യോഹന്നാൻ 6:15-21
യോഹന്നാൻ 6:15-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി. സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്ക് ഇറങ്ങി പടകു കയറി കടലക്കരെ കഫർന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല. കൊടുങ്കാറ്റ് അടിക്കയാൽ കടൽ കോപിച്ചു. അവർ നാലഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു. അവൻ അവരോട്: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. അവർ അവനെ പടകിൽ കയറ്റുവാൻ ഇച്ഛിച്ചു; ഉടനെ പടക് അവർ പോകുന്ന ദേശത്ത് എത്തിപ്പോയി.
യോഹന്നാൻ 6:15-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ വന്നു തന്നെ പിടിച്ചുകൊണ്ടുപോയി രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു മനസ്സിലാക്കി യേശു തനിച്ചു മലയിലേക്കു വീണ്ടും പിൻവാങ്ങി. സന്ധ്യ ആയപ്പോൾ ശിഷ്യന്മാർ തടാകത്തിന്റെ തീരത്തെത്തി. അവർ ഒരു വഞ്ചിയിൽ കയറി മറുകരെയുള്ള കഫർന്നഹൂമിലേക്കു പോയി. രാത്രി ആയിട്ടും യേശു അവരുടെ അടുക്കൽ എത്തിയിരുന്നില്ല. ഉഗ്രമായ ഒരു കൊടുങ്കാറ്റടിച്ച് തടാകം ക്ഷോഭിച്ചിരുന്നു. അഞ്ചാറു കിലോമീറ്റർ ദൂരം തുഴഞ്ഞു കഴിഞ്ഞപ്പോൾ, യേശു ജലപ്പരപ്പിലൂടെ നടന്നു വഞ്ചിയെ സമീപിക്കുന്നതു കണ്ട് അവർ ഭയപരവശരായി. യേശു അവരോട് “ഭയപ്പെടേണ്ടാ, ഞാൻ തന്നെയാണ്” എന്നു പറഞ്ഞു. യേശുവിനെ വഞ്ചിയിൽ കയറ്റാൻ ശിഷ്യന്മാർ ആഗ്രഹിച്ചു; എന്നാൽ അപ്പോഴേക്ക് അവർക്ക് എത്തേണ്ട സ്ഥലത്തു വഞ്ചി എത്തിക്കഴിഞ്ഞു.
യോഹന്നാൻ 6:15-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ വന്നു തന്നെ ബലമായി പിടിച്ച് രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് പിന്നെയും തനിച്ചു മലമുകളിലേക്കു പോയി. സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്ക് ഇറങ്ങി. അവർ ഒരു പടകിൽ കയറി കടലിനക്കരെ കഫർന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല. ആ സമയത്ത് ശക്തമായ കാറ്റ് അടിച്ചു, കടൽ ക്ഷോഭിച്ചു. അവർ ഇരുപത്തഞ്ച്-മുപ്പത് നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോട് സമീപിക്കുന്നത് കണ്ടു പേടിച്ചു. അവൻ അവരോട്: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ പടകിലേക്ക് കയറ്റുവാൻ തയ്യാറായി; ഉടനെ പടക് അവർ പോകുന്ന ദേശത്തു എത്തിപ്പോയി.
യോഹന്നാൻ 6:15-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി. സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്കു ഇറങ്ങി പടകുകയറി കടലക്കരെ കഫർന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല. കൊടുങ്കാറ്റു അടിക്കയാൽ കടൽ കോപിച്ചു. അവർ നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു. അവൻ അവരോടു: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. അവർ അവനെ പടകിൽ കയറ്റുവാൻ ഇച്ഛിച്ചു; ഉടനെ പടകു അവർ പോകുന്ന ദേശത്തു എത്തിപ്പോയി.
യോഹന്നാൻ 6:15-21 സമകാലിക മലയാളവിവർത്തനം (MCV)
അവർ വന്നു തന്നെ പിടിച്ചു രാജാവാക്കാൻ ഉദ്ദേശിക്കുന്നു എന്നറിഞ്ഞ് യേശു ഏകനായി വീണ്ടും മലയിലേക്കു മടങ്ങി. സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യന്മാർ തടാകത്തിന്റെ തീരത്തേക്കിറങ്ങി. അവർ ഒരു വള്ളത്തിൽ കയറി തടാകത്തിനക്കരെയുള്ള കഫാർനഹൂമിലേക്കു യാത്രതിരിച്ചു; അപ്പോൾ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. യേശു അവരുടെയടുക്കൽ എത്തിയിരുന്നതുമില്ല. പെട്ടെന്ന് കൊടുങ്കാറ്റടിച്ചു തടാകം വളരെ ക്ഷോഭിച്ചു. അവർ ഇരുപത്തഞ്ചോ മുപ്പതോ സ്റ്റേഡിയ തുഴഞ്ഞുകഴിഞ്ഞപ്പോൾ യേശു വെള്ളത്തിനുമീതേ നടന്ന് വള്ളത്തിനടുത്തേക്കു വരുന്നത് കണ്ടു; അവർ വളരെ ഭയപ്പെട്ടു. യേശു അവരോടു പറഞ്ഞു, “ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.” അപ്പോൾ അദ്ദേഹത്തെ വള്ളത്തിൽ കയറ്റാൻ അവർ സന്നദ്ധരായി; വള്ളം പെട്ടെന്ന് അവർക്ക് എത്തേണ്ട തീരത്ത് എത്തിച്ചേർന്നു.