യിരെമ്യാവ് 31:23-40 - Compare All Versions

യിരെമ്യാവ് 31:23-40 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ അവർ ഇനിയും യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും, നീതിനിവാസമേ, വിശുദ്ധപർവതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ എന്നീ വാക്കു പറയും. അതിൽ യെഹൂദായും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻകൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാർക്കും. ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവനും ഞാൻ തൃപ്തി വരുത്തും. ഇതിങ്കൽ ഞാൻ ഉണർന്ന് എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു. ഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്ത് വിതയ്ക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്. അന്നു ഞാൻ പറിപ്പാനും പൊളിപ്പാനും ഇടിപ്പാനും നശിപ്പിപ്പാനും കഷ്ടപ്പെടുത്തുവാനും അവരുടെമേൽ ജാഗരിച്ചിരുന്നതുപോലെ പണിവാനും നടുവാനും അവരുടെമേൽ ജാഗരിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാട്. അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ച് എന്ന് അവർ അന്നാളിൽ ഇനി പറകയില്ല. ഓരോരുത്തൻ താന്താന്റെ അകൃത്യം നിമിത്തമത്രേ മരിക്കുന്നത്; പച്ച മുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളൂ. ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കുപിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാട്. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാട്. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്ന് ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാട്. സൂര്യനെ പകൽ വെളിച്ചത്തിനും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിനും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ വ്യവസ്ഥ എന്റെ മുമ്പിൽനിന്നു മാറിപ്പോകുന്നുവെങ്കിൽ, യിസ്രായേൽസന്തതിയും സദാകാലം എന്റെ മുമ്പിൽ ഒരു ജാതിയാകാതവണ്ണം മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ ശോധനചെയ്‍വാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽസന്തതിയെയൊക്കെയും അവർ ചെയ്ത സകലവും നിമിത്തം തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാട്. ഈ നഗരം ഹനനേൽഗോപുരംമുതൽ കോൺവാതിൽവരെ യഹോവയ്ക്കായി പണിവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാട്. അളവുചരടു പിന്നെയും നേരേ ഗാരേബ്കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും. ശവങ്ങൾക്കും വെണ്ണീറിനും ഉള്ള താഴ്‌വര മുഴുവനും കിദ്രോൻതോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങൾ മുഴുവനും യഹോവയ്ക്കു വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളകയില്ല, ഇടിച്ചുകളകയുമില്ല.

പങ്ക് വെക്കു
യിരെമ്യാവ് 31 MALOVBSI

യിരെമ്യാവ് 31:23-40 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ അവർ ഇനിയും യെഹൂദാ ദേശത്തും അതിലെ പട്ടണങ്ങളിലും, ‘നീതി നിവാസമേ, വിശുദ്ധപർവ്വതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ’ എന്ന വാക്കുകൾ പറയും. അതിൽ യെഹൂദയും അതിന്‍റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻകൂട്ടങ്ങളോടുകൂടി സഞ്ചരിക്കുന്നവരും ഒരുമിച്ച് വസിക്കും. ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവനും ഞാൻ തൃപ്തി വരുത്തും. ഈ സമയത്ത് ഞാൻ ഉണർന്നു; എന്‍റെ നിദ്ര എനിക്ക് സുഖകരമായിരുന്നു എന്നു കണ്ടു. ഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്ത് വിതയ്ക്കുന്ന കാലം വരും” എന്നു യഹോവയുടെ അരുളപ്പാടു. “അന്നു ഞാൻ പറിച്ചെടുക്കുവാനും പൊളിക്കുവാനും ഇടിക്കുവാനും നശിപ്പിക്കുവാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേൽ ജാഗരിച്ചിരുന്നതുപോലെ, പണിയുവാനും നടുവാനും അവരുടെ മേൽ ജാഗരിച്ചിരിക്കും” എന്നു യഹോവയുടെ അരുളപ്പാട്. “അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു; മക്കളുടെ പല്ലു പുളിച്ചു” എന്നു അവർ ആ നാളിൽ ഇനി പറയുകയില്ല. ഓരോരുത്തൻ അവനവന്‍റെ അകൃത്യം നിമിത്തമത്രേ മരിക്കുന്നത്; പച്ചമുന്തിരിങ്ങാ തിന്നുന്നവന്‍റെ പല്ലേ പുളിക്കുകയുള്ളു. “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു നിയമം ചെയ്യുന്ന കാലം വരും” എന്നു യഹോവയുടെ അരുളപ്പാട്. “ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാരെ കൈക്കു പിടിച്ച് മിസ്രയീമിൽ നിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്ക് ഭർത്താവായിരുന്നിട്ടും അവർ എന്‍റെ നിയമം ലംഘിച്ചുകളഞ്ഞു” എന്നു യഹോവയുടെ അരുളപ്പാട്. “എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽ ഗൃഹത്തോട് ചെയ്യുവാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്ക് ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും” എന്നു യഹോവയുടെ അരുളപ്പാട്. “ഇനി അവരിൽ ആരും തന്‍റെ കൂട്ടുകാരനെയും തന്‍റെ സഹോദരനെയും ‘യഹോവയെ അറിയുക’ എന്നു ഉപദേശിക്കുകയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കുകയും ഇല്ല” എന്നു യഹോവയുടെ അരുളപ്പാട്. സൂര്യനെ പകൽ വെളിച്ചത്തിനും ചന്ദ്രൻ്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിനും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ വ്യവസ്ഥ എന്‍റെ മുമ്പിൽനിന്നു മാറിപ്പോകുന്നുവെങ്കിൽ, യിസ്രായേൽസന്തതിയും സദാകാലം എന്‍റെ മുമ്പിൽ ഒരു ജനതയാകാത്തവണ്ണം ഒടുങ്ങിപ്പോകും” എന്നു യഹോവയുടെ അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ പരിശോധിക്കുവാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽസന്തതിയെ മുഴുവനും അവർ ചെയ്ത സകലവും നിമിത്തം തള്ളിക്കളയും” എന്നു യഹോവയുടെ അരുളപ്പാട്. “ഈ നഗരം ഹനനേൽ ഗോപുരംമുതൽ കോൺവാതിൽവരെ യഹോവയ്ക്കായി പണിയുവാനുള്ള കാലം വരും” എന്നു യഹോവയുടെ അരുളപ്പാടു. “അളവുചരട് പിന്നെയും നേരെ ഗാരേബ് കുന്നിലേക്ക് ചെന്നു ഗോവഹിലേക്കു തിരിയും. ശവങ്ങൾക്കും വെണ്ണീറിനും ഉള്ള താഴ്വര മുഴുവനും കിദ്രോൻ തോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്‍റെ കോണുവരെയും ഉള്ള നിലങ്ങൾ മുഴുവനും യഹോവയ്ക്ക് വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളയുകയില്ല; ഇടിച്ചുകളയുകയുമില്ല.

പങ്ക് വെക്കു
യിരെമ്യാവ് 31 IRVMAL

യിരെമ്യാവ് 31:23-40 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ അവർ ഇനിയും യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും, നീതി നിവാസമേ, വിശുദ്ധപർവ്വതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ എന്നീ വാക്കു പറയും. അതിൽ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻ കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാർക്കും. ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാൻ തൃപ്തിവരുത്തും. ഇതിങ്കൽ ഞാൻ ഉണർന്നു എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു. ഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്തു വിതെക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. അന്നു ഞാൻ പറിപ്പാനും പൊളിപ്പാനും ഇടിപ്പാനും നശിപ്പിപ്പാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേൽ ജാഗരിച്ചിരുന്നതുപോലെ പണിവാനും നടുവാനും അവരുടെ മേൽ ജാഗരിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു. അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു അവർ അന്നാളിൽ ഇനി പറകയില്ല. ഓരോരുത്തൻ താന്താന്റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു. ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു. സൂര്യനെ പകൽ വെളിച്ചത്തിന്നും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിന്നും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ വ്യവസ്ഥ എന്റെ മുമ്പിൽനിന്നു മാറിപ്പോകുന്നുവെങ്കിൽ, യിസ്രായേൽസന്തതിയും സദാകാലം എന്റെ മുമ്പിൽ ഒരു ജാതിയാകാതവണ്ണം മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ ശോധന ചെയ്‌വാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽസന്തതിയെ ഒക്കെയും അവർ ചെയ്ത സകലവുംനിമിത്തം തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു. ഈ നഗരം ഹനനേൽഗോപുരംമുതൽ കോൺവാതിൽവരെ യഹോവെക്കായി പണിവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. അളവുചരടു പിന്നെയും നേരെ ഗാരേബ് കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും. ശവങ്ങൾക്കും വെണ്ണീരിന്നും ഉള്ള താഴ്‌വര മുഴുവനും കിദ്രോൻ തോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങൾ മുഴുവനും യഹോവെക്കു വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളകയില്ല, ഇടിച്ചുകളയുമില്ല.

യിരെമ്യാവ് 31:23-40 MCV (സമകാലിക മലയാളവിവർത്തനം)

ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ പ്രവാസത്തിൽനിന്ന് മടക്കിവരുത്തുമ്പോൾ, യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും ഒരിക്കൽക്കൂടി, ‘സമൃദ്ധിയുടെ നഗരമേ, വിശുദ്ധപർവതമേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ’ എന്നിങ്ങനെയുള്ള ഈ വാക്ക് അവർ ഒരിക്കൽക്കൂടി സംസാരിക്കും. യെഹൂദയിലും അതിലെ എല്ലാ പട്ടണങ്ങളിലും ജനം ഒരുമിച്ചു പാർക്കും—കൃഷിക്കാരും ആട്ടിൻപറ്റങ്ങളോടുകൂടെ സഞ്ചരിക്കുന്നവരുംതന്നെ. ക്ഷീണിതരെ ഞാൻ ഉന്മേഷമുള്ളവരാക്കും; തളർന്നിരിക്കുന്നവർക്കു ഞാൻ സംതൃപ്തി വരുത്തും.” ഈ ഘട്ടത്തിൽ ഞാൻ ഉണർന്നു ചുറ്റും നോക്കി; എന്റെ ഉറക്കം എനിക്കു സുഖകരമായിരുന്നു. “ഇസ്രായേൽരാഷ്ട്രത്തിലും യെഹൂദാരാഷ്ട്രത്തിലും ഞാൻ മനുഷ്യന്റെ വിത്തും മൃഗങ്ങളുടെ വിത്തും നടുന്ന കാലം വരും,” എന്ന് യഹോവയുടെ അരുളപ്പാട്. “പറിച്ചെടുക്കുന്നതിനും പൊളിക്കുന്നതിനും ഇടിച്ചുകളയുന്നതിനും നശിപ്പിക്കാനും അനർഥം വരുത്താനും ഞാൻ ശ്രദ്ധിച്ചിരുന്നതുപോലെ അവരെ പണിയുന്നതിനും നടുന്നതിനും ഞാൻ ജാഗ്രതകാണിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. “ആ കാലങ്ങളിൽ, “ ‘മാതാപിതാക്കൾ പച്ചമുന്തിരി തിന്നു; മക്കളുടെ പല്ലു പുളിച്ചു,’ എന്ന് അവർ ഇനിയൊരിക്കലും പറയുകയില്ല. ഓരോരുത്തരും അവരവരുടെ പാപംനിമിത്തമാണ് മരിക്കുന്നത്; പച്ചമുന്തിരിങ്ങ തിന്നുന്നത് ഏതൊരു മനുഷ്യനാണോ അയാളുടെതന്നെ പല്ലു പുളിക്കും. “ഞാൻ ഇസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ ചെയ്ത ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്. ഞാൻ അവർക്കൊരു ഭർത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവർ ലംഘിച്ചല്ലോ,” എന്ന് യഹോവയുടെ അരുളപ്പാട്. “ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന ഉടമ്പടി ഇപ്രകാരമായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ എന്റെ ന്യായപ്രമാണം അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും, അവരുടെ ഹൃദയങ്ങളിൽത്തന്നെ അത് ആലേഖനംചെയ്യും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആയിരിക്കും. ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ പരസ്പരമോ, ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല. കാരണം അവർ എല്ലാവരും എന്നെ അറിയും; ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ അവരുടെ ദുഷ്ചെയ്തികൾ ക്ഷമിക്കും, അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, സൂര്യനെ പകൽവെളിച്ചത്തിനായി നിയമിക്കുകയും ചന്ദ്രനെയും നക്ഷത്രങ്ങളെയും രാത്രി വെളിച്ചത്തിനായി നൽകുകയും സമുദ്രത്തെ അതിന്റെ തിരകൾ അലറുന്നതിനു ക്ഷോഭിപ്പിക്കുകയും ചെയ്യുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുംതന്നെ: “ഈ പ്രകൃതിനിയമങ്ങൾ എന്റെ മുമ്പിൽനിന്ന് നീങ്ങിപ്പോകുമെങ്കിൽ,” യഹോവ അരുളിച്ചെയ്യുന്നു, “ഇസ്രായേൽ ഒരു രാഷ്ട്രമായി നിലനിൽക്കാതവണ്ണം എന്റെ മുമ്പിൽനിന്ന് എന്നെന്നേക്കുമായി നീങ്ങിപ്പോകും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മീതേയുള്ള ആകാശത്തെ അളക്കുകയും താഴേ ഭൂമിയുടെ അടിസ്ഥാനങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുമെങ്കിൽ ഞാൻ ഇസ്രായേൽ സന്തതിയെ മുഴുവനും അവർ ചെയ്ത സകലകാര്യങ്ങളുംനിമിത്തം തള്ളിക്കളയും,” എന്ന് യഹോവയുടെ അരുളപ്പാട്. “ഇതാ, ഹനാനേൽ ഗോപുരംമുതൽ കോൺകവാടംവരെ ഈ നഗരത്തെ യഹോവയ്ക്കായി പുതുക്കിപ്പണിയുന്ന കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. “അവിടെനിന്ന് അളവുനൂൽ നേരേ ഗാരേബ് കുന്നിലേക്കുചെന്ന് ഗോവഹിലേക്കു തിരിയും. ശവങ്ങളും വെണ്ണീറും എറിഞ്ഞുകളയുന്ന താഴ്വരമുഴുവനും കിഴക്കുഭാഗത്തുള്ള കിദ്രോൻവരെയും എല്ലാ മേടുകളും തുടങ്ങി കുതിരക്കവാടത്തിന്റെ കോൺവരെ യഹോവയ്ക്കു വിശുദ്ധമായിരിക്കും. പട്ടണം ഇനി ഒരിക്കലും ഉന്മൂലനംചെയ്യപ്പെടുകയോ ഇടിച്ചുനിരത്തപ്പെടുകയോ ഇല്ല.”

പങ്ക് വെക്കു
യിരെമ്യാവ് 31 MCV