യിരെമ്യാവ് 7:1-15
യിരെമ്യാവ് 7:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയിങ്കൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ: നീ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട്: യഹോവയെ നമസ്കരിപ്പാൻ ഈ വാതിലുകളിൽക്കൂടി കടക്കുന്നവരായ എല്ലാ യെഹൂദായുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ എന്നീ വചനം വിളിച്ചുപറക. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും. യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്. നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽ തമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ, പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും നിങ്ങൾക്ക് ആപത്തിനായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നുവെങ്കിൽ, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്തു നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും. നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു. നിങ്ങൾ മോഷ്ടിക്കയും കൊലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു. പിന്നെ വന്ന് എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ട്: ഞങ്ങൾ രക്ഷപെട്ടിരിക്കുന്നു എന്നു പറയുന്നത് ഈ മ്ലേച്ഛതകളൊക്കെയും ചെയ്യേണ്ടതിനു തന്നെയോ? എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അത് അങ്ങനെ തന്നെ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാട്. എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിൽ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്ന് എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടത നിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ! ആകയാൽ നിങ്ങൾ ഈ പ്രവൃത്തികളെയൊക്കെയും ചെയ്കയും ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങൾ കേൾക്കാതിരിക്കയും ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ട്, എന്റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാൻ ചെയ്യും. നിങ്ങളുടെ സകല സഹോദരന്മാരുമായ എഫ്രയീംസന്തതിയെയൊക്കെയും ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു തള്ളിക്കളയും എന്ന് യഹോവയുടെ അരുളപ്പാട്.
യിരെമ്യാവ് 7:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യിരെമ്യാക്കു സർവേശ്വരനിൽ നിന്നുണ്ടായ അരുളപ്പാട്: “ദേവാലയവാതില്‌ക്കൽ നിന്നുകൊണ്ട് നീ ഇപ്രകാരം വിളംബരം ചെയ്യണം. സർവേശ്വരനെ ആരാധിക്കാൻ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന സകല യെഹൂദ്യരുമേ, അവിടുത്തെ വചനം കേൾക്കുവിൻ.” ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും നേരെയാക്കുവിൻ; എന്നാൽ ഈ ദേശത്തു പാർക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.” ഇതു സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം എന്നുള്ള കപടവാക്കുകളിൽ ആശ്രയിക്കരുത്. നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും വാസ്തവമായി തിരുത്തുകയും അയൽക്കാരോടു നീതി പുലർത്തുകയും പരദേശിയെയും അനാഥരെയും വിധവയെയും ചൂഷണം ചെയ്യാതിരിക്കുകയും ഈ സ്ഥലത്തു കുറ്റമില്ലാത്തവന്റെ രക്തം ചിന്താതെയും സ്വന്തം നാശത്തിനായി അന്യദേവന്മാരുടെ പിന്നാലെ പോകാതെയും ഇരുന്നാൽ, നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ നല്‌കിയ ഈ ദേശത്ത് എന്നേക്കും പാർക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും. നിങ്ങൾ വ്യർഥമായി കപടവാക്കുകളിൽ ആശ്രയിക്കുന്നു. നിങ്ങൾ മോഷ്‍ടിക്കുകയും കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപമർപ്പിക്കുകയും നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരുടെ പിന്നാലെ പോകുകയും ചെയ്യുന്നു. പിന്നീട് എന്റെ നാമത്തിലുള്ള ഈ ആലയത്തിൽ വന്ന് എന്റെ സന്നിധിയിൽ നിന്നുകൊണ്ടു ഞങ്ങൾ സുരക്ഷിതരാണെന്നു പറയുന്നു; ഈ മ്ലേച്ഛതകളെല്ലാം തുടരുന്നതിനു വേണ്ടിയുള്ള സുരക്ഷിതത്വമാണോ ഇത്? എന്റെ നാമത്തിലുള്ള ഈ ആലയം കള്ളന്മാരുടെ ഗുഹയായിട്ടാണോ നിങ്ങൾ കാണുന്നത്? അതേ, അങ്ങനെ തന്നെ ഞാൻ കാണുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു”. “എന്റെ നാമത്തിൽ ഞാൻ ആദ്യം സ്ഥാപിച്ച ശീലോവിൽ ചെന്നു നോക്കുവിൻ. എന്റെ ജനമായ ഇസ്രായേലിന്റെ ദുഷ്ടത നിമിത്തം ഞാൻ അതിനോടു ചെയ്തത് എന്തെന്നു കാണുവിൻ.” അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാൻ നിരന്തരം നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ ശ്രദ്ധിച്ചില്ല; ഞാൻ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറഞ്ഞില്ല. ഇവയെല്ലാം നിങ്ങൾ ചെയ്തു. അതുകൊണ്ട് എന്റെ നാമത്തിൽ സ്ഥാപിതവും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങളുടെ പിതാക്കന്മാർക്കും നിങ്ങൾക്കുമായി തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാൻ ചെയ്യും. നിങ്ങളുടെ ചാർച്ചക്കാരായ എഫ്രയീം സന്തതികളെയെല്ലാം പുറത്താക്കിയതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു ഞാൻ പുറന്തള്ളും.
യിരെമ്യാവ് 7:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയിൽ നിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാടു എന്തെന്നാൽ: “നീ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ നിന്നുകൊണ്ട് ഈ വചനം വിളിച്ചുപറയുക: ‘യഹോവയെ നമസ്കരിക്കുവാൻ ഈ വാതിലുകളിൽ കൂടി കടക്കുന്നവരായ എല്ലാ യെഹൂദായുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾക്കുവിൻ.’ യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും. ‘യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം’ എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്. നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ, പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്ത് ചൊരിയാതെയും നിങ്ങൾക്ക് ദോഷത്തിനായി അന്യദേവന്മാരോടു ചേർന്ന് നടക്കാതെയും ഇരിക്കുന്നു എങ്കിൽ, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്ത് നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും. “നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു. നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു. പിന്നെ വന്ന് എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ട്: ‘ഞങ്ങൾ രക്ഷപെട്ടിരിക്കുന്നു’ എന്നു പറയുന്നത് ഈ മ്ലേച്ഛതകളെല്ലാം ചെയ്യേണ്ടതിന് തന്നെയോ? എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം ‘കള്ളന്മാരുടെ ഗുഹ’ എന്നു നിങ്ങൾക്ക് തോന്നുന്നുവോ? എനിക്കും അങ്ങനെ തന്നെ തോന്നുന്നു” എന്നു യഹോവയുടെ അരുളപ്പാടു. “എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിലെ എന്‍റെ വാസസ്ഥലത്തു നിങ്ങൾ ചെന്നു എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോട് ചെയ്തതു നോക്കുവിൻ! ആകയാൽ നിങ്ങൾ ഈ പ്രവൃത്തികൾ എല്ലാം ചെയ്യുകയും ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ കേൾക്കാതിരിക്കുകയും ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറയാതിരിക്കുകയും ചെയ്യുകകൊണ്ട്, എന്‍റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും, നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ നൽകിയിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാൻ ചെയ്യും. എഫ്രയീം സന്തതിയായ നിങ്ങളുടെ സഹോദരന്മാരെയെല്ലാം ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളയും” എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവ് 7:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ: നീ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ നിന്നുകൊണ്ടു: യഹോവയെ നമസ്കരിപ്പാൻ ഈ വാതിലുകളിൽകൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ എന്നീ വചനം വിളിച്ചുപറക. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും. യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുതു. നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ, പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും നിങ്ങൾക്കു ആപത്തിന്നായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നു എങ്കിൽ, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്തു നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും. നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു. നിങ്ങൾ മോഷ്ടിക്കയും കൊലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിന്നു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു. പിന്നെ വന്നു എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ടു: ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു ഈ മ്ലേച്ഛതകളൊക്കെയും ചെയ്യേണ്ടതിന്നു തന്നേയോ? എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അതു അങ്ങിനെ തന്നേ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിൽ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്നു എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ! ആകയാൽ നിങ്ങൾ ഈ പ്രവൃത്തികളെ ഒക്കെയും ചെയ്കയും ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങൾ കേൾക്കാതിരിക്കയും ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ടു, എന്റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാൻ ചെയ്യും. നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവ് 7:1-15 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്: “യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് ഈ വചനം വിളിച്ചുപറയുക: “ ‘യഹോവയെ ആരാധിക്കുന്നതിന് ഈ വാതിലിൽക്കൂടി പ്രവേശിക്കുന്ന എല്ലാ യെഹൂദരുമേ, യഹോവയുടെ അരുളപ്പാടു കേൾക്കുക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക; എന്നാൽ നിങ്ങൾ ഈ സ്ഥലത്തു വസിക്കാൻ ഞാൻ ഇടയാക്കും. “ഇത് യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം,” എന്നിങ്ങനെയുള്ള വഞ്ചനനിറഞ്ഞ വാക്കുകളിൽ നിങ്ങൾ ആശ്രയിക്കരുത്. എന്നാൽ, നിങ്ങളുടെ വഴികളും പ്രവൃത്തികളും നിങ്ങൾ പൂർണമായും തിരുത്തി, പരസ്പരം നീതിപൂർവം ന്യായപാലനംചെയ്യുമെങ്കിൽ, വിദേശികളെയും അനാഥരെയും വിധവകളെയും പീഡിപ്പിക്കാതിരിക്കുമെങ്കിൽ, ഈ സ്ഥലത്ത് നിഷ്കളങ്കരക്തം ചൊരിയാതിരിക്കുമെങ്കിൽ, നിങ്ങളുടെ നാശത്തിനായി അന്യദേവതകളെ സേവിച്ചു ജീവിക്കാതിരിക്കുമെങ്കിൽ, നിങ്ങളുടെ പിതാക്കന്മാർക്ക് എന്നേക്കും വസിക്കുന്നതിനു നൽകിയ ഈ ദേശത്ത് ഞാൻ നിങ്ങളെ ജീവിക്കാൻ അനുവദിക്കും. എന്നാൽ ഇതാ, പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ നിങ്ങൾ ആശ്രയിക്കുന്നു. “ ‘നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും വ്യാജശപഥംചെയ്യുകയും ബാലിനു ധൂപംകാട്ടുകയും നിങ്ങൾ അറിയാത്ത അന്യദേവന്മാരെ സേവിക്കുകയും ചെയ്തശേഷം, എന്റെ നാമം വഹിക്കുന്ന ഈ മന്ദിരത്തിൽ വന്ന് എന്റെ മുമ്പിൽനിന്നുകൊണ്ട്, “ഞങ്ങൾ സുരക്ഷിതരായിരിക്കുന്നു” എന്നു പറയുന്നത് ഈ മ്ലേച്ഛതകൾ ചെയ്യേണ്ടതിനു തന്നെയോ? എന്റെ നാമം വഹിക്കുന്ന ഈ മന്ദിരം നിങ്ങൾക്ക് കള്ളന്മാരുടെ ഗുഹയായി തീർന്നിരിക്കുന്നോ? എന്നാൽ ഞാൻ വീക്ഷിച്ചുകൊണ്ടിരിക്കുന്നു! എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ ‘ആദിയിൽ എന്റെ നാമം വഹിച്ചിരുന്ന ശീലോവിൽ എന്റെ ജനമായ ഇസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തത് എന്തെന്ന് നിങ്ങൾ പോയി നോക്കുക. നിങ്ങൾ ഈ കാര്യങ്ങളെല്ലാം ചെയ്തിരിക്കെ, യഹോവ അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങളോട് വീണ്ടും വീണ്ടും സംസാരിച്ചു, എന്നാൽ നിങ്ങൾ അതു ശ്രദ്ധിച്ചില്ല; ഞാൻ നിങ്ങളെ വിളിച്ചു, നിങ്ങൾ ഉത്തരം പറഞ്ഞില്ല. അതിനാൽ ഞാൻ ശീലോവിനോടു ചെയ്തത് എന്റെ നാമം വഹിക്കുന്ന ഈ സ്ഥലത്തോടും നിങ്ങൾ ആശ്രയം വെച്ചിരിക്കുന്നതും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും നൽകിയതുമായ ഈ ദൈവാലയത്തോടും ഞാൻ ചെയ്യും. എഫ്രയീമിന്റെ സന്തതികളായ ഇസ്രായേലിന്റെ സഹോദരങ്ങളെയെല്ലാം തള്ളിക്കളഞ്ഞതുപോലെ, നിങ്ങളെയും എന്റെ സന്നിധിയിൽനിന്ന് ഞാൻ തള്ളിക്കളയും,’ എന്ന് യഹോവയുടെ അരുളപ്പാട്.