യിരെമ്യാവ് 37:11-21
യിരെമ്യാവ് 37:11-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഫറവോന്റെ സൈന്യം നിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോൾ യിരെമ്യാവ് ബെന്യാമീൻദേശത്തുചെന്ന് സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു. അവൻ ബെന്യാമീൻവാതിൽക്കൽ എത്തിയപ്പോൾ, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവ് എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ചു: നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു എന്നു പറഞ്ഞു. അതിനു യിരെമ്യാവ്: അതു നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നത് എന്നു പറഞ്ഞു; യിരീയാവ് അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു. പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ച് അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽ വച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു. അങ്ങനെ യിരെമ്യാവ് കുണ്ടറയിലെ നിലവറകളിൽ ആയി അവിടെ ഏറെനാൾ പാർക്കേണ്ടിവന്നു. അനന്തരം സിദെക്കീയാരാജാവ് ആളയച്ച് അവനെ വരുത്തി: യഹോവയിങ്കൽനിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവ് അരമനയിൽവച്ച് അവനോടു രഹസ്യമായി ചോദിച്ചു; അതിനു യിരെമ്യാവ്: ഉണ്ട്; നീ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു. പിന്നെ യിരെമ്യാവ് സിദെക്കീയാരാജാവിനോടു പറഞ്ഞത്: നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു? ബാബേൽരാജാവ് നിങ്ങളുടെ നേരേയും ഈ ദേശത്തിന്റെ നേരേയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ? ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ. അപ്പോൾ സിദെക്കീയാരാജാവ്: യിരെമ്യാവെ കാവല്പുരമുറ്റത്ത് ഏല്പിപ്പാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിവസംപ്രതി ഒരു അപ്പം അവനു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവ് കാവല്പുരമുറ്റത്തു പാർത്തു.
യിരെമ്യാവ് 37:11-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഫറവോയുടെ സൈന്യത്തെ ഭയന്നു ബാബിലോൺ സൈന്യം യെരൂശലേമിൽ നിന്നു പിൻവാങ്ങിയപ്പോൾ, യിരെമ്യാ സ്വജനങ്ങളുടെ ഇടയിലുള്ള തന്റെ ഓഹരി കൈവശപ്പെടുത്താൻ യെരൂശലേമിൽനിന്നു ബെന്യാമീൻദേശത്തേക്കു പുറപ്പെട്ടു. അദ്ദേഹം ബെന്യാമീൻ കവാടത്തിലെത്തിയപ്പോൾ ശെലെമ്യായുടെ പുത്രനും ഹനന്യായുടെ പൗത്രനുമായ യിരീയാ എന്ന കാവൽസേനാനായകൻ അദ്ദേഹത്തെ പിടിച്ച്, ‘നീ ബാബിലോണ്യരുടെ പക്ഷത്തു ചേരാൻ പോകുക’യാണെന്നു പറഞ്ഞു. ‘അതു ശരിയല്ല; ഞാൻ ബാബിലോണ്യരുടെ പക്ഷത്തു ചേരാൻ പോകുകയല്ല’ എന്നു യിരെമ്യാ പറഞ്ഞെങ്കിലും, യിരീയാ അതു വിശ്വസിച്ചില്ല; അയാൾ യിരെമ്യാപ്രവാചകനെ പിടിച്ചു പ്രഭുക്കന്മാരുടെ മുമ്പിൽ ഹാജരാക്കി. പ്രഭുക്കന്മാർ യിരെമ്യായെ കണ്ടപ്പോൾ രോഷം പൂണ്ട് അദ്ദേഹത്തെ മർദിച്ചു തടവിലാക്കി. കാര്യദർശിയായ യോനാഥാന്റെ വീടാണ് തടവറയായി ഉപയോഗിച്ചിരുന്നത്. ആ കാരാഗൃഹത്തിലെ ഇരുട്ടറയിൽ യിരെമ്യാക്കു ദീർഘകാലം കഴിയേണ്ടിവന്നു. സിദെക്കീയാരാജാവ് യിരെമ്യായെ കൊട്ടാരത്തിലേക്ക് ആളയച്ചു വരുത്തി: “സർവേശ്വരനിൽനിന്ന് എന്തെങ്കിലും അരുളപ്പാടുണ്ടോ’ എന്നു രഹസ്യമായി ചോദിച്ചു; ‘ഉണ്ട്’ എന്നു യിരെമ്യാ പറഞ്ഞു; അങ്ങ് ബാബിലോൺരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടും. യിരെമ്യാ സിദെക്കീയാരാജാവിനോടു ചോദിച്ചു: “എന്നെ കാരാഗൃഹത്തിൽ ഇടാൻ തക്കവിധം അങ്ങേക്കോ അങ്ങയുടെ ദാസന്മാർക്കോ ഈ ജനത്തിനോ എതിരായി ഞാൻ എന്തു കുറ്റമാണു ചെയ്തത്? അങ്ങേക്കോ ദേശത്തിനോ എതിരെ ബാബിലോൺരാജാവു വരികയില്ല എന്നു പ്രവചിച്ച അങ്ങയുടെ പ്രവാചകർ എവിടെ? ഇപ്പോൾ എന്റെ യജമാനനായ രാജാവേ, ഞാൻ പറയുന്നതു കേട്ടാലും; എന്റെ അഭ്യർഥന സ്വീകരിച്ചാലും; കാര്യദർശിയായ യോനാഥാന്റെ വീട്ടിലേക്ക് എന്നെ തിരിച്ച് അയയ്‍ക്കരുതേ; ഞാൻ അവിടെ കിടന്നു മരിക്കുമല്ലോ.” ഇതുകേട്ട് സിദെക്കീയാ രാജാവ് യിരെമ്യായെ കാവല്‌ക്കാരുടെ അങ്കണത്തിൽ സൂക്ഷിക്കാനും നഗരത്തിലെ അപ്പം മുഴുവൻ തീരുന്നതുവരെ അപ്പക്കാരുടെ തെരുവിൽ നിന്നു ദിവസേന ഒരപ്പം കൊടുക്കാനും കല്പിച്ചു. അങ്ങനെ യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തിൽ താമസിച്ചു.
യിരെമ്യാവ് 37:11-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഫറവോന്‍റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേം വിട്ടുപോയപ്പോൾ യിരെമ്യാവ് ബെന്യാമീൻദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽ നിന്നു പുറപ്പെട്ടു. അവൻ ബെന്യാമീൻവാതില്ക്കൽ എത്തിയപ്പോൾ, അവിടുത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവ് എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ച്: “നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു” എന്നു പറഞ്ഞു. അതിന് യിരെമ്യാവ്: “അത് നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നത്” എന്നു പറഞ്ഞു; യിരീയാവ് അത് ശ്രദ്ധിക്കാതെ യിരെമ്യാവിനെ പിടിച്ച് പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു. പ്രഭുക്കന്മാർ യിരെമ്യാവിനോട് കോപിച്ച്, അവനെ അടിച്ച് രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽവച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു. അങ്ങനെ യിരെമ്യാവിന് കുണ്ടറയിലെ നിലവറകളിൽ വളരെനാൾ പാർക്കേണ്ടിവന്നു. അനന്തരം സിദെക്കീയാരാജാവ് ആളയച്ച് അവനെ വരുത്തി: “യഹോവയിങ്കൽനിന്ന് വല്ല അരുളപ്പാടും ഉണ്ടോ?” എന്നു രാജാവ് അരമനയിൽവച്ച് അവനോട് രഹസ്യമായി ചോദിച്ചു; അതിന് യിരെമ്യാവ്: “ഉണ്ട്; നീ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും” എന്നു പറഞ്ഞു. പിന്നെ യിരെമ്യാവ് സിദെക്കീയാരാജാവിനോട് പറഞ്ഞത്: “നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്ത് കുറ്റം ചെയ്തു? ‘ബാബേൽരാജാവ് നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരുകയില്ല’ എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ? ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ട് കൈക്കൊള്ളണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്ന് മരിക്കാതെയിരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ.” അപ്പോൾ സിദെക്കീയാരാജാവ്: യിരെമ്യാവിനെ കാവൽപ്പുരമുറ്റത്ത് ഏല്പിക്കുവാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽ നിന്ന് ദിവസംപ്രതി ഓരോ അപ്പം അവന് കൊടുക്കുവാനും കല്പിച്ചു. അങ്ങനെ യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് പാർത്തു.
യിരെമ്യാവ് 37:11-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോൾ യിരെമ്യാവു ബെന്യാമീൻദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു. അവൻ ബെന്യാമീൻവാതില്ക്കൽ എത്തിയപ്പോൾ, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവു എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ചു: നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു എന്നു പറഞ്ഞു. അതിന്നു യിരെമ്യാവു: അതു നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നതു എന്നു പറഞ്ഞു; യിരീയാവു അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു. പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽ വെച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു. അങ്ങനെ യിരെമ്യാവു കുണ്ടറയിലെ നിലവറകളിൽ ആയി അവിടെ ഏറെനാൾ പാർക്കേണ്ടിവന്നു. അനന്തരം സിദെക്കീയാരാജാവു ആളയച്ചു അവനെ വരുത്തി: യഹോവയിങ്കൽനിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവു അരമനയിൽവെച്ചു അവനോടു രഹസ്യമായി ചോദിച്ചു; അതിന്നു യിരെമ്യാവു: ഉണ്ടു; നീ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു. പിന്നെ യിരെമ്യാവു സിദെക്കീയാരാജാവിനോടു പറഞ്ഞതു: നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു. ബാബേൽരാജാവു നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ? ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ. അപ്പോൾ സിദെക്കീയാരാജാവു: യിരെമ്യാവെ കാവൽപുരമുറ്റത്തു ഏല്പിപ്പാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്നു ദിവസംപ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു.
യിരെമ്യാവ് 37:11-21 സമകാലിക മലയാളവിവർത്തനം (MCV)
ഫറവോന്റെ സൈന്യംനിമിത്തം ബാബേല്യരുടെ സൈന്യം ജെറുശലേം വിട്ടുപോയപ്പോൾ, യിരെമ്യാവ് ജെറുശലേംവിട്ട് ബെന്യാമീൻദേശത്തേക്കുപോയി. അവിടത്തെ ജനങ്ങൾക്കിടയിൽ തനിക്കുള്ള ചില അവകാശസ്ഥലങ്ങൾ സ്വന്തമാക്കാനായിരുന്നു ആ യാത്ര. എന്നാൽ അദ്ദേഹം ബെന്യാമീൻകവാടത്തിൽ എത്തിയപ്പോൾ, ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകനായ യിരീയാവ് കാവൽക്കാരുടെ അധിപനായി അവിടെ ഉണ്ടായിരുന്നു. “നീ ബാബേല്യരുടെ പക്ഷത്തു ചേരാൻ ഇവിടം ഉപേക്ഷിച്ചു പോകുകയാണ്!” എന്നു പറഞ്ഞുകൊണ്ട് അയാൾ യിരെമ്യാപ്രവാചകനെ പിടിച്ചു. എന്നാൽ യിരെമ്യാവ്, “അതു സത്യമല്ല! ഞാൻ ബാബേല്യരുടെ പക്ഷത്തു ചേരാൻ ഇവിടം ഉപേക്ഷിച്ചു പോകുകയല്ല” എന്നു പറഞ്ഞു. എന്നിട്ടും യിരീയാവ് ആ വാക്കു ശ്രദ്ധിക്കാതെ യിരെമ്യാവിനെ ബന്ധിച്ച് പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ പ്രഭുക്കന്മാർ യിരെമ്യാവിന്റെ നേരേ കോപിച്ച് അദ്ദേഹത്തെ മർദിച്ചു. അവർ അദ്ദേഹത്തെ ലേഖകനായ യോനാഥാന്റെ വീട്ടിൽ തടവിലാക്കി; അവർ അതിനെ കാരാഗൃഹമാക്കിയിരുന്നു. അങ്ങനെ യിരെമ്യാവ് അവിടത്തെ ഇരുട്ടറയ്ക്കുള്ളിൽ അനേകദിവസം കഴിച്ചുകൂട്ടി. അതിനുശേഷം സിദെക്കീയാരാജാവ് ആളയച്ച് അദ്ദേഹത്തെ കൊട്ടാരത്തിലേക്കു വരുത്തി. തന്റെ അരമനയിൽവെച്ചു രാജാവ് രഹസ്യമായി അദ്ദേഹത്തോട്: “യഹോവയിൽനിന്ന് വല്ല അരുളപ്പാടുമുണ്ടോ” എന്നു ചോദിച്ചു. “ഉണ്ട്, താങ്കൾ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും,” എന്നു യിരെമ്യാവ് ഉത്തരം പറഞ്ഞു. യിരെമ്യാവ് സിദെക്കീയാരാജാവിനോട് ഇതുംകൂടി പറഞ്ഞു: “താങ്കൾ എന്നെ കാരാഗൃഹത്തിൽ അടയ്ക്കാൻ തക്കവണ്ണം ഞാൻ താങ്കളോടോ താങ്കളുടെ ഭൃത്യന്മാരോടോ ഈ ജനത്തിനോടോ എന്തു കുറ്റമാണു ചെയ്തത്? ‘ബാബേൽരാജാവ് താങ്കളെയോ ഈ ദേശത്തെയോ ആക്രമിക്കുകയില്ല,’ എന്നു പ്രവചിച്ച താങ്കളുടെ പ്രവാചകന്മാർ എവിടെ? എന്നാലിപ്പോൾ യജമാനനായ രാജാവേ, കേൾക്കണമേ. എന്റെ അപേക്ഷ അവിടന്നു കൈക്കൊള്ളണമേ. ഞാൻ ലേഖകനായ യോനാഥാന്റെ വീട്ടിൽക്കിടന്നു മരിക്കാതിരിക്കേണ്ടതിന് അവിടേക്കു ഞാൻ മടങ്ങിപ്പോകാൻ ഇടയാക്കരുതേ.” അതുകൊണ്ട് സിദെക്കീയാരാജാവ് കൽപ്പന കൊടുത്തിട്ട്, അവർ യിരെമ്യാവിനെ കാവൽപ്പുരമുറ്റത്ത് ബന്ധിച്ചു. നഗരത്തിലെ ഭക്ഷണം തീർന്നുപോകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിനംതോറും ഓരോ അപ്പം നൽകുന്നതിനും ഏർപ്പാടുചെയ്തു. അങ്ങനെ യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.