യോഹന്നാൻ 4:4-30
യോഹന്നാൻ 4:4-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ശമര്യയിൽക്കൂടി കടന്നുപോകേണ്ടിവന്നു. അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിനു കൊടുത്ത നിലത്തിനരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ട് ഉറവിനരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണി നേരം ആയിരുന്നു. ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു. അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു. ശമര്യസ്ത്രീ അവനോട്: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിപ്പാൻ ചോദിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യക്കാർക്കും തമ്മിൽ സമ്പർക്കമില്ല- അതിനു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്ക് എവിടെനിന്ന്? നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറ് ഞങ്ങൾക്കു തന്നത്; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു. യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും എന്ന് ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു. യേശു അവളോട്: പോയി ഭർത്താവിനെ വിളിച്ചുകൊണ്ടു വരിക എന്നുപറഞ്ഞു. എനിക്കു ഭർത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: എനിക്കു ഭർത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി. അഞ്ചു ഭർത്താക്കന്മാർ നിനക്ക് ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യംതന്നെ എന്നു യേശു പറഞ്ഞു. സ്ത്രീ അവനോട്: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു. ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചു വന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു. യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്റെ വാക്ക് വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നത് ഈ മലയിലും അല്ല; യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു; ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നത്. സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവ് ഇച്ഛിക്കുന്നു. ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. സ്ത്രീ അവനോട്: മശീഹാ- എന്നുവച്ചാൽ ക്രിസ്തു- വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു. യേശു അവളോട്: നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മശീഹാ എന്നു പറഞ്ഞു. ഇതിനിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോട് എന്തു സംസാരിക്കുന്നു എന്ന് ആരും ചോദിച്ചില്ല. അനന്തരം സ്ത്രീ പാത്രം വച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോട്: ഞാൻ ചെയ്തതൊക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാൺമിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു. അവർ പട്ടണത്തിൽനിന്നു പുറപ്പെട്ട് അവന്റെ അടുക്കൽ വന്നു.
യോഹന്നാൻ 4:4-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തേക്കു ശമര്യയിൽ കൂടിയാണ് പോകേണ്ടിയിരുന്നത്. അങ്ങനെ യേശു ശമര്യയിലെ സുഖാർ എന്ന പട്ടണത്തിലെത്തി. യാക്കോബ് സ്വപുത്രനായ യോസേഫിനു നല്‌കിയ വയലിനു സമീപത്തായിരുന്നു ഈ പട്ടണം. യാക്കോബിന്റെ കിണറും അവിടെയായിരുന്നു. യാത്രാക്ഷീണംകൊണ്ട് യേശു ആ കിണറിന്റെ അരികിലിരുന്നു; അപ്പോൾ ഏതാണ്ടു മധ്യാഹ്ന സമയമായിരുന്നു. ഒരു ശമര്യക്കാരി വെള്ളം കോരാൻ അവിടെ ചെന്നു. യേശു ആ സ്‍ത്രീയോട്: “എനിക്കു കുടിക്കാൻ അല്പം വെള്ളം തരിക” എന്നു പറഞ്ഞു. ഈ സമയത്ത് ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിലേക്കു പോയിരിക്കുകയായിരുന്നു. ആ സ്‍ത്രീ യേശുവിനോടു ചോദിച്ചു: “ഒരു യെഹൂദനായ അങ്ങ് ശമര്യക്കാരിയായ എന്നോടു എങ്ങനെ കുടിക്കാൻ ചോദിക്കും?” യെഹൂദന്മാരും ശമര്യക്കാരും തമ്മിൽ യാതൊരു സമ്പർക്കവുമില്ലായിരുന്നു. അതിന് യേശു മറുപടി പറഞ്ഞു: “ദൈവത്തിന്റെ ദാനം എന്താണെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരാണെന്നും നീ അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ നിനക്കു ജീവജലം നല്‌കുകയും ചെയ്യുമായിരുന്നു.” അപ്പോൾ ആ സ്ത്രീ പറഞ്ഞു: “പ്രഭോ, വെള്ളം കോരുവാൻ അങ്ങയുടെ കൈയിൽ പാത്രമില്ലല്ലോ; കിണറാണെങ്കിൽ ആഴമേറിയതാണുതാനും; പിന്നെ എവിടെനിന്നാണ് അങ്ങേക്കു ജീവജലം ലഭിക്കുക? നമ്മുടെ പൂർവപിതാവായ യാക്കോബിനെക്കാൾ വലിയവനാണോ അങ്ങ്? അദ്ദേഹമാണ് ഞങ്ങൾക്ക് ഈ കിണർ നല്‌കിയത്. അദ്ദേഹവും സന്താനങ്ങളും അദ്ദേഹത്തിന്റെ മൃഗങ്ങളും ഇതിലെ വെള്ളമാണു കുടിച്ചുപോന്നത്.” യേശു പ്രതിവചിച്ചു: “ഈ വെള്ളം കുടിക്കുന്നവനു പിന്നെയും ദാഹിക്കും. ഞാൻ നല്‌കുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നല്‌കുന്ന ജലം അവന് അനശ്വരജീവനിലേക്ക് ഉദ്ഗമിക്കുന്ന നീരുറവയായിത്തീരും.” സ്‍ത്രീ അവിടുത്തോട്: “പ്രഭോ, ആ ജലം എനിക്കു തന്നാലും. പിന്നീട് എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാൻ ഇവിടംവരെ വരികയും വേണ്ടല്ലോ” എന്നു പറഞ്ഞു. അപ്പോൾ യേശു: “നീ പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരൂ” എന്ന് ആജ്ഞാപിച്ചു. “എനിക്കു ഭർത്താവില്ല എന്നായിരുന്നു ശമര്യക്കാരിയുടെ മറുപടി. യേശു പറഞ്ഞു: “നിനക്കു ഭർത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്. നിനക്ക് അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവൻ യഥാർഥത്തിൽ നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യം തന്നെ.” അപ്പോൾ ആ സ്‍ത്രീ യേശുവിനോടു പറഞ്ഞു: “പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്നു ഞാൻ മനസ്സിലാക്കുന്നു. ഞങ്ങളുടെ പൂർവികന്മാർ ഈ മലയിലാണു ദൈവത്തെ ആരാധിച്ചു വന്നത്; എന്നാൽ ദൈവത്തെ ആരാധിക്കേണ്ട സ്ഥലം യെരൂശലേമിലാണെന്നു യെഹൂദന്മാരായ നിങ്ങൾ പറയുന്നു.” യേശു അവളോടു പറഞ്ഞു: “ഞാൻ പറയുന്നതു വിശ്വസിക്കുക; പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ യെരൂശലേമിലോ അല്ലാതാകുന്ന സമയം വരുന്നു. ആരെയാണ് ആരാധിക്കുന്നത് എന്ന് ശമര്യരായ നിങ്ങൾ യഥാർഥത്തിൽ അറിയുന്നില്ല; യെഹൂദന്മാരായ ഞങ്ങൾക്കറിയാം, ഞങ്ങൾ ആരെയാണ് ആരാധിക്കുന്നതെന്ന്; രക്ഷ യെഹൂദന്മാരിൽനിന്നാണല്ലോ വരുന്നത്. യഥാർഥ ആരാധകർ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു; അല്ല വന്നു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണു പിതാവ് അന്വേഷിക്കുന്നത്. “ദൈവം ആത്മാവാകുന്നു; ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.” ആ സ്‍ത്രീ യേശുവിനോട്: “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന മിശിഹാ വരുമെന്ന് എനിക്കറിയാം; അവിടുന്നു വരുമ്പോൾ സമസ്തവും ഞങ്ങൾക്ക് ഉപദേശിച്ചുതരും” എന്നു പറഞ്ഞു. യേശു ഉത്തരമരുളി: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നെയാണു മിശിഹാ.” ഈ സന്ദർഭത്തിൽ ശിഷ്യന്മാർ മടങ്ങിയെത്തി. യേശു ഒരു സ്‍ത്രീയോട് സംസാരിക്കുന്നതു കണ്ട് അവർ ആശ്ചര്യപ്പെട്ടു. എങ്കിലും “നിനക്ക് എന്തുവേണം?” എന്ന് ആ സ്‍ത്രീയോടോ, “അവളോടു സംസാരിക്കുന്നത് എന്തിന്?” എന്ന് യേശുവിനോടോ ആരും ചോദിച്ചില്ല. പിന്നീട് ആ സ്‍ത്രീ കുടം അവിടെ വച്ചിട്ടു പട്ടണത്തിലേക്കു തിരിച്ചുപോയി അവിടത്തെ ജനങ്ങളോടു പറഞ്ഞു: “ഞാൻ ഇന്നുവരെ ചെയ്തിട്ടുള്ളതെല്ലാം എന്നോടു പറഞ്ഞ ആ മനുഷ്യനെ വന്നു കാണുക; അദ്ദേഹം മിശിഹാ ആയിരിക്കുമോ?” അവർ പട്ടണത്തിൽനിന്ന് യേശുവിന്റെ അടുക്കലേക്കു ചെന്നു.
യോഹന്നാൻ 4:4-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ ശമര്യയിൽ കൂടി കടന്നുപോകേണ്ടിവന്നു. അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യാ പട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസഫിന് കൊടുത്ത നിലത്തിനരികെ എത്തി. അവിടെ യാക്കോബിന്‍റെ കിണറുണ്ടായിരുന്നു. യേശു യാത്രചെയ്തു ക്ഷീണിച്ചിട്ട് ആ കിണറിനരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്ക് കുടിക്കുവാൻ കുറച്ച് വെള്ളം തരിക എന്നു പറഞ്ഞു. അവന്‍റെ ശിഷ്യന്മാർ ഭക്ഷണം വാങ്ങുവാൻ പട്ടണത്തിൽ പോയിരുന്നു. ശമര്യസ്ത്രീ അവനോട്: “നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിക്കുവാൻ ചോദിക്കുന്നത് എങ്ങനെ? യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ലല്ലോ“ എന്നു പറഞ്ഞു. അതിന് യേശു: നീ ദൈവത്തിന്റെ ദാനവും, നിന്നോട് കുടിക്കുവാൻ തരിക എന്നു പറഞ്ഞവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോട് ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: “യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു ലഭിക്കും? നമ്മുടെ പിതാവായ യാക്കോബിനേക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറ് ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നത്“ എന്നു പറഞ്ഞു. യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവനെല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല, മറിച്ച് ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: “യജമാനനേ, എനിക്ക് ദാഹിക്കാതെയും ഞാൻ വെള്ളംകോരുവാൻ ഇവിടേക്ക് വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്ക് തരേണം“ എന്നു പറഞ്ഞു. യേശു അവളോട്: പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു. എനിക്ക് ഭർത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: എനിക്ക് ഭർത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി. അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ നിന്‍റെ ഭർത്താവല്ല; നീ പറഞ്ഞത് ശരി തന്നെ എന്നു യേശു പറഞ്ഞു. സ്ത്രീ അവനോട്: “യജമാനനേ, നീ ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു. ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ ആരാധിച്ചുവന്നു; എന്നാൽ ആരാധിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു“ എന്നു പറഞ്ഞു. യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്നെ വിശ്വസിക്ക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള സമയം വരുന്നു. നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നത്. സത്യനമസ്ക്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ ആരാധിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവ് ആഗ്രഹിക്കുന്നു. ദൈവം ആത്മാവ് ആകുന്നു; അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം. സ്ത്രീ അവനോട്: “മശീഹ എന്നുവച്ചാൽ ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും“ എന്നു പറഞ്ഞു. യേശു അവളോട്: നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെ മശീഹ എന്നു പറഞ്ഞു. ഇതിനിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോട് സംസാരിക്കുകയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: “അങ്ങ് എന്ത് ചോദിക്കുന്നു? അവളോട് എന്ത് സംസാരിക്കുന്നു?“ എന്നു ആരും ചോദിച്ചില്ല. അനന്തരം സ്ത്രീ പാത്രം വെച്ചിട്ട് പട്ടണത്തിൽ ചെന്നു ജനങ്ങളോട്: “ഞാൻ ചെയ്തതു ഒക്കെയും എന്നോട് പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ?“ എന്നു പറഞ്ഞു. അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
യോഹന്നാൻ 4:4-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ശമര്യയിൽ കൂടി കടന്നുപോകേണ്ടിവന്നു. അങ്ങനെ അവൻ സുഖാർ എന്നോരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു. അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു. ശമര്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല. — അതിന്നു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു? നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു. യേശു അവളോടു: ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു. സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു. യേശു അവളോടു: പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു. എനിക്കു ഭർത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: എനിക്കു ഭർത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി. അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ എന്നു യേശു പറഞ്ഞു. സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു. ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു. യേശു അവളോടു പറഞ്ഞതു: സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു. സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു. യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ എന്നു പറഞ്ഞു. ഇതിന്നിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല. അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു: ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു. അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
യോഹന്നാൻ 4:4-30 സമകാലിക മലയാളവിവർത്തനം (MCV)
ഇപ്രാവശ്യം അദ്ദേഹത്തിനു ശമര്യയിലൂടെ കടന്നുപോകേണ്ടിവന്നു. അങ്ങനെ അവിടന്നു ശമര്യയിൽ, യാക്കോബ് തന്റെ പുത്രനായ യോസേഫിനു നൽകിയ സ്ഥലത്തിനു സമീപമുള്ള സുഖാർ പട്ടണത്തിൽ എത്തി. അവിടെ യാക്കോബിന്റെ കിണർ ഉണ്ടായിരുന്നു. യാത്രാക്ഷീണത്താൽ യേശു കിണറ്റിനരികെ ഇരുന്നു. അപ്പോൾ ഏകദേശം മധ്യാഹ്നമായിരുന്നു. ഒരു ശമര്യസ്ത്രീ വെള്ളം കോരാൻ അവിടെ എത്തി; യേശു അവളോട്, “എനിക്കു കുടിക്കാൻ തരുമോ?” എന്നു ചോദിച്ചു. (ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിൽ പോയിരുന്നു.) ശമര്യസ്ത്രീ ചോദിച്ചു, “അങ്ങ് ഒരു യെഹൂദനും ഞാൻ ഒരു ശമര്യസ്ത്രീയുമായിരിക്കെ, അങ്ങ് എന്നോടു കുടിക്കാൻ ചോദിക്കുന്നത് എങ്ങനെ?” (കാരണം, യെഹൂദർക്കു ശമര്യരുമായി സമ്പർക്കമില്ല.) “ദൈവത്തിന്റെ ദാനം എന്തെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്ന് യേശു മറുപടി പറഞ്ഞു. ആ സ്ത്രീ പറഞ്ഞു, “യജമാനനേ, കോരിയെടുക്കാൻ അങ്ങയുടെ കൈവശം പാത്രം ഇല്ലല്ലോ, കിണറ് ആഴമുള്ളതുമാണ്. പിന്നെ ജീവനുള്ള വെള്ളം അങ്ങേക്ക് എവിടെനിന്നു ലഭിക്കും? അങ്ങ് ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനാണോ? അദ്ദേഹമാണ് ഈ കിണറു ഞങ്ങൾക്കു തന്നത്. അദ്ദേഹവും പുത്രന്മാരും ആടുമാടുകളും എല്ലാം ഇതിൽനിന്നാണ് വെള്ളം കുടിച്ചിരുന്നത്.” “ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും; എന്നാൽ, ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവർക്കു പിന്നീടൊരിക്കലും ദാഹിക്കുകയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവരിൽ നിത്യജീവനിലേക്കു നിറഞ്ഞുവരുന്ന നീരുറവയായിത്തീരും” എന്ന് യേശു മറുപടി പറഞ്ഞു. അപ്പോൾ സ്ത്രീ, “പ്രഭോ, എങ്കിൽ എനിക്കിനി ദാഹിക്കാതിരിക്കേണ്ടതിന്ന് ആ വെള്ളം തന്നാലും; വെള്ളം കോരാൻ ഞാൻ ഇവിടെ വരേണ്ട ആവശ്യവും ഇല്ലാതാകും” എന്നു പറഞ്ഞു. യേശു അവളോട്: “പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക.” “എനിക്കു ഭർത്താവില്ല,” അവൾ മറുപടി പറഞ്ഞു. “നിനക്കു ഭർത്താവില്ല എന്നു നീ പറയുന്നതു ശരി. വാസ്തവത്തിൽ, നിനക്ക് അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ള പുരുഷൻ നിന്റെ ഭർത്താവല്ല; അതിനാൽ നീ പറഞ്ഞതു ശരിതന്നെ.” എന്ന് യേശു അവളോടു പറഞ്ഞു. “പ്രഭോ, അങ്ങ് ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു,” സ്ത്രീ പറഞ്ഞു. “ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിലാണ് ആരാധിച്ചുവന്നത്. എന്നാൽ, ആരാധനയ്ക്കുള്ള സ്ഥലം ജെറുശലേം ആണെന്ന് നിങ്ങൾ യെഹൂദർ അവകാശപ്പെടുന്നല്ലോ?” അതിനു മറുപടിയായി യേശു ആ സ്ത്രീയോടു പറഞ്ഞത്, “സ്ത്രീയേ, എന്നെ വിശ്വസിക്കുക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജെറുശലേമിലോ അല്ല എന്നുള്ള സമയം വരുന്നു. ശമര്യരായ നിങ്ങൾ നിങ്ങൾക്ക് അജ്ഞാതമായതിനെ ആരാധിക്കുന്നു. ഞങ്ങളോ, അറിയുന്നതിനെ ആരാധിക്കുന്നു. രക്ഷ യെഹൂദരിൽനിന്നല്ലോ വരുന്നത്. എന്നാൽ, സത്യാരാധകർ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന സമയം വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്. ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം,” എന്നായിരുന്നു. അപ്പോൾ ആ സ്ത്രീ, “മശിഹാ അഥവാ, ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു. അവിടന്നു വരുമ്പോൾ ഞങ്ങൾക്കു സകലതും വിശദീകരിച്ചുതരും” എന്നു പറഞ്ഞു. ഇതേത്തുടർന്ന് യേശു, “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മശിഹാ” എന്നു പറഞ്ഞു. ഈ സമയത്ത് ശിഷ്യന്മാർ മടങ്ങിയെത്തി. അദ്ദേഹം ഒരു സ്ത്രീയോടു സംസാരിച്ചു കൊണ്ടിരിക്കുന്നതുകണ്ട് അവർ ആശ്ചര്യപ്പെട്ടു. എങ്കിലും “അങ്ങ് എന്തു ചോദിക്കുന്നുവെന്നോ, അവളോട് എന്തിനു സംസാരിക്കുന്നുവെന്നോ?” ആരും ചോദിച്ചില്ല. ആ സ്ത്രീ വെള്ളപ്പാത്രം അവിടെ വെച്ചിട്ടു പട്ടണത്തിൽ മടങ്ങിച്ചെന്ന് അവിടെയുള്ള ജനങ്ങളോട്, “ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണുക. ഒരുപക്ഷേ അദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു പറഞ്ഞു. അവർ പട്ടണത്തിൽനിന്ന് യേശുവിന്റെ അടുക്കൽവന്നു.