യോഹന്നാൻ 5:30-47
യോഹന്നാൻ 5:30-47 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു. ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു. നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. എനിക്കോ മനുഷ്യന്റെ സാക്ഷ്യംകൊണ്ട് ആവശ്യമില്ല; നിങ്ങൾ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നത്. അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക് ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്ക് അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു. എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾതന്നെ, പിതാവ് എന്നെ അയച്ചു എന്ന് എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു. എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല. ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല. എന്നാൽ നിങ്ങൾക്ക് ഉള്ളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക്, എങ്ങനെ വിശ്വസിപ്പാൻ കഴിയും? ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശവച്ചിരിക്കുന്ന മോശെ തന്നെ. നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?
യോഹന്നാൻ 5:30-47 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എനിക്കു സ്വയമേവ ഒന്നും ചെയ്യുവാൻ കഴിയുകയില്ല. ദൈവം പറയുന്നതുകേട്ട് ഞാൻ ന്യായം വിധിക്കുന്നു. എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ഞാൻ ചെയ്യുവാൻ ശ്രമിക്കുന്നത്. അതുകൊണ്ട് എന്റെ വിധി നീതിയുക്തവുമാണ്. “ഞാൻ തന്നെ എന്നെപ്പറ്റി സാക്ഷ്യം പറഞ്ഞാൽ അതു ശരിയായിരിക്കുകയില്ല. എന്നാൽ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്ന ഒരാളുണ്ട്. അവിടുന്ന് എന്നെപ്പറ്റി പറയുന്ന ആ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം. നിങ്ങൾ യോഹന്നാന്റെ അടുക്കലേക്കു ദൂതന്മാരെ അയച്ചല്ലോ. അദ്ദേഹം സത്യത്തിനു സാക്ഷ്യംവഹിച്ചിരിക്കുന്നു. മനുഷ്യന്റെ സാക്ഷ്യം എനിക്ക് ആവശ്യം ഉണ്ടായിട്ടില്ല; നിങ്ങൾ രക്ഷ പ്രാപിക്കുന്നതിനാണ് ഞാനിതു പറയുന്നത്. യോഹന്നാൻ കത്തിജ്വലിക്കുന്ന വിളക്കായിരുന്നു. അതിന്റെ പ്രകാശത്തിൽ അല്പകാലം ആഹ്ലാദിക്കുവാൻ നിങ്ങൾ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ യോഹന്നാൻ നല്‌കിയ സാക്ഷ്യത്തെക്കാൾ മഹത്തായ സാക്ഷ്യം എനിക്കുണ്ട്. ഞാൻ ചെയ്തു പൂർത്തീകരിക്കുന്നതിനു പിതാവ് ഏല്പിച്ചിരിക്കുന്നതും ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതുമായ ഈ പ്രവൃത്തികൾതന്നെയാണ് പിതാവ് എന്നെ അയച്ചു എന്നതിനു സാക്ഷ്യം വഹിക്കുന്നത്. എന്നെ അയച്ച പിതാവു തന്നെയും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിട്ടുണ്ട്. നിങ്ങൾ അവിടുത്തെ ശബ്ദം ഒരിക്കലും ശ്രവിച്ചിട്ടില്ല; അവിടുത്തെ രൂപം ഒരിക്കലും ദർശിച്ചിട്ടുമില്ല. അവിടുത്തെ വചനം നിങ്ങളിൽ വസിക്കുന്നുമില്ല. എന്തെന്നാൽ അവിടുന്ന് അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. വേദലിഖിതങ്ങളിൽ അനശ്വരജീവനുണ്ടെന്നു കരുതി നിങ്ങൾ ശുഷ്കാന്തിയോടെ അവ പരിശോധിക്കുന്നു. ആ ലിഖിതങ്ങൾ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നവയാണ്. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല. “മനുഷ്യരുടെ പ്രശംസയ്‍ക്ക് ഞാൻ വില കല്പിക്കുന്നില്ല. എന്നാൽ എനിക്കു നിങ്ങളെ അറിയാം; നിങ്ങളിൽ ദൈവസ്നേഹം ഇല്ല. എന്റെ പിതാവ് അധികാരപ്പെടുത്തിയിട്ടാണ് ഞാൻ വന്നിരിക്കുന്നത്. എന്നിട്ടും നിങ്ങൾ എന്നെ സ്വീകരിക്കുന്നില്ല; മറ്റൊരാൾ തന്റെ സ്വന്തം അധികാരത്തിൽ വന്നാൽ അയാളെ നിങ്ങൾ സ്വീകരിക്കും. ഏക ദൈവത്തിൽനിന്നുള്ള ബഹുമതി അന്വേഷിക്കാതെ അന്യോന്യം ബഹുമതി കാംക്ഷിക്കുന്ന നിങ്ങൾക്കു വിശ്വസിക്കുവാൻ എങ്ങനെ കഴിയും? എന്റെ പിതാവിന്റെ സന്നിധിയിൽ ഞാൻ നിങ്ങളുടെമേൽ കുറ്റം ആരോപിക്കുമെന്നു കരുതേണ്ടാ. നിങ്ങൾ പ്രത്യാശ ഉറപ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളുടെമേൽ കുറ്റം ആരോപിക്കുക. മോശയെ നിങ്ങൾ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു. എന്തെന്നാൽ അദ്ദേഹം എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. അദ്ദേഹം എഴുതിയിട്ടുള്ളത് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്റെ വാക്കുകൾ എങ്ങനെ വിശ്വസിക്കും?”
യോഹന്നാൻ 5:30-47 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എനിക്ക് സ്വന്തമായി ഒന്നും ചെയ്വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവൻ്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു. ഞാൻ എന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നത് മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു. നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു. ഞാൻ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ല, എങ്കിലും നിങ്ങൾ രക്ഷിയ്ക്കപ്പെടുവാനത്രേ ഞാൻ ഇതു പറയുന്നത്. യോഹന്നാൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക് ആയിരുന്നു; നിങ്ങൾ അല്പകാലത്തേക്ക് അവന്‍റെ വെളിച്ചത്തിൽ ഉല്ലസിക്കുവാൻ ഇച്ഛിച്ചു. എനിക്കോ അവന്‍റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിക്കുവാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നെ, പിതാവ് എന്നെ അയച്ചു എന്നു എന്നെക്കുറിച്ച് സാക്ഷീകരിക്കുന്നു. എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടുമില്ല, അവന്‍റെ രൂപം കണ്ടിട്ടുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് അവന്‍റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നില്ല. നിങ്ങൾ തിരുവെഴുത്തുകളെ പരിശോധിക്കുന്നു; അവയിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; എന്നാൽ അതേ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്ക് മനസ്സില്ല. ഞാൻ മനുഷ്യരിൽനിന്ന് ബഹുമാനം സ്വീകരിക്കുന്നില്ല. എന്നാൽ നിങ്ങളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും. തമ്മിൽതമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിൻ്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും? ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾ വിചാരിക്കരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നെ. നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. അവന്‍റെ എഴുത്തുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്‍റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?
യോഹന്നാൻ 5:30-47 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു. ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു. നിങ്ങൾ യോഹാന്നാന്റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു. എനിക്കോ മനുഷ്യന്റെ സാക്ഷ്യംകൊണ്ടു ആവശ്യമില്ല: നിങ്ങൾ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നതു. അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്കു അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു. എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു. എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല. ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല. എന്നാൽ നിങ്ങൾക്കു ഉള്ളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ. നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്തു നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കു എങ്ങനെ വിശ്വസിക്കും?
യോഹന്നാൻ 5:30-47 സമകാലിക മലയാളവിവർത്തനം (MCV)
എനിക്കു സ്വയമായി ഒന്നും ചെയ്യാൻ കഴിവില്ല; ഞാൻ കേൾക്കുന്നപ്രകാരം ന്യായംവിധിക്കുന്നു. എന്റെ വിധി നീതിയുള്ളതാണ്, കാരണം ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് നിറവേറ്റാൻ ആഗ്രഹിക്കുന്നത്. “ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ അത് സത്യമാകുകയില്ല. എനിക്കുവേണ്ടി സാക്ഷ്യംവഹിക്കുന്ന മറ്റൊരാൾ ഉണ്ട്; എന്നെക്കുറിച്ചുള്ള അവിടത്തെ സാക്ഷ്യം സത്യമാണെന്ന് ഞാൻ അറിയുന്നു. “നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ചു; യോഹന്നാൻ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. മനുഷ്യന്റെ സാക്ഷ്യം ഞാൻ സ്വീകരിക്കുന്നില്ല. എന്നാൽ, ഞാൻ ഇതു പറയുന്നത് നിങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ്. യോഹന്നാൻ ജ്വലിച്ചു പ്രകാശിച്ച വിളക്ക് ആയിരുന്നു; അൽപ്പസമയത്തേക്ക് അദ്ദേഹത്തിന്റെ പ്രകാശത്തിൽ ഉല്ലസിക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടു. “എന്നാൽ, യോഹന്നാന്റെ സാക്ഷ്യത്തെക്കാൾ വലിയ സാക്ഷ്യം എനിക്കുണ്ട്. പൂർത്തീകരിക്കാനായി പിതാവ് എന്നെ ഏൽപ്പിച്ച പ്രവൃത്തികൾ—ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൾതന്നെ—പിതാവാണ് എന്നെ അയച്ചത് എന്നതിന് സാക്ഷ്യംവഹിക്കുന്നു. എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചിരിക്കുന്നു. നിങ്ങൾ ഒരിക്കലും അവിടത്തെ ശബ്ദം കേൾക്കുകയോ രൂപം കാണുകയോ ചെയ്തിട്ടില്ല; അവിടത്തെ വചനം നിങ്ങളിൽ നിവസിക്കുന്നതുമില്ല; പിതാവ് അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. നിങ്ങൾ തിരുവെഴുത്തുകൾ ശ്രദ്ധയോടെ പഠിക്കുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ വിചാരിക്കുന്നു; അവയാണ് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കുന്നത്. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരാൻ നിങ്ങൾക്കു മനസ്സില്ല. “ഞാൻ മനുഷ്യരുടെ ബഹുമാനം സ്വീകരിക്കുന്നില്ല. എന്നാൽ, എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ഹൃദയത്തിൽ ദൈവസ്നേഹമില്ലെന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു. എങ്കിലും നിങ്ങൾ എന്നെ അംഗീകരിക്കുന്നില്ല; എന്നാൽ മറ്റാരെങ്കിലും സ്വന്തം നാമത്തിൽ വന്നാൽപോലും നിങ്ങൾ അവനെ അംഗീകരിക്കും. ഏകദൈവത്തിൽനിന്നുള്ള മഹത്ത്വം അന്വേഷിക്കാതെ, പരസ്പരം ബഹുമാനം ഏറ്റുവാങ്ങുന്ന നിങ്ങൾക്ക് എങ്ങനെ എന്നിൽ വിശ്വസിക്കാൻ കഴിയും? “ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു വിചാരിക്കേണ്ടതില്ല. നിങ്ങൾ മോശയിലാണല്ലോ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്; ആ മോശയാണു നിങ്ങളെ കുറ്റം ചുമത്തുന്നത്. നിങ്ങൾ മോശയെ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അദ്ദേഹം എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. എന്നാൽ, അദ്ദേഹം എഴുതിയതു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?”