യോഹന്നാൻ 13:10-27

യോഹന്നാൻ 13:10-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശു അവനോട്: കുളിച്ചിരിക്കുന്നവനു കാൽ അല്ലാതെ കഴുകുവാൻ ആവശ്യമില്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്. അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ച് വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാൻ നിങ്ങൾക്കു ചെയ്തത് ഇന്നത് എന്ന് അറിയുന്നുവോ? നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ട് നിങ്ങൾ പറയുന്നതു ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ. നിങ്ങളെ എല്ലാവരെയുംകുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരേ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിനു നിവൃത്തി വരേണ്ടതാകുന്നു. അതു സംഭവിക്കുമ്പോൾ ഞാൻ തന്നെ മശീഹാ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനു ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പേ നിങ്ങളോടു പറയുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. ഇത് ആരെക്കുറിച്ചു പറയുന്നു എന്ന് ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി. ശിഷ്യന്മാരിൽ വച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവിടത്തു ചാരിക്കൊണ്ടിരുന്നു. ശിമോൻ പത്രൊസ് അവനോട് ആംഗ്യം കാട്ടി, അവൻ പറഞ്ഞത് ആരെക്കൊണ്ട് എന്ന് ചോദിപ്പാൻ പറഞ്ഞു. അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അത് ആർ എന്നു ചോദിച്ചു. ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻതന്നെ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദായ്ക്കു കൊടുത്തു. ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു. യേശു അവനോട്: നീ ചെയ്യുന്നത് വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.

യോഹന്നാൻ 13:10-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു പത്രോസിനോട്, “കുളി കഴിഞ്ഞിരിക്കുന്നവനു കാലുമാത്രമേ കഴുകേണ്ടതുള്ളൂ. അവൻ മുഴുവൻ ശുദ്ധിയുള്ളവനാണ്. നിങ്ങൾ ശുദ്ധിയുള്ളവരാകുന്നു, എന്നാൽ എല്ലാവരും അല്ലതാനും” എന്നു പറഞ്ഞു. തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയശേഷം യേശു പുറങ്കുപ്പായം ധരിച്ചു സ്വസ്ഥാനത്തു വീണ്ടും ഇരുന്നു. അനന്തരം അവിടുന്നു ചോദിച്ചു: “ഞാൻ നിങ്ങൾക്കു ചെയ്തത് എന്താണെന്നു മനസ്സിലായോ? നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു. ഞാൻ ഗുരുവും കർത്താവും ആകുന്നതുകൊണ്ട് നിങ്ങൾ അങ്ങനെ വിളിക്കുന്നതു ശരിതന്നെ. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും അന്യോന്യം പാദങ്ങൾ കഴുകേണ്ടതാണ്. ഞാൻ നിങ്ങൾക്ക് ഒരു മാതൃക കാണിച്ചുതന്നിരിക്കുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യണം. ഞാൻ ഉറപ്പിച്ചു പറയുന്നു: ഭൃത്യൻ യജമാനനെക്കാൾ വലിയവനല്ല. ദൂതനും തന്നെ അയച്ചവനെക്കാൾ വലിയവനല്ല. ഇതു നിങ്ങൾ ഗ്രഹിക്കുന്നപക്ഷം അതുപോലെ ചെയ്യുക; എന്നാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാകും. “നിങ്ങളെ എല്ലാവരെയും സംബന്ധിച്ചല്ല ഞാനിതു പറയുന്നത്; ഞാൻ തിരഞ്ഞെടുത്തവരെ എനിക്കറിയാം. ‘എന്റെ അപ്പം തിന്നുന്നവൻ എന്റെ കുതികാലു വെട്ടാൻ ഒരുങ്ങിയിരിക്കുന്നു’ എന്ന വേദലിഖിതം സത്യമാകണമല്ലോ. ഞാൻ ആകുന്നവൻ ഞാൻ ആകുന്നു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന് അവ സംഭവിക്കുന്നതിനുമുമ്പ് ഞാൻ നിങ്ങളെ അറിയിക്കുകയാണ്. ഞാൻ ഉറപ്പിച്ചുപറയുന്നു: ഞാൻ അയയ്‍ക്കുന്നവനെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെയും സ്വീകരിക്കുന്നു.” ഇതു പറഞ്ഞശേഷം യേശു അസ്വസ്ഥചിത്തനായി ഇപ്രകാരം തുറന്നു പറഞ്ഞു: “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കുമെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.” അവിടുന്ന് ആരെ ഉദ്ദേശിച്ചാണിതു പറഞ്ഞതെന്നു മനസ്സിലാകാതെ ശിഷ്യന്മാർ അന്ധാളിച്ച് അന്യോന്യം നോക്കി. യേശുവിന്റെ വത്സലശിഷ്യൻ അവിടുത്തെ മാറിൽ ചാരി ഇരിക്കുകയായിരുന്നു. ആരെ ഉദ്ദേശിച്ചാണു പറഞ്ഞതെന്നു യേശുവിനോടു ചോദിക്കുവാൻ ശിമോൻപത്രോസ് അയാളോട് ആംഗ്യം കാട്ടി. യേശുവിന്റെ മാറിൽ ചാരിക്കൊണ്ടുതന്നെ അയാൾ ചോദിച്ചു: “കർത്താവേ ആരാണത്?” യേശു മറുപടിയായി, “ഈ അപ്പം മുക്കി ഞാൻ ആർക്കു കൊടുക്കുന്നുവോ അയാൾ തന്നെ” എന്നു പറഞ്ഞു. പിന്നീട് ഒരു കഷണം അപ്പമെടുത്തു മുക്കി ശിമോന്റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിനു കൊടുത്തു. അപ്പക്കഷണം കിട്ടിയ ഉടനെ സാത്താൻ യൂദാസിൽ പ്രവേശിച്ചു. യേശു യൂദാസിനോടു പറഞ്ഞു: “നീ ചെയ്യുവാൻ പോകുന്നതു വേഗം ചെയ്യുക.”

യോഹന്നാൻ 13:10-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശു അവനോട്: കുളിച്ചിരിക്കുന്നവന് കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. തന്നെ കാണിച്ചുകൊടുക്കുന്നവൻ ആരാണെന്ന് യേശു അറിഞ്ഞിരുന്നതുകൊണ്ടാണ് നിങ്ങൾ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്. അവൻ അവരുടെ കാൽ കഴുകിയിട്ട് വസ്ത്രം ധരിച്ചു വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാൻ നിങ്ങൾക്ക് ചെയ്തതു എന്താണെന്ന് നിങ്ങൾ അറിയുന്നുവോ? നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ട് നിങ്ങൾ പറയുന്നത് ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽതമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ഒരു മാതൃക തന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനേക്കാൾ വലിയവൻ അല്ല; അയയ്ക്കപ്പെട്ടവൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഇതു നിങ്ങൾ അറിയുന്നു എങ്കിൽ അവയെ ചെയ്താൽ ഭാഗ്യവാന്മാർ. ഞാൻ നിങ്ങളെ എല്ലാവരെയും കുറിച്ച് പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്‍റെ അപ്പം തിന്നുന്നവൻ എന്‍റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിനാകുന്നു ഞാൻ ഇതു പറയുന്നത്. അത് സംഭവിക്കുമ്പോൾ “ഞാൻ ആകുന്നു” എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന് ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റികൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. ഇതു ആരെക്കുറിച്ച് പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽതമ്മിൽ നോക്കി. ശിഷ്യന്മാരിൽ വച്ചു യേശു സ്നേഹിച്ച ഒരുവൻ യേശുവിന്‍റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു. ശിമോൻ പത്രൊസ് അവനോട് ആംഗ്യം കാട്ടി, “അവൻ പറഞ്ഞത് ആരെക്കുറിച്ച്?“ എന്നു ചോദിപ്പാൻ പറഞ്ഞു. അവൻ യേശുവിന്‍റെ നെഞ്ചോട് ചാഞ്ഞു: “കർത്താവേ, അത് ആർ?“ എന്നു ചോദിച്ചു. ഞാൻ അപ്പക്കഷണം മുക്കി കൊടുക്കുന്നവൻതന്നെ എന്നു യേശു ഉത്തരം പറഞ്ഞു; അപ്പക്കഷണം മുക്കി ശിമോൻ ഈസ്കര്യോത്താവിൻ്റെ മകനായ യൂദയ്ക്ക് കൊടുത്തു. അപ്പം വാങ്ങിയതിനുശേഷം സാത്താൻ അവനിൽ കടന്നു; യേശു അവനോട്: നീ ചെയ്യാനിരിക്കുന്നത് വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.

യോഹന്നാൻ 13:10-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു. അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ? നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ. നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു. അതു സംഭവിക്കുമ്പോൾ ഞാൻ തന്നേ മശീഹ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. ഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി. ശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു. ശിമോൻ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവൻ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാൻ പറഞ്ഞു. അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അതു ആർ എന്നു ചോദിച്ചു. ഞാൻ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവൻ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു. ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.

യോഹന്നാൻ 13:10-27 സമകാലിക മലയാളവിവർത്തനം (MCV)

അതിന് യേശു, “കുളിച്ചിരിക്കുന്നവന് പാദങ്ങൾമാത്രം കഴുകിയാൽമതി; അവന്റെ ശേഷം ശരീരം ശുദ്ധമാണ്. നിങ്ങൾ ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരും അല്ലതാനും” എന്നു മറുപടി പറഞ്ഞു. തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നത് ആരെന്ന് അറിഞ്ഞിരുന്നതുകൊണ്ടാണ് എല്ലാവരും ശുദ്ധരല്ല എന്ന് യേശു പറഞ്ഞത്. അവരുടെ പാദങ്ങൾ കഴുകിത്തീർന്നശേഷം പുറങ്കുപ്പായം ധരിച്ചു വീണ്ടും അദ്ദേഹം സ്വസ്ഥാനത്ത് ഉപവിഷ്ടനായി. “ഞാൻ നിങ്ങൾക്കു ചെയ്തതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ?” യേശു ചോദിച്ചു. “നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്’ എന്നും വിളിക്കുന്നു. അത് ശരിതന്നെ, കാരണം ഞാൻ ഗുരുവും കർത്താവുംതന്നെ. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകേണ്ടതാണ്. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക കാണിച്ചുതന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ദാസൻ യജമാനനെക്കാൾ വലിയവനല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഈ കാര്യങ്ങൾ നിങ്ങൾക്കറിയാം. അതനുസരിച്ചു പ്രവർത്തിച്ചാൽ നിങ്ങൾ അനുഗൃഹീതരായിരിക്കും. “ഞാൻ ഇനി പറയുന്നത് നിങ്ങളെ എല്ലാവരെയുംകുറിച്ചല്ല. തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്നാൽ ‘എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു’ എന്നുള്ള തിരുവെഴുത്ത് നിറവേറേണ്ടതാണ്. “ഇപ്പോൾത്തന്നെ, കാര്യങ്ങൾ സംഭവിക്കുന്നതിനുമുമ്പേതന്നെ, ഞാൻ ഇതു നിങ്ങളോടു പറയുന്നത്, അതു സംഭവിക്കുമ്പോൾ ഞാനാകുന്നവൻ ഞാനാകുന്നു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനാണ്. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നയാൾ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.” ഇതു പറഞ്ഞുകഴിഞ്ഞിട്ട് യേശു ആത്മാവിൽ അതിദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.” യേശു ഇത് ആരെക്കുറിച്ചാണു പറഞ്ഞതെന്നറിയാതെ ശിഷ്യന്മാർ പരിഭ്രമിച്ച് പരസ്പരം നോക്കി. യേശു സ്നേഹിച്ച ശിഷ്യന്മാരിൽ ഒരുവൻ അവിടത്തെ മാറോടുചേർന്ന് ഇരിക്കുകയായിരുന്നു. “ആരെ ഉദ്ദേശിച്ചാണ് ഈ പറഞ്ഞത്?” എന്നു ചോദിക്കാൻ, ശിമോൻ പത്രോസ് ആ ശിഷ്യനോട് ആംഗ്യഭാഷയിൽ പറഞ്ഞു. അയാൾ യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, ആരാണത്?” എന്നു ചോദിച്ചു. അതിനുത്തരമായി, “ഈ അപ്പക്കഷണം മുക്കി ഞാൻ ആർക്കു നൽകുന്നോ, അയാൾതന്നെ” യേശു പറഞ്ഞു. പിന്നീട് അദ്ദേഹം അപ്പം മുക്കി ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് കൊടുത്തു. യേശുവിൽനിന്ന് അപ്പം വാങ്ങി ഭക്ഷിച്ചു. അതിനുശേഷം സാത്താൻ അയാളിൽ പ്രവേശിച്ചു. “നീ ചെയ്യാനിരിക്കുന്നതു വേഗത്തിൽത്തന്നെ ചെയ്യുക,” യേശു അവനോടു പറഞ്ഞു.