യിരെമ്യാവ് 26:12-15

യിരെമ്യാവ് 26:12-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിനു യിരെമ്യാവ് സകല പ്രഭുക്കന്മാരോടും സർവജനത്തോടും പറഞ്ഞത്: നിങ്ങൾ കേട്ടിരിക്കുന്ന വാക്കുകളൊക്കെയും ഈ ആലയത്തിനും ഈ നഗരത്തിനും വിരോധമായി പ്രവചിപ്പാൻ യഹോവ എന്നെ അയച്ചിരിക്കുന്നു. ആകയാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് കേട്ടനുസരിപ്പിൻ; എന്നാൽ യഹോവ നിങ്ങൾക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർഥത്തെക്കുറിച്ച് അനുതപിക്കും. ഞാനോ ഇതാ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്ക് ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊൾവിൻ. എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, നിങ്ങൾ കുറ്റമില്ലാത്ത രക്തം നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും വരുത്തും എന്ന് അറിഞ്ഞുകൊൾവിൻ; നിങ്ങൾ കേൾക്കെ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിനു യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.

യിരെമ്യാവ് 26:12-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ യിരെമ്യാ സകല പ്രഭുക്കന്മാരോടും സർവജനത്തോടുമായി പറഞ്ഞു: “ഈ ആലയത്തിനും നഗരത്തിനും എതിരെ നിങ്ങൾ കേട്ട വചനം പ്രവചിക്കാനാണ് സർവേശ്വരൻ എന്നെ അയച്ചത്. അതുകൊണ്ട് നിങ്ങളുടെ മാർഗങ്ങളും പ്രവൃത്തികളും തിരുത്തുവിൻ; നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കുകൾ അനുസരിക്കുവിൻ, നിങ്ങൾക്കെതിരെ അവിടുന്നു പ്രഖ്യാപിച്ചിട്ടുള്ള അനർഥത്തെക്കുറിച്ചുള്ള തീരുമാനം അവിടുന്ന് അപ്പോൾ മാറ്റും. ഞാനിതാ നിങ്ങളുടെ കൈകളിൽ ആയിരിക്കുന്നു; നിങ്ങൾക്കു ശരിയെന്നും യോഗ്യമെന്നും തോന്നുന്നത് എന്നോടു പ്രവർത്തിച്ചുകൊള്ളുവിൻ. നിങ്ങൾ എന്നെ കൊന്നാൽ നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും നിഷ്കളങ്കരക്തമാണു നിങ്ങൾ വീഴ്ത്തുന്നത് എന്നറിഞ്ഞുകൊള്ളുവിൻ; ഇതു നിങ്ങളോടു പറയാൻ സർവേശ്വരനാണ് എന്നെ അയച്ചിരിക്കുന്നത്; ഇതു സത്യം.”

യിരെമ്യാവ് 26:12-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതിന് യിരെമ്യാവ് സകലപ്രഭുക്കന്മാരോടും സർവ്വജനത്തോടും പറഞ്ഞത്: “നിങ്ങൾ കേട്ടതായ വാക്കുകളെല്ലാം ഈ ആലയത്തിനും നഗരത്തിനും വിരോധമായി പ്രവചിക്കുവാൻ യഹോവ എന്നെ അയച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നല്ലതാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അനുസരിക്കുവിൻ; എന്നാൽ യഹോവ നിങ്ങൾക്ക് വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും. ഞാൻ, ഇതാ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്ക് ഇഷ്ടവും ന്യായവുമായി തോന്നുന്നതുപോലെ എന്നോട് ചെയ്തുകൊള്ളുവിൻ. എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, കുറ്റമില്ലാത്ത രക്തം നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും നിങ്ങൾ വരുത്തും എന്നു അറിഞ്ഞുകൊള്ളുവിൻ; നിങ്ങൾ കേൾക്കെ ഈ വാക്കുകൾ മുഴുവനും പ്രസ്താവിക്കേണ്ടതിന് യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.

യിരെമ്യാവ് 26:12-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതിന്നു യിരെമ്യാവു സകലപ്രഭുക്കന്മാരോടും സർവ്വജനത്തോടും പറഞ്ഞതു: നിങ്ങൾ കേട്ടിരിക്കുന്ന വാക്കുകളൊക്കെയും ഈ ആലയത്തിന്നും ഈ നഗരത്തിന്നും വിരോധമായി പ്രവചിപ്പാൻ യഹോവ എന്നെ അയച്ചിരിക്കുന്നു. ആകയാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ യഹോവ നിങ്ങൾക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും. ഞാനോ ഇതാ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്കു ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊൾവിൻ. എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, നിങ്ങൾ കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും വരുത്തും എന്നു അറിഞ്ഞുകൊൾവിൻ; നിങ്ങൾ കേൾക്കേ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിന്നു യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.

യിരെമ്യാവ് 26:12-15 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ യിരെമ്യാവ് എല്ലാ പ്രഭുക്കന്മാരോടും സകലജനത്തോടും ഇപ്രകാരം സംസാരിച്ചു: “നിങ്ങൾ കേട്ടതായ സകലകാര്യങ്ങളും, ഈ ആലയത്തിനും ഈ നഗരത്തിനും എതിരായി പ്രവചിക്കാൻ യഹോവ എന്നെ അയച്ചിരിക്കുന്നു. അതിനാൽ നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക; നിങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കുക; അങ്ങനെയെങ്കിൽ നിങ്ങൾക്കെതിരായി യഹോവ അരുളിച്ചെയ്തിരിക്കുന്ന അനർഥത്തെക്കുറിച്ച് അവിടന്ന് അനുതപിക്കും, അവ നിങ്ങളുടെമേൽ വരുത്തുകയുമില്ല. എന്റെ കാര്യത്തിലോ, ഞാനിതാ, നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്കു യുക്തവും ന്യായവുമായി തോന്നുന്നതുപോലെ എന്നോടു ചെയ്യുക. എന്നെ കൊന്നുകളഞ്ഞാൽ നിങ്ങൾ കുറ്റമില്ലാത്ത രക്തം നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും വരുത്തുകയായിരിക്കും എന്നു തീർച്ചയായും അറിഞ്ഞുകൊൾക. നിങ്ങൾ കേൾക്കെ ഈ വചനങ്ങളൊക്കെയും സംസാരിക്കാൻ എന്നെ അയച്ചിരിക്കുന്നത് യഹോവയാണ്.”