യോഹന്നാൻ 4:31-38
യോഹന്നാൻ 4:31-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനിടയിൽ ശിഷ്യന്മാർ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്ന് അപേക്ഷിച്ചു. അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്ക് ഉണ്ട് എന്ന് അവരോടു പറഞ്ഞു. ആകയാൽ വല്ലവനും അവനു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്റെ ആഹാരം. ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾതന്നെ കൊയ്ത്തിനു വെളുത്തിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവയ്ക്കുന്നു. വിതയ്ക്കുന്നത് ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു. നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അധ്വാനിച്ചു; അവരുടെ അധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
യോഹന്നാൻ 4:31-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതിനിടയ്‍ക്ക് ശിഷ്യന്മാർ യേശുവിനോട് “ഗുരോ, ഭക്ഷണം കഴിച്ചാലും” എന്ന് അപേക്ഷിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങൾക്ക് അജ്ഞാതമായ ആഹാരം എനിക്കുണ്ട്.” “വല്ലവരും അവിടുത്തേക്ക് ഭക്ഷണം കൊണ്ടുവന്നു കൊടുത്തു കാണുമോ?” എന്ന് ശിഷ്യന്മാർ അന്യോന്യം ചോദിച്ചു. യേശു ഉത്തരം പറഞ്ഞു: “എന്നെ അയച്ചവന്റെ അഭീഷ്ടം നിറവേറ്റുകയും അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂർത്തീകരിക്കുകയും ചെയ്യുന്നതാണ് എന്റെ ആഹാരം. ‘കൊയ്ത്തിന് ഇനിയും നാലുമാസംകൂടിയുണ്ട്’ എന്നല്ലേ നിങ്ങൾ പറയുന്നത്? ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ തലയുയർത്തി നോക്കുക. ഇപ്പോൾത്തന്നെ നിലം വിളഞ്ഞു വെളുത്ത് കൊയ്യാൻ പാകമായിരിക്കുന്നു. വിതയ്‍ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് ആഹ്ലാദിക്കുവാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങുകയും അവൻ അനശ്വരജീവനുവേണ്ടി വിളവു സംഭരിച്ചു വയ്‍ക്കുകയും ചെയ്യുന്നു. ‘ഒരുവൻ വിതയ്ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു’ എന്ന ചൊല്ല് ഇക്കാര്യത്തിൽ ഒരു യാഥാർഥ്യമായിത്തീർന്നിരിക്കുന്നു. നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്ത വയലിൽനിന്നു കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു. അന്യർ അധ്വാനിച്ചു; അവരുടെ അധ്വാനഫലം നിങ്ങൾ അനുഭവിക്കുന്നു.”
യോഹന്നാൻ 4:31-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതേസമയം ശിഷ്യന്മാർ അവനോട്: “റബ്ബീ, ഭക്ഷിച്ചാലും“ എന്നു അപേക്ഷിച്ചു. അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിക്കുവാൻ എനിക്കുണ്ട് എന്നു അവരോട് പറഞ്ഞു. ആകയാൽ ആരെങ്കിലും അവനു ഭക്ഷിക്കുവാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. യേശു അവരോട് പറഞ്ഞത്: എന്നെ അയച്ചവൻ്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികയ്ക്കുന്നത് തന്നെ എന്‍റെ ആഹാരം. ഇനി നാലു മാസം കഴിഞ്ഞിട്ട് കൊയ്ത്ത് വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തലപൊക്കി നോക്കിയാൽ വയലുകൾ ഇപ്പോൾ തന്നെ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്ക് വിളവ് കൂട്ടിവയ്ക്കുന്നു. വിതയ്ക്കുന്നത് ഒരുവൻ, കൊയ്യുന്നത് മറ്റൊരുത്തൻ എന്നുള്ള ചൊല്ല് ഇതിൽ യാഥാർത്ഥ്യമായിരിക്കുന്നു. നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തത് കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്ക് നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
യോഹന്നാൻ 4:31-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നിടയിൽ ശിഷ്യന്മാർ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു. അതിന്നു അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു എന്നു അവരോടു പറഞ്ഞു. ആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. യേശു അവരോടു പറഞ്ഞതു: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നേ എന്റെ ആഹാരം. ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു. വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു. നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‌വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
യോഹന്നാൻ 4:31-38 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനിടയിൽ ശിഷ്യന്മാർ, “റബ്ബീ, ആഹാരം കഴിച്ചാലും” എന്ന് അദ്ദേഹത്തെ നിർബന്ധിച്ചു. എന്നാൽ, “നിങ്ങൾ അറിയാത്ത ആഹാരം എനിക്കുണ്ട്!” എന്ന് യേശു മറുപടി പറഞ്ഞു. “ആരെങ്കിലും അദ്ദേഹത്തിന് ആഹാരം കൊണ്ടുവന്നു കൊടുത്തിരിക്കുമോ,” എന്നു ശിഷ്യന്മാർ പരസ്പരം പറഞ്ഞു. അപ്പോൾ യേശു പറഞ്ഞത്: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവിടത്തെ പ്രവൃത്തി നിറവേറ്റുന്നതാണ് എന്റെ ആഹാരം. ‘ഇനി നാലുമാസം കഴിഞ്ഞാൽ കൊയ്ത്തിനു സമയമാകും,’ എന്നു നിങ്ങൾ പറയുന്നില്ലേ? എന്നാൽ, നിങ്ങൾ കണ്ണുതുറന്നു വയലുകളിലേക്കു നോക്കുക. അവ വിളഞ്ഞു പാകമായിരിക്കുന്നു. ഇപ്പോൾത്തന്നെ കൊയ്ത്തുകാരൻ കൂലി വാങ്ങുകയും നിത്യജീവനിലേക്കു വിളവു ശേഖരിക്കുകയുംചെയ്യുന്നു. അങ്ങനെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുപോലെ ആനന്ദിക്കും. ‘ഒരുവൻ വിതയ്ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു,’ എന്നുള്ള പഴഞ്ചൊല്ല് ഇക്കാര്യത്തിൽ യാഥാർഥ്യമാകുന്നു: നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്യാൻ ഞാൻ നിങ്ങളെ അയച്ചു. മറ്റുള്ളവർ കഠിനാധ്വാനംചെയ്തു, അവരുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ അനുഭവിച്ചിരിക്കുന്നു.”