ന്യായാധിപന്മാർ 6:3-6

ന്യായാധിപന്മാർ 6:3-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്രായേൽ വിതച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരേ വരും. അവർ അവർക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്തു കടന്നു നാശം ചെയ്യും. ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.

ന്യായാധിപന്മാർ 6:3-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനം കൃഷിയിറക്കി കഴിയുമ്പോഴെല്ലാം മിദ്യാന്യരും അമാലേക്യരും കിഴക്കുള്ള മരുഭൂവാസികളും കൂടിവന്ന് അവരെ ആക്രമിച്ചിരുന്നു. അവർ ഇസ്രായേല്യർക്കെതിരെ താവളമടിച്ചുകൊണ്ട് ഗസ്സവരെയുള്ള സ്ഥലത്തെ വിളവു നശിപ്പിച്ചിരുന്നു; ഭക്ഷണപദാർഥങ്ങളെയോ ആടുമാടുകളെയോ കഴുതകളെയോ ശേഷിപ്പിച്ചില്ല. അവർ തങ്ങളുടെ കന്നുകാലികളും കൂടാരസാമഗ്രികളുമായി വെട്ടുക്കിളികളെപ്പോലെ അസംഖ്യമായി വന്നിരുന്നു. അവരും അവരുടെ ഒട്ടകങ്ങളും എണ്ണമറ്റവയായിരുന്നു. അവർ ദേശം ശൂന്യമാക്കി. അങ്ങനെ മിദ്യാന്യർ നിമിത്തം ഇസ്രായേൽജനം വളരെ ക്ഷയിച്ചു. അവർ സർവേശ്വരനോടു നിലവിളിച്ചു.

ന്യായാധിപന്മാർ 6:3-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യിസ്രായേൽ ധാന്യം വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവർക്ക് എതിരായി വന്നിരുന്നു. അവർ യിസ്രയേലിന് വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിച്ചിരുന്നു. യിസ്രായേലിനു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിച്ചിരുന്നില്ല. അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വന്ന് ദേശത്ത് കടന്ന് നാശം ചെയ്തിരുന്നു. അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു. ഇങ്ങനെ മിദ്യാന്യർ നിമിത്തം യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു.

ന്യായാധിപന്മാർ 6:3-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്രായേൽ വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും. അവർ അവർക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്തു കടന്നു നാശം ചെയ്യും. ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.

ന്യായാധിപന്മാർ 6:3-6 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേൽ ധാന്യം വിതച്ചിരിക്കുമ്പോഴെല്ലാം, മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും വന്ന് അവരെ ആക്രമിക്കും. അവർ ദേശത്ത് താവളമടിച്ച് ഗസ്സാവരെയുള്ള വിളകൾ നശിപ്പിക്കും; ഇസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ യാതൊന്നും ശേഷിപ്പിക്കുകയില്ല. അവർ കന്നുകാലികളും കൂടാരങ്ങളുമായി വെട്ടുക്കിളിക്കൂട്ടംപോലെവരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്ത് കടന്ന് നാശംചെയ്യും. ഇങ്ങനെ മിദ്യാന്യരാൽ ഇസ്രായേൽ വളരെ ദരിദ്രരാക്കപ്പെട്ടു, ഇസ്രായേൽജനം സഹായത്തിനായി യഹോവയോട് നിലവിളിച്ചു.