യോഹന്നാൻ 13:21-35

യോഹന്നാൻ 13:21-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. ഇത് ആരെക്കുറിച്ചു പറയുന്നു എന്ന് ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി. ശിഷ്യന്മാരിൽ വച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവിടത്തു ചാരിക്കൊണ്ടിരുന്നു. ശിമോൻ പത്രൊസ് അവനോട് ആംഗ്യം കാട്ടി, അവൻ പറഞ്ഞത് ആരെക്കൊണ്ട് എന്ന് ചോദിപ്പാൻ പറഞ്ഞു. അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അത് ആർ എന്നു ചോദിച്ചു. ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻതന്നെ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദായ്ക്കു കൊടുത്തു. ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു. യേശു അവനോട്: നീ ചെയ്യുന്നത് വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു. എന്നാൽ ഇത് ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല. പണസ്സഞ്ചി യൂദായുടെ പക്കൽ ആകയാൽ പെരുന്നാളിൽ വേണ്ടുന്നതു മേടിപ്പാനോ ദരിദ്രർക്ക് വല്ലതും കൊടുപ്പാനോ യേശു അവനോട് കല്പിക്കുന്നു എന്നു ചിലർക്കു തോന്നി. ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റ് പോയി, അപ്പോൾ രാത്രി ആയിരുന്നു. അവൻ പോയശേഷം യേശു പറഞ്ഞത്: ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്ത്വപ്പെട്ടിരിക്കുന്നു; ദൈവം അവനിൽ മഹത്ത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽതന്നെ മഹത്ത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്ത്വപ്പെടുത്തും. കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്ന് ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന് പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നുതന്നെ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും.

യോഹന്നാൻ 13:21-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇതു പറഞ്ഞശേഷം യേശു അസ്വസ്ഥചിത്തനായി ഇപ്രകാരം തുറന്നു പറഞ്ഞു: “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കുമെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.” അവിടുന്ന് ആരെ ഉദ്ദേശിച്ചാണിതു പറഞ്ഞതെന്നു മനസ്സിലാകാതെ ശിഷ്യന്മാർ അന്ധാളിച്ച് അന്യോന്യം നോക്കി. യേശുവിന്റെ വത്സലശിഷ്യൻ അവിടുത്തെ മാറിൽ ചാരി ഇരിക്കുകയായിരുന്നു. ആരെ ഉദ്ദേശിച്ചാണു പറഞ്ഞതെന്നു യേശുവിനോടു ചോദിക്കുവാൻ ശിമോൻപത്രോസ് അയാളോട് ആംഗ്യം കാട്ടി. യേശുവിന്റെ മാറിൽ ചാരിക്കൊണ്ടുതന്നെ അയാൾ ചോദിച്ചു: “കർത്താവേ ആരാണത്?” യേശു മറുപടിയായി, “ഈ അപ്പം മുക്കി ഞാൻ ആർക്കു കൊടുക്കുന്നുവോ അയാൾ തന്നെ” എന്നു പറഞ്ഞു. പിന്നീട് ഒരു കഷണം അപ്പമെടുത്തു മുക്കി ശിമോന്റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിനു കൊടുത്തു. അപ്പക്കഷണം കിട്ടിയ ഉടനെ സാത്താൻ യൂദാസിൽ പ്രവേശിച്ചു. യേശു യൂദാസിനോടു പറഞ്ഞു: “നീ ചെയ്യുവാൻ പോകുന്നതു വേഗം ചെയ്യുക.” എന്നാൽ എന്തിനാണ് അയാളോട് ഇതു പറഞ്ഞതെന്ന് യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരാരും മനസ്സിലാക്കിയില്ല. യൂദാസിന്റെ കൈയിലായിരുന്നു പണസഞ്ചി. അതുകൊണ്ട് പെരുന്നാളിനു വേണ്ടത് വാങ്ങാനോ, ദരിദ്രർക്ക് എന്തെങ്കിലും ദാനം ചെയ്യാനോ ആണ് യേശു അയാളോടു പറഞ്ഞത് എന്നത്രേ ചിലർ ഊഹിച്ചത്. അപ്പക്കഷണം കിട്ടിയ ഉടനെ, യൂദാസ് പുറത്തേക്ക് ഇറങ്ങിപ്പോയി. അപ്പോൾ രാത്രി ആയിരുന്നു. യൂദാസ് പോയപ്പോൾ യേശു അരുൾചെയ്തു: “മനുഷ്യപുത്രൻ ഇപ്പോൾ മഹത്ത്വപ്പെട്ടിരിക്കുന്നു; അവനിലൂടെ ദൈവവും മഹത്ത്വപ്പെട്ടിരിക്കുന്നു. ദൈവം മനുഷ്യപുത്രനിൽ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കിൽ ദൈവം പുത്രനെ മഹത്ത്വപ്പെടുത്തും; ഉടനെ അതു സംഭവിക്കുകയും ചെയ്യും. കുഞ്ഞുങ്ങളേ, ഞാൻ ഇനി അല്പസമയം കൂടിയേ നിങ്ങളോടുകൂടി ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ ഞാൻ പോകുന്നിടത്തു നിങ്ങൾക്കു വരുവാൻ കഴിയുകയില്ല എന്നു യെഹൂദന്മാരോടു ഞാൻ പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു. ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു നല്‌കുന്നു; നിങ്ങൾ അന്യോന്യം സ്നേഹിക്കുക; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം. നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”

യോഹന്നാൻ 13:21-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റികൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. ഇതു ആരെക്കുറിച്ച് പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽതമ്മിൽ നോക്കി. ശിഷ്യന്മാരിൽ വച്ചു യേശു സ്നേഹിച്ച ഒരുവൻ യേശുവിന്‍റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു. ശിമോൻ പത്രൊസ് അവനോട് ആംഗ്യം കാട്ടി, “അവൻ പറഞ്ഞത് ആരെക്കുറിച്ച്?“ എന്നു ചോദിപ്പാൻ പറഞ്ഞു. അവൻ യേശുവിന്‍റെ നെഞ്ചോട് ചാഞ്ഞു: “കർത്താവേ, അത് ആർ?“ എന്നു ചോദിച്ചു. ഞാൻ അപ്പക്കഷണം മുക്കി കൊടുക്കുന്നവൻതന്നെ എന്നു യേശു ഉത്തരം പറഞ്ഞു; അപ്പക്കഷണം മുക്കി ശിമോൻ ഈസ്കര്യോത്താവിൻ്റെ മകനായ യൂദയ്ക്ക് കൊടുത്തു. അപ്പം വാങ്ങിയതിനുശേഷം സാത്താൻ അവനിൽ കടന്നു; യേശു അവനോട്: നീ ചെയ്യാനിരിക്കുന്നത് വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു. എന്നാൽ ഇതു അവനോട് എന്തിന് പറഞ്ഞുവെന്ന് പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല. പണസഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുന്നാളിന് നമുക്ക് ആവശ്യമുള്ളതു വാങ്ങുവാനോ ദരിദ്രർക്ക് വല്ലതും കൊടുക്കുവാനോ യേശു അവനോട് കല്പിക്കുന്നു എന്നു ചിലർക്കു തോന്നി. അപ്പം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു. അവൻ പോയശേഷം യേശു പറഞ്ഞത്: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു; ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽതന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും. കുഞ്ഞുങ്ങളെ, ഞാൻ ഇനി കുറച്ചുസമയംകൂടി മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്ത് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു ഞാൻ യെഹൂദന്മാരോട് പറഞ്ഞതുപോലെ ഇന്ന് നിങ്ങളോടും പറയുന്നു. നിങ്ങൾ തമ്മിൽതമ്മിൽ സ്നേഹിക്കേണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽതമ്മിൽ സ്നേഹിക്കേണം എന്നു തന്നെ. നിങ്ങൾക്ക് തമ്മിൽതമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്‍റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.

യോഹന്നാൻ 13:21-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. ഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി. ശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു. ശിമോൻ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവൻ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാൻ പറഞ്ഞു. അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അതു ആർ എന്നു ചോദിച്ചു. ഞാൻ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവൻ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു. ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു. എന്നാൽ ഇതു ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല. പണസ്സഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുനാളിന്നു വേണ്ടുന്നതു മേടിപ്പാനോ ദരിദ്രർക്കു വല്ലതും കൊടുപ്പാനോ യേശു അവനോടു കല്പിക്കുന്നു എന്നു ചിലർക്കു തോന്നി. ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു. അവൻ പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു; ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽ തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും. കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.

യോഹന്നാൻ 13:21-35 സമകാലിക മലയാളവിവർത്തനം (MCV)

ഇതു പറഞ്ഞുകഴിഞ്ഞിട്ട് യേശു ആത്മാവിൽ അതിദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.” യേശു ഇത് ആരെക്കുറിച്ചാണു പറഞ്ഞതെന്നറിയാതെ ശിഷ്യന്മാർ പരിഭ്രമിച്ച് പരസ്പരം നോക്കി. യേശു സ്നേഹിച്ച ശിഷ്യന്മാരിൽ ഒരുവൻ അവിടത്തെ മാറോടുചേർന്ന് ഇരിക്കുകയായിരുന്നു. “ആരെ ഉദ്ദേശിച്ചാണ് ഈ പറഞ്ഞത്?” എന്നു ചോദിക്കാൻ, ശിമോൻ പത്രോസ് ആ ശിഷ്യനോട് ആംഗ്യഭാഷയിൽ പറഞ്ഞു. അയാൾ യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, ആരാണത്?” എന്നു ചോദിച്ചു. അതിനുത്തരമായി, “ഈ അപ്പക്കഷണം മുക്കി ഞാൻ ആർക്കു നൽകുന്നോ, അയാൾതന്നെ” യേശു പറഞ്ഞു. പിന്നീട് അദ്ദേഹം അപ്പം മുക്കി ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് കൊടുത്തു. യേശുവിൽനിന്ന് അപ്പം വാങ്ങി ഭക്ഷിച്ചു. അതിനുശേഷം സാത്താൻ അയാളിൽ പ്രവേശിച്ചു. “നീ ചെയ്യാനിരിക്കുന്നതു വേഗത്തിൽത്തന്നെ ചെയ്യുക,” യേശു അവനോടു പറഞ്ഞു. യേശു ഇതു പറഞ്ഞത് എന്തിനെക്കുറിച്ചെന്ന്, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരിൽ ആർക്കുംതന്നെ മനസ്സിലായില്ല. യൂദായ്ക്കു പണത്തിന്റെ ചുമതല ഉണ്ടായിരുന്നതുകൊണ്ട്, യേശു അയാളോട് പെരുന്നാളിനു വേണ്ടുന്ന വല്ലതും വാങ്ങണമെന്നോ സാധുക്കൾക്കു വല്ലതും കൊടുക്കണമെന്നോ പറയുകയായിരിക്കും എന്നു ചിലർ ചിന്തിച്ചു. അപ്പം വാങ്ങി ഭക്ഷിച്ച ഉടനെതന്നെ യൂദാ പുറത്തുപോയി. അപ്പോൾ രാത്രിയായിരുന്നു. യൂദാ പോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു. ദൈവവും പുത്രനിൽ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു. ദൈവം പുത്രനിൽ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കിൽ അവിടന്ന് പുത്രനെ തന്നിൽത്തന്നെ മഹത്ത്വപ്പെടുത്തും; അതേ, ഉടനെതന്നെ അവനെ മഹത്ത്വപ്പെടുത്തും. “എന്റെ കുഞ്ഞുങ്ങളേ, ഇനി ഞാൻ അൽപ്പസമയംകൂടിമാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല എന്ന് യെഹൂദനേതാക്കന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു. “നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നുള്ള ഒരു പുതിയകൽപ്പന ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടായിരിക്കണം. അതിലൂടെയാണ് നിങ്ങൾ എന്റെ ശിഷ്യർ എന്ന് എല്ലാവരും അറിയുന്നത്.”