യിരെമ്യാവ് 7:21-26

യിരെമ്യാവ് 7:21-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിൻ. ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഹോമയാഗങ്ങളെക്കുറിച്ചാകട്ടെ ഹനനയാഗങ്ങളെക്കുറിച്ചാകട്ടെ അവരോടു സംസാരിക്കയോ കല്പിക്കയോ ചെയ്തിട്ടില്ല. എന്റെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ ഞാൻ നിങ്ങൾക്കു ദൈവമായും നിങ്ങൾ എനിക്കു ജനമായും ഇരിക്കും; നിങ്ങൾക്കു നന്നായിരിക്കേണ്ടതിനു ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള വഴികളിലൊക്കെയും നടപ്പിൻ എന്നീ കാര്യമത്രേ ഞാൻ അവരോടു കല്പിച്ചത്. എന്നാൽ അവർ അനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പുറകോട്ടു തന്നെ പൊയ്ക്കളഞ്ഞു. നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകല ദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു. എന്നിട്ടും എന്നെ കേട്ടനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ അവർ ദുശ്ശാഠ്യം കാട്ടി തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തു.

യിരെമ്യാവ് 7:21-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ മറ്റു യാഗങ്ങളോടുകൂടി ഹോമയാഗങ്ങളും ചേർത്ത് അവയുടെ മാംസം ഭക്ഷിക്കുവിൻ. നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തിൽ നിന്നു കൊണ്ടുവന്നപ്പോൾ ഹോമയാഗങ്ങളെക്കുറിച്ചോ മറ്റു യാഗങ്ങളെക്കുറിച്ചോ ഞാൻ പറഞ്ഞിരുന്നില്ല; യാതൊരു കല്പനയും കൊടുത്തിരുന്നതുമില്ല. എങ്കിലും ഞാൻ അവരോടു കല്പിച്ചിരുന്നു: ‘നിങ്ങൾ എന്റെ വാക്കുകൾ അനുസരിക്കുവിൻ, എന്നാൽ ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവും ആയിരിക്കും; ഞാൻ നിങ്ങളോടു കല്പിച്ചിരുന്നതെല്ലാം അനുസരിച്ചാൽ നിങ്ങൾക്കു ശുഭമായിരിക്കും.’ പക്ഷേ, അവർ എന്നെ അനുസരിക്കുകയോ, ശ്രദ്ധിക്കുകയോ ചെയ്തില്ല; പിന്നെയോ, തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ ജീവിച്ചു; മുന്നോട്ടല്ല, പിന്നോട്ടാണ് അവർ പോയത്. നിങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽനിന്നു പുറപ്പെട്ടുപോന്ന നാൾമുതൽ ഇന്നുവരെ, ദിനംപ്രതി എന്നവിധം എന്റെ ദാസരായ പ്രവാചകരെ അവരുടെ അടുക്കലേക്കു തുടർച്ചയായി ഞാൻ അയച്ചു. എന്നിട്ടും അവർ എന്നെ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ ദുശ്ശാഠ്യത്തോടെ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം തിന്മ ചെയ്തു.”

യിരെമ്യാവ് 7:21-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിൻ. ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന നാളിൽ ഹോമയാഗങ്ങളെക്കുറിച്ചോ ഹനനയാഗങ്ങളെക്കുറിച്ചോ അവരോടു സംസാരിക്കുകയോ കല്പിക്കുകയോ ചെയ്തിട്ടില്ല. എന്‍റെ വാക്കു കേട്ടനുസരിക്കുവിൻ; എന്നാൽ ഞാൻ നിങ്ങൾക്ക് ദൈവമായും നിങ്ങൾ എനിക്ക് ജനമായും ഇരിക്കും; നിങ്ങൾക്ക് ശുഭമായിരിക്കേണ്ടതിന് ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാ വഴികളിലും നടക്കുവിൻ” എന്നിങ്ങനെയുള്ള കാര്യമാകുന്നു ഞാൻ അവരോടു കല്പിച്ചത്. എന്നാൽ അവർ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അവരുടെ ദുഷ്ടഹൃദയത്തിൻ്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പിറകോട്ടു തന്നെ പൊയ്ക്കളഞ്ഞു. നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ മിസ്രയീംദേശത്തു നിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്‍റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചു. എന്നിട്ടും എന്നെ കേട്ടനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അവർ ദുശ്ശാഠ്യം കാട്ടി അവരുടെ പൂര്‍വ്വ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തു.

യിരെമ്യാവ് 7:21-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിൻ. ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഹോമയാഗങ്ങളെക്കുറിച്ചാകട്ടെ ഹനനയാഗങ്ങളെക്കുറിച്ചാകട്ടെ അവരോടു സംസാരിക്കയോ കല്പിക്കയോ ചെയ്തിട്ടില്ല. എന്റെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ ഞാൻ നിങ്ങൾക്കു ദൈവമായും നിങ്ങൾ എനിക്കു ജനമായും ഇരിക്കും; നിങ്ങൾക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള വഴികളിലൊക്കെയും നടപ്പിൻ എന്നീ കാര്യമത്രേ ഞാൻ അവരോടു കല്പിച്ചതു. എന്നാൽ അവർ അനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പുറകോട്ടു തന്നേ പൊയ്ക്കളഞ്ഞു. നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു. എന്നിട്ടും എന്നെ കേട്ടനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ അവർ ദുശ്ശാഠ്യം കാട്ടി തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തു.

യിരെമ്യാവ് 7:21-26 സമകാലിക മലയാളവിവർത്തനം (MCV)

“ ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഹോമയാഗങ്ങളോട് മറ്റു യാഗങ്ങൾ കലർത്തി, മാംസം തിന്നുക. ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന് അവരോടു സംസാരിച്ചപ്പോൾ, ഹോമയാഗങ്ങളെക്കുറിച്ചോ, മറ്റു യാഗങ്ങളെക്കുറിച്ചോ ഞാൻ അവർക്കു കൽപ്പന നൽകിയിട്ടില്ല. എന്നാൽ നിങ്ങൾ എന്റെ കൽപ്പന കേട്ടനുസരിക്കുക: എന്നെ അനുസരിക്കുക, ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും. നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിന് ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളത് എല്ലാം അനുസരിച്ചു ജീവിക്കുക. എന്നാൽ അവർ അതു ശ്രദ്ധിക്കുകയോ ചെവിക്കൊള്ളുകയോ ചെയ്യാതെ അവരുടെ ദുഷിച്ച ഹൃദയങ്ങളിലെ ശാഠ്യമുള്ള പ്രവണതകൾ അനുസരിച്ചു. അവർ മുന്നോട്ടല്ല, പിറകോട്ടുതന്നെ പോയി. നിങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റുദേശംവിട്ട് പുറപ്പെട്ടുപോന്ന ആ കാലംമുതൽ ഇന്നുവരെയും ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെ എല്ലാ ദിവസവും ഇടതടവിടാതെ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചു. എന്നിട്ടും അവർ എന്റെ വചനം കേൾക്കാതെയും അതിനു ചെവി കൊടുക്കാതെയും ദുശ്ശാഠ്യം കാണിച്ച് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം പ്രവർത്തിച്ചു.’