യോഹന്നാൻ 19:23-42
യോഹന്നാൻ 19:23-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്ത് ഓരോ പടയാളിക്ക് ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ട് അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇത് കീറരുത്; ആർക്കു വരും എന്ന് ചീട്ടിടുക എന്ന് അവർ തമ്മിൽ പറഞ്ഞു. എന്റെ വസ്ത്രം അവർ പകുത്തെടുത്ത് എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ള തിരുവെഴുത്തിന് ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെയൊക്കെയും ചെയ്തു. യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നത് കണ്ടിട്ട്: സ്ത്രീയേ, ഇതാ, നിന്റെ മകൻ എന്ന് അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോട്: ഇതാ, നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു. അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞൊരു പാത്രം വച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ച വീഞ്ഞു നിറച്ച് ഈസോപ്പു തണ്ടിന്മേൽ ആക്കി അവന്റെ വായോട് അടുപ്പിച്ചു. യേശു പുളിച്ച വീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായിച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു. അന്ന് ഒരുക്കനാളും ആ ശബ്ബത്ത്നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നുവച്ച് അവരുടെ കാൽ ഒടിച്ച് എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോട് അപേക്ഷിച്ചു. ആകയാൽ പടയാളികൾ വന്ന് ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റേവന്റെയും കാൽ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്ന്, അവൻ മരിച്ചുപോയി എന്ന് കാൺകയാൽ അവന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിനു താൻ സത്യം പറയുന്നു എന്ന് അവൻ അറിയുന്നു. “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന് ഇതു സംഭവിച്ചു. “അവർ കുത്തിയവങ്കലേക്കു നോക്കും” എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു. അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോട് അനുവാദം ചോദിച്ചു; പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്ന് അവന്റെ ശരീരം എടുത്തു. ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു. അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗത്തോടുകൂടെ ശീല പൊതിഞ്ഞു കെട്ടി. അവനെ ക്രൂശിച്ച സ്ഥലത്തുതന്നെ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പേ ആരെയും വച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയും ഉണ്ടായിരുന്നു. ആ കല്ലറ സമീപം ആകകൊണ്ട് അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.
യോഹന്നാൻ 19:23-42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശുവിനെ ക്രൂശിച്ചശേഷം പടയാളികൾ അവിടുത്തെ വസ്ത്രങ്ങൾ നാലായി പങ്കിട്ടെടുത്തു. അവിടുത്തെ പുറങ്കുപ്പായവും അവരെടുത്തു. എന്നാൽ അത് മുകൾമുതൽ അടിവരെ തയ്യലില്ലാതെ നെയ്തുണ്ടാക്കിയതായിരുന്നതുകൊണ്ട് “ഇതു നമുക്കു കീറണ്ടാ, നറുക്കിട്ട് ആർക്കു കിട്ടുമെന്ന് നിശ്ചയിക്കാം” എന്നു പരസ്പരം പറഞ്ഞു. എന്റെ വസ്ത്രങ്ങൾ അവർ പങ്കിട്ടെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിട്ടു എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് ഇപ്രകാരം സംഭവിച്ചു. യേശുവിന്റെ കുരിശിനു സമീപം അവിടുത്തെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പായുടെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്‌ക്കുന്നുണ്ടായിരുന്നു. തന്റെ മാതാവും താൻ സ്നേഹിച്ച ശിഷ്യനും അടുത്തുനില്‌ക്കുന്നതു കണ്ടപ്പോൾ യേശു മാതാവിനോട്, “സ്‍ത്രീയേ, ഇതാ നിങ്ങളുടെ മകൻ എന്നു പറഞ്ഞു. പിന്നീട് ശിഷ്യനോട്, ‘ഇതാ നിന്റെ അമ്മ’ എന്നും അരുൾചെയ്തു. അപ്പോൾത്തന്നെ ആ ശിഷ്യൻ യേശുവിന്റെ അമ്മയെ തന്റെ സ്വന്തം ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം സകലവും പൂർത്തിയായിരിക്കുന്നു എന്ന് യേശു അറിഞ്ഞുകൊണ്ട് “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു. വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതു സംഭവിക്കേണ്ടതാണല്ലോ. അവിടെ ഒരു ഭരണി നിറയെ പുളിച്ചവീഞ്ഞു വച്ചിരുന്നു. അവർ ആ പുളിച്ചവീഞ്ഞിൽ സ്പഞ്ചു മുക്കി ഒരു കോലിൽവച്ച് അവിടുത്തെ വായോട് അടുപ്പിച്ചു പിടിച്ചു. പുളിച്ചവീഞ്ഞ് സ്വീകരിച്ചശേഷം “എല്ലാം പൂർത്തിയായിരിക്കുന്നു” എന്ന് അവിടുന്ന് അരുൾചെയ്തു. അനന്തരം അവിടുന്നു തലകുനിച്ചു പ്രാണൻ വെടിഞ്ഞു. ശബത്തിന്റെ ഒരുക്കനാളായിരുന്നല്ലോ അന്ന്. ആ ശബത്താകട്ടെ അതിപ്രധാനവുമായിരുന്നു. ശബത്തിൽ ശരീരങ്ങൾ കുരിശിൽ കിടക്കുന്നത് ശരിയല്ലാത്തതുകൊണ്ട് കാലുകൾ ഒടിച്ചു നീക്കം ചെയ്യണമെന്ന് യെഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു. അതനുസരിച്ചു പടയാളികൾ വന്ന് യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട ആദ്യത്തെ ആളിന്റെയും അപരന്റെയും കാലുകൾ ഒടിച്ചു. എന്നാൽ അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അവിടുന്നു മരിച്ചു കഴിഞ്ഞതായി മനസ്സിലാക്കിയതിനാൽ അവിടുത്തെ കാലുകൾ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുവൻ അവിടുത്തെ പാർശ്വത്തിൽ കുന്തം കുത്തിയിറക്കി. ഉടനെ രക്തവും വെള്ളവും പുറത്തേക്കൊഴുകി. നിങ്ങളും വിശ്വസിക്കുന്നതിനായി ഇതു നേരിൽ കണ്ടയാളാണ് ഇതിനു സാക്ഷ്യം വഹിച്ചിരിക്കുന്നത്. അയാളുടെ സാക്ഷ്യം സത്യമാകുന്നു. സത്യമാണു താൻ പറയുന്നത് എന്ന് അയാൾക്കു ബോധ്യവുമുണ്ട്. ‘അവിടുത്തെ ഒരു അസ്ഥിയും ഒടിക്കപ്പെടുകയില്ല’ എന്നു വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഈ സംഭവത്തിലൂടെ സത്യമായിത്തീർന്നു. തങ്ങൾ കുത്തിത്തുളച്ചവനിലേക്ക് അവർ നോക്കും; എന്ന് മറ്റൊരു ലിഖിതവുമുണ്ടല്ലോ. അരിമത്യയിലെ യോസേഫ് എന്നൊരാൾ യെഹൂദന്മാരെ ഭയന്ന് യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്നു. കുരിശിൽനിന്ന് യേശുവിന്റെ ശരീരം നീക്കം ചെയ്യുന്നതിന് അദ്ദേഹം പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്‌കുകയും ചെയ്തു. അദ്ദേഹം വന്ന് യേശുവിന്റെ ശരീരം കുരിശിൽനിന്നിറക്കി. മുമ്പ് ഒരു രാത്രിയിൽ യേശുവിന്റെ അടുത്തുവന്ന നിക്കോദിമോസ്, മൂരും അകിലും ചേർത്തുണ്ടാക്കിയ നാല്പതിൽപരം കിലോഗ്രാം സുഗന്ധദ്രവ്യം കൊണ്ടുവന്നു. അവർ ചേർന്ന് യേശുവിന്റെ ശരീരം യെഹൂദന്മാരുടെ ശവസംസ്കാരരീതിയനുസരിച്ച് സുഗന്ധദ്രവ്യത്തോടുകൂടി മൃതദേഹം പൊതിയുന്ന തുണി ചുറ്റിക്കെട്ടി സജ്ജമാക്കി. യേശുവിനെ ക്രൂശിച്ച സ്ഥലത്ത് ഒരു തോട്ടവും അതിൽ ആരെയും ഒരിക്കലും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. യെഹൂദന്മാരുടെ ഒരുക്കനാൾ ആയിരുന്നു അത്. ആ കല്ലറ സമീപത്തുമായിരുന്നു. അതുകൊണ്ട് അവർ യേശുവിനെ അവിടെ സംസ്കരിച്ചു.
യോഹന്നാൻ 19:23-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പടയാളികൾ യേശുവിനെ ക്രൂശിച്ചശേഷം അവന്‍റെ വസ്ത്രം എടുത്തു ഓരോ പടയാളിക്ക് ഓരോ പങ്കായിട്ട് നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ട് മുഴുവനും നെയ്തതായിരുന്നു. “ഇതു കീറരുത്; ആർക്ക് വരും എന്നു ചീട്ടിടുക“ എന്നു അവർ തമ്മിൽ പറഞ്ഞു. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന് ഇതിനാൽ നിവൃത്തിവന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു. യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിൻ്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ട്: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോട് പറഞ്ഞു. പിന്നെ ശിഷ്യനോട്: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു. അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് തിരുവെഴുത്തുകൾ നിവൃത്തിയാകുംവണ്ണം: “എനിക്ക് ദാഹിക്കുന്നു” എന്നു പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞ് നിറഞ്ഞൊരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ച വീഞ്ഞ് നിറച്ച് ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോട് അടുപ്പിച്ചു. യേശു പുളിച്ച വീഞ്ഞ് കുടിച്ചശേഷം: “ഇത് നിവൃത്തിയായിരിക്കുന്നു” എന്നു പറഞ്ഞു തല ചായ്‌ച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു. അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ട് ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നുവച്ച് അവരുടെ കാലുകൾ ഒടിച്ച് ശരീരങ്ങൾ താഴെയിറക്കേണം എന്നു യെഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു. ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവൻ്റെയും യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റവൻ്റെയും കാലുകൾ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ, അവൻ മരിച്ചുകഴിഞ്ഞിരുന്നു എന്നു കാൺകയാൽ അവന്‍റെ കാലുകൾ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് അവന്‍റെ വിലാപ്പുറത്ത് കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന് താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു. “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്ത് നിവൃത്തിയാകേണ്ടതിന് ഇതു സംഭവിച്ചു. “അവർ കുത്തിയവങ്കലേക്ക് നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു. അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ട് രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്ഥ്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവദിച്ചപ്പോൾ അവൻ വന്നു അവന്റെ ശരീരം എടുത്തു. യേശുവിന്‍റെ അടുക്കൽ ആദ്യം രാത്രിയിൽ വന്ന നിക്കോദെമോസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ട് കൊണ്ടുവന്നു. അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി. അവനെ ക്രൂശിച്ച സ്ഥലത്തുതന്നെ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയും ഉണ്ടായിരുന്നു. യെഹൂദന്മാരുടെ ഒരുക്കനാൾ ആയിരുന്നതുകൊണ്ടും ആ കല്ലറ സമീപം ആയിരുന്നതുകൊണ്ടും അവർ യേശുവിനെ അതിൽ വച്ചു.
യോഹന്നാൻ 19:23-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇതു കീറരുതു; ആർക്കു വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന്നു ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു. യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു. അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു. യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു. അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു. ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാണ്കയാൽ അവന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു. “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു. “അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു. അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്നു അവന്റെ ശരീരം എടുത്തു. ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു. അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി. അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു. ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.
യോഹന്നാൻ 19:23-42 സമകാലിക മലയാളവിവർത്തനം (MCV)
യേശുവിനെ ക്രൂശിച്ചതിനുശേഷം പടയാളികൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ, ഓരോരുത്തനും ലഭിക്കത്തക്കവിധം നാലായി ഭാഗിച്ചു; പുറങ്കുപ്പായം അവർ ഭാഗിച്ചില്ല; അതു തുന്നൽ ഇല്ലാതെ മേൽതൊട്ട് അടിവരെ മുഴുവനും നെയ്തെടുത്തതായിരുന്നു. “ഇത് നാം കീറരുത്, ആർക്കു കിട്ടുമെന്ന് നറുക്കിട്ടു തീരുമാനിക്കാം,” എന്ന് അവർ പരസ്പരം പറഞ്ഞു. “എന്റെ വസ്ത്രങ്ങൾ അവർ പകുത്തെടുത്തു. എന്റെ പുറങ്കുപ്പായത്തിനായവർ നറുക്കിട്ടു,” എന്നുള്ള തിരുവെഴുത്തു നിറവേറുന്നതിനാണ് സൈനികർ ഇങ്ങനെയെല്ലാം ചെയ്തത്. ക്രൂശിനരികെ യേശുവിന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും നിന്നിരുന്നു. അമ്മയും താൻ സ്നേഹിച്ച ശിഷ്യനും സമീപത്തുനിൽക്കുന്നതു കണ്ടിട്ട് യേശു അമ്മയോട്, “സ്ത്രീയേ, ഇതാ നിന്റെ മകൻ!” എന്നും ശിഷ്യനോട്, “ഇതാ നിന്റെ അമ്മ!” എന്നും പറഞ്ഞു. ആ സമയംമുതൽ ആ ശിഷ്യൻ യേശുവിന്റെ അമ്മയെ സ്വന്തംഭവനത്തിൽ സ്വീകരിച്ചു. അതിനുശേഷം, സകലതും പൂർത്തിയായിരിക്കുന്നു എന്നറിഞ്ഞ്, തിരുവെഴുത്തു പൂർത്തീകരിക്കുന്നതിനായി യേശു, “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞു നിറച്ച് ഒരു പാത്രം വെച്ചിരുന്നു. അവർ ഒരു സ്പോഞ്ച് അതിൽ മുക്കി ഈസോപ്പുചെടിയുടെ തണ്ടിന്മേലാക്കി യേശുവിന്റെ വായോടടുപ്പിച്ചു. അതു കുടിച്ചശേഷം യേശു “സകലതും നിവൃത്തിയായി!” എന്നു പറഞ്ഞു തല ചായ്ച്ചു തന്റെ ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു. അന്ന് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കത്തിന്റെ ദിവസവും പിറ്റേന്ന് വളരെ സവിശേഷതകളുള്ള ഒരു ശബ്ബത്തും ആയിരുന്നു. ശബ്ബത്തുനാളിൽ ശവശരീരങ്ങൾ ക്രൂശിൽ കിടക്കുന്നത് ഒഴിവാക്കുന്നതിന് അവരുടെ കാലുകൾ ഒടിപ്പിച്ചു താഴെയിറക്കണമെന്ന് യെഹൂദനേതാക്കന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു. അതുകൊണ്ടു പടയാളികൾ വന്ന്, യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട രണ്ടുപേരുടെയും കാലുകൾ ആദ്യം ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹം മരിച്ചു കഴിഞ്ഞു എന്നു മനസ്സിലാക്കിയിട്ടു കാലുകൾ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് യേശുവിന്റെ പാർശ്വത്തിൽ കുത്തി. ഉടനെ രക്തവും വെള്ളവും പുറത്തേക്കൊഴുകി. ഇതു കണ്ടയാൾതന്നെയാണ് ഈ സാക്ഷ്യം പറഞ്ഞിരിക്കുന്നത്; അവന്റെ സാക്ഷ്യം സത്യംതന്നെ; താൻ പറയുന്നതു സത്യം എന്ന് അയാൾ അറിയുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിനാണ് അയാൾ ഇതു സാക്ഷ്യപ്പെടുത്തുന്നത്. “അവന്റെ അസ്ഥികളിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല,” എന്നുള്ള തിരുവെഴുത്തു നിറവേറുന്നതിന് ഇതു സംഭവിച്ചു. “തങ്ങൾ കുത്തിയവങ്കലേക്കു നോക്കും,” എന്നു വേറൊരു തിരുവെഴുത്തും പറയുന്നു. അതിനുശേഷം, യെഹൂദനേതാക്കന്മാരോടുള്ള ഭയംനിമിത്തം രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമഥ്യക്കാരൻ യോസേഫ്, പീലാത്തോസിനോട് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്നപേക്ഷിച്ചു. പീലാത്തോസിന്റെ അനുവാദത്തോടെ അയാൾ വന്നു മൃതശരീരം എടുത്തു. മുമ്പൊരിക്കൽ രാത്രിയിൽ യേശുവിനെ സന്ദർശിച്ച നിക്കോദേമൊസും അയാളുടെകൂടെ ഉണ്ടായിരുന്നു. മീറയും ചന്ദനവുംകൊണ്ടുള്ള മിശ്രിതം ഏകദേശം മുപ്പത്തിനാല് കിലോഗ്രാം നിക്കോദേമൊസ് കൊണ്ടുവന്നു. ഇരുവരുംകൂടി യേശുവിന്റെ ശരീരം എടുത്തു, യെഹൂദരുടെ ശവസംസ്കാര ആചാരമനുസരിച്ച് ആ സുഗന്ധമിശ്രിതം പുരട്ടി ശവക്കച്ചയിൽ പൊതിഞ്ഞു. യേശുവിനെ ക്രൂശിച്ച സ്ഥലത്ത് ഒരു തോട്ടവും ആ തോട്ടത്തിൽ, ആരെയും ഒരിക്കലും അടക്കിയിട്ടില്ലാത്ത ഒരു കല്ലറയും ഉണ്ടായിരുന്നു. അന്ന് യെഹൂദരുടെ പെരുന്നാളിന്റെ ഒരുക്കനാൾ ആയിരുന്നതിനാലും ആ കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു.