യോഹന്നാൻ 1:1-13

യോഹന്നാൻ 1:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവനു യോഹന്നാൻ എന്നു പേർ. അവൻ സാക്ഷ്യത്തിനായി, താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻതന്നെ വന്നു. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.

യോഹന്നാൻ 1:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആദിയിൽത്തന്നെ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടി ആയിരുന്നു. വചനം ദൈവമായിരുന്നു. ആ വചനം ആദിയിൽത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു. വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളിൽ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല. വചനത്തിൽ ജീവനുണ്ടായിരുന്നു; ആ ജീവൻ മനുഷ്യവർഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു. ഇരുളിൽ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആ വെളിച്ചത്തെ ഇരുൾ ഒരിക്കലും കീഴടക്കിയിട്ടില്ല. യോഹന്നാൻ എന്നു പേരുള്ള ഒരു മനുഷ്യനെ ദൈവം അയച്ചു. അദ്ദേഹം സാക്ഷ്യം വഹിക്കുവാൻ, താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിനു വെളിച്ചത്തിനു സാക്ഷ്യം വഹിക്കുവാൻ തന്നെ വന്നു. അദ്ദേഹം വെളിച്ചമായിരുന്നില്ല; വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം വഹിക്കുവാൻ വന്നവൻ മാത്രമായിരുന്നു. സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യവെളിച്ചം പ്രപഞ്ചത്തിലേക്കു വന്നുകൊണ്ടിരുന്നു. അവിടുന്നു പ്രപഞ്ചത്തിലുണ്ടായിരുന്നു. പ്രപഞ്ചം അവിടുന്നു മുഖാന്തരമാണു സൃഷ്‍ടിക്കപ്പെട്ടത്; എങ്കിലും ലോകം അവിടുത്തെ അറിഞ്ഞില്ല. അവിടുന്നു സ്വന്തമായതിലേക്കു വന്നു; എന്നാൽ സ്വജനങ്ങൾ അവിടുത്തെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ച്, തന്റെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ മക്കൾ ആകുവാനുള്ള അധികാരം അവിടുന്നു നല്‌കി. അവിടുന്നു ജനിച്ചത് മനുഷ്യരക്തത്തിൽ നിന്നല്ല; ലൈംഗിക പ്രേരണയാലും പുരുഷന്റെ ഇച്ഛയാലും അല്ല; പ്രത്യുത, ദൈവത്തിൽ നിന്നത്രേ.

യോഹന്നാൻ 1:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ, ഈ വചനം, ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവന്‍റെ പേരു യോഹന്നാൻ. താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറവാൻ തന്നെ അവൻ വന്നു. യോഹന്നാൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറയേണ്ടുന്നവനായിട്ടത്രേ അവൻ വന്നത്. എല്ലാവരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ തന്‍റെ സ്വന്തമായതിലേക്ക് വന്നു; സ്വന്തജനങ്ങളോ അവനെ സ്വീകരിച്ചില്ല. അവനെ കൈക്കൊണ്ട് അവന്‍റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡിക ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.

യോഹന്നാൻ 1:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻമുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. അവൻ സാക്ഷ്യത്തിന്നായി, താൻമുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻമുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.

യോഹന്നാൻ 1:1-13 സമകാലിക മലയാളവിവർത്തനം (MCV)

ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടൊപ്പം ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവിടന്ന് ആരംഭത്തിൽ ദൈവത്തോടൊപ്പം സ്ഥിതിചെയ്യുന്നുണ്ടായിരുന്നു. അവിടന്നാണ് സർവത്തിന്റെയും അസ്തിത്വകാരണം; സൃഷ്ടിക്കപ്പെട്ടവയിൽ, അവിടത്തെക്കൂടാതെ യാതൊന്നും സൃഷ്ടിക്കപ്പെട്ടില്ല. അവിടന്നായിരുന്നു ജീവന്റെ ഉറവിടം; ഈ ജീവൻ ആയിരുന്നു മനുഷ്യകുലത്തിന്റെ പ്രകാശം. പ്രകാശം അന്ധകാരത്തിൽ പ്രശോഭിക്കുന്നു; അന്ധകാരം അതിന്മേൽ പ്രബലമായതുമില്ല. യോഹന്നാൻ എന്നു പേരുള്ള ഒരു മനുഷ്യനെ ദൈവം അയച്ചു. അദ്ദേഹം വന്നത്, പ്രകാശത്തെക്കുറിച്ച് സാക്ഷ്യം പറയാനും സർവരും ആ സാക്ഷ്യത്തിൽ വിശ്വസിക്കേണ്ടതിനുമാണ്. അദ്ദേഹം പ്രകാശം ആയിരുന്നില്ല; പിന്നെയോ പ്രകാശത്തെക്കുറിച്ച് സാക്ഷ്യംവഹിക്കുകമാത്രമായിരുന്നു. ഏതു മനുഷ്യനെയും പ്രകാശപൂരിതമാക്കുന്ന യഥാർഥ പ്രകാശം ലോകത്തിലേക്കു വരികയായിരുന്നു. അവിടന്നു ലോകത്തിൽ ഉണ്ടായിരുന്നു. ലോകം അസ്തിത്വത്തിൽ വന്നത് അവിടന്ന് മുഖാന്തിരമായിരുന്നു; എങ്കിലും ലോകം അവിടത്തെ തിരിച്ചറിഞ്ഞില്ല. അവിടന്നു സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാൽ സ്വജനമോ അവിടത്തെ അംഗീകരിച്ചില്ല. എന്നാൽ അവിടത്തെ സ്വീകരിച്ച് അവിടത്തെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ മക്കളാകാൻ അവിടന്ന് അധികാരംനൽകി. അവർ സ്വാഭാവികരീതിയിലോ ശാരീരിക അഭിലാഷത്താലോ പുരുഷന്റെ ഇഷ്ടപ്രകാരമോ അല്ല, ദൈവത്തിൽനിന്നത്രേ ജനിച്ചത്.