യിരെമ്യാവ് 19:3-6
യിരെമ്യാവ് 19:3-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദാരാജാക്കന്മാരും യെരൂശലേംനിവാസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്നവന്റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാൻ ഈ സ്ഥലത്തിന് ഒരനർഥം വരുത്തും. അവർ എന്നെ ഉപേക്ഷിച്ച്, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക് അവിടെവച്ചു ധൂപംകാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറയ്ക്കയും ബാലിനു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിപ്പാൻ ബാലിനു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാൻ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്റെ മനസ്സിൽ വന്നിട്ടുമില്ല. അതുകൊണ്ട് ഈ സ്ഥലത്തിന് ഇനി തോഫെത്ത് എന്നും ബെൻ-ഹിന്നോം താഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്നു പേരു പറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്.
യിരെമ്യാവ് 19:3-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരൂശലേംനിവാസികളേ, സർവേശ്വരന്റെ അരുളപ്പാടു കേൾക്കുവിൻ, ഇസ്രായേലിന്റെ ദൈവമായ സർവശക്തിയുള്ള സർവേശ്വരൻ അരുളിച്ചെയ്യുന്നു: കേൾക്കുന്ന എല്ലാവരുടെയും ചെവി തരിപ്പിക്കുന്ന തരത്തിലുള്ള അനർഥം ഈ സ്ഥലത്തു ഞാൻ വരുത്താൻ പോകുന്നു. കാരണം, ജനം എന്നെ ഉപേക്ഷിച്ചു; അവരോ അവരുടെ പിതാക്കന്മാരോ യെഹൂദാരാജാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്കു ധൂപമർപ്പിച്ച് ഈ സ്ഥലം അവർ അശുദ്ധമാക്കി; നിഷ്കളങ്കരുടെ രക്തംകൊണ്ട് അവർ ദേശം നിറച്ചു. ബാലിനു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ അഗ്നിയിൽ ദഹിപ്പിക്കുന്നതിനു പൂജാഗിരികൾ അവർ പണിതു; അങ്ങനെയൊന്നു ഞാൻ ആജ്ഞാപിക്കുകയോ സംസാരിക്കുകയോ ചിന്തിക്കുക പോലുമോ ചെയ്തിരുന്നില്ല. അതുകൊണ്ട് ഇവിടം, തോഫെത്ത് എന്നോ, ബെൻ-ഹിന്നോം താഴ്വര എന്നോ വിളിക്കപ്പെടാതെ കൊലയുടെ താഴ്‌വര എന്നു വിളിക്കപ്പെടുന്ന കാലംവരും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
യിരെമ്യാവ് 19:3-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“യെഹൂദാരാജാക്കന്മാരും യെരൂശലേം നിവാസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾക്കുവിൻ! യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ സ്ഥലത്തിന് വരുത്തുന്ന അനർത്ഥത്തെക്കുറിച്ച് കേൾക്കുന്നവൻ്റെ ചെവി തരിച്ചുപോകും. “അവർ എന്നെ ഉപേക്ഷിച്ച്, ഈ സ്ഥലത്തെ വഷളാക്കി, അവരും അവരുടെ പൂര്‍വ്വ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക് അവിടെവച്ച് ധൂപം കാട്ടി, ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറയ്ക്കുകയും ബാലിനു ദഹനയാഗങ്ങളായി അവരുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിക്കുവാൻ പൂജാഗിരികൾ പണിയുകയും ചെയ്തിരിക്കുന്നു. അത് ഞാൻ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്റെ മനസ്സിൽ വന്നിട്ടുമില്ല. അതുകൊണ്ട് ഈ സ്ഥലത്തിന് ഇനി തോഫെത്ത് എന്നും ബെൻ-ഹിന്നോം താഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്നു പേരുപറയുന്ന കാലം വരും” എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവ് 19:3-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെഹൂദാരാജാക്കന്മാരും യെരൂശലേം നിവസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്നവന്റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാൻ ഈ സ്ഥലത്തിന്നു ഒരനർത്ഥം വരുത്തും. അവർ എന്നെ ഉപേക്ഷിച്ചു, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്കു അവിടെവെച്ചു ധൂപംകാട്ടി, ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറെക്കയും ബാലിന്നു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിപ്പാൻ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാൻ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്റെ മനസ്സിൽ വന്നിട്ടുമില്ല. അതുകൊണ്ടു ഈ സ്ഥലത്തിന്നു ഇനി തോഫെത്ത് എന്നും ബെൻ-ഹിന്നോംതാഴ്‌വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്നു പേരുപറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവ് 19:3-6 സമകാലിക മലയാളവിവർത്തനം (MCV)
‘യെഹൂദാരാജാക്കന്മാരും ജെറുശലേംനിവാസികളുമേ, യഹോവയുടെ വചനം കേൾക്കുക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്മേൽ ഒരു അനർഥം വരുത്താൻപോകുന്നു. അതു കേൾക്കുന്ന എല്ലാവരുടെയും കാതുകളിൽ അതു പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. അവർ എന്നെ ഉപേക്ഷിച്ച് ഈ സ്ഥലത്തെ അശുദ്ധമാക്കിയിരിക്കുന്നു; അവരോ അവരുടെ പൂർവികരോ യെഹൂദാരാജാക്കന്മാരോ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത അന്യദേവതകൾക്ക് ഇവിടെവെച്ചു യാഗം കഴിക്കുകയും ഈ സ്ഥലത്തെ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറയ്ക്കുകയും ചെയ്തിരിക്കുന്നു. അവരുടെ പുത്രന്മാരെ തീയിൽ ദഹിപ്പിച്ച് ബാലിനു ദഹനയാഗം കഴിക്കാനുള്ള ക്ഷേത്രങ്ങൾ നിർമിക്കുകയും ചെയ്തിരിക്കുന്നു. അതു ഞാൻ അവരോടു കൽപ്പിക്കുകയോ അരുളിച്ചെയ്യുകയോ ചെയ്തിട്ടില്ല, അത് എന്റെ മനസ്സിൽ വന്നിട്ടുമില്ല. അതുകൊണ്ട് ഈ സ്ഥലം ഇനിമേൽ തോഫെത്ത് എന്നോ ബെൻ-ഹിന്നോം താഴ്വര എന്നോ വിളിക്കപ്പെടാതെ കശാപ്പുതാഴ്വര എന്നറിയപ്പെടുന്ന നാളുകൾ വരും എന്ന് യഹോവ മുന്നറിയിപ്പുനൽകുന്നു.