യോഹന്നാൻ 10:1-23
യോഹന്നാൻ 10:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിൽ വാതിലൂടെ കടക്കാതെ, വേറേ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു. വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. അവനു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെയൊക്കെയും പുറത്തു കൊണ്ടുപോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞ് അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ അന്യനെ അനുഗമിക്കാതെ വിട്ട് ഓടിപ്പോകും. ഈ സാദൃശ്യം യേശു അവരോട് പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞത് ഇന്നത് എന്ന് അവർ ഗ്രഹിച്ചില്ല. യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു. എനിക്കു മുമ്പേ വന്നവരൊക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപെടും; അവൻ അകത്തു വരികയും പുറത്തു പോകയും, മേച്ചൽ കണ്ടെത്തുകയും ചെയ്യും. മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ട് ആടുകളെ വിട്ട് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ. ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു. ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറേ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും. എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോട് എടുത്തുകളയുന്നില്ല; ഞാൻതന്നെ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്ക് അധികാരം ഉണ്ട്; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ട്; ഈ കല്പന എന്റെ പിതാവിങ്കൽനിന്ന് എനിക്കു ലഭിച്ചിരിക്കുന്നു. ഈ വചനം നിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി. അവരിൽ പലരും; അവനു ഭൂതം ഉണ്ട്; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നത് എന്തിന് എന്നു പറഞ്ഞു. മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിനു കുരുടന്മാരുടെ കണ്ണുതുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു. അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു. യേശു ദൈവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു.
യോഹന്നാൻ 10:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: ആടിനെ സൂക്ഷിക്കുന്ന ആലയുടെ വാതിൽ വഴിയല്ലാതെ മറ്റു മാർഗത്തിലൂടെ പ്രവേശിക്കുന്നവൻ കള്ളനും കൊള്ളക്കാരനുമാകുന്നു. വാതിലിലൂടെ പ്രവേശിക്കുന്നവനാണ് ആടുകളുടെ ഇടയൻ. കാവല്‌ക്കാരൻ അയാൾക്കു വാതിൽ തുറന്നുകൊടുക്കുന്നു; ആടുകൾ അയാളുടെ ശബ്ദം കേട്ടനുസരിക്കുന്നു. സ്വന്തം ആടുകളെ അയാൾ പേരുചൊല്ലിവിളിച്ച് പുറത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നു. പുറത്തു കൊണ്ടുവന്നിട്ട് അയാൾ അവയുടെ മുമ്പേ നടക്കും. ഇടയന്റെ ശബ്ദം തിരിച്ചറിയുന്നതുകൊണ്ട് അവ അയാളെ അനുഗമിക്കും. അപരിചിതനെ അവ ഒരിക്കലും അനുഗമിക്കുകയില്ലെന്നു മാത്രമല്ല, അയാളുടെ ശബ്ദം തിരിച്ചറിയാത്തതിനാൽ ആടുകൾ അയാളെ വിട്ട് ഓടിപ്പോകുകയും ചെയ്യും.” യേശു ഈ ദൃഷ്ടാന്തം അവരോടു പറഞ്ഞു എങ്കിലും അതിന്റെ പൊരുൾ അവർക്കു മനസ്സിലായില്ല. യേശു വീണ്ടും അവരോട് അരുൾചെയ്തു: “ഞാൻ ഉറപ്പിച്ചു പറയുന്നു, ആടുകളുടെ വാതിൽ ഞാനാകുന്നു. എനിക്കു മുമ്പു വന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരുമായിരുന്നു. ആടുകൾ അവരെ ശ്രദ്ധിച്ചില്ല. ഞാനാകുന്നു വാതിൽ; എന്നിലൂടെ ആരെങ്കിലും അകത്തു പ്രവേശിക്കുന്നുവെങ്കിൽ അവർ സുരക്ഷിതനായിരിക്കും. അവൻ അകത്തു വരികയും പുറത്തുപോകുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടാവു വരുന്നത് മോഷ്‍ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനും മാത്രമാണ്. ഞാൻ വന്നത് അവയ്‍ക്കു ജീവൻ ഉണ്ടാകുവാനും അതു സമൃദ്ധമായിത്തീരുവാനും ആകുന്നു. “ഞാൻ നല്ല ഇടയനാകുന്നു. നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ പ്രാണൻ വെടിയുന്നു. പ്രത്യുത, ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. ആടുകളുടെ കാര്യത്തിൽ താത്പര്യമില്ലാത്ത കേവലം കൂലിക്കാരനായതുകൊണ്ടത്രേ അവൻ ഓടിപ്പോകുന്നത്. ഞാൻ നല്ല ഇടയനാകുന്നു. എന്റെ പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ ഞാൻ എന്റെ സ്വന്തം ആടുകളെയും അവ എന്നെയും അറിയുന്നു. ആടുകൾക്കുവേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു. ഈ ആലയിൽപ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്; അവയെയും ഞാൻ കൂട്ടിക്കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്റെ ശബ്ദം ശ്രദ്ധിക്കും; അങ്ങനെ ഒരു ആട്ടിൻപറ്റവും ഒരു ഇടയനും മാത്രം ആയിത്തീരുകയും ചെയ്യും. “വീണ്ടും പ്രാപിക്കേണ്ടതിന് എന്റെ ജീവൻ ഞാൻ അർപ്പിക്കുന്നു. അതുകൊണ്ട് എന്റെ പിതാവ് എന്നെ സ്നേഹിക്കുന്നു. എന്റെ ജീവൻ എന്നിൽനിന്ന് ആരും എടുത്തുകളയുന്നില്ല; പ്രത്യുത, ഞാൻ സ്വമേധയാ അർപ്പിക്കുകയാണു ചെയ്യുന്നത്. അത് അർപ്പിക്കുവാനും വീണ്ടും പ്രാപിക്കുവാനും എനിക്ക് അധികാരമുണ്ട്. എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ള കല്പനയാണിത്.” യേശുവിന്റെ ഈ വാക്കുകൾ മൂലം യെഹൂദന്മാരുടെ ഇടയിൽ വീണ്ടും ഭിന്നാഭിപ്രായമുണ്ടായി. അവരിൽ പലരും പറഞ്ഞു: “അയാളിൽ ഭൂതമുണ്ട്; അയാൾ ഭ്രാന്തനാണ്; അയാൾ പറയുന്നത് എന്തിനു ശ്രദ്ധിക്കുന്നു?” “ഒരു ഭൂതാവിഷ്ടന്റെ വാക്കുകളല്ല ഇവ; അന്ധന്മാർക്കു കാഴ്ച നല്‌കുവാൻ പിശാചിനു കഴിയുമോ?” എന്നു മറ്റു ചിലർ ചോദിച്ചു. യെരൂശലേമിൽ പ്രതിഷ്ഠോത്സവം കൊണ്ടാടുകയായിരുന്നു; അത് ശീതകാലവുമായിരുന്നു. യേശു ദേവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരിക്കുമ്പോൾ യെഹൂദന്മാർ അവിടുത്തെ ചുറ്റും കൂടിനിന്നു ചോദിച്ചു
യോഹന്നാൻ 10:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്ക് വാതിലിലൂടെ കടക്കാതെ മറ്റു വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു. വാതിലിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. അവനു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ടു പോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിയുന്നതുകൊണ്ട് അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ ഒരു അപരിചിതനെ അനുഗമിക്കുകയില്ല മറിച്ച് അവനെ വിട്ടു ഓടിപ്പോകും. ഈ ഉപമ യേശു അവരോട് പറഞ്ഞു; എന്നാൽ തങ്ങളോട് പറഞ്ഞ ഈ കാര്യങ്ങൾ എന്തെന്ന് അവർ ഗ്രഹിച്ചില്ല. യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു. എനിക്ക് മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; എന്നാൽ ആടുകൾ അവരെ ചെവിക്കൊണ്ടില്ല. ഞാൻ വാതിൽ ആകുന്നു; ആരെങ്കിലും എന്നിലൂടെ അകത്ത് കടന്നാൽ അവൻ രക്ഷപെടും; അവൻ അകത്ത് വരികയും പുറത്തു പോകയും മേച്ചൽസ്ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടിപ്പാനും കൊല്ലുവാനും നശിപ്പിക്കുവാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നത് കണ്ടു ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. അവൻ കൂലിക്കാരനും ആടുകളെക്കുറിച്ച് വിചാരമില്ലാത്തവനുമായതുകൊണ്ട് അവൻ ഓടിപോകുന്നു. ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറിയുകയും ഞാൻ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറിയുകയും എനിക്കുള്ളവ എന്നെ അറിയുകയും ചെയ്യുന്നു. ആടുകൾക്ക് വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു. ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ കൊണ്ടുവരേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; അങ്ങനെ ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും. എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നിൽനിന്ന് എടുത്തുകളയുന്നില്ല; ഞാൻ തന്നെ അതിനെ കൊടുക്കുന്നു; അതിനെ കൊടുക്കുവാൻ എനിക്ക് അധികാരം ഉണ്ട്; വീണ്ടും എടുക്കുവാനും എനിക്ക് അധികാരം ഉണ്ട്; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്ക് ലഭിച്ചിരിക്കുന്നു. ഈ വചനംനിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി. അവരിൽ പലരും; “അവനു ഭൂതം ഉണ്ട്; അവൻ ഭ്രാന്തൻ ആകുന്നു; അവന്‍റെ വാക്ക് കേൾക്കുന്നത് എന്തിന്?“ എന്നു പറഞ്ഞു. മറ്റുചിലർ: “ഇതു ഭൂതഗ്രസ്ൻ്റെ വാക്കല്ല; ഭൂതത്തിന് കുരുടന്മാരുടെ കണ്ണ് തുറപ്പാൻ കഴിയുമോ?“എന്നു പറഞ്ഞു. അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം വന്നു; അന്നു ശീതകാലമായിരുന്നു. യേശു ദൈവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടക്കുകയായിരുന്നു.
യോഹന്നാൻ 10:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിൽ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു. വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. അവന്നു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും. ഈ സാദൃശ്യം യേശു അവരോടു പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവർ ഗ്രഹിച്ചില്ല. യേശു പിന്നെയും അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു. എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തു പോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും. മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ. ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു. ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും. എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു. ഈ വചനംനിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി. അവരിൽ പലരും; അവന്നു ഭൂതം ഉണ്ടു; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു. അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു. യേശു ദൈവലായത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു.
യോഹന്നാൻ 10:1-23 സമകാലിക മലയാളവിവർത്തനം (MCV)
“പരീശന്മാരായ നിങ്ങളോട്, ഞാൻ സത്യം സത്യമായി പറയട്ടെ: വാതിലിലൂടെയല്ലാതെ വേറെ വഴിയായി ആട്ടിൻ തൊഴുത്തിൽ കടക്കുന്നവൻ കള്ളനും കൊള്ളക്കാരനും ആകുന്നു. വാതിലിലൂടെ പ്രവേശിക്കുന്നവൻ ആടുകളുടെ ഇടയനാണ്. കാവൽക്കാരൻ അയാൾക്ക് വാതിൽ തുറന്നുകൊടുക്കുന്നു. ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു. അവൻ സ്വന്തം ആടുകളെ അവയുടെ പേരുവിളിച്ചു പുറത്തു കൊണ്ടുപോകുന്നു. അയാളുടെ സ്വന്തം ആടുകളെയെല്ലാം പുറത്തുകൊണ്ടുവന്നശേഷം അയാൾ അവയ്ക്കുമുമ്പേ നടക്കുന്നു. ആടുകൾ അവന്റെ ശബ്ദം തിരിച്ചറിഞ്ഞ് അവനെ അനുഗമിക്കുന്നു. എന്നാൽ, ഒരു അപരിചിതനെ അവ ഒരിക്കലും അനുഗമിക്കുകയില്ല. ശബ്ദം തിരിച്ചറിയാത്തതുകൊണ്ട് അവ അയാളെ വിട്ട് ഓടിപ്പോകും.” യേശു ഇത് ആലങ്കാരികമായിട്ടാണു പറഞ്ഞത്; എങ്കിലും അദ്ദേഹം പറഞ്ഞതിന്റെ അർഥമെന്തെന്ന് അവർ ഗ്രഹിച്ചില്ല. യേശു വീണ്ടും പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഞാൻ ആകുന്നു ആടുകളുടെ വാതിൽ. എനിക്കുമുമ്പ് വന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരും ആയിരുന്നു; ആടുകൾ അവരെ ശ്രദ്ധിച്ചുമില്ല. ഞാൻ ആകുന്നു വാതിൽ. എന്നിലൂടെ പ്രവേശിക്കുന്ന ആടുകൾ സുരക്ഷിതരായിരിക്കും അവ അകത്തുവരികയും പുറത്തുപോകുകയും മേച്ചിൽ കണ്ടെത്തുകയും ചെയ്യും. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. എന്നാൽ, ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവൻ ലഭിക്കാൻ; സമൃദ്ധമായ ജീവൻ ലഭിക്കാനാണ്. “ഞാൻ ആകുന്നു നല്ല ഇടയൻ; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവൻ അർപ്പിക്കുന്നു. എന്നാൽ, ആടുകളുടെ ഉടമസ്ഥനല്ലാത്ത കൂലിക്കാരൻ, ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ വിട്ട് ഓടിപ്പോകുന്നു. അപ്പോൾ ചെന്നായ് ആട്ടിൻപറ്റത്തെ ആക്രമിച്ചു ചിതറിച്ചുകളയുന്നു. അയാൾ വെറും കൂലിക്കാരനും ആടുകളെക്കുറിച്ചു കരുതൽ ഇല്ലാത്തവനുമാണല്ലോ. “ഞാൻ ആകുന്നു നല്ല ഇടയൻ; പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ, ഞാൻ എന്റെ ആടുകളെയും എന്റെ ആടുകൾ എന്നെയും അറിയുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവൻ അർപ്പിക്കുന്നു. ഈ കൂട്ടത്തിൽ ഉൾപ്പെടാത്ത വേറെയും ആടുകൾ എനിക്കുണ്ട്. അവയെയും ഞാൻ കൂട്ടിക്കൊണ്ടു വരേണ്ടതാണ്. അവയും എന്റെ ശബ്ദം കേൾക്കും. അങ്ങനെ ഒരു ആട്ടിൻപറ്റവും ഒരു ഇടയനും ആകും. ഞാൻ ആടുകൾക്കായി എന്റെ ജീവൻ അർപ്പിക്കുകയും അതു തിരികെ എടുക്കുകയും ചെയ്യുന്നതിനാൽ പിതാവ് എന്നെ സ്നേഹിക്കുന്നു. അത് എന്നിൽനിന്ന് ആരും എടുത്തുകളയുന്നില്ല, ഞാൻ അത് സ്വമേധയാ അർപ്പിക്കുകയും തിരിച്ചെടുക്കുകയുംചെയ്യുന്നു. അത് അർപ്പിക്കാനും തിരിച്ചെടുക്കാനും എനിക്ക് അധികാരമുണ്ട്. എന്റെ പിതാവിൽനിന്നാണ് എനിക്ക് ഈ അധികാരം ലഭിച്ചിരിക്കുന്നത്.” യേശുവിന്റെ ഈ വാക്കുകൾനിമിത്തം യെഹൂദനേതാക്കന്മാരുടെ ഇടയിൽ വീണ്ടും ഭിന്നത ഉണ്ടായി. അവരിൽ പലരും പറഞ്ഞു: “അയാൾ ഭൂതബാധിതനാണ്, അയാൾക്കു സ്ഥിരബുദ്ധിയില്ല; അയാൾ പറയുന്നത് എന്തിനു കേൾക്കണം?” എന്നാൽ മറ്റുചിലർ: “ഇത് ഒരു ഭൂതബാധിതന്റെ വാക്കുകളല്ല; അന്ധനു കാഴ്ച നൽകാൻ ഭൂതത്തിനു കഴിയുമോ?” എന്നാണു ചോദിച്ചത്. ജെറുശലേമിൽ പ്രതിഷ്ഠോത്സവത്തിന്റെ സമയമായി. അത് ശീതകാലമായിരുന്നു. യേശു ദൈവാലയാങ്കണത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടക്കുകയായിരുന്നു.