യിരെമ്യാവ് 33:1-26
യിരെമ്യാവ് 33:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിരെമ്യാവ് കാവല്പുരമുറ്റത്ത് അടയ്ക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം അവനുണ്ടായതെന്തെന്നാൽ: അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവർത്തിപ്പാൻ നിർണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവൻ തന്നെ, ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളും; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും. വാടകൾക്കും വാളിനും എതിരേ തടുത്തു നില്ക്കേണ്ടതിനായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ കല്ദയരോടു യുദ്ധം ചെയ്വാൻ ചെല്ലുന്നു; എന്നാൽ അതു, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറപ്പാനത്രേ; അവരുടെ സകല ദോഷവും നിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു. ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും. ഞാൻ യെഹൂദായുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്ക് അഭിവൃദ്ധി വരുത്തും. അവർ എന്നോടു പിഴച്ചതായ സകല അകൃത്യത്തെയും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കയും അവർ പാപം ചെയ്ത് എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും. ഞാൻ അവർക്കു ചെയ്യുന്ന എല്ലാ നന്മയെയുംകുറിച്ചു കേൾക്കുന്ന സകല ഭൂജാതികളുടെയും മുമ്പാകെ അത് എനിക്ക് ആനന്ദനാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിനു വരുത്തുന്ന എല്ലാ നന്മയും നിമിത്തവും സർവസമാധാനവും നിമിത്തവും അവർ പേടിച്ചു വിറയ്ക്കും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: സൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളത് എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകല പട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്ക് ഇനിയും മേച്ചൽപ്പുറം ഉണ്ടാകും. മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കേ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിന്റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവന്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു. ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ല വചനം നിവർത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്. ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിനു നീതിയുള്ളൊരു മുളയായവനെ മുളപ്പിക്കും; അവൻ ദേശത്തു നീതിയും ന്യായവും നടത്തും. അന്നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായി വസിക്കും; അതിനു യഹോവ നമ്മുടെ നീതി എന്നു പേർ പറയും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരികയില്ല. ദിനംപ്രതി ഹോമയാഗം കഴിപ്പാനും ഭോജനയാഗം ദഹിപ്പിപ്പാനും ഹനനയാഗം അർപ്പിപ്പാനും എന്റെ മുമ്പാകെ ലേവ്യാപുരോഹിതന്മാർക്ക് ഒരു പുരുഷൻ ഇല്ലാതെ വരികയുമില്ല. യിരെമ്യാവിനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന് അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യാപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബലമായിവരാം. ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർധിപ്പിക്കും. യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ: യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്ന് ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ അത് ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ, ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്ക് അധിപതിമാരായിരിപ്പാൻ അവന്റെ സന്തതിയിൽനിന്ന് ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവർക്കു കരുണകാണിക്കയും ചെയ്യും.
യിരെമ്യാവ് 33:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തിൽ തടവുകാരനായിരിക്കുമ്പോൾ സർവേശ്വരന്റെ അരുളപ്പാട് വീണ്ടും ഉണ്ടായി. “ഭൂമിയെ സൃഷ്‍ടിച്ചവനും അതിനു രൂപം നല്‌കി ഉറപ്പിക്കുകയും ചെയ്ത സർവേശ്വരൻ, സർവേശ്വരൻ എന്നു നാമമുള്ളവൻ തന്നെ അരുളിച്ചെയ്യുന്നു: “എന്നെ വിളിച്ചപേക്ഷിക്കുക, ഞാൻ ഉത്തരമരുളും; നീ അറിഞ്ഞിട്ടില്ലാത്ത ശ്രേഷ്ഠവും രഹസ്യവുമായ കാര്യങ്ങൾ നിന്നോടു പറയും. ഉപരോധത്തിനുവേണ്ടി ശത്രുക്കൾ നിർമിച്ച മൺകൂനകളെയും വാളിനെയും ചെറുക്കാൻ വേണ്ടി പൊളിച്ചെടുത്ത ഈ നഗരത്തിലെ വീടുകളെയും യെഹൂദാരാജാവിന്റെ കൊട്ടാരങ്ങളെയും കുറിച്ച് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്റെ കോപത്തിലും ക്രോധത്തിലും ഞാൻ നശിപ്പിക്കാൻ പോകുന്ന മനുഷ്യരുടെ മൃതശരീരങ്ങൾക്കൊണ്ടു തങ്ങളെ എതിർക്കുന്നവരുടെ ഭവനങ്ങൾ നിറയ്‍ക്കാൻ ബാബിലോണ്യർ വരുന്നു; അവർ ചെയ്ത സകല തിന്മപ്രവൃത്തികളും നിമിത്തം ഈ നഗരത്തിൽനിന്ന് എന്റെ മുഖം ഞാൻ തിരിച്ചിരിക്കുന്നു. എങ്കിലും ഈ നഗരത്തിനു ഞാൻ ആരോഗ്യവും സൗഖ്യവും നല്‌കും; ഞാൻ അവരെ സുഖപ്പെടുത്തും. അവർക്കു സമൃദ്ധമായ ഐശ്വര്യവും സുരക്ഷിതത്വവും ഞാൻ നല്‌കും. യെഹൂദായ്‍ക്കും ഇസ്രായേലിനും മുമ്പുണ്ടായിരുന്ന ഐശ്വര്യം ഞാൻ വീണ്ടും നല്‌കും. പൂർവസ്ഥിതിയിൽ അവരെ ഞാൻ ആക്കും. എനിക്കെതിരെ ചെയ്ത അവരുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ അവരെ ശുദ്ധീകരിക്കും; എനിക്കെതിരെയുള്ള പാപത്തിന്റെയും മത്സരത്തിന്റെയും സകല അപരാധവും ഞാൻ അവരോടു ക്ഷമിക്കും. ഞാൻ അവർക്കു ചെയ്യാൻ പോകുന്ന സകല നന്മകളെക്കുറിച്ചും കേൾക്കുന്ന സകല ജനതകളുടെയും ഇടയിൽ ഈ നഗരം എനിക്കു സന്തോഷകരമായ നാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിനു ചെയ്യുന്ന നന്മയും നല്‌കുന്ന സമൃദ്ധിയും നിമിത്തം അവർ ഭയന്നു വിറയ്‍ക്കും. സർവേശ്വരൻ അരുളിച്ചെയ്യുന്നു: “മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ സ്ഥലത്ത്, മനുഷ്യനോ മൃഗമോ വസിക്കാത്ത യെഹൂദാനഗരങ്ങളിലും യെരൂശലേമിന്റെ വീഥികളിലും വീണ്ടും ആനന്ദഘോഷവും സന്തോഷശബ്ദവും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും കേൾക്കും; ‘സർവശക്തനായ സർവേശ്വരനു സ്തോത്രം ചെയ്യുവിൻ, അവിടുന്നു നല്ലവനല്ലോ; അവിടുത്തെ സുസ്ഥിരസ്നേഹം ശാശ്വതമാകുന്നു’ എന്ന് അവിടുത്തെ ആലയത്തിലേക്കു സ്തോത്രവഴിപാടുകൾ കൊണ്ടുവരുന്നവർ പാടുന്ന പാട്ടിന്റെ ശബ്ദവും അവിടെ മുഴങ്ങും; ദേശത്തിന് ആദ്യകാലത്തേതുപോലെ ഐശ്വര്യം ഞാൻ പുനഃസ്ഥാപിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.” സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായി കിടക്കുന്ന ഈ സ്ഥലത്തും അതിന്റെ എല്ലാ നഗരങ്ങളിലും ആട്ടിൻപറ്റങ്ങൾക്കു വിശ്രമം കൊടുക്കുന്ന ഇടയന്മാരുടെ പാർപ്പിടങ്ങൾ ഉണ്ടാകും. മലനാട്ടിലെയും താഴ്‌വരയിലെയും നെഗബിലെയും നഗരങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാനഗരങ്ങളിലും ഇടയന്മാർ തങ്ങളുടെ ആടുകളെ എണ്ണുന്ന കാലം വീണ്ടും വരും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ഇസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും ചെയ്തിരുന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്ന കാലം വരുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ആ നാളുകളിൽ ദാവീദിന്റെ വംശത്തിൽനിന്നു നീതിയുള്ള ഒരു ശാഖ മുളപ്പിക്കും; അവൻ ദേശത്തു നീതിയും ധർമവും നടപ്പാക്കും. അന്നു യെഹൂദാ രക്ഷിക്കപ്പെടുകയും യെരൂശലേംനിവാസികൾ സുരക്ഷിതരായി പാർക്കുകയും ചെയ്യും. ‘സർവേശ്വരൻ നമ്മുടെ നീതി’ എന്ന പേരിലായിരിക്കും ഈ നഗരം ഇനി വിളിക്കപ്പെടുക. ഇസ്രായേലിന്റെ സിംഹാസനത്തിൽ വാണരുളുന്നതിന് ദാവീദിന്റെ വംശത്തിൽ ഒരാൾ ഇല്ലാതെ പോകുകയില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്റെ സന്നിധിയിൽ ഹോമയാഗവും ധാന്യയാഗവും മറ്റു യാഗങ്ങളും ദിനംതോറും അർപ്പിക്കാൻ ലേവ്യരുടെ ഇടയിൽ ഒരു പുരോഹിതൻ ഇല്ലാതെ പോകുകയുമില്ല. യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. അവിടുന്ന് അരുളിച്ചെയ്യുന്നു: “നിർദിഷ്ട സമയങ്ങളിൽ രാവും പകലും ഉണ്ടാകാത്തവിധം രാത്രിയോടും പകലിനോടുമുള്ള എന്റെ ഉടമ്പടി ലംഘിക്കാൻ കഴിയുമോ? എങ്കിൽ മാത്രമേ, ദാവീദിന്റെ സിംഹാസനത്തിൽ വാണരുളാൻ ഒരു പുത്രൻ ഇല്ലാതാകുംവിധം എന്റെ ദാസനായ ദാവീദിനോടുള്ള എന്റെ ഉടമ്പടി ലംഘിക്കപ്പെടുകയുള്ളൂ; എന്റെ ശുശ്രൂഷകരായ ലേവ്യപുരോഹിതന്മാരുമായുള്ള ഉടമ്പടിയും അങ്ങനെതന്നെ. ആകാശത്തിലെ നക്ഷത്രജാലങ്ങളെ എണ്ണാനും കടൽത്തീരത്തെ മണൽ അളന്നു തീർക്കാനും കഴിയാത്തതുപോലെ എന്റെ ദാസനായ ദാവീദിന്റെ സന്തതികളെ ഞാൻ വർധിപ്പിക്കും; എന്നെ ശുശ്രൂഷിക്കുന്ന ലേവ്യ പുരോഹിതന്മാരെയും അങ്ങനെതന്നെ.” സർവേശ്വരൻ യിരെമ്യായോട് അരുളിച്ചെയ്തു: സർവേശ്വരൻ തിരഞ്ഞെടുത്ത ഇസ്രായേലിനെയും യെഹൂദായെയും അവിടുന്നു തിരസ്കരിച്ചിരിക്കുന്നു എന്ന് ഈ ജനം പറയുന്നതു നീ ശ്രദ്ധിച്ചില്ലേ? അവർ എന്റെ ജനത്തെ നിന്ദിച്ചിരിക്കുന്നു; അവരെ ഒരു ജനതയായിപ്പോലും അംഗീകരിക്കുന്നുമില്ല. സർവേശ്വരൻ അരുളിച്ചെയ്യുന്നു: “രാത്രിയോടും പകലിനോടും ഞാൻ ഉടമ്പടി ചെയ്തിട്ടില്ലെങ്കിൽ, ആകാശത്തിനും ഭൂമിക്കുമുള്ള ചട്ടങ്ങൾ ഞാൻ നല്‌കിയിട്ടില്ലെങ്കിൽ മാത്രമേ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതികളെ ഞാൻ ഉപേക്ഷിക്കുമായിരുന്നുള്ളൂ. അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതികളെ ഭരിക്കാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും ഒരു സന്തതിയെ തിരഞ്ഞെടുക്കാതെ ഇരിക്കുമായിരുന്നുള്ളൂ; ഞാൻ അവരുടെ ഐശ്വര്യം പുനഃസ്ഥാപിക്കും; അവരോടു കരുണ കാണിക്കും.
യിരെമ്യാവ് 33:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിരെമ്യാവ് കാവല്പുരമുറ്റത്ത് തടവിലാക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവനുണ്ടായതെന്തെന്നാൽ: “ഭൂമിയെ നിർമ്മിച്ചവനും, അതിനെ ഉറപ്പിച്ചവനുമായ യഹോവ, യഹോവ എന്നു നാമം ഉള്ളവൻ തന്നെ, ഇപ്രകാരം അരുളിച്ചെയ്യുന്നു; “എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിനക്കു ഉത്തരം അരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും. ഉപരോധദുർഗ്ഗങ്ങൾക്കും വാളിനും എതിരെ തടുത്തു നില്ക്കേണ്ടതിനായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാ രാജാക്കന്മാരുടെ അരമനകളെയും കുറിച്ച് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അവർ കൽദയരോടു യുദ്ധം ചെയ്യുവാൻ ചെല്ലുന്നു; എന്നാൽ അത്, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കുവാനത്രേ; അവരുടെ സകലദോഷവും നിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു. “ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിൻ്റെയും സത്യത്തിൻ്റെയും സമൃദ്ധി അവർക്ക് വെളിപ്പെടുത്തുകയും ചെയ്യും. ഞാൻ യെഹൂദായുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്ക് അഭിവൃദ്ധി വരുത്തും. അവർ എന്നോട് പാപം ചെയ്ത സകല അകൃത്യവും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കുകയും, അവർ എനിക്കെതിരെ ചെയ്ത ദ്രോഹപൂർവമായ സകല അകൃത്യങ്ങളെയും മോചിക്കുകയും ചെയ്യും. ഞാൻ അവർക്ക് ചെയ്യുന്ന എല്ലാനന്മയെയും കുറിച്ച് കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പിൽ അത് എനിക്ക് ആനന്ദനാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിന് വരുത്തുന്ന എല്ലാ നന്മയും സർവ്വസമാധാനവും നിമിത്തം അവർ പേടിച്ചു വിറയ്ക്കും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു” എന്നു നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേം വീഥികളിലും ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളൻ്റെ സ്വരവും മണവാട്ടിയുടെ സ്വരവും: ‘സൈന്യങ്ങളുടെ യഹോവയെ സ്തുതിക്കുവിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളത്’ എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്ക് ഇനിയും മേച്ചിൽപുറം ഉണ്ടാകും; മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കേ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിന്‍റെ ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവൻ്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും” എന്നു യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും” എന്നു യഹോവയുടെ അരുളപ്പാടു. ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ മുളപ്പിക്കും; അവൻ ദേശത്ത് നീതിയും ന്യായവും നടത്തും. ആ നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായി വസിക്കും; അതിന് ‘യഹോവ നമ്മുടെ നീതി’ എന്നു പേർ പറയും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരുകയില്ല. ദിനംപ്രതി ഹോമയാഗം കഴിക്കുവാനും ഭോജനയാഗം ദഹിപ്പിക്കുവാനും ഹനനയാഗം അർപ്പിക്കുവാനും എന്‍റെ മുമ്പാകെ ലേവ്യ പുരോഹിതന്മാർക്ക് ഒരു പുരുഷൻ ഇല്ലാതെ വരുകയുമില്ല.” യിരെമ്യാവിന് യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “തക്കസമയത്ത് പകലും രാവും ഇല്ലാതിരിക്കത്തക്കവിധം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ലംഘിക്കുവാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന് അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവിധം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ഛേദിക്കപ്പെട്ടേക്കാം. ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.“ യഹോവയുടെ അരുളപ്പാടു യിരെമ്യാവിനുണ്ടായതെന്തെന്നാൽ: “യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്നു ഈ ജനം പറയുന്നത് നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ ‘അത് ഇനി ഒരു ജനതയല്ല’ എന്നു ദുഷിച്ചു പറയുന്നു.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിൻ്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ, ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യാക്കോബിന്‍റെയും സന്തതിക്ക് അധിപതിമാരായിരിക്കുവാൻ അവന്‍റെ സന്തതിയിൽനിന്ന് ഒരാളെ എടുക്കാത്തവിധം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവരോട് കരുണ കാണിക്കുകയും ചെയ്യും.”
യിരെമ്യാവ് 33:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിരെമ്യാവു കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവന്നുണ്ടായതെന്തെന്നാൽ: അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവർത്തിപ്പാൻ നിർണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവൻ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു; എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും. വാടകൾക്കും വാളിന്നും എതിരെ തടുത്തു നില്ക്കേണ്ടതിന്നായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അവർ കല്ദയരോടു യുദ്ധം ചെയ്വാൻ ചെല്ലുന്നു; എന്നാൽ അതു, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിന്നു മറെച്ചിരിക്കുന്നു. ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും. ഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്കു അഭിവൃത്തി വരുത്തും. അവർ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കയും അവർ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും. ഞാൻ അവർക്കു ചെയ്യുന്ന എല്ലാനന്മയെയും കുറിച്ചു കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാൻ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സർവ്വസമാധാനവുംനിമിത്തവും അവർ പേടിച്ചു വിറെക്കും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: സൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്കു ഇനിയും മേച്ചൽപുറം ഉണ്ടാകും; മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിന്റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവന്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു. ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും; അവൻ ദേശത്തു നീതിയും ന്യായവും നടത്തും. അന്നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായ്‌വസിക്കും; അതിന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ദാവീദിന്നു ഒരു പുരുഷൻ ഇല്ലാതെ വരികയില്ല. ദിനംപ്രതി ഹോമയാഗം കഴിപ്പാനും ഭോജനയാഗം ദഹിപ്പിപ്പാനും ഹനനയാഗം അർപ്പിപ്പാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാർക്കു ഒരു പുരുഷൻ ഇല്ലാതെ വരികയുമില്ല. യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബ്ബലമായ്‌വരാം. ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും. യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ: യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്നു ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ അതു ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ, ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്കു അധിപതിമാരായിരിപ്പാൻ അവന്റെ സന്തതിയിൽ നിന്നു ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവർക്കു കരുണ കാണിക്കയും ചെയ്യും.
യിരെമ്യാവ് 33:1-26 സമകാലിക മലയാളവിവർത്തനം (MCV)
യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തു തടവിലാക്കിയിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാംപ്രാവശ്യം അദ്ദേഹത്തിനുണ്ടായി: “ഭൂമിയെ നിർമിച്ച് സ്വസ്ഥാനത്ത് സ്ഥിരപ്പെടുത്തിയ യഹോവ—അതേ, യഹോവ എന്നാകുന്നു അവിടത്തെ നാമം—ആ യഹോവതന്നെ ഇപ്രകാരം അരുളിച്ചെയ്യുന്നു. ‘എന്നെ വിളിച്ചപേക്ഷിക്കുക, ഞാൻ നിനക്ക് ഉത്തരമരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.’ ബാബേല്യരുമായുള്ള യുദ്ധത്തിൽ ഉപരോധത്തിന്റെ ചരിഞ്ഞ പാതയ്ക്കും വാളിനുമെതിരായി ഉപയോഗിക്കേണ്ടതിന് ഈ നഗരത്തിൽ തകർക്കപ്പെട്ട വീടുകളെയും യെഹൂദയിലെ രാജകൊട്ടാരങ്ങളെയുംകുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ ഇതാണ് അരുളിച്ചെയ്യുന്നത്: ‘അത് എന്റെ കോപത്തിലും ക്രോധത്തിലും ഞാൻ കൊന്നുകളഞ്ഞ മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കും. അവരുടെ സകലദുഷ്ടതകളുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു. “ ‘ഇതാ, ഞാൻ അവർക്ക് ആരോഗ്യവും സൗഖ്യവും വരുത്തും; ഞാൻ എന്റെ ജനത്തെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി ആസ്വദിക്കാൻ ഞാൻ അവരെ അനുവദിക്കുകയും ചെയ്യും. ഞാൻ ഇസ്രായേലിനെയും യെഹൂദയെയും അടിമത്തത്തിൽനിന്നു മടക്കിവരുത്തുകയും അവർ പണ്ട് ആയിരുന്നതുപോലെ അവരെ വീണ്ടും പണിതുയർത്തുകയും ചെയ്യും. അവർ എനിക്കെതിരേ ചെയ്ത അവരുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ അവരെ ശുദ്ധീകരിക്കും, അവർ എനിക്കെതിരേ മത്സരിച്ചുകൊണ്ടു ചെയ്ത എല്ലാ പാപങ്ങളും ഞാൻ അവരോടു ക്ഷമിക്കും. ഞാൻ ഈ നഗരത്തിനുവേണ്ടി ചെയ്യുന്ന, സകലനന്മകളെയുംകുറിച്ച് ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളും കേൾക്കുമ്പോൾ, അവരുടെമുമ്പിൽ എനിക്കു കീർത്തിയും ആനന്ദവും സ്തോത്രവും മഹത്ത്വവും ഈ നഗരം കൊണ്ടുവരും; ഞാൻ അവർക്കു ചെയ്യുന്ന എല്ലാ നന്മകളും സമാധാനവും നിമിത്തം സ്തബ്ധരാകുകയും ഭയന്നുവിറയ്ക്കുകയും ചെയ്യും.’ “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മനുഷ്യരോ മൃഗങ്ങളോ ഇല്ലാത്ത പാഴുംശൂന്യവുമായ സ്ഥലം, എന്ന് ഈ സ്ഥലത്തെക്കുറിച്ച് നിങ്ങൾ പറയുന്നു. എന്നാൽ ശൂന്യവും, മനുഷ്യരോ മൃഗങ്ങളോ അധിവസിക്കാത്തതുമായ യെഹൂദാപട്ടണങ്ങളിലും ജെറുശലേമിന്റെ വീഥികളിലും ഇനിയൊരിക്കൽക്കൂടി, ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ആരവങ്ങളും മണവാളന്റെയും മണവാട്ടിയുടെയും തേൻമൊഴികളും യഹോവയുടെ ആലയത്തിലേക്കു സ്തോത്രയാഗങ്ങൾ കൊണ്ടുവന്ന്, “ ‘ “സൈന്യങ്ങളുടെ യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, യഹോവ നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്നു പറയുന്നവരുടെ ശബ്ദങ്ങളും കേൾക്കപ്പെടും. കാരണം ഈ ദേശത്തിന്റെ സമ്പൽസമൃദ്ധി ഞാൻ തിരികെ നൽകും,’ എന്ന് യഹോവ അരുളുന്നു. “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായിക്കിടന്ന ഈ സ്ഥലത്തും അതിലെ എല്ലാ പട്ടണങ്ങളിലും ആട്ടിൻപറ്റത്തിനു വിശ്രമം നൽകുന്ന ഇടയന്മാരുടെ മേച്ചിൽപ്പുറം ഉണ്ടാകും. മലമ്പ്രദേശത്തുള്ള പട്ടണങ്ങളിലും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തെ പട്ടണങ്ങളിലും ദക്ഷിണദേശത്തെ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും യെഹൂദാപട്ടണങ്ങളിലും ആട്ടിൻപറ്റത്തെ എണ്ണിനോക്കുന്നവരുടെ കൈക്കീഴിലൂടെ അജഗണങ്ങൾ കടന്നുപോകുമെന്ന് യഹോവയുടെ അരുളപ്പാട്. “ ‘ഇതാ, ഇസ്രായേൽജനത്തിനും യെഹൂദാജനത്തിനും ഞാൻ അരുളിയിട്ടുള്ള നല്ല വാഗ്ദാനം ഞാൻതന്നെ നിറവേറ്റുന്ന കാലം വരുന്നു,’ എന്ന് യഹോവയുടെ അരുളപ്പാട്. “ ‘ആ നാളുകളിലും ആ കാലത്തും ദാവീദിന്റെ നീതിയുള്ള ശാഖയായവൻ ഉയർന്നുവരാൻ ഞാൻ ഇടവരുത്തും. അവൻ ഭൂമിയിൽ ന്യായവും നീതിയും നടപ്പിലാക്കും. ആ ദിവസങ്ങളിൽ യെഹൂദാ രക്ഷിക്കപ്പെടും, ജെറുശലേം സുരക്ഷിതരായി ജീവിക്കും. യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ, എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.’ കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇസ്രായേൽഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരികയില്ല, ദിനംതോറും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനും ഭോജനയാഗങ്ങൾ ദഹിപ്പിക്കുന്നതിനും മറ്റു യാഗങ്ങൾ അർപ്പിക്കുന്നതിനും ലേവ്യപുരോഹിതന്മാർക്ക് എന്റെമുമ്പാകെ നിൽക്കാൻ ഒരു പുരുഷൻ ഇല്ലാതെപോകുകയുമില്ല.’ ” യഹോവയുടെ അരുളപ്പാട് യിരെമ്യാവിന് ഉണ്ടായി: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ പകലിനോടുചെയ്ത എന്റെ ഉടമ്പടിയും രാത്രിയോടുചെയ്ത എന്റെ ഉടമ്പടിയും ലംഘിച്ചുകൊണ്ട് പകലും രാത്രിയും അതതിന്റെ നിശ്ചിതസമയത്ത് വരാതെയാക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന് അവന്റെ സിംഹാസനത്തിലിരിക്കാൻ ഒരു മകൻ ഇല്ലാതെവരത്തക്കവിധം അവനോടുള്ള എന്റെ ഉടമ്പടിയും എന്റെമുമ്പാകെ ശുശ്രൂഷചെയ്യുന്ന ലേവ്യപുരോഹിതന്മാരോടുമുള്ള എന്റെ ഉടമ്പടിയും ലംഘിക്കപ്പെടാം. ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണിനോക്കാനും കടൽത്തീരത്തെ മണലിനെ അളക്കാനും കഴിയാത്തതുപോലെ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എനിക്കു ശുശ്രൂഷചെയ്യുന്ന ലേവ്യരെയും ഞാൻ അസംഖ്യമായി വർധിപ്പിക്കും.’ ” യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാവിനുണ്ടായി: “ ‘യഹോവ തെരഞ്ഞെടുത്ത രണ്ടു രാജ്യങ്ങളെയും അവിടന്നു തള്ളിക്കളഞ്ഞിരിക്കുന്നു,’ എന്നിങ്ങനെ ഈ ജനങ്ങൾ പറയുന്ന വാക്ക് നീ ശ്രദ്ധിച്ചില്ലേ? ഇങ്ങനെ അവർ എന്റെ ജനതയെ നിന്ദിക്കുന്നു, തുടർന്ന് അവരെ ഒരു രാഷ്ട്രമായി പരിഗണിക്കുന്നതുമില്ല. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘പകലിനോടും രാത്രിയോടുമുള്ള എന്റെ ഉടമ്പടി നിലനിൽക്കുന്നില്ലെങ്കിൽ, ആകാശത്തിന്റെയും ഭൂമിയുടെയും നിശ്ചിതവ്യവസ്ഥ ഞാൻ നിയമിച്ചിട്ടില്ലെങ്കിൽ, ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതികൾക്കു ഭരണാധിപന്മാരായിരിക്കാൻ അവന്റെ പുത്രന്മാരിൽനിന്ന് ഒരാളെ എടുക്കാൻ സാധിക്കാത്തവിധം തള്ളിക്കളയും. എന്നാൽ ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുകയും അവരോടു കരുണ കാണിക്കുകയും ചെയ്യും.’ ”