യോഹന്നാൻ 21:9-19
യോഹന്നാൻ 21:9-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കരയ്ക്ക് ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോട്: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തിമൂന്നു വലിയ മീൻ നിറഞ്ഞ വല കരയ്ക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല. യേശു അവരോട്: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; കർത്താവാകുന്നു എന്ന് അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്ന് അവനോട് ചോദിപ്പാൻ തുനിഞ്ഞില്ല. യേശു വന്ന് അപ്പം എടുത്ത് അവർക്കു കൊടുത്തു; മീനും അങ്ങനെതന്നെ. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി. അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: ഉവ്വ്, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്ന് അവൻ അവനോട് പറഞ്ഞു. രണ്ടാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: ഉവ്വ്, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്ന് അവൻ അവനോട് പറഞ്ഞു. മൂന്നാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്ന് മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ട് എന്നും നീ അറിയുന്നു എന്ന് അവനോട് പറഞ്ഞു. യേശു അവനോട്: എന്റെ ആടുകളെ മേയ്ക്ക. ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ യൗവനക്കാരൻ ആയിരുന്നപ്പോൾ നീതന്നെ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായ ശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അര കെട്ടി നിനക്ക് ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു. അതിനാൽ അവൻ ഇന്നവിധം മരണംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തും എന്ന് അവൻ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ട്: എന്നെ അനുഗമിക്ക എന്ന് അവനോട് പറഞ്ഞു.
യോഹന്നാൻ 21:9-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ കരയ്‍ക്കിറങ്ങിയപ്പോൾ തീക്കനൽ കൂട്ടി അതിന്മേൽ മീൻ വച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോട് “ഇപ്പോൾ നിങ്ങൾ പിടിച്ച മീനും കുറെ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞു. ശിമോൻപത്രോസ് വഞ്ചിയിൽ കയറി വല വലിച്ചുകയറ്റി. നൂറ്റിഅമ്പത്തിമൂന്നു വലിയ മീനുണ്ടായിരുന്നു. അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല. യേശു അവരോട്, വന്നു പ്രാതൽ കഴിക്കൂ എന്നു പറഞ്ഞു. “അങ്ങ് ആരാകുന്നു?” എന്ന് അവിടുത്തോടു ചോദിക്കാൻ ശിഷ്യന്മാർ ആരും മുതിർന്നില്ല. അതു കർത്താവാണെന്ന് അവർക്ക് അറിയാമായിരുന്നു. യേശു ചെന്ന് അപ്പമെടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മീനും. മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനായത് ഇതു മൂന്നാം പ്രാവശ്യമായിരുന്നു. പ്രാതൽ കഴിഞ്ഞപ്പോൾ യേശു ശിമോൻ പത്രോസിനോടു ചോദിച്ചു: “യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുണ്ടോ?” “ഉവ്വ് കർത്താവേ എനിക്ക് അങ്ങയോടു പ്രിയമുണ്ട് എന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പറഞ്ഞു. യേശു പത്രോസിനോട് “എന്റെ കുഞ്ഞാടുകളെ മേയ്‍ക്കുക” എന്ന് അരുൾചെയ്തു. യേശു രണ്ടാം പ്രാവശ്യവും “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?” എന്നു ചോദിച്ചു. “ഉവ്വ് കർത്താവേ എനിക്ക് അങ്ങയോട് പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പ്രതിവചിച്ചു. “എന്റെ ആടുകളെ പരിപാലിക്കുക” എന്ന് യേശു അരുൾചെയ്തു. മൂന്നാംപ്രാവശ്യം യേശു, “യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ?” എന്നു ചോദിച്ചു. മൂന്നാം പ്രാവശ്യവും നിനക്ക് എന്നോടു പ്രിയമുണ്ടോ? എന്ന് യേശു ചോദിച്ചതിനാൽ പത്രോസിനു വ്യസനമുണ്ടായി. “കർത്താവേ, അങ്ങു സകലവും അറിയുന്നു; എനിക്ക് അങ്ങയോടു പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുവല്ലോ” എന്നു പത്രോസ് പറഞ്ഞു. ഉടനെ യേശു അരുൾചെയ്തു: “എന്റെ ആടുകളെ മേയ്‍ക്കുക; നീ യുവാവായിരുന്നപ്പോൾ സ്വയം അര മുറുക്കി നിനക്ക് ഇഷ്ടമുള്ളേടത്തു സഞ്ചരിച്ചു. വൃദ്ധനാകുമ്പോഴാകട്ടെ, നീ കൈ നീട്ടുകയും വേറൊരാൾ നിന്റെ അര മുറുക്കി ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു ഞാൻ ഉറപ്പിച്ചുപറയുന്നു.” പത്രോസ് എങ്ങനെയുള്ള മരണത്താൽ ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നു സൂചിപ്പിക്കുവാനാണ് അവിടുന്ന് ഇങ്ങനെ പറഞ്ഞത്. അതിനുശേഷം “എന്നെ അനുഗമിക്കുക” എന്നു പത്രോസിനോട് അരുൾചെയ്തു.
യോഹന്നാൻ 21:9-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കരയ്ക്ക് ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോട്: ഇപ്പോൾ പിടിച്ച മീൻ ചിലത് കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തി മൂന്നു വലിയ മീൻ നിറഞ്ഞ വല കരയ്ക്ക് വലിച്ചുകയറ്റി; അത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല. യേശു അവരോട്: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; ഇതു കർത്താവാകുന്നു എന്നു അറിഞ്ഞിരുന്നതുകൊണ്ട് ശിഷ്യന്മാരിൽ ഒരുവനും: “നീ ആർ?“ എന്നു അവനോട് ചോദിപ്പാൻ തുനിഞ്ഞില്ല. യേശു വന്നു അപ്പം എടുത്തു അവർക്ക് കൊടുത്തു; മീനും അങ്ങനെ തന്നെ. യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇതു മൂന്നാമത്തെ പ്രാവശ്യമായിരുന്നു തന്നത്താൻ ശിഷ്യന്മാർക്ക് പ്രത്യക്ഷനായത്. അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: “ഉവ്വ്, കർത്താവേ; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ“ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്കഎന്നു അവൻ അവനോട് പറഞ്ഞു. രണ്ടാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ? എന്നു ചോദിച്ചു. അതിന് അവൻ: “ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ“ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിയ്ക്ക എന്നു അവൻ അവനോട് പറഞ്ഞു. മൂന്നാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?എന്നു ചോദിച്ചു. എന്നെ സ്നേഹിക്കുന്നുവോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: “കർത്താവേ, നീ സകലവും അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നും നീ അറിയുന്നു“ എന്നു അവനോട് പറഞ്ഞു. യേശു അവനോട്: എന്റെ ആടുകളെ മേയ്ക്ക. ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: നീ യൗവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നെ അരകെട്ടി നിനക്കു ഇഷ്ടമുള്ളേടത്ത് നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്‍റെ അരകെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്ക് നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു പറഞ്ഞു. യേശു ഇതു പറഞ്ഞത്, ഏത് വിധത്തിലുള്ള മരണത്താൽ പത്രൊസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. ഇതു പറഞ്ഞതിനുശേഷം: “എന്നെ അനുഗമിക്ക” എന്നു അവനോട് പറഞ്ഞു.
യോഹന്നാൻ 21:9-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കരെക്കു ഇറെങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോടു: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീൻ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല. യേശു അവരോടു: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; കർത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്നു അവനോടു ചോദിപ്പാൻ തുനിഞ്ഞില്ല. യേശു വന്നു അപ്പം എടുത്തു അവർക്കു കൊടുത്തു; മീനും അങ്ങനെ തന്നേ. യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രാവശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി. അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവൻ അവനോടു പറഞ്ഞു. രണ്ടാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ ഉവ്വു കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്നു അവൻ അവനോടു പറഞ്ഞു. മൂന്നാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്റെ ആടുകളെ മേയ്ക്ക. ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ യൗവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നേ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അര കെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു. അതിനാൽ അവൻ ഇന്നവിധം മരണംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്നു അവൻ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
യോഹന്നാൻ 21:9-19 സമകാലിക മലയാളവിവർത്തനം (MCV)
കരയ്ക്ക് ഇറങ്ങിയപ്പോൾ അവിടെ തീക്കനലുകൾകൂട്ടി അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോട്, “ഇപ്പോൾ പിടിച്ച കുറെ മീൻ കൊണ്ടുവരിക.” എന്നു പറഞ്ഞു. ശിമോൻ പത്രോസ് വള്ളത്തിൽ കയറി വല കരയ്ക്കു വലിച്ചുകയറ്റി. നൂറ്റിയമ്പത്തിമൂന്ന് വലിയ മീൻകൊണ്ട് ആ വല നിറഞ്ഞിരുന്നു. അത്രയേറെ മത്സ്യം ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല! യേശു അവരോട്, “വന്നു പ്രഭാതഭക്ഷണം കഴിക്കുക.” എന്നു പറഞ്ഞു. ശിഷ്യന്മാരിൽ ആരും അദ്ദേഹത്തോട്, “അങ്ങ് ആരാണ്?” എന്നു ചോദിക്കാൻ ധൈര്യപ്പെട്ടില്ല; അതു കർത്താവാണെന്ന് അവർക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു. യേശു വന്ന് അപ്പം എടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മീനും. മരിച്ചവരിൽനിന്ന് പുനരുത്ഥാനംചെയ്തശേഷം ഇപ്പോൾ ഇത് മൂന്നാംപ്രാവശ്യമാണ് യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നത്. പ്രഭാതഭക്ഷണത്തിനുശേഷം യേശു ശിമോൻ പത്രോസിനോട്, “യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാൾ അധികം നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു. “ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അങ്ങ് അറിയുന്നല്ലോ?” പത്രോസ് പറഞ്ഞു. “എന്റെ കുഞ്ഞാടുകളെ മേയിക്കുക,” യേശു പറഞ്ഞു. യേശു വീണ്ടും, “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു. അതിന് അയാൾ, “ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അവിടന്ന് അറിയുന്നല്ലോ?” എന്ന് ഉത്തരം പറഞ്ഞു. “എന്റെ ആടുകളെ പരിപാലിക്കുക,” യേശു പറഞ്ഞു. മൂന്നാംതവണയും യേശു, “യോഹന്നാന്റെ മകനായ ശിമോനെ, നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്നു ചോദിച്ചു. “നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്ന് യേശു മൂന്നാമതും ചോദിക്കയാൽ പത്രോസ് ദുഃഖിതനായി ഇങ്ങനെ മറുപടി പറഞ്ഞു: “കർത്താവേ, അവിടന്ന് എല്ലാം അറിയുന്നു; എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്നും അങ്ങ് അറിയുന്നു.” അപ്പോൾ യേശു പത്രോസിനോട്, “എന്റെ ആടുകളെ മേയിക്കുക” എന്നു പറഞ്ഞശേഷം ഇങ്ങനെ തുടർന്നു, “സത്യം സത്യമായി ഞാൻ നിന്നോട് പറയട്ടെ: നീ യുവാവായിരുന്നപ്പോൾ സ്വയം വസ്ത്രംധരിച്ച് ഒരുങ്ങി ഇഷ്ടമുള്ളേടത്തേക്കു നടന്നു. വൃദ്ധനാകുമ്പോൾ നീ കൈ നീട്ടുകയും മറ്റാരെങ്കിലും നിന്നെ വസ്ത്രം ധരിപ്പിച്ചു നിനക്കു പോകാൻ ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും.” ഏതു വിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്ത്വപ്പെടുത്തും എന്നു സൂചിപ്പിച്ചായിരുന്നു യേശു ഇതു പറഞ്ഞത്. പിന്നെ യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.