യിരെമ്യാവ് 29:4-14

യിരെമ്യാവ് 29:4-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടു പോകുമാറാക്കിയ സകല ബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ. ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിൻ; നിങ്ങൾ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിനു പുത്രന്മാർക്കു ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാർക്കു കൊടുക്കയും ചെയ്‍വിൻ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ. ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടു പോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർഥിപ്പിൻ; അതിനു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുത്; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുത്. അവർ എന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്നു; ഞാനവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ച് ഈ സ്ഥലത്തേക്കു മടക്കി വരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളൂ. നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്. നിങ്ങൾ എന്നോട് അപേക്ഷിച്ച് എന്റെ സന്നിധിയിൽവന്നു പ്രാർഥിക്കയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കയും ചെയ്യും. നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ജാതികളിൽനിന്നും എല്ലായിടങ്ങളിലും നിന്നും നിങ്ങളെ ശേഖരിച്ചു ഞാൻ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നെ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 29:4-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ യെരൂശലേമിൽനിന്നു ബാബിലോണിലേക്ക് അയച്ച പ്രവാസികളോട് അരുളിച്ചെയ്യുന്നു. നിങ്ങൾ വീടുകൾ നിർമിച്ച് അവയിൽ പാർക്കുവിൻ, തോട്ടങ്ങളുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുവിൻ. വിവാഹം കഴിച്ചു പുത്രീപുത്രന്മാർക്കു ജന്മം നല്‌കുവിൻ; പുത്രന്മാർക്കു ഭാര്യമാരെ സ്വീകരിക്കയും പുത്രിമാരെ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യുവിൻ, അവർക്കും പുത്രീപുത്രന്മാരുണ്ടായി നിങ്ങൾ പെരുകട്ടെ; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്. പ്രവാസികളായി ഞാൻ നിങ്ങളെ അയച്ചിരിക്കുന്ന ദേശത്തിന്റെ ക്ഷേമം അന്വേഷിക്കുവിൻ; അതിനുവേണ്ടി സർവേശ്വരനോടു പ്രാർഥിക്കുവിൻ; നിങ്ങളുടെ ക്ഷേമം അതിനെ ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്. ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ വഞ്ചിക്കാൻ ഇടയാകരുത്; അവരുടെ സ്വപ്നങ്ങളെ നിങ്ങൾ ശ്രദ്ധിക്കരുത്; എന്റെ നാമത്തിൽ അവർ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണ്; ഞാൻ അവരെ അയച്ചിട്ടില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” സർവേശ്വരൻ ഇങ്ങനെ അരുളിച്ചെയ്യുന്നു: ബാബിലോൺ രാജ്യത്തിന് എഴുപതു വർഷം തികയുമ്പോൾ ഞാൻ നിങ്ങളെ സന്ദർശിക്കും. ഈ സ്ഥലത്തേക്ക് നിങ്ങളെ മടക്കിക്കൊണ്ടു വരികയും അങ്ങനെ നിങ്ങളോടു ചെയ്തിരുന്ന വാഗ്ദാനം നിറവേറ്റുകയും ചെയ്യും. നിങ്ങൾക്കുവേണ്ടി ഞാൻ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്‍ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങൾക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. അപ്പോൾ നിങ്ങൾ എന്നെ വിളിച്ചു പ്രാർഥിക്കും; ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കും. നിങ്ങൾ എന്നെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും; നിങ്ങൾ എന്നെ പൂർണഹൃദയത്തോടുകൂടി അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കാണും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിങ്ങൾക്കു ഞാൻ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കും; നിങ്ങളെ ഓടിച്ച എല്ലാ സ്ഥലങ്ങളിൽനിന്നും എല്ലാ ജനതകളിൽനിന്നും ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും എന്നും സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഏതു സ്ഥലത്തുനിന്നു നിങ്ങളെ പ്രവാസികളായി അയച്ചുവോ അവിടേക്കു ഞാൻ നിങ്ങളെ മടക്കിവരുത്തും.

യിരെമ്യാവ് 29:4-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താൻ യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലപ്രവാസികളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വീടുകൾ പണിതു പാർക്കുവിൻ; തോട്ടങ്ങൾ ഉണ്ടാക്കി ഫലം അനുഭവിക്കുവിൻ. ഭാര്യമാരെ സ്വീകരിച്ച് പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുവിൻ; നിങ്ങൾ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന് പുത്രന്മാർക്കു ഭാര്യമാരെ എടുക്കുകയും പുത്രിമാരെ പുരുഷന്മാർക്കു കൊടുക്കുകയും ചെയ്യുവിൻ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ. ഞാൻ നിങ്ങളെ പ്രവാസികളായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്‍റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർത്ഥിക്കുവിൻ; അതിന് നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും. യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുത്; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ ശ്രദ്ധിക്കുകയുമരുത്. അവർ എന്‍റെ നാമത്തിൽ നിങ്ങളോട് വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിലെ എഴുപത് വര്‍ഷം തികഞ്ഞശേഷം, ഞാൻ നിങ്ങളെ സന്ദർശിച്ച് ഈ സ്ഥലത്തേക്ക് മടക്കിവരുത്തുമെന്ന് നിങ്ങളോടുള്ള എന്‍റെ വചനം നിവർത്തിക്കും. നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം എനിക്ക് നിങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങൾ എന്തെല്ലാമെന്ന് ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല, നന്മയ്ക്കുള്ളവയത്രേ എന്നു യഹോവയുടെ അരുളപ്പാടു. നിങ്ങൾ എന്നോട് അപേക്ഷിച്ച് എന്‍റെ സന്നിധിയിൽ വന്നു പ്രാർത്ഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയും ചെയ്യും നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ജനതകളിൽനിന്നും എല്ലായിടങ്ങളിൽ നിന്നും നിങ്ങളെ ശേഖരിച്ച് നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്ക് തന്നെ മടക്കിവരുത്തും“ എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 29:4-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ. ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിൻ; നിങ്ങൾ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന്നു പുത്രന്മാർക്കു ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാർക്കു കൊടുക്കയും ചെയ്‌വിൻ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ. ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുതു; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുതു. അവർ എന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു. നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു. നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകലജാതികളിൽനിന്നും എല്ലായിടങ്ങളിലുംനിന്നും നിങ്ങളെ ശേഖരിച്ചു ഞാൻ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 29:4-14 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ജെറുശലേമിൽനിന്ന് ബാബേലിലേക്ക് അയച്ച എല്ലാ പ്രവാസികളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ വീടുകൾ പണിത് അവയിൽ പാർക്കുക; തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുക. ഭാര്യമാരെ സ്വീകരിച്ച് പുത്രീപുത്രന്മാരെ ജനിപ്പിക്കുക. അവിടെ നിങ്ങൾ കുറഞ്ഞുപോകാതെ പെരുകേണ്ടതിനു നിങ്ങളുടെ പുത്രന്മാർക്കു ഭാര്യമാരെ എടുക്കുക. നിങ്ങളുടെ പുത്രിമാർക്കു ഭർത്താക്കന്മാരെ നൽകുവിൻ. അവരും പുത്രീപുത്രന്മാരെ ജനിപ്പിക്കട്ടെ. ഞാൻ നിങ്ങളെ പ്രവാസികളായി അയച്ച പട്ടണത്തിന്റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക; കാരണം, അതിന്റെ നന്മയിലൂടെ നിങ്ങൾക്കും നന്മയുണ്ടാകും.” ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും ദേവപ്രശ്നംവെക്കുന്നവരും നിങ്ങളെ ചതിക്കാൻ ഇടവരുത്തരുത്. അവർ കാണുന്ന സ്വപ്നങ്ങൾക്കു ചെവികൊടുക്കരുത്. അവർ എന്റെ നാമത്തിൽ നിങ്ങളോടു വ്യാജമായി പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല,” എന്ന് യഹോവയുടെ അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിൽ എഴുപതുവർഷം തികഞ്ഞശേഷം ഞാൻ നിങ്ങളെ സന്ദർശിക്കും നിങ്ങളെ ഈ സ്ഥലത്തേക്കു തിരിച്ചുവരുത്തും എന്നുള്ള എന്റെ വാഗ്ദത്തം നിറവേറ്റും. കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; നിങ്ങളെ എല്ലാ രാഷ്ട്രങ്ങളിൽനിന്നും ഞാൻ നിങ്ങളെ നാടുകടത്തിക്കളഞ്ഞ സകലസ്ഥലങ്ങളിൽനിന്നും ശേഖരിച്ച്, എവിടെനിന്നു ഞാൻ നിങ്ങളെ ബന്ദികളാക്കി കൊണ്ടുപോയോ, ആ സ്ഥലത്തേക്ക് തിരികെവരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.