യോഹന്നാൻ 5:39-47

യോഹന്നാൻ 5:39-47 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല. ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല. എന്നാൽ നിങ്ങൾക്ക് ഉള്ളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക്, എങ്ങനെ വിശ്വസിപ്പാൻ കഴിയും? ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശവച്ചിരിക്കുന്ന മോശെ തന്നെ. നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?

യോഹന്നാൻ 5:39-47 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വേദലിഖിതങ്ങളിൽ അനശ്വരജീവനുണ്ടെന്നു കരുതി നിങ്ങൾ ശുഷ്കാന്തിയോടെ അവ പരിശോധിക്കുന്നു. ആ ലിഖിതങ്ങൾ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നവയാണ്. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല. “മനുഷ്യരുടെ പ്രശംസയ്‍ക്ക് ഞാൻ വില കല്പിക്കുന്നില്ല. എന്നാൽ എനിക്കു നിങ്ങളെ അറിയാം; നിങ്ങളിൽ ദൈവസ്നേഹം ഇല്ല. എന്റെ പിതാവ് അധികാരപ്പെടുത്തിയിട്ടാണ് ഞാൻ വന്നിരിക്കുന്നത്. എന്നിട്ടും നിങ്ങൾ എന്നെ സ്വീകരിക്കുന്നില്ല; മറ്റൊരാൾ തന്റെ സ്വന്തം അധികാരത്തിൽ വന്നാൽ അയാളെ നിങ്ങൾ സ്വീകരിക്കും. ഏക ദൈവത്തിൽനിന്നുള്ള ബഹുമതി അന്വേഷിക്കാതെ അന്യോന്യം ബഹുമതി കാംക്ഷിക്കുന്ന നിങ്ങൾക്കു വിശ്വസിക്കുവാൻ എങ്ങനെ കഴിയും? എന്റെ പിതാവിന്റെ സന്നിധിയിൽ ഞാൻ നിങ്ങളുടെമേൽ കുറ്റം ആരോപിക്കുമെന്നു കരുതേണ്ടാ. നിങ്ങൾ പ്രത്യാശ ഉറപ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളുടെമേൽ കുറ്റം ആരോപിക്കുക. മോശയെ നിങ്ങൾ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു. എന്തെന്നാൽ അദ്ദേഹം എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. അദ്ദേഹം എഴുതിയിട്ടുള്ളത് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്റെ വാക്കുകൾ എങ്ങനെ വിശ്വസിക്കും?”

യോഹന്നാൻ 5:39-47 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങൾ തിരുവെഴുത്തുകളെ പരിശോധിക്കുന്നു; അവയിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; എന്നാൽ അതേ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്‍റെ അടുക്കൽ വരുവാൻ നിങ്ങൾക്ക് മനസ്സില്ല. ഞാൻ മനുഷ്യരിൽനിന്ന് ബഹുമാനം സ്വീകരിക്കുന്നില്ല. എന്നാൽ നിങ്ങളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ഞാൻ എന്‍റെ പിതാവിന്‍റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും. തമ്മിൽതമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിൻ്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും? ഞാൻ പിതാവിന്‍റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾ വിചാരിക്കരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നെ. നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. അവന്‍റെ എഴുത്തുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്‍റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?

യോഹന്നാൻ 5:39-47 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല. ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല. എന്നാൽ നിങ്ങൾക്കു ഉള്ളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ. നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്തു നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കു എങ്ങനെ വിശ്വസിക്കും?

യോഹന്നാൻ 5:39-47 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾ തിരുവെഴുത്തുകൾ ശ്രദ്ധയോടെ പഠിക്കുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ വിചാരിക്കുന്നു; അവയാണ് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കുന്നത്. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരാൻ നിങ്ങൾക്കു മനസ്സില്ല. “ഞാൻ മനുഷ്യരുടെ ബഹുമാനം സ്വീകരിക്കുന്നില്ല. എന്നാൽ, എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ഹൃദയത്തിൽ ദൈവസ്നേഹമില്ലെന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു. എങ്കിലും നിങ്ങൾ എന്നെ അംഗീകരിക്കുന്നില്ല; എന്നാൽ മറ്റാരെങ്കിലും സ്വന്തം നാമത്തിൽ വന്നാൽപോലും നിങ്ങൾ അവനെ അംഗീകരിക്കും. ഏകദൈവത്തിൽനിന്നുള്ള മഹത്ത്വം അന്വേഷിക്കാതെ, പരസ്പരം ബഹുമാനം ഏറ്റുവാങ്ങുന്ന നിങ്ങൾക്ക് എങ്ങനെ എന്നിൽ വിശ്വസിക്കാൻ കഴിയും? “ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു വിചാരിക്കേണ്ടതില്ല. നിങ്ങൾ മോശയിലാണല്ലോ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്; ആ മോശയാണു നിങ്ങളെ കുറ്റം ചുമത്തുന്നത്. നിങ്ങൾ മോശയെ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അദ്ദേഹം എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. എന്നാൽ, അദ്ദേഹം എഴുതിയതു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?”