യോഹന്നാൻ 18:21-40

യോഹന്നാൻ 18:21-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീ എന്നോടു ചോദിക്കുന്നത് എന്ത്? ഞാൻ സംസാരിച്ചത് എന്തെന്ന് കേട്ടവരോട് ചോദിക്ക; ഞാൻ പറഞ്ഞത് അവർ അറിയുന്നു എന്ന് ഉത്തരം പറഞ്ഞു. അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത് എന്നു പറഞ്ഞു യേശുവിന്റെ കന്നത്ത് ഒന്നടിച്ചു. യേശു അവനോട്: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നത് എന്ത് എന്നു പറഞ്ഞു. ഹന്നാവ് അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു. ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്ന് ചിലർ അവനോട് ചോദിച്ചു: അല്ല എന്ന് അവൻ മറുത്തുപറഞ്ഞു. മഹാപുരോഹിതന്റെ ദാസന്മാരിൽ വച്ച് പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനായ ഒരുത്തൻ ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു. പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി. പുലർച്ചയ്ക്ക് അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്ന് ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല. പീലാത്തൊസ് അവരുടെ അടുക്കൽ പുറത്തു വന്നു: ഈ മനുഷ്യന്റെ നേരേ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു. കുറ്റക്കാരൻ അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു എന്ന് അവർ അവനോട് ഉത്തരം പറഞ്ഞു. പീലാത്തൊസ് അവരോട്: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞതിനു യെഹൂദന്മാർ അവനോട്: മരണശിക്ഷയ്ക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ എന്നു പറഞ്ഞു. യേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ച വാക്കിന് ഇതിനാൽ നിവൃത്തി വന്നു. പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു; നീ യെഹൂദന്മാരുടെ രാജാവോ എന്ന് ചോദിച്ചു. അതിന് ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു. പീലാത്തൊസ് അതിനുത്തരമായി ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഹിതന്മാരും നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന് യേശു: എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കൈയിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്ന് ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോട്: എന്നാൽ നീ രാജാവ് തന്നെയല്ലോ എന്നു പറഞ്ഞതിനു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നെ; സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാൻ ജനിച്ച് അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്ന് ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോട്: സത്യം എന്നാൽ എന്ത് എന്നു പറഞ്ഞു; പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്ന് അവരോട്: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല. എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്ക് ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നത് സമ്മതമോ എന്നു ചോദിച്ചതിന് അവർ പിന്നെയും: ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവർച്ചക്കാരൻ ആയിരുന്നു.

യോഹന്നാൻ 18:21-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രഹസ്യമായി ഞാൻ യാതൊന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തിന് എന്നോടു ചോദിക്കുന്നു? ഞാൻ എന്താണു പറഞ്ഞതെന്ന് എന്റെ വാക്കുകൾ കേട്ടവരോടു ചോദിക്കുക; അവർക്കറിയാം.” ഇങ്ങനെ സംസാരിച്ചപ്പോൾ അടുത്തുനിന്നിരുന്ന ദേവാലയ ഭടന്മാരിലൊരാൾ യേശുവിനെ അടിച്ചു. “ഇങ്ങനെയാണോ മഹാപുരോഹിതനോട് ഉത്തരം പറയുന്നത്?” എന്ന് അയാൾ ചോദിച്ചു. “ഞാൻ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തെളിയിക്കുക; ഞാൻ പറഞ്ഞതു ശരിയാണെങ്കിൽ പിന്നെ എന്തിന് എന്നെ അടിക്കുന്നു?” എന്ന് യേശു പറഞ്ഞു. പിന്നീട് ബന്ധനസ്ഥനായ യേശുവിനെ ഹന്നാസ് മഹാപുരോഹിതനായ കയ്യഫാസിന്റെ അടുക്കലേക്കയച്ചു. അപ്പോഴും ശിമോൻപത്രോസ് തീ കാഞ്ഞുകൊണ്ടു നില്‌ക്കുകയായിരുന്നു. “താങ്കളും അയാളുടെ ശിഷ്യന്മാരിൽ ഒരാളല്ലേ?” എന്ന് ചിലർ ചോദിച്ചു. “അല്ല” എന്നു പത്രോസ് നിഷേധിച്ചു. മഹാപുരോഹിതന്റെ ഭൃത്യന്മാരിലൊരാൾ-പത്രോസ് കാതു ഛേദിച്ചു കളഞ്ഞയാളിന്റെ ഒരു ബന്ധു-"തോട്ടത്തിൽവച്ചു നിങ്ങളെ ആ മനുഷ്യന്റെകൂടെ ഞാൻ കണ്ടല്ലോ?” എന്നു പറഞ്ഞു. പത്രോസ് വീണ്ടും അതു നിഷേധിച്ചു. തൽക്ഷണം കോഴി കൂകി. നേരം വെളുത്തുവരുമ്പോൾ കയ്യഫാസിന്റെ അടുക്കൽനിന്ന് യേശുവിനെ യെഹൂദപ്രമുഖന്മാർ ഗവർണറുടെ മന്ദിരത്തിലേക്കു കൊണ്ടുപോയി. എന്നാൽ അവർ അവിടെ പ്രവേശിച്ചില്ല. പ്രവേശിച്ചാൽ തങ്ങൾ അശുദ്ധരാകുമെന്നും പെസഹ ഭക്ഷിക്കാൻ കഴിയാതെ വരുമെന്നും അവർ കരുതി. അതുകൊണ്ടു പീലാത്തോസ് പുറത്തുവന്ന്, “ഈ മനുഷ്യന്റെ പേരിൽ എന്തുകുറ്റമാണ് നിങ്ങൾ ആരോപിക്കുന്നത്?” എന്നു ചോദിച്ചു. “കുറ്റവാളി അല്ലായിരുന്നെങ്കിൽ ഇയാളെ അങ്ങയെ ഏല്പിക്കുമായിരുന്നില്ല” എന്ന് അവർ ഉത്തരം പറഞ്ഞു. പീലാത്തോസ് അവരോട്, “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുക” എന്നു പറഞ്ഞു. യെഹൂദന്മാർ അദ്ദേഹത്തോട്, “വധശിക്ഷ നല്‌കാനുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ” എന്നു പറഞ്ഞു. എങ്ങനെയുള്ള മരണമാണു തനിക്കു സംഭവിക്കുവാൻ പോകുന്നതെന്ന് യേശു നേരത്തെ സൂചിപ്പിച്ചിരുന്നത് സംഭവിക്കണമല്ലോ. വീണ്ടും പീലാത്തോസ് അകത്തുചെന്ന് യേശുവിനെ വിളിച്ച് “താങ്കൾ യെഹൂദന്മാരുടെ രാജാവാണോ?” എന്നു ചോദിച്ചു. അപ്പോൾ യേശു, “അങ്ങു സ്വമേധയാ പറയുന്നതാണോ ഇത്, അതോ മറ്റുള്ളവർ എന്നെപ്പറ്റി അങ്ങയോടു പറഞ്ഞതാണോ?” എന്നു ചോദിച്ചു. പീലാത്തോസ് പ്രതിവചിച്ചു: “ഞാൻ ഒരു യെഹൂദനാണോ? നിങ്ങളുടെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിങ്ങളെ എന്റെ പക്കൽ ഏല്പിച്ചത്. നിങ്ങൾ ചെയ്ത കുറ്റം എന്താണ്?” യേശു പറഞ്ഞു: “എന്റെ രാജ്യം ഭൗമികമല്ല. അങ്ങനെ ആയിരുന്നെങ്കിൽ എന്നെ യെഹൂദന്മാർക്ക് ഏല്പിച്ചുകൊടുക്കാതിരിക്കുന്നതിനുവേണ്ടി എന്റെ പടയാളികൾ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജത്വം ഐഹികമല്ല.” “അപ്പോൾ നിങ്ങൾ രാജാവു തന്നെയോ?” എന്നു പീലാത്തോസ് ചോദിച്ചു. “ഞാൻ രാജാവാകുന്നു എന്ന് അങ്ങു പറയുന്നു. സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനുവേണ്ടിയാണ് ഞാൻ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യതൽപരനായ ഏതൊരുവനും എന്റെ ശബ്ദം കേൾക്കുന്നു” എന്ന് യേശു പറഞ്ഞു. പീലാത്തോസ് ചോദിച്ചു: സത്യമോ? അതെന്താണ്? ഇതു പറഞ്ഞശേഷം പീലാത്തോസ് വീണ്ടും പുറത്തുചെന്ന് യെഹൂദന്മാരോട്, “ഞാൻ ഇയാളിൽ ഒരു കുറ്റവും കാണുന്നില്ല. പെസഹായ്‍ക്ക് ഞാൻ ഒരു തടവുകാരനെ മോചിപ്പിച്ചുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ ഈ രാജാവിനെ ഞാൻ മോചിപ്പിക്കട്ടെയോ?” എന്നു ചോദിച്ചു. ഉടനെ “ഈ മനുഷ്യനെയല്ല, ബറബ്ബാസിനെ ഞങ്ങൾക്കു വിട്ടുതരിക,” എന്ന് അവർ ഉറക്കെ വിളിച്ചുപറഞ്ഞു. ബറബ്ബാസാകട്ടെ ഒരു കവർച്ചക്കാരനായിരുന്നു.

യോഹന്നാൻ 18:21-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നീ എന്നോട് ചോദിക്കുന്നത് എന്ത്? ഞാൻ സംസാരിച്ചത് എന്തെന്ന് കേട്ടവരോട് ചോദിക്ക; ഞാൻ പറഞ്ഞത് ഈ ജനങ്ങൾ അറിയുന്നു എന്നു ഉത്തരം പറഞ്ഞു. അവൻ ഇങ്ങനെ പറഞ്ഞപ്പോൾ ചേവകരിൽ അരികെ നിന്ന ഒരുവൻ: “മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത്?“ എന്നു പറഞ്ഞു തന്‍റെ കൈകൊണ്ട് യേശുവിനെ അടിച്ചു. യേശു അവനോട്: ഞാൻ മോശമായി സംസാരിച്ചു എങ്കിൽ തെളിവ് കൊടുക്ക; അല്ല ഞാൻ ശരിയായി സംസാരിച്ചു എങ്കിൽ എന്നെ തല്ലുന്നത് എന്ത്? എന്നു പറഞ്ഞു. അപ്പോൾ ഹന്നാവ് അവനെ ബന്ധിച്ച് മഹാപുരോഹിതനായ കയ്യഫാവിൻ്റെ അടുക്കൽ അയച്ചു. ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: “നീയും അവന്‍റെ ശിഷ്യന്മാരിൽ ഒരുവനല്ലയോ?“ എന്നു ചിലർ അവനോട് ചോദിച്ചു; “അല്ല“ എന്നു അവൻ തള്ളിപറഞ്ഞു. മഹാപുരോഹിതന്‍റെ ദാസന്മാരിൽ ഒരുവനും പത്രൊസ് കാതറുത്തവൻ്റെ ചാർച്ചക്കാരനുമായ ഒരുവൻ: “ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ“ എന്നു പറഞ്ഞു. പത്രൊസ് പിന്നെയും തള്ളിപ്പറഞ്ഞു; ഉടനെ കോഴി കൂകി. പുലർച്ചയ്ക്ക് അവർ യേശുവിനെ കയ്യഫാവിൻ്റെ അടുക്കൽനിന്ന് ആസ്ഥാനത്തിലേക്ക് കൊണ്ടുപോയി; അവർക്ക് അശുദ്ധരാകാതെ പെസഹ ഭക്ഷിക്കേണ്ടതിനാൽ അവർ ആസ്ഥാനത്തിൽ കടന്നില്ല. പീലാത്തോസ് അവരുടെ അടുക്കൽ പുറത്തു വന്നു: “ഈ മനുഷ്യന്‍റെ നേരെ എന്ത് കുറ്റം ബോധിപ്പിക്കുന്നു?“ എന്നു ചോദിച്ചു. “ഇവൻ തിന്മപ്രവൃത്തിക്കുന്നവൻ അല്ലായിരുന്നെങ്കിൽ ഞങ്ങൾ അവനെ നിന്‍റെ പക്കൽ ഏല്പിക്കയില്ലായിരുന്നു“ എന്നു അവർ അവനോട് ഉത്തരം പറഞ്ഞു. പീലാത്തോസ് അവരോട്: “നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ“ എന്നു പറഞ്ഞു. അതിന് യെഹൂദന്മാർ അവനോട്: “ന്യായപ്രമാണപ്രകാരം ആരെയും മരണശിക്ഷയ്ക്ക് ഏൽപ്പിക്കുവാനുള്ള അധികാരം ഞങ്ങൾക്കില്ല“ എന്നു പറഞ്ഞു. അവർ ഇതു പറഞ്ഞതിനാൽ യേശു താൻ മരിക്കുവാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞ വാക്കിന് നിവൃത്തിവന്നു. പീലാത്തോസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു: “നീ യെഹൂദന്മാരുടെ രാജാവോ?“ എന്നു ചോദിച്ചു. അതിന് ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ച് നിന്നോട് പറഞ്ഞിട്ടോ? എന്നു ചോദിച്ചു. പീലാത്തോസ് അതിന് ഉത്തരമായി: “ഞാൻ യെഹൂദനല്ലല്ലോ? നിന്‍റെ ജനവും മുഖ്യപുരോഹിതന്മാരുമാണ് നിന്നെ എന്‍റെ പക്കൽ ഏല്പിച്ചിരിക്കുന്നത്; നീ എന്ത് ചെയ്തു?“ എന്നു ചോദിച്ചു. അതിന് യേശു: എന്‍റെ രാജ്യം ഐഹികമല്ല; എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്‍റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്‍റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തോസ് അവനോട്: അപ്പോൾ നീ രാജാവ് തന്നേയാണോ? എന്നു ചോദിച്ചു. അതിന് യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവ് തന്നെ; സത്യത്തിന് സാക്ഷിനില്ക്കേണ്ടതിന് ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യത്തിനുള്ളവർ എല്ലാം എന്‍റെ സ്വരം കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു. പീലാത്തോസ് അവനോട് ചോദിച്ചു: “എന്താണ് സത്യം? ഇതു പറഞ്ഞിട്ട് അവൻ വീണ്ടും യെഹൂദന്മാരുടെ അടുക്കൽ പുറത്തുചെന്ന് അവരോട്: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല. എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്ക് ഒരുവനെ വിട്ടുതരിക പതിവുണ്ടല്ലോ; അതിനാൽ യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്ക് വിട്ടുതരട്ടെ? എന്നു ചോദിച്ചു. അതിന് അവർ പിന്നെയും: “ഇവനെ വേണ്ട; ബറബ്ബാസിനെ മതി“ എന്നു നിലവിളിച്ചുപറഞ്ഞു; ബറബ്ബാസോ ഒരു കവർച്ചക്കാരൻ ആയിരുന്നു.

യോഹന്നാൻ 18:21-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു അവർ അറിയുന്നു എന്നു ഉത്തരം പറഞ്ഞു. അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു. യേശു അവനോടു: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു. ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു. ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്നു ചിലർ അവനോടു ചോദിച്ചു; അല്ല എന്നു അവൻ മറുത്തുപറഞ്ഞു. മഹാപുരോഹിതന്റെ ദാസന്മാരിൽവെച്ചു പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനായ ഒരുത്തൻ: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു. പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി. പുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല. പീലാത്തൊസ് അവരുടെ അടുക്കൽ പുറത്തുവന്നു: ഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു. കുറ്റക്കാരൻ അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു എന്നു അവർ അവനോടു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞതിന്നു യെഹൂദന്മാർ അവനോടു: മരണശിക്ഷെക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ എന്നു പറഞ്ഞു. യേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ച വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു. പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു. അതിന്നു ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു. പീലാത്തൊസ് അതിന്നു ഉത്തരമായി: ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഹിതന്മാരും നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു: എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവു തന്നേ; സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: സത്യം എന്നാൽ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല. എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവർ പിന്നെയും: ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവർച്ചക്കാരൻ ആയിരുന്നു.

യോഹന്നാൻ 18:21-40 സമകാലിക മലയാളവിവർത്തനം (MCV)

എന്നെ എന്തിനു ചോദ്യംചെയ്യുന്നു? എന്റെ വാക്കുകൾ കേട്ടിട്ടുള്ളവരോടു ചോദിക്കുക. ഞാൻ പറഞ്ഞിട്ടുള്ളത് അവർക്കറിയാം,” യേശു മറുപടി നൽകി. യേശു ഇതു പറഞ്ഞപ്പോൾ അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാരിൽ ഒരാൾ അദ്ദേഹത്തിന്റെ മുഖത്തടിച്ചുകൊണ്ട്, “മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത്?” എന്നു ചോദിച്ചു. “ഞാൻ തെറ്റായിട്ടാണ് സംസാരിച്ചതെങ്കിൽ അതു തെളിയിക്കുക; ഞാൻ പറഞ്ഞതു സത്യമെങ്കിൽ പിന്നെ നിങ്ങൾ എന്നെ അടിച്ചതെന്തിന്?” എന്ന് യേശു ചോദിച്ചു. പിന്നീട് ഹന്നാവ് യേശുവിനെ ബന്ധിതനായിത്തന്നെ മഹാപുരോഹിതനായ കയ്യഫാവിന്റെ അടുത്തേക്ക് അയച്ചു. ശിമോൻ പത്രോസ് അപ്പോഴും തീകാഞ്ഞുകൊണ്ടു നിൽക്കുകയായിരുന്നു. അപ്പോൾ ചിലർ, “നിങ്ങൾ അയാളുടെ ശിഷ്യന്മാരിൽ ഒരുവനല്ലേ?” എന്നു ചിലർ അയാളോടു ചോദിച്ചു. “ഞാൻ അല്ല,” അയാൾ പിന്നെയും നിഷേധിച്ചു. മഹാപുരോഹിതന്റെ ദാസന്മാരിൽ ഒരാളും പത്രോസ് കാത് അറത്തവന്റെ ബന്ധുവുമായ ഒരാൾ പത്രോസിനോട്, “ഞാൻ നിങ്ങളെ അയാളുടെകൂടെ തോട്ടത്തിൽവെച്ചു കണ്ടല്ലോ?” എന്നു പറഞ്ഞു. പത്രോസ് പിന്നെയും അതു നിഷേധിച്ചു; അപ്പോൾത്തന്നെ കോഴി കൂവി. അതിരാവിലെതന്നെ യെഹൂദനേതാക്കന്മാർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്ന് റോമൻ ഭരണാധികാരിയുടെ ആസ്ഥാനത്തേക്കു കൊണ്ടുപോയി. തങ്ങൾക്കു പെസഹ ഭക്ഷിക്കേണ്ടിയിരുന്നതിനാൽ ആചാരപരമായ അശുദ്ധി ഒഴിവാക്കാൻ അവർ അരമനയിലേക്കു കടന്നില്ല. അതിനാൽ പീലാത്തോസ് പുറത്തേക്കു വന്ന് അവരോട്, “ഈ മനുഷ്യന്റെമേൽ നിങ്ങൾ ആരോപിക്കുന്ന കുറ്റം എന്ത്?” എന്നു ചോദിച്ചു. “കുറ്റവാളി അല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇയാളെ അങ്ങയുടെപക്കൽ ഏൽപ്പിക്കുകയില്ലായിരുന്നു.” അവർ ഉത്തരം പറഞ്ഞു. അതിനു പീലാത്തോസ്, “നിങ്ങൾതന്നെ അയാളെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണം അനുസരിച്ചു ന്യായവിധിനടത്തുക” എന്നു പറഞ്ഞു. “മരണശിക്ഷ നൽകാനുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ!” അവർ പറഞ്ഞു. താൻ മരിക്കുന്നത് ഏതുവിധത്തിലായിരിക്കും എന്ന് യേശു മുൻകൂട്ടി അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഇതു സംഭവിച്ചു. പീലാത്തോസ് അരമനയ്ക്കുള്ളിലേക്കു തിരികെപ്പോയി, യേശുവിനെ വിളിപ്പിച്ച് അദ്ദേഹത്തോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു. “ഇത് താങ്കളുടെതന്നെ ചോദ്യമോ? അതോ മറ്റുള്ളവർ താങ്കളെക്കൊണ്ട് ചോദിപ്പിച്ചതോ?” യേശു മറുചോദ്യം ചോദിച്ചു. “ഞാൻ ഒരു യെഹൂദനോ?” പീലാത്തോസ് ചോദിച്ചു. “നിന്റെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിന്നെ എന്റെപക്കൽ ഏൽപ്പിച്ചത്. നീ എന്തു കുറ്റമാണു ചെയ്തത്?” അതിനുത്തരമായി യേശു പറഞ്ഞു, “എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതല്ല. എന്റെ രാജ്യം ഈ ലോകത്തിൽനിന്ന് ഉള്ളതായിരുന്നെങ്കിൽ യെഹൂദനേതാക്കന്മാർ എന്നെ പിടിക്കാതിരിക്കാൻ എന്റെ സൈന്യം പോരാടുമായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതേ അല്ല.” “അപ്പോൾ നീ ഒരു രാജാവുതന്നെയോ?” പീലാത്തോസ് ചോദിച്ചു. “ഞാൻ ഒരു ‘രാജാവ് ആകുന്നു’ എന്ന് താങ്കളാണു പറയുന്നത്. വാസ്തവത്തിൽ, സത്യത്തിനു സാക്ഷ്യംവഹിക്കാനാണു ഞാൻ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യത്തിന്റെ പക്ഷത്തുള്ളവർ എന്റെ വാക്കു കേൾക്കുന്നു,” യേശു മറുപടി പറഞ്ഞു. “എന്താണ് സത്യം?” പീലാത്തോസ് ആരാഞ്ഞു. അതിനുശേഷം അദ്ദേഹം യെഹൂദനേതാക്കന്മാരുടെ അടുത്തുചെന്ന്, “അയാളിൽ കുറ്റംചുമത്താൻ ഞാൻ ഒരു അടിസ്ഥാനവും കാണുന്നില്ല. പെസഹാപ്പെരുന്നാളിൽ ഒരു തടവുകാരനെ സ്വതന്ത്രനാക്കി വിട്ടുതരുന്ന പതിവുണ്ടല്ലോ. ‘യെഹൂദരുടെ രാജാവിനെ’ ഞാൻ മോചിപ്പിച്ചുതരട്ടേ?” എന്നു ചോദിച്ചു. “വേണ്ടാ, ഇയാളെ വേണ്ടാ, ബറബ്ബാസിനെ ഞങ്ങൾക്കു മോചിച്ചു തരിക,” എന്ന് അവർ ഉച്ചത്തിൽ ആർത്തുവിളിച്ചു. ബറബ്ബാസ് ഒരു വിപ്ളവകാരി ആയിരുന്നു.