യോഹന്നാൻ 5:24-40

യോഹന്നാൻ 5:24-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിനു തന്നിൽത്തന്നെ ജീവനുള്ളതുപോലെ അവൻ പുത്രനും തന്നിൽത്തന്നെ ജീവനുള്ളവൻ ആകുമാറ് വരം നല്കിയിരിക്കുന്നു. അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ അവന് അധികാരവും നല്കിയിരിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവനായും തിന്മ ചെയ്തവർ ന്യായവിധിക്കായും, പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു. എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു. ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു. നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. എനിക്കോ മനുഷ്യന്റെ സാക്ഷ്യംകൊണ്ട് ആവശ്യമില്ല; നിങ്ങൾ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നത്. അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക് ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്ക് അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു. എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾതന്നെ, പിതാവ് എന്നെ അയച്ചു എന്ന് എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു. എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല.

യോഹന്നാൻ 5:24-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനിൽ വിശ്വസിക്കുന്നവന് അനശ്വര ജീവനുണ്ട്; അവൻ ന്യായവിധിക്കു വിധേയനാകാതെ മരണത്തിൽനിന്നു ജീവനിലേക്കു കടന്നുകഴിഞ്ഞിരിക്കുന്നു. മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവൻ പ്രാപിക്കുകയും ചെയ്യുന്ന സമയം വരുന്നു; ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞിരിക്കുന്നു എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. താൻ തന്നെ ജീവന്റെ ഉറവിടം ആയിരിക്കുന്നതുപോലെ പുത്രനും ജീവന്റെ ഉറവിടം ആയിരിക്കുവാനുള്ള അധികാരം അവനു നല്‌കപ്പെട്ടിരിക്കുന്നു. അവൻ മനുഷ്യപുത്രനായതുകൊണ്ട് ന്യായം വിധിക്കുവാനുള്ള അധികാരം അവനു നല്‌കപ്പെട്ടിരിക്കുന്നു. ഇതിൽ ആരും ആശ്ചര്യപ്പെടേണ്ടാ. ശവക്കുഴിയിലുള്ള മരിച്ചവരെല്ലാം പുത്രന്റെ ശബ്ദം കേട്ടു പുറത്തുവരികയും നന്മചെയ്തവർ ഉയിർത്തെഴുന്നേറ്റു ജീവിക്കുകയും തിന്മ ചെയ്തിട്ടുള്ളവർ ഉയിർത്തെഴുന്നേറ്റു ന്യായവിധിക്കു വിധേയരാവുകയും ചെയ്യുന്ന സമയം വരുന്നു. “എനിക്കു സ്വയമേവ ഒന്നും ചെയ്യുവാൻ കഴിയുകയില്ല. ദൈവം പറയുന്നതുകേട്ട് ഞാൻ ന്യായം വിധിക്കുന്നു. എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ഞാൻ ചെയ്യുവാൻ ശ്രമിക്കുന്നത്. അതുകൊണ്ട് എന്റെ വിധി നീതിയുക്തവുമാണ്. “ഞാൻ തന്നെ എന്നെപ്പറ്റി സാക്ഷ്യം പറഞ്ഞാൽ അതു ശരിയായിരിക്കുകയില്ല. എന്നാൽ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്ന ഒരാളുണ്ട്. അവിടുന്ന് എന്നെപ്പറ്റി പറയുന്ന ആ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം. നിങ്ങൾ യോഹന്നാന്റെ അടുക്കലേക്കു ദൂതന്മാരെ അയച്ചല്ലോ. അദ്ദേഹം സത്യത്തിനു സാക്ഷ്യംവഹിച്ചിരിക്കുന്നു. മനുഷ്യന്റെ സാക്ഷ്യം എനിക്ക് ആവശ്യം ഉണ്ടായിട്ടില്ല; നിങ്ങൾ രക്ഷ പ്രാപിക്കുന്നതിനാണ് ഞാനിതു പറയുന്നത്. യോഹന്നാൻ കത്തിജ്വലിക്കുന്ന വിളക്കായിരുന്നു. അതിന്റെ പ്രകാശത്തിൽ അല്പകാലം ആഹ്ലാദിക്കുവാൻ നിങ്ങൾ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ യോഹന്നാൻ നല്‌കിയ സാക്ഷ്യത്തെക്കാൾ മഹത്തായ സാക്ഷ്യം എനിക്കുണ്ട്. ഞാൻ ചെയ്തു പൂർത്തീകരിക്കുന്നതിനു പിതാവ് ഏല്പിച്ചിരിക്കുന്നതും ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതുമായ ഈ പ്രവൃത്തികൾതന്നെയാണ് പിതാവ് എന്നെ അയച്ചു എന്നതിനു സാക്ഷ്യം വഹിക്കുന്നത്. എന്നെ അയച്ച പിതാവു തന്നെയും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിട്ടുണ്ട്. നിങ്ങൾ അവിടുത്തെ ശബ്ദം ഒരിക്കലും ശ്രവിച്ചിട്ടില്ല; അവിടുത്തെ രൂപം ഒരിക്കലും ദർശിച്ചിട്ടുമില്ല. അവിടുത്തെ വചനം നിങ്ങളിൽ വസിക്കുന്നുമില്ല. എന്തെന്നാൽ അവിടുന്ന് അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. വേദലിഖിതങ്ങളിൽ അനശ്വരജീവനുണ്ടെന്നു കരുതി നിങ്ങൾ ശുഷ്കാന്തിയോടെ അവ പരിശോധിക്കുന്നു. ആ ലിഖിതങ്ങൾ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നവയാണ്. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല.

യോഹന്നാൻ 5:24-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്‍റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്ക് കടന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രൻ്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിന് തന്നിൽതന്നേ ജീവനുള്ളതുപോലെ, പുത്രനും തന്നിൽതന്നേ ജീവനുണ്ടാകുവാൻ തക്കവണ്ണം അവൻ അങ്ങനെ നല്കിയിരിക്കുന്നു. അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ പിതാവ് അവനു അധികാരവും നല്കിയിരിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്‍റെ ശബ്ദം കേൾക്കുവാനുള്ള സമയം വരുന്നു, നന്മ ചെയ്തിട്ടുള്ളവർ ജീവന്‍റെ ഉയിർപ്പിനായും തിന്മ ചെയ്തിട്ടുള്ളവർ ശിക്ഷാവിധിയ്ക്കുള്ള ഉയിർപ്പിനായും പുറത്തുവരും. എനിക്ക് സ്വന്തമായി ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്‍റെ ഇഷ്ടം അല്ല, എന്നെ അയച്ചവൻ്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്‍റെ വിധി നീതിയുള്ളത് ആകുന്നു. ഞാൻ എന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറഞ്ഞാൽ എന്‍റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നത് മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു. നിങ്ങൾ യോഹന്നാന്‍റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു. ഞാൻ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ല, എങ്കിലും നിങ്ങൾ രക്ഷിയ്ക്കപ്പെടുവാനത്രേ ഞാൻ ഇതു പറയുന്നത്. യോഹന്നാൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക് ആയിരുന്നു; നിങ്ങൾ അല്പകാലത്തേക്ക് അവന്‍റെ വെളിച്ചത്തിൽ ഉല്ലസിക്കുവാൻ ഇച്ഛിച്ചു. എനിക്കോ അവന്‍റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിക്കുവാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നെ, പിതാവ് എന്നെ അയച്ചു എന്നു എന്നെക്കുറിച്ച് സാക്ഷീകരിക്കുന്നു. എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്‍റെ ശബ്ദം ഒരുനാളും കേട്ടിട്ടുമില്ല, അവന്‍റെ രൂപം കണ്ടിട്ടുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് അവന്‍റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നില്ല. നിങ്ങൾ തിരുവെഴുത്തുകളെ പരിശോധിക്കുന്നു; അവയിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; എന്നാൽ അതേ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്‍റെ അടുക്കൽ വരുവാൻ നിങ്ങൾക്ക് മനസ്സില്ല.

യോഹന്നാൻ 5:24-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു. അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു. എനിക്കു സ്വതേ ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു. ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു. നിങ്ങൾ യോഹാന്നാന്റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു. എനിക്കോ മനുഷ്യന്റെ സാക്ഷ്യംകൊണ്ടു ആവശ്യമില്ല: നിങ്ങൾ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നതു. അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്കു അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു. എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു. എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല.

യോഹന്നാൻ 5:24-40 സമകാലിക മലയാളവിവർത്തനം (MCV)

“ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; അവർക്ക് ശിക്ഷാവിധി ഉണ്ടാകുകയില്ല; അവർ മരണത്തിൽനിന്ന് ജീവനിലേക്കു പ്രവേശിച്ചിരിക്കുന്നു. ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയുംചെയ്യുന്ന സമയം വരുന്നു, ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിനു തന്നിൽത്തന്നെ ജീവൻ ഉള്ളതുപോലെ പുത്രനും തന്നിൽത്തന്നെ ജീവൻ ഉള്ളവനായിരിക്കാൻ അവിടന്ന് പുത്രനും വരം നൽകിയിരിക്കുന്നു. അയാൾ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിക്കുള്ള അധികാരവും അവിടന്ന് അവനു കൊടുത്തിരിക്കുന്നു. “നിങ്ങൾ ഇതിൽ ആശ്ചര്യപ്പെടരുത്; ശവക്കല്ലറകളിലുള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം അടുത്തിരിക്കുന്നു; നന്മ ചെയ്തവർ ജീവന്റെ പുനരുത്ഥാനത്തിലേക്കും തിന്മ ചെയ്തവർ ശിക്ഷാവിധിയുടെ പുനരുത്ഥാനത്തിലേക്കും. എനിക്കു സ്വയമായി ഒന്നും ചെയ്യാൻ കഴിവില്ല; ഞാൻ കേൾക്കുന്നപ്രകാരം ന്യായംവിധിക്കുന്നു. എന്റെ വിധി നീതിയുള്ളതാണ്, കാരണം ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് നിറവേറ്റാൻ ആഗ്രഹിക്കുന്നത്. “ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ അത് സത്യമാകുകയില്ല. എനിക്കുവേണ്ടി സാക്ഷ്യംവഹിക്കുന്ന മറ്റൊരാൾ ഉണ്ട്; എന്നെക്കുറിച്ചുള്ള അവിടത്തെ സാക്ഷ്യം സത്യമാണെന്ന് ഞാൻ അറിയുന്നു. “നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ചു; യോഹന്നാൻ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. മനുഷ്യന്റെ സാക്ഷ്യം ഞാൻ സ്വീകരിക്കുന്നില്ല. എന്നാൽ, ഞാൻ ഇതു പറയുന്നത് നിങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ്. യോഹന്നാൻ ജ്വലിച്ചു പ്രകാശിച്ച വിളക്ക് ആയിരുന്നു; അൽപ്പസമയത്തേക്ക് അദ്ദേഹത്തിന്റെ പ്രകാശത്തിൽ ഉല്ലസിക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടു. “എന്നാൽ, യോഹന്നാന്റെ സാക്ഷ്യത്തെക്കാൾ വലിയ സാക്ഷ്യം എനിക്കുണ്ട്. പൂർത്തീകരിക്കാനായി പിതാവ് എന്നെ ഏൽപ്പിച്ച പ്രവൃത്തികൾ—ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൾതന്നെ—പിതാവാണ് എന്നെ അയച്ചത് എന്നതിന് സാക്ഷ്യംവഹിക്കുന്നു. എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചിരിക്കുന്നു. നിങ്ങൾ ഒരിക്കലും അവിടത്തെ ശബ്ദം കേൾക്കുകയോ രൂപം കാണുകയോ ചെയ്തിട്ടില്ല; അവിടത്തെ വചനം നിങ്ങളിൽ നിവസിക്കുന്നതുമില്ല; പിതാവ് അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. നിങ്ങൾ തിരുവെഴുത്തുകൾ ശ്രദ്ധയോടെ പഠിക്കുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ വിചാരിക്കുന്നു; അവയാണ് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കുന്നത്. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരാൻ നിങ്ങൾക്കു മനസ്സില്ല.