യിരെമ്യാവ് 31:1-9

യിരെമ്യാവ് 31:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ കാലത്തു ഞാൻ യിസ്രായേലിന്റെ സകല വംശങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വാളിനു തെറ്റി ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ യിസ്രായേലിനു വിശ്രാമം വരുത്തുവാൻ പോകുന്നു. യഹോവ ദൂരത്തുനിന്ന് എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തത്: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു. യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധി പ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പ് എടുത്തുകൊണ്ടു സന്തോഷിച്ച്, നൃത്തം ചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും. നീ ഇനിയും ശമര്യാപർവതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്തു ഫലം അനുഭവിക്കും. എഴുന്നേല്പിൻ; നാം സീയോനിലേക്ക്, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു കയറിപ്പോക എന്നു കാവല്ക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചുപറയുന്ന നാൾ വരും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബിനെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിൻ! ജാതികളുടെ തലവനെക്കുറിച്ചു സന്തോഷിച്ച് ആർപ്പിടുവിൻ! ഘോഷിച്ചും സ്തുതിച്ചുംകൊണ്ട്: യഹോവേ, യിസ്രായേലിന്റെ ശേഷിപ്പായിരിക്കുന്ന നിന്റെ ജനത്തെ രക്ഷിക്കേണമേ എന്നു പറവിൻ! ഞാൻ അവരെ വടക്കുദേശത്തുനിന്നു വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവരെയും അവരോടുകൂടെ കുരുടനെയും മുടന്തനെയും ഗർഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കയും ചെയ്യും; അങ്ങനെ വലിയൊരു സംഘം ഇവിടേക്കു മടങ്ങിവരും. അവർ കരഞ്ഞുംകൊണ്ടു വരും; യാചിക്കുന്നവരായി ഞാൻ അവരെ കൊണ്ടുവരും; അവർ ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാൻ അവരെ നീർത്തോടുകൾക്കരികെ നടത്തും; ഞാൻ യിസ്രായേലിനു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.

യിരെമ്യാവ് 31:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ അരുളിച്ചെയ്യുന്നു: അക്കാലത്ത് ഇസ്രായേലിലെ എല്ലാ കുടുംബങ്ങളുടെയും ദൈവം ഞാനായിരിക്കും; അവർ എന്റെ ജനമായിരിക്കും. സർവേശ്വരൻ അരുളിച്ചെയ്യുന്നു: “വാളിനെ അതിജീവിച്ച ജനം മരുഭൂമിയിൽ കാരുണ്യം കണ്ടെത്തി, ഇസ്രായേൽജനം വിശ്രമം ആഗ്രഹിച്ചപ്പോൾ, ഞാൻ വിദൂരത്തുനിന്ന് അവർക്കു പ്രത്യക്ഷനായി, ശാശ്വതസ്നേഹത്താൽ ഞാൻ നിങ്ങളെ സ്നേഹിച്ചു, അതുകൊണ്ട് നിങ്ങളോടുള്ള എന്റെ വിശ്വസ്തത അചഞ്ചലമായി തുടരുന്നു. കന്യകയായ ഇസ്രായേലേ, ഞാൻ നിന്നെ വീണ്ടും പണിയും, നീ പണിയപ്പെടുകയും ചെയ്യും; തപ്പുകളെടുത്ത് അലംകൃതയായി ആനന്ദഘോഷക്കാരോടൊത്തു നീ നൃത്തം ചെയ്യും. ശമര്യയിൽ നിങ്ങൾ വീണ്ടും മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്തു ഫലമനുഭവിക്കും; എഴുന്നേല്‌ക്കൂ, നമുക്കു സീയോനിൽ, നമ്മുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിലേക്കു പോകാം എന്നു കാവല്‌ക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചു പറയുന്ന ദിനം വരുന്നു.” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യാക്കോബിനുവേണ്ടി സന്തോഷഗാനം ഉറക്കെ പാടുവിൻ, ജനതകളുടെ തലവനായ ഇസ്രായേലിന് ആർപ്പുവിളിക്കുവിൻ; സർവേശ്വരൻ തന്റെ ജനത്തെ രക്ഷിച്ചിരിക്കുന്നു, ഇസ്രായേലിലെ ശേഷിപ്പിനെത്തന്നെ എന്നു പ്രഘോഷിച്ചു സ്തുതി പാടുവിൻ. ഉത്തരദേശത്തുനിന്നു ഞാൻ അവരെ കൂട്ടിക്കൊണ്ടു വരും, ഭൂമിയുടെ അതിർത്തികളിൽനിന്ന് അവരെ ഒരുമിച്ചുകൂട്ടും. അവരോടൊപ്പം മുടന്തരും ഗർഭിണികളും ഈറ്റുനോവിലായിരിക്കുന്നവരും ഉണ്ടായിരിക്കും; ഒരു വലിയ കൂട്ടമായി അവർ മടങ്ങിവരും. കരഞ്ഞുകൊണ്ട് അവർ വരും; ആശ്വസിപ്പിച്ചുകൊണ്ടു ഞാൻ അവരെ നയിക്കും, നീർത്തോടുകൾക്കരികെ, നേർപാതകളിലൂടെ ഞാൻ അവരെ വഴി നടത്തും; അവർ ഇടറിവീഴുകയില്ല. ഇസ്രായേലിനു ഞാൻ പിതാവാണ്; എഫ്രയീം എന്റെ ആദ്യജാതനും.

യിരെമ്യാവ് 31:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“ആ കാലത്ത് ഞാൻ യിസ്രായേലിന്‍റെ സകലവംശങ്ങൾക്കും ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വാളിൽനിന്ന് രക്ഷപെട്ട് ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ യിസ്രായേലിനു വിശ്രാമം വരുത്തുവാൻ പോകുന്നു.” യഹോവ ദൂരത്തുനിന്ന് എനിക്ക് പ്രത്യക്ഷമായി അരുളിച്ചെയ്തത്: “നിത്യസ്നേഹംകൊണ്ട് ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ട് ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു. യിസ്രായേൽകന്യകേ, ഞാൻ നിന്നെ വീണ്ടും പണിയുകയും നീ പണിയപ്പെടുകയും ചെയ്യും; നീ വീണ്ടും തപ്പ് എടുത്തുകൊണ്ടു സന്തോഷിച്ച്, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും. നീ ഇനിയും ശമര്യപർവ്വതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്ത് ഫലം അനുഭവിക്കും. ‘എഴുന്നേല്ക്കുവിൻ; നാം സീയോനിലേക്ക്, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക്, കയറിപ്പോകുക’ എന്നു കാവല്ക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചുപറയുന്ന കാലം വരും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബിന് സന്തോഷത്തോടെ ഉച്ചത്തിൽ പാടുവിൻ! ജനതകളുടെ തലവനെക്കുറിച്ച് സന്തോഷിച്ച് ആർപ്പിടുവിൻ! ഘോഷിച്ചും സ്തുതിച്ചുംകൊണ്ട്: യഹോവേ, യിസ്രായേലിന്‍റെ ശേഷിപ്പായ അവിടുത്തെ ജനത്തെ രക്ഷിക്കേണമേ എന്നു പറയുവിൻ! ഞാൻ അവരെ വടക്കുദേശത്തുനിന്ന് വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവരെയും അവരോടുകൂടി കുരുടനെയും മുടന്തനെയും ഗർഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കുകയും ചെയ്യും; അങ്ങനെ വലിയ ഒരു സംഘം ഇവിടേക്ക് മടങ്ങിവരും. അവർ കരഞ്ഞുകൊണ്ട് വരും; യാചനയോടെ ഞാൻ അവരെ കൊണ്ടുവരും; ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാൻ അവരെ നദികൾക്കരികിലൂടെ നടത്തും; ഞാൻ യിസ്രായേലിനു പിതാവും, എഫ്രയീം എന്‍റെ ആദ്യജാതനുമല്ലയോ.

യിരെമ്യാവ് 31:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ കാലത്തു ഞാൻ യിസ്രായേലിന്റെ സകലവംശങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വാളിന്നു തെറ്റി ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ യിസ്രായേലിന്നു വിശ്രാമം വരുത്തുവാൻ പോകുന്നു. യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു. യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും. നീ ഇനിയും ശമര്യപർവ്വതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്തു ഫലം അനുഭവിക്കും. എഴുന്നേല്പിൻ; നാം സീയോനിലേക്കു, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു, കയറിപ്പോക എന്നു കാവല്ക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചുപറയുന്ന നാൾ വരും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബിനെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിൻ! ജാതികളുടെ തലവനെക്കുറിച്ചു സന്തോഷിച്ചു ആർപ്പിടുവിൻ! ഘോഷിച്ചും സ്തുതിച്ചുംകൊണ്ടു: യഹോവേ, യിസ്രായേലിന്റെ ശേഷിപ്പായിരിക്കുന്ന നിന്റെ ജനത്തെ രക്ഷിക്കേണമേ എന്നു പറവിൻ! ഞാൻ അവരെ വടക്കുദേശത്തുനിന്നു വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവരെയും അവരോടുകൂടെ കുരുടനെയും മുടന്തനെയും ഗർഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കയും ചെയ്യും; അങ്ങനെ വലിയോരു സംഘം ഇവിടേക്കു മടങ്ങിവരും. അവർ കരഞ്ഞുംകൊണ്ടു വരും; യാചിക്കുന്നവരായി ഞാൻ അവരെ കൊണ്ടുവരും; അവർ ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാൻ അവരെ നീർത്തോടുകൾക്കരികെ നടത്തും; ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.

യിരെമ്യാവ് 31:1-9 സമകാലിക മലയാളവിവർത്തനം (MCV)

“ആ കാലത്ത്, ഞാൻ ഇസ്രായേലിലെ സകലഗോത്രങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വാളിൽനിന്ന് തെറ്റിയൊഴിഞ്ഞ ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ ഇസ്രായേലിന് സ്വസ്ഥത നൽകാൻപോകുന്നു.” യഹോവ ദൂരത്തുനിന്ന് പ്രത്യക്ഷനായി ഇസ്രായേലിനോട് അരുളിച്ചെയ്തു: “നിത്യസ്നേഹത്താൽ ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതിരുകളില്ലാത്ത സ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്കടുപ്പിച്ചിരിക്കുന്നു. ഇസ്രായേൽ കന്യകേ, ഞാൻ നിന്നെ വീണ്ടും പണിയും, നീ വീണ്ടും പണിയപ്പെടും. നീ തപ്പെടുത്തുകൊണ്ട് വീണ്ടും ആനന്ദഘോഷം നടത്തുന്നവരുടെ നിരയിൽ നൃത്തത്തിനായി പുറപ്പെടും. വീണ്ടും നീ ശമര്യാപർവതങ്ങളിൽ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും; കർഷകർ അതു കൃഷിചെയ്യുകയും അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും. ‘എഴുന്നേൽക്കുക! നമുക്ക് സീയോനിലേക്ക്, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു പോകാം,’ ” എന്ന് എഫ്രയീം മലകളിലുള്ള കാവൽക്കാർ വിളിച്ചുപറയുന്ന കാലം വരും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബിനുവേണ്ടി ആനന്ദത്തോടെ പാടുക; രാഷ്ട്രങ്ങളിൽ ശ്രേഷ്ഠമായതിനുവേണ്ടി ആർപ്പിടുക. നിന്റെ സ്തുതിഘോഷങ്ങൾ കേൾക്കുമാറാക്കിക്കൊണ്ട്, ‘യഹോവേ, ഇസ്രായേലിന്റെ ശേഷിപ്പായ അങ്ങയുടെ ജനത്തെ രക്ഷിക്കണമേ’ എന്നു പറയുക.” ഇതാ, ഞാൻ അവരെ വടക്കേദേശത്തുനിന്നും കൊണ്ടുവരും, ഭൂമിയുടെ വിദൂരഭാഗങ്ങളിൽനിന്ന് ഞാൻ അവരെ കൂട്ടിച്ചേർക്കും. അവരോടൊപ്പം അന്ധരും മുടന്തരും ഗർഭിണിയും പ്രസവവേദനപ്പെടുന്നവളും എല്ലാവരുംചേർന്ന് ഒരു വലിയ സമൂഹം മടങ്ങിവരും. അവർ കരഞ്ഞുകൊണ്ടു വരും; ഞാൻ അവരെ ആനയിക്കുമ്പോൾ അവർ പ്രാർഥിക്കും. അരുവികൾക്കരികിലൂടെ, അവർ ഇടറിവീഴാത്ത ഒരു നേർപാതയിലൂടെ, ഞാൻ അവരെ നടത്തും; കാരണം ഞാൻ ഇസ്രായേലിനു പിതാവും എഫ്രയീം എന്റെ ആദ്യജാതനും ആകുന്നു.