യോഹന്നാൻ 6:25-51
യോഹന്നാൻ 6:25-51 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു. അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്. നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. അവർ അവനോടു ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന് ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു. യേശു അവരോട്: ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന് നീ എന്ത് അടയാളം ചെയ്യുന്നു? എന്തു പ്രവർത്തിക്കുന്നു? നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്ന തിന്നു; അവർക്കു തിന്നുവാൻ സ്വർഗത്തിൽനിന്ന് അപ്പം കൊടുത്തു എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നത് എന്റെ പിതാവത്രേ, സ്വർഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നത്. ദൈവത്തിന്റെ അപ്പമോ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവനെ കൊടുക്കുന്നത് ആകുന്നു എന്നു പറഞ്ഞു. അവർ അവനോട്: കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവനു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല. എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ. പിതാവ് എനിക്കു തരുന്നതൊക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. ഞാൻ എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത്. അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ, എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം. പുത്രനെ നോക്കിക്കൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം എന്ന് അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ചു പിറുപിറുത്തു: ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് അവൻ പറയുന്നത് എങ്ങനെ എന്ന് അവർ പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ; എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളൂ. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്. ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്ന തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന് സ്വർഗത്തിൽനിന്ന് ഇറങ്ങുന്ന അപ്പം ആകുന്നു. സ്വർഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.
യോഹന്നാൻ 6:25-51 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തടാകത്തിന്റെ മറുകരയിൽവച്ച് യേശുവിനെ കണ്ടപ്പോൾ “ഗുരോ, അങ്ങ് എപ്പോഴാണ് ഇവിടെ എത്തിയത്” എന്ന് അവർ ചോദിച്ചു. യേശു പറഞ്ഞു: “ഞാൻ കാണിച്ച അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടുമാത്രമാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത് എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. നശ്വരമായ ആഹാരത്തിനുവേണ്ടിയല്ല നിങ്ങൾ പ്രയത്നിക്കേണ്ടത്, പ്രത്യുത, അനശ്വരജീവനിലേക്കു നയിക്കുന്ന ആഹാരത്തിനുവേണ്ടിയത്രേ. അതു മനുഷ്യപുത്രൻ നിങ്ങൾക്കു നല്കും; എന്തുകൊണ്ടെന്നാൽ പിതാവായ ദൈവം തന്റെ അംഗീകാരമുദ്ര പുത്രനിൽ പതിച്ചിരിക്കുന്നു.” അപ്പോൾ അവർ ചോദിച്ചു: “ദൈവത്തിനു പ്രസാദമുള്ള കാര്യങ്ങൾ പ്രവർത്തിക്കുവാൻ ഞങ്ങൾ എന്തു ചെയ്യണം?” യേശു ഉത്തരമരുളി: “ദൈവം അയച്ചവനിൽ വിശ്വസിക്കുക; അതാണു ദൈവത്തിന് ഇഷ്ടമുള്ള പ്രവൃത്തി.” അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയെ വിശ്വസിക്കേണ്ടതിന് എന്ത് അടയാളമാണ് അങ്ങു കാണിക്കുന്നത്? എന്താണ് അങ്ങു ചെയ്യുന്നത്? നമ്മുടെ പൂർവികന്മാർ മരുഭൂമിയിൽവച്ചു മന്നാ ഭക്ഷിച്ചു. അവർക്കു ഭക്ഷിക്കുവാൻ സ്വർഗത്തിൽനിന്നു മോശ അപ്പം നല്കി എന്നാണല്ലോ എഴുതിയിരിക്കുന്നത്.” യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: സ്വർഗത്തിൽനിന്നുള്ള അപ്പം മോശയല്ല നിങ്ങൾക്കു നല്കിയത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം എന്റെ പിതാവാണു നിങ്ങൾക്കു നല്കുന്നത്. ദൈവത്തിന്റെ അപ്പമാകട്ടെ, സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ പ്രദാനം ചെയ്യുന്നവൻ തന്നെ.” അപ്പോൾ അവർ: “ഗുരോ, ഞങ്ങൾക്കു ആ അപ്പം എപ്പോഴും നല്കണമേ” എന്ന് അപേക്ഷിച്ചു. യേശു ഉത്തരമരുളി: “ഞാനാകുന്നു ജീവന്റെ അപ്പം; എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കുകയുമില്ല. എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. പിതാവ് എനിക്ക് ആരെയെല്ലാം നല്കുന്നുവോ അവർ എല്ലാവരും എന്റെ അടുക്കൽ വരും. എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല. എന്തെന്നാൽ ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നത് എന്റെ ഇഷ്ടം ചെയ്യുവാനല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യുവാനാണ്. എനിക്കു നല്കിയിരിക്കുന്നവരിൽ ഒരുവൻപോലും നഷ്ടപ്പെടാതെ എല്ലാവരെയും അന്ത്യദിനത്തിൽ ഉയിർപ്പിക്കണമെന്നാണ് എന്റെ പിതാവ് ഇച്ഛിക്കുന്നത്. പുത്രനെ കണ്ടു വിശ്വസിക്കുന്ന എല്ലാവർക്കും അനശ്വരജീവൻ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ അഭീഷ്ടം. അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും.” സ്വർഗത്തിൽനിന്നു വന്ന അപ്പമാണു താൻ എന്ന് യേശു പറഞ്ഞതിനാൽ അവിടുത്തെക്കുറിച്ചു യെഹൂദന്മാർ പിറുപിറുത്തു. അവർ ചോദിച്ചു: “യോസേഫിന്റെ പുത്രനായ യേശു അല്ലേ ഈ മനുഷ്യൻ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്ക് അറിഞ്ഞൂകൂടേ? പിന്നെ എങ്ങനെയാണ് ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നു’ എന്ന് ഇയാൾ പറയുന്നത്?” യേശു പ്രതിവചിച്ചു: “നിങ്ങൾ അന്യോന്യം പിറുപിറുക്കേണ്ടാ. എന്നെ അയച്ച പിതാവ് അടുപ്പിക്കാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ സാധ്യമല്ല. അവസാനനാളിൽ ഞാൻ അവനെ ഉയിർപ്പിക്കും. ‘ദൈവം എല്ലാവരെയും പഠിപ്പിക്കും’ എന്നു പ്രവാചകന്മാർ എഴുതിയിരിക്കുന്നു. പിതാവു പറയുന്നതു കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവൻ എന്റെ അടുക്കൽ വരുന്നു. ദൈവത്തിൽനിന്നു വരുന്നവൻ മാത്രമേ പിതാവിനെ ദർശിച്ചിട്ടുള്ളൂ. മറ്റാരുംതന്നെ പിതാവിനെ കണ്ടിട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്. ഞാൻ ജീവന്റെ അപ്പമാകുന്നു. നിങ്ങളുടെ പൂർവപിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്നാ ഭക്ഷിച്ചിട്ടും മരണമടഞ്ഞു. എന്നാൽ ഇവിടെയുള്ളത് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പമാകുന്നു. ഇതു ഭക്ഷിക്കുന്ന യാതൊരുവനും മരിക്കുകയില്ല. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും. ഞാൻ കൊടുക്കുവാനിരിക്കുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ ശരീരമാകുന്നു.”
യോഹന്നാൻ 6:25-51 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കടലിനക്കരെ അവനെ കണ്ടെത്തിയപ്പോൾ: “റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു?“ എന്നു ചോദിച്ചു. അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്. നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്ക് നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ; അത് മനുഷ്യപുത്രൻ നിങ്ങൾക്ക് തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അവർ അവനോട്: “ദൈവത്തെ പ്രസാദിപ്പിക്കേണ്ടതിന് ഞങ്ങൾ എന്ത് പ്രവൃത്തികളെ ചെയ്യേണം?“ എന്നു ചോദിച്ചു. യേശു അവരോട്: ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു. അവർ അവനോട്: “ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന് നീ എന്ത് അടയാളം ചെയ്യുന്നു? എന്ത് പ്രവർത്തിക്കുന്നു? നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്ന തിന്നു; അവർക്ക് തിന്നുവാൻ സ്വർഗ്ഗത്തിൽനിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ“ എന്നു പറഞ്ഞു. യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്ക് തന്നതു, എന്റെ പിതാവത്രെ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്ക് തരുന്നത്. ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവനെ കൊടുക്കുന്നത് ആകുന്നു എന്നു പറഞ്ഞു. അവർ അവനോട്: “കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ“ എന്നു പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന് വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല. എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ. പിതാവ് എനിക്ക് തരുന്നത് ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവൻ്റെ ഇഷ്ടമത്രേ ചെയ്വാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത്. അവൻ എനിക്ക് തന്നവരിൽ ഒരുവനേപ്പോലും ഞാൻ കളയാതെ എല്ലാവരെയും അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവൻ്റെ ഇഷ്ടം. പുത്രനെ നോക്കിക്കൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കും. ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ച് പിറുപിറുത്തു: “ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്നു അവൻ പറയുന്നത് എങ്ങനെ?“ എന്നു അവർ പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ; എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴിയുകയില്ല; ഞാൻ അവസാന നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിൽനിന്ന് കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്. ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്ന തിന്നിട്ടും മരിച്ചുവല്ലോ. ഇതു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ആകുന്നു, ഇതു തിന്നുന്നവൻ മരിക്കുകയില്ല. സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ആരെങ്കിലും ഈ അപ്പം തിന്നാൽ, അവൻ എന്നേക്കും ജീവിക്കും; ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കാനിരിക്കുന്ന അപ്പമോ എന്റെ മാംസം ആകുന്നു.
യോഹന്നാൻ 6:25-51 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു. അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു. നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു. യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവർത്തിക്കുന്നു? നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നതു. ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു. അവർ അവനോടു: കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞതു: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരുനാളും ദാഹിക്കയുമില്ല. എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ. പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു. അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം. പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ചു പിറുപിറുത്തു: ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു. യേശു അവരോടു ഉത്തരം പറഞ്ഞതു: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ; എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു. സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.
യോഹന്നാൻ 6:25-51 സമകാലിക മലയാളവിവർത്തനം (MCV)
തടാകത്തിന്റെ അക്കരെ യേശുവിനെ കണ്ടപ്പോൾ അവർ അദ്ദേഹത്തോട്, “റബ്ബീ, അങ്ങ് എപ്പോൾ ഇവിടെ എത്തി?” എന്നു ചോദിച്ചു. യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അത്ഭുതചിഹ്നങ്ങൾ കണ്ടിട്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ്. നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടിത്തന്നെ പ്രവർത്തിക്കുക; അതു മനുഷ്യപുത്രൻ നിങ്ങൾക്കു നൽകും. അവന്റെമേൽ പിതാവായ ദൈവം അവിടത്തെ അംഗീകാരമുദ്ര പതിപ്പിച്ചിരിക്കുന്നു.” അപ്പോൾ അവർ അദ്ദേഹത്തോടു ചോദിച്ചു, “ദൈവത്തിനു ഹിതകരമായി ഞങ്ങൾ ചെയ്യേണ്ടുന്ന പ്രവൃത്തികൾ എന്തെല്ലാമാണ്?” “ദൈവം അയച്ചവനിൽ വിശ്വസിക്കുക; ഇതാണ് ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി,” യേശു ഉത്തരം പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയിൽ വിശ്വസിക്കേണ്ടതിന് എന്ത് അത്ഭുതചിഹ്നമാണ് അങ്ങു ചെയ്യുന്നത്? ഞങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ ഭക്ഷിച്ചു; ‘അവിടന്ന് അവർക്കു ഭക്ഷിക്കാൻ സ്വർഗത്തിൽനിന്ന് അപ്പം നൽകി,’ എന്നു രേഖപ്പെടുത്തിയിരിക്കുന്നല്ലോ.” യേശു അവരോടു പറഞ്ഞു, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: മോശയല്ല നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം നിങ്ങൾക്കു തരുന്നത് എന്റെ പിതാവാണ്. ദൈവത്തിന്റ അപ്പമോ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ നൽകുന്നവൻ ആകുന്നു.” “കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരണമേ,” അവർ അദ്ദേഹത്തോടപേക്ഷിച്ചു. അപ്പോൾ യേശു പറഞ്ഞത്: “ഞാൻ ആകുന്നു ജീവന്റെ അപ്പം. എന്റെ അടുക്കൽ വരുന്നവന് ഒരുനാളും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല. എന്നാൽ, നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞല്ലോ. പിതാവ് എനിക്കു തരുന്നവരെല്ലാം എന്റെ അടുക്കൽവരും; എന്റെ അടുക്കൽ വരുന്നവരെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല. ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യാനാണ്. എന്നെ അയച്ചവന്റെ ഇഷ്ടമോ, അവിടന്ന് എനിക്കു തന്നിട്ടുള്ളവരിൽ ആരും നഷ്ടമാകാതെ എല്ലാവരെയും ഞാൻ അന്ത്യനാളിൽ ഉയിർത്തെഴുന്നേൽപ്പിക്കണം എന്നാകുന്നു. പുത്രനെ കണ്ട്, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ടാകണമെന്നാണ് എന്റെ പിതാവിന്റെ ഇഷ്ടം; അന്ത്യനാളിൽ ഞാൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കും.” “ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം,” എന്ന് യേശു പറഞ്ഞതുകൊണ്ട് യെഹൂദനേതാക്കന്മാർ അദ്ദേഹത്തെക്കുറിച്ചു പിറുപിറുത്ത്, “ഇയാൾ യോസേഫിന്റെ മകനായ യേശു അല്ലേ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്കറിയാമല്ലോ. പിന്നെ, ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു,’ എന്ന് ഇയാൾ പറയുന്നതെന്ത്?” എന്ന് അവർ പറഞ്ഞു. യേശു പറഞ്ഞു: “നിങ്ങൾ പരസ്പരം പിറുപിറുക്കേണ്ടാ. എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല; അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും. ‘എല്ലാവരും ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരായിത്തീരും,’ ” എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിന്റെ വാക്കുകൾ കേട്ടുപഠിച്ചവരെല്ലാം എന്റെ അടുക്കൽവരും. ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റാരും പിതാവിനെ കണ്ടിട്ടില്ല; അയാൾമാത്രം പിതാവിനെ കണ്ടിരിക്കുന്നു. “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്നിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാൻ ആകുന്നു ജീവന്റെ അപ്പം. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവെച്ചു മന്നാ ഭക്ഷിച്ചിട്ടും മരിച്ചു. എന്നാൽ, ഭക്ഷിക്കുന്നവർ മരിക്കാതിരിക്കേണ്ടതിനു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പം ഇതാ! ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം; ഈ അപ്പം തിന്നുന്നവർ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന അപ്പമോ, എന്റെ മാംസം ആകുന്നു.”