യിരെമ്യാവ് 18:1-12
യിരെമ്യാവ് 18:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ: നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവച്ചു ഞാൻ നിന്നെ എന്റെ വചനങ്ങളെ കേൾപ്പിക്കും. അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു. കുശവൻ കളിമണ്ണുകൊണ്ടുണ്ടാക്കിയ പാത്രം അവന്റെ കൈയിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു. അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാട്; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കൈയിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കൈയിൽ ഇരിക്കുന്നു. ഞാൻ ഒരു ജാതിയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ച് ഇടിച്ച് നശിപ്പിച്ചുകളയും എന്ന് അരുളിച്ചെയ്തിട്ടു ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കിൽ അതിനോടു ചെയ്വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും. ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാൻ അതിനെ പണികയും നടുകയും ചെയ്യും എന്ന് അരുളിച്ചെയ്തിട്ട് അത് എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്ക് അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ അവർക്കു വരുത്തും എന്ന് അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും. ആകയാൽ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്ക് ഒരനർഥം നിർമ്മിച്ചു, നിങ്ങൾക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങൾ ഓരോരുത്തനും താന്താന്റെ ദുർമാർഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ. അതിന് അവർ: ഇതു വെറുതേ; ഞങ്ങൾ ഞങ്ങളുടെ സ്വന്തനിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും എന്നു പറഞ്ഞു.
യിരെമ്യാവ് 18:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനിൽനിന്നു യിരെമ്യാക്കുണ്ടായ അരുളപ്പാട്: “കുശവന്റെ വീട്ടിലേക്കു പോകുക; എന്റെ വചനം ഞാൻ അവിടെവച്ച് നിന്നെ കേൾപ്പിക്കും.” അങ്ങനെ ഞാൻ കുശവന്റെ വീട്ടിലേക്കു ചെന്നു; അപ്പോൾ അയാൾ ചക്രത്തിന്മേൽ കളിമണ്ണുകൊണ്ട് പാത്രം നിർമിക്കുകയായിരുന്നു. ആ പാത്രം കുശവന്റെ കൈയിൽ വച്ചുതന്നെ വികലമായിപ്പോയി; അയാൾ കളിമണ്ണുകൊണ്ടുതന്നെ തനിക്ക് ഇഷ്ടമായ രൂപത്തിൽ മറ്റൊരു പാത്രമുണ്ടാക്കി. അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: “അല്ലയോ ഇസ്രായേൽഗൃഹമേ, കുശവൻ ചെയ്തതുപോലെ എനിക്കു നിന്നോടു ചെയ്യാൻ കഴികയില്ലേ എന്നു സർവേശ്വരൻ ചോദിക്കുന്നു; കുശവന്റെ കൈയിലെ കളിമണ്ണുപോലെയല്ലേ ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്റെ കൈയിൽ?” ഏതെങ്കിലും ഒരു ജനതയെയോ രാജ്യത്തെയോ ഞാൻ ഉന്മൂലനം ചെയ്യുമെന്ന് ഒരിക്കൽ പ്രഖ്യാപിക്കുകയും ആ ജനത അവരുടെ ദുർമാർഗം വിട്ടുതിരിഞ്ഞാൽ ഞാൻ അവർക്കു വരുത്തുമെന്നു പറഞ്ഞ അനർഥത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുകയില്ലേ? ഒരു ജനതയെയോ, രാജ്യത്തെയോ സംബന്ധിച്ച്, അതിനെ പണിയുമെന്നും നട്ടു പിടിപ്പിക്കുമെന്നും പ്രഖ്യാപിച്ചശേഷം, അവർ എന്റെ വാക്കു ശ്രദ്ധിക്കാതെ എന്റെ മുമ്പിൽ തിന്മ പ്രവർത്തിച്ചാൽ, അവർക്കു നല്‌കുമെന്നു പറഞ്ഞ നന്മയെക്കുറിച്ചുള്ള തീരുമാനവും ഞാൻ മാറ്റുകയില്ലേ? അതുകൊണ്ട് യെഹൂദ്യയിലെ ജനങ്ങളോടും യെരൂശലേംനിവാസികളോടും പറയുക, സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങൾക്കെതിരെ അനർഥം ചിന്തിച്ച് ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നു; എല്ലാവരും തങ്ങളുടെ ദുർമാർഗങ്ങളിൽനിന്നു പിന്തിരിയുവിൻ; നിങ്ങളുടെ വഴികളും പ്രവൃത്തികളും തിരുത്തുവിൻ.” എന്നാൽ അവർ പറയുന്നു: അവയെല്ലാം വ്യർഥമാണ്; ഞങ്ങൾ ഞങ്ങളുടെ പദ്ധതികൾ തന്നെ തുടരും; ഓരോരുത്തനും അവനവന്റെ ദുഷ്ടഹൃദയത്തിന്റെ ദുശ്ശാഠ്യമനുസരിച്ചു പ്രവർത്തിക്കും.
യിരെമ്യാവ് 18:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാടു എന്തെന്നാൽ: “നീ എഴുന്നേറ്റ് കുശവന്‍റെ വീട്ടിലേക്കു ചെല്ലുക; അവിടെവച്ച് ഞാൻ നിന്നെ എന്‍റെ വചനങ്ങൾ കേൾപ്പിക്കും.” അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു. കുശവൻ കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ പാത്രം അവന്റെ കയ്യിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു യുക്തമെന്നു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു. അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: “യിസ്രായേൽ ഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്ക് നിങ്ങളോടു ചെയ്യുവാൻ കഴിയുകയില്ലയോ” എന്നു യഹോവയുടെ അരുളപ്പാടു; “യിസ്രായേൽ ഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു. ഞാൻ ഒരു ജനതയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ ‘അതിനെ ഉന്മൂലനം ചെയ്തു എറിഞ്ഞ് നശിപ്പിച്ചുകളയും’ എന്നരുളിച്ചെയ്തശേഷം, ഞാൻ അങ്ങനെ അരുളിച്ചെയ്ത ജനത അതിന്‍റെ ദുഷ്ടത വിട്ടുതിരിയുന്നുവെങ്കിൽ അതിനോട് ചെയ്യുവാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും. ഒരു ജനതയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ‘ഞാൻ അതിനെ പണിയുകയും നടുകയും ചെയ്യും’ എന്നരുളിച്ചെയ്തിട്ട് അത് എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്ക് അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ ‘അവർക്ക് വരുത്തും’ എന്നരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും. അതിനാൽ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേം നിവാസികളോടും പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്ക് ഒരനർത്ഥം ചിന്തിച്ച്, നിങ്ങൾക്ക് വിരോധമായി ഒരു പദ്ധതി നിനച്ചിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും അവനവന്‍റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞ് നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ.” അതിന് അവർ: “ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും അവനവന്‍റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും” എന്നു പറഞ്ഞു.
യിരെമ്യാവ് 18:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ: നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവെച്ചു ഞാൻ നിന്നെ എന്റെ വചനങ്ങളെ കേൾപ്പിക്കും. അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു. കുശവൻ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു. അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു. ഞാൻ ഒരു ജാതിയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടുതിരിയുന്നുവെങ്കിൽ അതിനോടു ചെയ്വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും. ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാൻ അതിനെ പണികയും നടുകയും ചെയ്യും എന്നു അരുളിച്ചെയ്തിട്ടു അതു എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്കു അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ അവർക്കു വരുത്തും എന്നു അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും. ആകയാൽ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്കു ഒരനർത്ഥം നിർമ്മിച്ചു, നിങ്ങൾക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങൾ ഓരോരുത്തനും താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ. അതിന്നു അവർ: ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും എന്നു പറഞ്ഞു.
യിരെമ്യാവ് 18:1-12 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് ഇപ്രകാരമായിരുന്നു: “നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു പോകുക. അവിടെവെച്ചു ഞാൻ എന്റെ അരുളപ്പാട് നിനക്കു നൽകും.” അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽച്ചെന്നു. അയാൾ ചക്രത്തിന്മേൽ വേലചെയ്യുകയായിരുന്നു. കുശവൻ നിർമിച്ചുകൊണ്ടിരുന്ന പാത്രം അയാളുടെ കൈകളിൽ അതിന്റെ ശരിയായ ആകൃതിയിൽ രൂപപ്പെട്ടില്ല; അതിനാൽ അയാൾ തനിക്ക് ഉചിതമെന്നു തോന്നിയതുപോലെ ആ പശമണ്ണു മറ്റൊരു പാത്രമാക്കിത്തീർത്തു. അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “ഇസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്യാൻ കഴിയുകയില്ലേ?” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഇസ്രായേലേ, കളിമണ്ണു കുശവന്റെ കൈയിലെന്നപോലെ നിങ്ങൾ എന്റെ കൈയിലിരിക്കുന്നു. ഒരു സന്ദർഭത്തിൽ ഒരു രാഷ്ട്രത്തെയോ രാജ്യത്തെയോകുറിച്ച് ഞാൻ അവരെ ഉന്മൂലനംചെയ്യുമെന്നും തകർത്തുകളയുമെന്നും നശിപ്പിക്കുമെന്നും അരുളിച്ചെയ്തേക്കാം. ഞാൻ ഇപ്രകാരം അരുളിച്ചെയ്ത ജനത അതിന്റെ ദുർമാർഗം വിട്ടുതിരിഞ്ഞാൽ ഞാൻ അതിന്റെമേൽ വരുത്തുമെന്നു നിർണയിച്ച അനർഥത്തെക്കുറിച്ച് അനുതപിക്കും. അഥവാ, മറ്റൊരു സന്ദർഭത്തിൽ ഒരു രാഷ്ട്രത്തെയോ രാജ്യത്തെയോകുറിച്ച് അതിനെ കെട്ടിപ്പടുക്കുമെന്നും നടുമെന്നും ഞാൻ സംസാരിച്ചെന്നു വരാം, എങ്കിലും അവർ എന്നെ അനുസരിക്കാതെ തിന്മ പ്രവർത്തിച്ചാൽ അവർക്കു വരുത്തുമെന്നു ഞാൻ അരുളിച്ചെയ്ത നന്മയെക്കുറിച്ചും ഞാൻ അനുതപിക്കും. “അതിനാൽ ഇപ്പോൾ നീ പോയി യെഹൂദാജനങ്ങളോടും ജെറുശലേംനിവാസികളോടും ഇപ്രകാരം സംസാരിക്കുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ! ഞാൻ നിങ്ങൾക്കെതിരേ, ഒരു അനർഥം നിരൂപിച്ച് ഒരു പദ്ധതി ആസൂത്രണംചെയ്യുന്നു. അതിനാൽ നിങ്ങളിൽ ഓരോരുത്തനും നിങ്ങളുടെ ദുഷ്ടത വിട്ട് പിന്തിരിയുക, നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക.’ അതിന് അവർ, ‘ഇതു വെറുതേയാണ്. ഞങ്ങൾ ഞങ്ങളുടെ മാർഗങ്ങളിൽത്തന്നെ നടക്കും. ഞങ്ങളിൽ ഓരോരുത്തനും ഞങ്ങളുടെ ദുഷ്ടഹൃദയത്തിലെ ശാഠ്യമനുസരിച്ചുതന്നെ പ്രവർത്തിക്കും’ ” എന്നു മറുപടി പറഞ്ഞു.