യോഹന്നാൻ 3:13-21
യോഹന്നാൻ 3:13-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന[വനായി സ്വർഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗത്തിൽ കയറീട്ടില്ല. മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിനുതന്നെ. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. അവനിൽ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു; തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല. സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്കു വരുന്നു.
യോഹന്നാൻ 3:13-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വർഗത്തിൽ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും സ്വർഗത്തിൽ കയറിയിട്ടില്ല.” മോശ മരുഭൂമിയിൽവച്ചു സർപ്പത്തെ ഉയർത്തിയതുപോലെ, മനുഷ്യപുത്രനും തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും അനശ്വരജീവൻ ലഭിക്കേണ്ടതിന് ഉയർത്തപ്പെടേണ്ടതാണ്. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവർ ആരും നശിച്ചുപോകാതെ അനശ്വരജീവൻ പ്രാപിക്കേണ്ടതിന് ആ പുത്രനെ നല്‌കുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ലോകത്തെ വിധിക്കുവാനല്ല ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്; പ്രത്യുത, പുത്രൻ മൂലം ലോകത്തെ രക്ഷിക്കുവാനാണ്. പുത്രനിൽ വിശ്വസിക്കുന്ന ഒരുവനും വിധിക്കപ്പെടുന്നില്ല; വിശ്വസിക്കാത്തവൻ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു; ദൈവത്തിന്റെ ഏകപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതിനാൽത്തന്നെ. മനുഷ്യരുടെ പ്രവൃത്തികൾ ദുഷ്ടതനിറഞ്ഞവയായതിനാൽ വെളിച്ചം ലോകത്തിൽ വന്നിട്ടും വെളിച്ചത്തെക്കാൾ അധികം ഇരുളിനെ അവർ സ്നേഹിച്ചു. ഇതത്രേ ന്യായവിധി. അധമപ്രവൃത്തികൾ ചെയ്യുന്ന ഏതൊരുവനും വെളിച്ചത്തെ വെറുക്കുന്നു. തന്റെ പ്രവൃത്തികൾ വെളിച്ചത്താകുമെന്നുള്ളതിനാൽ അവൻ വെളിച്ചത്തിലേക്കു വരുന്നില്ല. എന്നാൽ സത്യം പ്രവർത്തിക്കുന്നവൻ തന്റെ പ്രവൃത്തികൾ ദൈവത്തെ മുൻനിറുത്തി ചെയ്തിട്ടുള്ളതാണെന്നു വ്യക്തമാകത്തക്കവിധം വെളിച്ചത്തിലേക്കു വരുന്നു.
യോഹന്നാൻ 3:13-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല. മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്നെ. തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവൻ മുഖാന്തരം രക്ഷിയ്ക്കപ്പെടുവാനത്രേ. അവനിൽ വിശ്വസിക്കുന്നവന് ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന് ദൈവത്തിന്‍റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. ന്യായവിധിയ്ക്ക് കാരണമോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിച്ചത് തന്നെയാകുന്നു. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ വെറുക്കുന്നു; തന്‍റെ പ്രവൃത്തി വെളിപ്പെടാതിരിക്കേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നതുമില്ല. സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തോടുള്ള അനുസരണത്തിൽ ചെയ്തിരിക്കയാൽ അത് വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നു.
യോഹന്നാൻ 3:13-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന[വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല. മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല. സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.
യോഹന്നാൻ 3:13-21 സമകാലിക മലയാളവിവർത്തനം (MCV)
സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന മനുഷ്യപുത്രൻ ഒഴികെ മറ്റാരും സ്വർഗത്തിൽ കയറിപ്പോയിട്ടില്ല. മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്; അവനിൽ വിശ്വസിക്കുന്ന ഏതു വ്യക്തിയും നിത്യജീവൻ പ്രാപിക്കേണ്ടതിനു വേണ്ടിയാണിത്” എന്നു പറഞ്ഞു. ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്. അവനിൽ വിശ്വസിക്കുന്ന ആർക്കും ശിക്ഷാവിധി ഇല്ല; എന്നാൽ വിശ്വസിക്കാത്തവർക്കോ, ദൈവത്തിന്റെ നിസ്തുലപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട്, ശിക്ഷാവിധി വന്നുകഴിഞ്ഞു. പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തി കാരണം അവർ പ്രകാശത്തിനു പകരം അന്ധകാരത്തെ സ്നേഹിച്ചു എന്നതാണ് ശിക്ഷാവിധിക്ക് അടിസ്ഥാനം. തിന്മചെയ്യുന്ന ഏതൊരാളും പ്രകാശത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തികൾ പരസ്യമാകും എന്ന ഭയംനിമിത്തം പ്രകാശത്തിലേക്കു വരുന്നതുമില്ല. എന്നാൽ സത്യമനുസരിച്ചു ജീവിക്കുന്നവർ, തങ്ങളുടെ പ്രവൃത്തി ദൈവംമുഖേനയാണ് ചെയ്തതെന്നു വെളിപ്പെടാൻ പ്രകാശത്തിലേക്കു വരുന്നു.