യോഹന്നാൻ 1:35-42

യോഹന്നാൻ 1:35-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിറ്റന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടു പേരുമായി അവിടെ നില്ക്കുമ്പോൾ കടന്നുപോകുന്ന യേശുവിനെ നോക്കിയിട്ട്: ഇതാ, ദൈവത്തിന്റെ കുഞ്ഞാട് എന്നു പറഞ്ഞു. അവൻ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാർ കേട്ട് യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞ് അവർ പിന്നാലെ വരുന്നതു കണ്ട് അവരോട്: നിങ്ങൾ എന്ത് അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവർ: റബ്ബീ, എന്നു വച്ചാൽ ഗുരോ, നീ എവിടെ പാർക്കുന്നു എന്നു ചോദിച്ചു. അവൻ അവരോട്: വന്നു കാൺമിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ട് അന്ന് അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താംമണി നേരം ആയിരുന്നു. യോഹന്നാൻ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച രണ്ടു പേരിൽ ഒരുത്തൻ ശിമോൻപത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ട് അവനോട്: ഞങ്ങൾ മശീഹായെ എന്നുവച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.

യോഹന്നാൻ 1:35-42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിറ്റേദിവസം യോഹന്നാൻ വീണ്ടും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരോടുകൂടി അവിടെ നില്‌ക്കുമ്പോൾ, യേശു അതുവഴി കടന്നുപോകുന്നതു കണ്ടു. അപ്പോൾ യോഹന്നാൻ പറഞ്ഞു: “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!”. ഇതുകേട്ട് ആ ശിഷ്യന്മാർ രണ്ടുപേരും യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞു നോക്കി, തന്റെ പിന്നാലെ അവർ ചെല്ലുന്നതുകണ്ട് “നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്?” എന്നു ചോദിച്ചു, അപ്പോൾ അവർ, “റബ്ബീ, അങ്ങ് എവിടെയാണു പാർക്കുന്നത്?” എന്നു ചോദിച്ചു. ‘റബ്ബീ’ എന്ന വാക്കിന് ‘ഗുരു’ എന്നർഥം. “വന്നു കാണുക” എന്ന് യേശു പറഞ്ഞു. അവർ ചെന്ന് അവിടുത്തെ വാസസ്ഥലം കണ്ടു; അപ്പോൾ ഏകദേശം നാലുമണി സമയം ആയിരുന്നതിനാൽ അന്ന് അവർ അദ്ദേഹത്തിന്റെ കൂടെ പാർത്തു. യോഹന്നാൻ പറഞ്ഞതുകേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരാൾ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയാസ് ആയിരുന്നു. അയാൾ ആദ്യമായി തന്റെ സഹോദരൻ ശിമോനെ കണ്ടു പറഞ്ഞു: “ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു.” ‘മിശിഹ’ എന്നതിനു ‘ക്രിസ്തു’ അഥവാ ‘അഭിഷിക്തൻ’ എന്നർഥം. അനന്തരം അന്ത്രയാസ് ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുചെന്നു; യേശു ശിമോനെ നോക്കിക്കൊണ്ടു പറഞ്ഞു: “നീ യോഹന്നാന്റെ പുത്രനായ ശിമോൻ അല്ലേ? നീ ഇനി കേഫാ എന്നു വിളിക്കപ്പെടും.” അതിനു പത്രോസ് അഥവാ പാറ എന്നർഥം.

യോഹന്നാൻ 1:35-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്‍റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ യേശു നടന്നുപോകുന്നത് കണ്ടിട്ട്; “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്“ എന്നു പറഞ്ഞു. അവൻ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നത് കണ്ടിട്ട് അവരോട്: നിങ്ങൾക്ക് എന്ത് വേണം? എന്നു ചോദിച്ചു; അവർ: “റബ്ബീ, നീ എവിടെ താമസിക്കുന്നു?“ എന്നു ചോദിച്ചു. അവൻ അവരോട്: വന്നുകാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ വന്നുകണ്ടു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നതുകൊണ്ട് അന്നു അവനോടുകൂടെ താമസിച്ചു. യോഹന്നാൻ പറഞ്ഞത് കേട്ടു യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരുവൻ ശിമോൻ പത്രോസിന്‍റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. അവൻ ആദ്യം തന്‍റെ സഹോദരനായ ശിമോനെ കണ്ടു അവനോട്: “ഞങ്ങൾ മശീഹായെ എന്നുവച്ചാൽ ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. അവൻ അവനെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കിയിട്ട്; നീ യോഹന്നാന്‍റെ പുത്രനായ ശിമോൻ ആകുന്നു; നീ കേഫാ എന്നു വിളിക്കപ്പെടും, അതിന്‍റെ അർത്ഥം പത്രൊസ് എന്നാകുന്നു.

യോഹന്നാൻ 1:35-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു. അവൻ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: നിങ്ങൾ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാർക്കുന്നു എന്നു ചോദിച്ചു. അവൻ അവരോടു: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നു. യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.

യോഹന്നാൻ 1:35-42 സമകാലിക മലയാളവിവർത്തനം (MCV)

പിറ്റേദിവസം യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി വീണ്ടും അവിടെ നിൽക്കുകയായിരുന്നു. അപ്പോൾ, യേശു പോകുന്നതു നോക്കിക്കൊണ്ട്, “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!” എന്നു വിളിച്ചുപറഞ്ഞു. യോഹന്നാൻ ഇതു പറയുന്നതു കേട്ട ആ രണ്ടുശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു. യേശു പിറകോട്ടു തിരിഞ്ഞപ്പോൾ തന്നെ അനുഗമിക്കുന്നവരെ കണ്ടു. അവിടന്ന് അവരോടു ചോദിച്ചു, “എന്താണ് നിങ്ങൾ അന്വേഷിക്കുന്നത്?” അവർ, “ഗുരോ,” എന്ന് അർഥമുള്ള “റബ്ബീ,” എന്ന് അഭിസംബോധന ചെയ്തുകൊണ്ട്, “അങ്ങ് എവിടെ താമസിക്കുന്നു?” എന്നു ചോദിച്ചു. “വന്നു കാണുക,” അദ്ദേഹം പറഞ്ഞു. അങ്ങനെ അവർ അദ്ദേഹം താമസിച്ചിരുന്ന സ്ഥലം വന്നു കണ്ടു. അവർ അദ്ദേഹത്തെ കണ്ടപ്പോൾ ഉച്ചകഴിഞ്ഞ് ഏകദേശം നാലുമണിയായിരുന്നു. അന്ന് അവർ അദ്ദേഹത്തോടുകൂടെ താമസിച്ചു. യോഹന്നാന്റെ സാക്ഷ്യംകേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരാൾ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ് ആയിരുന്നു. അന്ത്രയോസ് ആദ്യംതന്നെ തന്റെ സഹോദരനായ ശിമോനെ കണ്ട്, “ഞങ്ങൾ മശിഹായെ, അതായത്, ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അയാൾ ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുചെന്നു. യേശു അയാളെ നോക്കി, “നീ യോഹന്നാന്റെ മകനായ ശിമോൻ ആകുന്നു. നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു. (ഇതിന്റെ പരിഭാഷ പത്രോസ് എന്നാകുന്നു.)