇതു കേട്ടപ്പോൾ പ്രായം കൂടിയവർ തുടങ്ങി ഓരോരുത്തരായി എല്ലാവരും സ്ഥലം വിട്ടു. ഒടുവിൽ ആ സ്‍ത്രീയും യേശുവും മാത്രം ശേഷിച്ചു. യേശു നിവർന്ന് അവളോട് “അവരെല്ലാവരും എവിടെ? നീ കുറ്റവാളിയാണെന്ന് ആരും വിധിച്ചില്ലേ?” എന്നു ചോദിച്ചു. “ഇല്ല പ്രഭോ” എന്ന് അവൾ മറുപടി പറഞ്ഞു. അപ്പോൾ യേശു, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‍ക്കൊള്ളുക; ഇനിമേൽ പാപം ചെയ്യരുത്” എന്ന് അരുൾചെയ്തു. യേശു വീണ്ടും പരീശന്മാരോടു പറഞ്ഞു: “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശം ഉണ്ടായിരിക്കും.” പരീശന്മാർ പറഞ്ഞു: “താങ്കൾ താങ്കളെക്കുറിച്ചുതന്നെ സാക്ഷ്യം വഹിക്കുന്നു; ആ സാക്ഷ്യത്തിനു വിലയില്ല.” യേശു പ്രതിവചിച്ചു: “ഞാൻ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യമാകുന്നു. ഞാൻ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും എനിക്കറിയാം. എന്നാൽ ഞാൻ എവിടെനിന്നു വന്നു എന്നോ, എവിടേക്കു പോകുന്നു എന്നോ നിങ്ങൾക്ക് അറിഞ്ഞുകൂടാ. മനുഷ്യന്റെ തോത് ഉപയോഗിച്ചാണ് നിങ്ങളുടെ വിധി. ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിച്ചാൽതന്നെയും എന്റെ വിധി സത്യമായിരിക്കും. എന്തുകൊണ്ടെന്നാൽ ഞാൻ ഏകനായിട്ടല്ല വിധിക്കുന്നത്; പിന്നെയോ, ഞാനും എന്നെ അയച്ച പിതാവും ചേർന്നാണ്. രണ്ട് ആളുകളുടെ സാക്ഷ്യം ഒരുപോലെ വന്നാൽ അതു സത്യമാണെന്നു നിങ്ങളുടെ ധർമശാസ്ത്രത്തിൽ എഴുതിയിട്ടുണ്ടല്ലോ. ഞാൻ തന്നെ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നു; എന്നെ അയച്ച പിതാവും എന്നെപ്പറ്റി സാക്ഷ്യം വഹിക്കുന്നു.” അപ്പോൾ അവർ ചോദിച്ചു: “എവിടെയാണു താങ്കളുടെ പിതാവ്?” യേശു മറുപടി പറഞ്ഞു: “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിഞ്ഞുകൂടാ; എന്നെ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” ദേവാലയത്തിൽ ശ്രീഭണ്ഡാരത്തിനടുത്തുവച്ച് ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഇപ്രകാരം പറഞ്ഞത്. എന്നാൽ അവിടുത്തെ സമയം അപ്പോഴും ആഗതമായിരുന്നില്ല. അതിനാൽ ആരും അവിടുത്തെ പിടികൂടിയുമില്ല. യേശു വീണ്ടും അവരോട് അരുൾചെയ്തു: “ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കുകയും ചെയ്യും. ഞാൻ പോകുന്നിടത്തു വരുവാൻ നിങ്ങൾക്കു സാധ്യമല്ല.” യെഹൂദപ്രമുഖന്മാർ പറഞ്ഞു: “ഇയാൾ ആത്മഹത്യ ചെയ്യാൻ പോകുകയാണോ? ‘ഞാൻ പോകുന്നിടത്തു നിങ്ങൾക്കു വരുവാൻ സാധ്യമല്ല’ എന്ന് ഇയാൾ പറയുന്നല്ലോ.” യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ മണ്ണിൽ നിന്നുള്ളവർ, ഞാൻ വിണ്ണിൽനിന്നുള്ളവനും; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ; ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.” “നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കുമെന്നു ഞാൻ പറഞ്ഞുവല്ലോ. ഞാനാകുന്നവൻ ഞാൻതന്നെ എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.” അപ്പോൾ അവർ ചോദിച്ചു: “താങ്കൾ ആരാണ്?” അതിന് യേശു, “ആദിമുതൽ ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ള ആൾതന്നെ” എന്നു പ്രതിവചിച്ചു. “നിങ്ങളെപ്പറ്റി എനിക്കു വളരെയധികം പറയുവാനും വിധിക്കുവാനുമുണ്ട്. എന്നാൽ എന്നെ അയച്ചവൻ സത്യസ്വരൂപനാകുന്നു. അവിടുത്തെ അടുക്കൽ നിന്നു കേട്ടതുമാത്രം ഞാൻ ലോകത്തോടു പ്രസ്താവിക്കുന്നു.” യേശു അവരോടു പറഞ്ഞത് പിതാവിനെക്കുറിച്ചാണെന്ന് അവർ മനസ്സിലാക്കിയില്ല.

യോഹന്നാൻ 8:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശു ഒലിവുമലയിലേക്ക് പോയി. അതികാലത്ത് അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്‍റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചു. അപ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു അവരുടെ നടുവിൽ നിർത്തി അവനോട്: “ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നെ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്ത് പറയുന്നു?“ എന്നു ചോദിച്ചു. ഇതു അവനെ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം കിട്ടേണ്ടതിന് അവനെ പരീക്ഷിച്ച് ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു. അവർ അവനോട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നപ്പോൾ അവൻ നിവർന്നു: ‘നിങ്ങളിൽ പാപമില്ലാത്തവൻ ആകട്ടെ ആദ്യം അവളെ ഒരു കല്ല് എറിയുന്നവൻ’ എന്നു അവരോട് പറഞ്ഞു. വീണ്ടും അവൻ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു. അവർ ഇതു കേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും അവരുടെ നടുവിൽ നിന്നിരുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവർന്നു അവളോട്:സ്ത്രീയേ, നിന്നെ കുറ്റം ചുമത്തിയവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ? എന്നു ചോദിച്ചു. അതിന്: “ഇല്ല കർത്താവേ“ എന്നു അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി മേൽ പാപം ചെയ്യരുത് എന്നു യേശു പറഞ്ഞു. യേശു പിന്നെയും അവരോട് സംസാരിച്ചു: ഞാൻ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു. പരീശന്മാർ അവനോട്: “നീ നിന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറയുന്നു; നിന്‍റെ സാക്ഷ്യം സത്യമല്ല“ എന്നു പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ എന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറഞ്ഞാലും എന്‍റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല. നിങ്ങൾ മാനുഷിക നിയമങ്ങൾക്കനുസരിച്ച് വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്‍റെ വിധി സത്യമാകുന്നു. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ. ഞാൻ എന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു. അവർ അവനോട്: “നിന്‍റെ പിതാവ് എവിടെ?“ എന്നു ചോദിച്ചു. അതിന് യേശു: നിങ്ങൾ എന്നെ ആകട്ടെ എന്‍റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്‍റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തിനരികെവെച്ച് ഈ വചനം പറഞ്ഞു; അവന്‍റെ നാഴിക അതുവരെയും വന്നിട്ടില്ലാത്തതുകൊണ്ട് ആരും അവനെ പിടിച്ചില്ല. അവൻ പിന്നെയും അവരോട്: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു പറഞ്ഞു. ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു അവൻ പറഞ്ഞത്; അവൻ തന്നെത്താൻ കൊല്ലുമെന്നാണോ? എന്നു യെഹൂദന്മാർ പറഞ്ഞു. അവൻ അവരോട്: നിങ്ങൾ താഴെനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല. ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ‘ഞാൻ ആകുന്നു’ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു. അവർ അവനോട്: “നീ ആർ ആകുന്നു?“ എന്നു ചോദിച്ചു. അതിന് യേശു: ആദിമുതൽ ഞാൻ നിങ്ങളോടു പറഞ്ഞിരുന്നത് തന്നെ. നിങ്ങളെക്കുറിച്ച് വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്ക് ഉണ്ട്; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനിൽനിന്ന് കേട്ടതായ ഈ കാര്യങ്ങൾ തന്നെ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു. പിതാവിനെക്കുറിച്ച് ആകുന്നു അവൻ തങ്ങളോട് പറഞ്ഞത് എന്നു അവർ ഗ്രഹിച്ചില്ല.

യോഹന്നാൻ 8:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശുവോ ഒലീവ് മലയിലേക്കു പോയി. അതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു: ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു. ഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു. അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു. പിന്നെയും കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു. അവർ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശുമാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവിർന്നു അവളോടു: സ്ത്രീയേ, അവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു]. യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു. പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു. യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല. നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ. ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു. അവർ അവനോടു: നിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തുവെച്ചു ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ടു ആരും അവനെ പിടിച്ചില്ല. അവൻ പിന്നെയും അവരോടു: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു പറഞ്ഞു. ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു അവൻ പറഞ്ഞതുകൊണ്ടു പക്ഷേ തന്നെത്താൻ കൊല്ലുമോ എന്നു യെഹൂദന്മാർ പറഞ്ഞു. അവൻ അവരോടു: നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല. ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു. അവർ അവനോടു: നീ ആർ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ. നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു. പിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല.

യോഹന്നാൻ 8:1-27 സമകാലിക മലയാളവിവർത്തനം (MCV)

യേശുവോ, ഒലിവുമലയിലേക്കു യാത്രയായി. അതിരാവിലെ യേശു വീണ്ടും ദൈവാലയാങ്കണത്തിൽ എത്തി. ജനങ്ങൾ അദ്ദേഹത്തിന്റെ ചുറ്റും വന്നുകൂടി. അവിടന്ന് അവരെ ഉപദേശിക്കാനായി ഇരുന്നു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ വേദജ്ഞരും പരീശന്മാരും കൊണ്ടുവന്നു. അവർ അവളെ ജനമധ്യത്തിൽ നിർത്തിയിട്ട് യേശുവിനോട് ഇങ്ങനെ പറഞ്ഞു: “ഗുരോ, ഈ സ്ത്രീ വ്യഭിചാരം ചെയ്തുകൊണ്ടിരിക്കുമ്പോൾ പിടിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ള സ്ത്രീകളെ കല്ലെറിയണമെന്നു മോശ ന്യായപ്രമാണത്തിൽ ഞങ്ങളോടു കൽപ്പിച്ചിരിക്കുന്നു. അങ്ങ് എന്തുപറയുന്നു?” അദ്ദേഹത്തെ കുറ്റം ചുമത്തേണ്ടതിന് എന്തെങ്കിലും തക്ക കാരണം കിട്ടുന്നതിന് അവർ പ്രയോഗിച്ച ഒരു കെണിയായിരുന്നു ഈ ചോദ്യം. എന്നാൽ യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. ചോദ്യം തുടർന്നപ്പോൾ യേശു നിവർന്ന് അവരോട്, “നിങ്ങളിൽ പാപം ഇല്ലാത്തവൻ ഇവളെ ആദ്യം കല്ലെറിയട്ടെ” എന്നു പറഞ്ഞു. അദ്ദേഹം വീണ്ടും കുനിഞ്ഞു മണ്ണിലെഴുതിക്കൊണ്ടിരുന്നു. അവർ അതു കേട്ടിട്ട്, കുറ്റബോധത്താൽ ഏറ്റവും മുതിർന്നവർമുതൽ ഇളയവർവരെ ഓരോരുത്തരായി സ്ഥലംവിട്ടുപോയി. ഒടുവിൽ യേശുവും ജനമധ്യത്തിൽനിന്നിരുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവർന്ന് അവളോട്, “സ്ത്രീയേ, അവർ എവിടെ? ആരും നിനക്കു ശിക്ഷ വിധിച്ചില്ലേ?” എന്നു ചോദിച്ചു. “ഇല്ല പ്രഭോ,” അവൾ മറുപടി പറഞ്ഞു. അതിന് യേശു, “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോകുക, ഇനി പാപംചെയ്യരുത്.” എന്നു പറഞ്ഞു. യേശു വീണ്ടും ജനങ്ങളോടു സംസാരിച്ചു: “ഞാൻ ആകുന്നു ലോകത്തിന്റെ പ്രകാശം. എന്നെ അനുഗമിക്കുന്നവർ ഒരിക്കലും ഇരുളിൽ നടക്കുന്നില്ല; അവർ ജീവന്റെ പ്രകാശമുള്ളവരാകും.” പരീശന്മാർ അദ്ദേഹത്തോട്, “താങ്കൾ താങ്കളെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു, അത് സത്യമല്ല” എന്നു പറഞ്ഞു. മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നെങ്കിലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും എനിക്കറിയാം. എന്നാൽ, ഞാൻ എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നിങ്ങൾ അറിയുന്നില്ല. നിങ്ങൾ മനുഷ്യന്റെ മാനദണ്ഡമനുസരിച്ച് വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിക്കുന്നെങ്കിലോ, ഞാൻ ഏകനായല്ല, എന്നെ അയച്ച പിതാവിനോടുചേർന്ന് ആകയാൽ എന്റെ വിധി സത്യമാകുന്നു. രണ്ടുപേരുടെ സാക്ഷ്യം സത്യമെന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടുണ്ടല്ലോ. ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെപ്പറ്റി സാക്ഷ്യം പറയുന്നു.” “താങ്കളുടെ പിതാവ് എവിടെ?” അവർ ചോദിച്ചു. യേശു ഉത്തരം പറഞ്ഞു. “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിഞ്ഞുകൂടാ. നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” ദൈവാലയാങ്കണത്തിലെ ഭണ്ഡാരസ്ഥലത്തുവെച്ച് ഉപദേശിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഈ വാക്കുകൾ പറഞ്ഞത്. എങ്കിലും അദ്ദേഹത്തിന്റെ സമയം വന്നിട്ടില്ലായിരുന്നതുകൊണ്ട് ആരും അദ്ദേഹത്തെ ബന്ധിച്ചില്ല. യേശു വീണ്ടും അവരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും. നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല.” അതിന് യെഹൂദനേതാക്കന്മാർ ചോദിച്ചു, “ഇയാൾ ആത്മഹത്യചെയ്യുമോ? അതുകൊണ്ടായിരിക്കുമോ ‘ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വരാൻ കഴിയുകയില്ല,’ എന്നിയാൾ പറയുന്നത്?” യേശു ഇങ്ങനെ തുടർന്നു, “നിങ്ങൾ താഴെനിന്നുള്ളവരാണ്; ഞാൻ ഉയരത്തിൽനിന്നുള്ളവനും. നിങ്ങൾ ഇഹലോകത്തിനുള്ളവരാണ്, ഞാനോ ഐഹികനല്ല. നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ പറഞ്ഞുവല്ലോ; ഞാൻ ഉന്നതങ്ങളിൽനിന്ന് വന്ന ‘ഞാൻ ആകുന്നു’ എന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.” “താങ്കൾ ആരാണ്?” അവർ ചോദിച്ചു. യേശു മറുപടി പറഞ്ഞു: “ഞാൻ എന്നെപ്പറ്റി ആദ്യംമുതലേ പറഞ്ഞുപോരുന്നതുതന്നെ. എനിക്കു നിങ്ങളെക്കുറിച്ചു പല കാര്യങ്ങൾ പറയാനും ന്യായംവിധിക്കാനുമുണ്ട്. എന്നെ അയച്ചവൻ സത്യവാൻ ആകുന്നു. അവിടന്ന് എന്നോടു സംസാരിച്ച കാര്യങ്ങൾ ഞാൻ ലോകത്തെ അറിയിക്കുന്നു.” അദ്ദേഹം തന്റെ പിതാവിനെക്കുറിച്ചാണു സംസാരിച്ചതെന്ന് അവർ ഗ്രഹിച്ചില്ല.