യോഹന്നാൻ 5:24-30
യോഹന്നാൻ 5:24-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിനു തന്നിൽത്തന്നെ ജീവനുള്ളതുപോലെ അവൻ പുത്രനും തന്നിൽത്തന്നെ ജീവനുള്ളവൻ ആകുമാറ് വരം നല്കിയിരിക്കുന്നു. അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ അവന് അധികാരവും നല്കിയിരിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവനായും തിന്മ ചെയ്തവർ ന്യായവിധിക്കായും, പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു. എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു.
യോഹന്നാൻ 5:24-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനിൽ വിശ്വസിക്കുന്നവന് അനശ്വര ജീവനുണ്ട്; അവൻ ന്യായവിധിക്കു വിധേയനാകാതെ മരണത്തിൽനിന്നു ജീവനിലേക്കു കടന്നുകഴിഞ്ഞിരിക്കുന്നു. മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവൻ പ്രാപിക്കുകയും ചെയ്യുന്ന സമയം വരുന്നു; ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞിരിക്കുന്നു എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. താൻ തന്നെ ജീവന്റെ ഉറവിടം ആയിരിക്കുന്നതുപോലെ പുത്രനും ജീവന്റെ ഉറവിടം ആയിരിക്കുവാനുള്ള അധികാരം അവനു നല്കപ്പെട്ടിരിക്കുന്നു. അവൻ മനുഷ്യപുത്രനായതുകൊണ്ട് ന്യായം വിധിക്കുവാനുള്ള അധികാരം അവനു നല്കപ്പെട്ടിരിക്കുന്നു. ഇതിൽ ആരും ആശ്ചര്യപ്പെടേണ്ടാ. ശവക്കുഴിയിലുള്ള മരിച്ചവരെല്ലാം പുത്രന്റെ ശബ്ദം കേട്ടു പുറത്തുവരികയും നന്മചെയ്തവർ ഉയിർത്തെഴുന്നേറ്റു ജീവിക്കുകയും തിന്മ ചെയ്തിട്ടുള്ളവർ ഉയിർത്തെഴുന്നേറ്റു ന്യായവിധിക്കു വിധേയരാവുകയും ചെയ്യുന്ന സമയം വരുന്നു. “എനിക്കു സ്വയമേവ ഒന്നും ചെയ്യുവാൻ കഴിയുകയില്ല. ദൈവം പറയുന്നതുകേട്ട് ഞാൻ ന്യായം വിധിക്കുന്നു. എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ഞാൻ ചെയ്യുവാൻ ശ്രമിക്കുന്നത്. അതുകൊണ്ട് എന്റെ വിധി നീതിയുക്തവുമാണ്.
യോഹന്നാൻ 5:24-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്ക് കടന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രൻ്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിന് തന്നിൽതന്നേ ജീവനുള്ളതുപോലെ, പുത്രനും തന്നിൽതന്നേ ജീവനുണ്ടാകുവാൻ തക്കവണ്ണം അവൻ അങ്ങനെ നല്കിയിരിക്കുന്നു. അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ പിതാവ് അവനു അധികാരവും നല്കിയിരിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേൾക്കുവാനുള്ള സമയം വരുന്നു, നന്മ ചെയ്തിട്ടുള്ളവർ ജീവന്റെ ഉയിർപ്പിനായും തിന്മ ചെയ്തിട്ടുള്ളവർ ശിക്ഷാവിധിയ്ക്കുള്ള ഉയിർപ്പിനായും പുറത്തുവരും. എനിക്ക് സ്വന്തമായി ഒന്നും ചെയ്വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവൻ്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു.
യോഹന്നാൻ 5:24-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു. അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു. എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.
യോഹന്നാൻ 5:24-30 സമകാലിക മലയാളവിവർത്തനം (MCV)
“ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; അവർക്ക് ശിക്ഷാവിധി ഉണ്ടാകുകയില്ല; അവർ മരണത്തിൽനിന്ന് ജീവനിലേക്കു പ്രവേശിച്ചിരിക്കുന്നു. ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയുംചെയ്യുന്ന സമയം വരുന്നു, ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിനു തന്നിൽത്തന്നെ ജീവൻ ഉള്ളതുപോലെ പുത്രനും തന്നിൽത്തന്നെ ജീവൻ ഉള്ളവനായിരിക്കാൻ അവിടന്ന് പുത്രനും വരം നൽകിയിരിക്കുന്നു. അയാൾ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിക്കുള്ള അധികാരവും അവിടന്ന് അവനു കൊടുത്തിരിക്കുന്നു. “നിങ്ങൾ ഇതിൽ ആശ്ചര്യപ്പെടരുത്; ശവക്കല്ലറകളിലുള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം അടുത്തിരിക്കുന്നു; നന്മ ചെയ്തവർ ജീവന്റെ പുനരുത്ഥാനത്തിലേക്കും തിന്മ ചെയ്തവർ ശിക്ഷാവിധിയുടെ പുനരുത്ഥാനത്തിലേക്കും. എനിക്കു സ്വയമായി ഒന്നും ചെയ്യാൻ കഴിവില്ല; ഞാൻ കേൾക്കുന്നപ്രകാരം ന്യായംവിധിക്കുന്നു. എന്റെ വിധി നീതിയുള്ളതാണ്, കാരണം ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് നിറവേറ്റാൻ ആഗ്രഹിക്കുന്നത്.