യോഹന്നാൻ 3:1-18

യോഹന്നാൻ 3:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു. അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്ന് അവനോട്: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽനിന്ന് ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു. യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോടുപറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാൺമാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. നിക്കോദേമൊസ് അവനോട്: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു. നിങ്ങൾ പുതുതായി ജനിക്കേണം എന്ന് ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുത്. കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു. നിക്കോദേമൊസ് അവനോട്: ഇത് എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു. യേശു അവനോട് ഉത്തരം പറഞ്ഞത്: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇത് അറിയുന്നില്ലയോ? ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും. ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന[വനായി സ്വർഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗത്തിൽ കയറീട്ടില്ല. മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിനുതന്നെ. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. അവനിൽ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

യോഹന്നാൻ 3:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെഹൂദപ്രമാണിമാരുടെ കൂട്ടത്തിൽ നിക്കോദിമോസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു. അയാൾ രാത്രിയിൽ യേശുവിന്റെ അടുക്കൽ ചെന്ന് ഇങ്ങനെ പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവസന്നിധിയിൽ നിന്നു വന്ന ഗുരുവാണെന്നു ഞങ്ങൾക്കറിയാം. ദൈവം കൂടെയില്ലാതെ അങ്ങു ചെയ്യുന്നതുപോലെയുള്ള ഈ അദ്ഭുതപ്രവൃത്തികൾ ആർക്കും ചെയ്യുവാൻ സാധ്യമല്ല.” യേശു നിക്കോദിമോസിനോട്, “ഒരുവൻ പുതുതായി ജനിക്കുന്നില്ലെങ്കിൽ അവന് ദൈവരാജ്യം ദർശിക്കുവാൻ കഴിയുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു” എന്ന് അരുൾചെയ്തു. നിക്കോദിമോസ് ചോദിച്ചു: “പ്രായംചെന്ന ഒരു മനുഷ്യൻ വീണ്ടും ജനിക്കുന്നതെങ്ങനെ? വീണ്ടും മാതാവിന്റെ ഗർഭാശയത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമാണോ?” യേശു ഉത്തരമരുളി: “ഞാൻ ഉറപ്പിച്ചു പറയുന്നു: ഒരുവൻ ജലത്തിലും ആത്മാവിലുംകൂടി ജനിക്കുന്നില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ സാധ്യമല്ല. ഭൗതികശരീരത്തിൽനിന്നു ജനിക്കുന്നത് ഭൗതികശരീരവും ആത്മാവിൽനിന്നു ജനിക്കുന്നത് ആത്മാവുമാകുന്നു. നിങ്ങൾ വീണ്ടും ജനിക്കണമെന്നു ഞാൻ പറയുമ്പോൾ ആശ്ചര്യപ്പെടരുത്. കാറ്റ് ഇഷ്ടമുള്ളിടത്തു വീശുന്നു; അതിന്റെ ശബ്ദം നിങ്ങൾ കേൾക്കുന്നു; എങ്കിലും, എവിടെനിന്നു വരുന്നു എന്നോ, എങ്ങോട്ടു പോകുന്നു എന്നോ, നിങ്ങൾ അറിയുന്നില്ല. ആത്മാവിൽനിന്നു ജനിക്കുന്നവനും അങ്ങനെതന്നെ. നിക്കോദിമോസ് യേശുവിനോടു ചോദിച്ചു: “ഇതെങ്ങനെയാണു സംഭവിക്കുക?” യേശു പറഞ്ഞു: “താങ്കൾ ഇസ്രായേലിന്റെ ഒരു ഗുരുവായിട്ടും ഈ വക കാര്യങ്ങൾ മനസ്സിലാക്കിയിട്ടില്ലേ? ഞാൻ ഉറപ്പിച്ചു പറയുന്നു. ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കുകയും ഞങ്ങൾ കണ്ടതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പക്ഷേ, ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല. ഞാൻ ഭൗമികകാര്യങ്ങൾ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയമായ കാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? സ്വർഗത്തിൽ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും സ്വർഗത്തിൽ കയറിയിട്ടില്ല.” മോശ മരുഭൂമിയിൽവച്ചു സർപ്പത്തെ ഉയർത്തിയതുപോലെ, മനുഷ്യപുത്രനും തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും അനശ്വരജീവൻ ലഭിക്കേണ്ടതിന് ഉയർത്തപ്പെടേണ്ടതാണ്. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവർ ആരും നശിച്ചുപോകാതെ അനശ്വരജീവൻ പ്രാപിക്കേണ്ടതിന് ആ പുത്രനെ നല്‌കുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ലോകത്തെ വിധിക്കുവാനല്ല ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്; പ്രത്യുത, പുത്രൻ മൂലം ലോകത്തെ രക്ഷിക്കുവാനാണ്. പുത്രനിൽ വിശ്വസിക്കുന്ന ഒരുവനും വിധിക്കപ്പെടുന്നില്ല; വിശ്വസിക്കാത്തവൻ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു; ദൈവത്തിന്റെ ഏകപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതിനാൽത്തന്നെ.

യോഹന്നാൻ 3:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിക്കോദെമോസ് എന്നു പേരുള്ളോരു പരീശനുണ്ടായിരുന്നു, അവൻ യെഹൂദന്മാരുടെ ന്യായാധിപസംഘത്തിലെ അംഗമായിരുന്നു. അവൻ രാത്രിയിൽ യേശുവിന്‍റെ അടുക്കൽ വന്നു അവനോട്: “റബ്ബീ, നീ ദൈവത്തിന്‍റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‌വാൻ ആർക്കും കഴിയുകയില്ല“ എന്നു പറഞ്ഞു. യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു; ഒരുവൻ പുതുതായി ജനിച്ചില്ല എങ്കിൽ അവനു ദൈവരാജ്യം കാണ്മാൻ കഴിയുകയില്ലഎന്നു ഉത്തരം പറഞ്ഞു. നിക്കോദെമോസ് അവനോട്: “ഒരു മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? അവനു രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാൻ കഴിയുമോ?“ എന്നു ചോദിച്ചു. അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഒരുവൻ വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടക്കുവാൻ കഴിയുകയില്ല. ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു. നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോട് പറയുന്നതുകൊണ്ട് ആശ്ചര്യപ്പെടരുത്. കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്‍റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു. നിക്കോദെമോസ് അവനോട്: “ഇതു എങ്ങനെ സംഭവിക്കും?“ എന്നു ചോദിച്ചു. യേശു അവനോട് ഉത്തരം പറഞ്ഞത്:നീ യിസ്രായേലിന്‍റെ ഉപദേഷ്ടാവായിരുന്നിട്ടും ഈ കാര്യങ്ങളൊന്നും മനസ്സിലാകുന്നില്ലയോ? ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കുകയും കണ്ടത് സാക്ഷീകരിക്കയും ചെയ്യുന്നു; എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ അംഗീകരിക്കുന്നില്ല. ഭൂമിയിലുള്ള കാര്യങ്ങളെ കുറിച്ച് ഞാൻ നിങ്ങളോടു പറഞ്ഞിട്ട് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ള കാര്യങ്ങൾ നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല. മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്നെ. തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്‍റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവൻ മുഖാന്തരം രക്ഷിയ്ക്കപ്പെടുവാനത്രേ. അവനിൽ വിശ്വസിക്കുന്നവന് ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന് ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

യോഹന്നാൻ 3:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കൊദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു. അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‌വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു. യേശു അവനോടു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല എന്നു ഉത്തരം പറഞ്ഞു. നിക്കൊദേമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു. കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു. നിക്കൊദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു. യേശു അവനോടു ഉത്തരം പറഞ്ഞതു: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ? ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും. ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന[വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല. മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

യോഹന്നാൻ 3:1-18 സമകാലിക മലയാളവിവർത്തനം (MCV)

യെഹൂദരുടെ ഭരണസമിതിയിൽ നിക്കോദേമൊസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു. അദ്ദേഹം രാത്രിയിൽ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു, “റബ്ബീ, അങ്ങു ദൈവത്തിന്റെ അടുക്കൽനിന്ന് വന്ന ഒരു ആചാര്യനാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ദൈവം കൂടെയില്ലെങ്കിൽ അങ്ങു ചെയ്യുന്ന ഈ ചിഹ്നങ്ങൾ ചെയ്യാൻ ആർക്കും സാധ്യമല്ല.” “ഞാൻ താങ്കളോട് സത്യം സത്യമായി പറയട്ടെ: വീണ്ടും ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണാൻ ആർക്കും കഴിയുകയില്ല” യേശു പ്രതിവചിച്ചു. “പ്രായമായശേഷം ഒരു മനുഷ്യൻ ജനിക്കുന്നത് എങ്ങനെ? രണ്ടാമതും മാതാവിന്റെ ഉദരത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമല്ലല്ലോ!” നിക്കോദേമൊസ് ചോദിച്ചു. യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജനിച്ചില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ആർക്കും കഴിയുകയില്ല. ഭൗതികജനനം ശാരീരികമായി സംഭവിക്കുന്നു; ആത്മികജനനം ആത്മാവിലൂടെ സംഭവിക്കുന്നു. ‘നിങ്ങൾ വീണ്ടും ജനിക്കണം,’ എന്നു ഞാൻ പറഞ്ഞതിൽ നീ ആശ്ചര്യപ്പെടേണ്ടതില്ല. കാറ്റ് ഇഷ്ടമുള്ളേടത്തേക്കു വീശുന്നു. അതിന്റെ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ അറിയുന്നില്ല. ആത്മാവിൽനിന്നു ജനിച്ച ഏതൊരു വ്യക്തിയും അങ്ങനെതന്നെ.” “ഇത് എങ്ങനെ സാധ്യമാകും?” നിക്കോദേമൊസ് ചോദിച്ചു. അതിന് യേശു, “നീ ഇസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഈ കാര്യങ്ങൾ ഗ്രഹിക്കുന്നില്ലയോ? സത്യം സത്യമായി ഞാൻ താങ്കളോട് പറയട്ടെ: ഞങ്ങൾ അറിയുന്നതിനെപ്പറ്റി സംസാരിക്കുകയും, കണ്ടിരിക്കുന്നതിനെപ്പറ്റി സാക്ഷ്യം പറയുകയും ചെയ്യുന്നു, എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല. ലൗകികകാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയകാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന മനുഷ്യപുത്രൻ ഒഴികെ മറ്റാരും സ്വർഗത്തിൽ കയറിപ്പോയിട്ടില്ല. മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്; അവനിൽ വിശ്വസിക്കുന്ന ഏതു വ്യക്തിയും നിത്യജീവൻ പ്രാപിക്കേണ്ടതിനു വേണ്ടിയാണിത്” എന്നു പറഞ്ഞു. ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്. അവനിൽ വിശ്വസിക്കുന്ന ആർക്കും ശിക്ഷാവിധി ഇല്ല; എന്നാൽ വിശ്വസിക്കാത്തവർക്കോ, ദൈവത്തിന്റെ നിസ്തുലപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട്, ശിക്ഷാവിധി വന്നുകഴിഞ്ഞു.