യിരെമ്യാവ് 1:5-10
യിരെമ്യാവ് 1:5-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനുമുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. എന്നാൽ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ എന്നു പറഞ്ഞു. അതിനു യഹോവ എന്നോട് അരുളിച്ചെയ്തത്: ഞാൻ ബാലൻ എന്നു നീ പറയരുത്; ഞാൻ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം. നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിനു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്. പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു; നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെ മേലും രാജ്യങ്ങളുടെ മേലും ആക്കിവച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.
യിരെമ്യാവ് 1:5-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഗർഭപാത്രത്തിൽ നിനക്കു രൂപം നല്കുന്നതിനു മുമ്പു ഞാൻ നിന്നെ അറിഞ്ഞു; ഉദരത്തിൽനിന്നു പുറത്തുവരുന്നതിനു മുമ്പുതന്നെ നിന്നെ ഞാൻ വേർതിരിച്ച് ജനതകൾക്കു പ്രവാചകനായി നിയമിച്ചു.” അപ്പോൾ ഞാൻ പറഞ്ഞു: “ദൈവമായ സർവേശ്വരാ, എനിക്കു സംസാരിക്കുവാൻ വശമില്ല, ഞാൻ ബാലനാണല്ലോ.” അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “വെറും ബാലനെന്നു നീ പറയരുത്; ഞാൻ അയയ്ക്കുന്ന എല്ലാവരുടെയും അടുത്തേക്കു നീ പോകണം; ഞാൻ കല്പിക്കുന്നതെല്ലാം നീ സംസാരിക്കണം. അവരെ നീ ഭയപ്പെടേണ്ടാ; നിന്നെ രക്ഷിക്കാൻ ഞാൻ നിന്നോടു കൂടെയുണ്ട്; സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.” പിന്നീട് അവിടുന്നു കൈ നീട്ടി എന്റെ അധരത്തിൽ തൊട്ടുകൊണ്ടു പറഞ്ഞു: “എന്റെ വചനം നിന്റെ നാവിൽ നിക്ഷേപിച്ചിരിക്കുന്നു. പിഴുതെറിയാനും ഇടിച്ചുകളയാനും നശിപ്പിക്കാനും മറിച്ചുകളയാനും പണിതുയർത്താനും നടാനും ജനതകളുടെയും രാജ്യങ്ങളുടെയുംമേൽ ഞാൻ നിനക്ക് അധികാരം നല്കിയിരിക്കുന്നു.”
യിരെമ്യാവ് 1:5-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പ് ഞാൻ നിന്നെ അറിഞ്ഞ്; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനു മുമ്പ് ഞാൻ നിന്നെ വിശുദ്ധീകരിച്ച്, ജനതകൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.” എന്നാൽ ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, എനിക്ക് സംസാരിക്കുവാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലയോ” എന്നു പറഞ്ഞു. അതിന് യഹോവ എന്നോട് അരുളിച്ചെയ്തത്: “‘ഞാൻ ബാലൻ’ എന്നു നീ പറയരുത്; ഞാൻ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോട് കല്പിക്കുന്നതെല്ലാം സംസാരിക്കുകയും വേണം. നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിന് ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്നു യഹോവയുടെ അരുളപ്പാടു. പിന്നെ യഹോവ കൈ നീട്ടി എന്റെ അധരങ്ങളെ സ്പർശിച്ചു: “ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു; നോക്കുക; നിർമ്മൂലമാക്കുവാനും പൊളിക്കുവാനും നശിപ്പിക്കുവാനും ഇടിച്ചുകളയുവാനും പണിയുവാനും നടുവാനും വേണ്ടി ഞാൻ നിന്നെ ഇന്ന് ജനതകളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവച്ചിരിക്കുന്നു” എന്നു യഹോവ എന്നോട് കല്പിച്ചു.
യിരെമ്യാവ് 1:5-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. എന്നാൽ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ എന്നു പറഞ്ഞു. അതിന്നു യഹോവ എന്നോടു അരുളിച്ചെയ്തതു: ഞാൻ ബാലൻ എന്നു നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം. നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു; നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനും വേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.
യിരെമ്യാവ് 1:5-10 സമകാലിക മലയാളവിവർത്തനം (MCV)
“നിന്നെ ഗർഭപാത്രത്തിൽ രൂപപ്പെടുത്തുന്നതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു, നീ ജനിക്കുന്നതിനുമുമ്പേ ഞാൻ നിന്നെ വേർതിരിച്ചു; രാഷ്ട്രങ്ങൾക്ക് ഒരു പ്രവാചകനായി ഞാൻ നിന്നെ നിയമിച്ചു.” അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, എനിക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിഞ്ഞുകൂടാ; ഞാൻ ഒരു ബാലനാണല്ലോ.” എന്നാൽ യഹോവ എന്നോട് കൽപ്പിച്ചു: “ ‘ഞാൻ ഒരു ബാലനാണ്,’ എന്നു നീ പറയരുത്. ഞാൻ നിന്നെ അയയ്ക്കുന്ന എല്ലാവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോടു കൽപ്പിക്കുന്നതൊക്കെയും നീ സംസാരിക്കുകയും വേണം. നീ അവരെ ഭയപ്പെടരുത്, കാരണം ഞാൻ നിന്നോടുകൂടെയുണ്ട്; ഞാൻ നിന്നെ വിടുവിക്കുകയും ചെയ്യും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതിനുശേഷം യഹോവ അവിടത്തെ കൈനീട്ടി എന്റെ അധരം സ്പർശിച്ചശേഷം എന്നോടു കൽപ്പിച്ചത്: “ഞാൻ എന്റെ വചനങ്ങൾ നിന്റെ വായിൽ തന്നിരിക്കുന്നു. ഉന്മൂലനംചെയ്യുന്നതിനും തകർത്തുകളയുന്നതിനും നശിപ്പിക്കുന്നതിനും അട്ടിമറിക്കുന്നതിനും പണിയുന്നതിനും നടുന്നതിനുമായി, ഇതാ, ഇന്നു ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കും രാജ്യങ്ങൾക്കും മീതേ നിയമിച്ചിരിക്കുന്നു.”