ന്യായാധിപന്മാർ 6:11-23
ന്യായാധിപന്മാർ 6:11-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യഹോവയുടെ ഒരു ദൂതൻ വന്ന് ഒഫ്രയിൽ അബീയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻകീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കൈയിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിനരികെവച്ചു മെതിക്കയായിരുന്നു. യഹോവയുടെ ദൂതൻ അവനു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് എന്ന് അവനോടു പറഞ്ഞു. ഗിദെയോൻ അവനോട്: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെ ഭവിക്കുന്നത് എന്ത്? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോട് അറിയിച്ചിട്ടുള്ള അവന്റെ അദ്ഭുതങ്ങളൊക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയയ്ക്കുന്നത് എന്നു പറഞ്ഞു. അവൻ അവനോട്: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു. യഹോവ അവനോട്: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു. അതിന് അവൻ: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നെ എന്നതിന് ഒരു അടയാളം കാണിച്ചുതരേണമേ. ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്ന് നിന്റെ മുമ്പാകെ വയ്ക്കുവോളം ഇവിടെനിന്നു പോകരുതേ എന്ന് അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്ന് അവൻ അരുളിച്ചെയ്തു. അങ്ങനെ ഗിദെയോൻ ചെന്ന് ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ട് പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കുട്ടയിൽവച്ച് ചാറ് ഒരു കിണ്ണത്തിൽ പകർന്ന് കരുവേലകത്തിൻകീഴെ കൊണ്ടുവന്ന് അവന്റെ മുമ്പിൽ വച്ചു. അപ്പോൾ ദൈവത്തിന്റെ ദൂതൻ അവനോട്: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്ത് ഈ പാറമേൽവച്ച് ചാറ് അതിന്മേൽ ഒഴിക്ക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു. യഹോവയുടെ ദൂതൻ കൈയിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ട് മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിനു മറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ എന്നു പറഞ്ഞു. യഹോവ അവനോട്: നിനക്കു സമാധാനം; ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്ന് അരുളിച്ചെയ്തു.
ന്യായാധിപന്മാർ 6:11-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബിയേസ്ര്യവംശജനായ യോവാശിന്റെ ഒഫ്രയിലുള്ള കരുവേലകത്തിന്റെ കീഴിൽ സർവേശ്വരന്റെ ദൂതൻ വന്നു. യോവാശിന്റെ പുത്രനായ ഗിദെയോൻ, മിദ്യാന്യർ കാണാതിരിക്കാൻവേണ്ടി മുന്തിരിച്ചക്കിൽ കോതമ്പു മെതിക്കുകയായിരുന്നു. സർവേശ്വരന്റെ ദൂതൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ധീരനും ശക്തനുമായ മനുഷ്യാ, സർവേശ്വരൻ നിന്റെ കൂടെയുണ്ട്.” ഗിദെയോൻ ദൂതനോടു പറഞ്ഞു: “പ്രഭോ, സർവേശ്വരൻ ഞങ്ങളോടൊപ്പം ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഇതെല്ലാം സംഭവിക്കുന്നതെന്ത്? അവിടുന്നു ഞങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്നപ്പോൾ അദ്ഭുതങ്ങൾ പ്രവർത്തിച്ചു എന്നു ഞങ്ങളുടെ പിതാക്കന്മാർ ആവർത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട്. അവിടുത്തെ ആ അദ്ഭുതപ്രവൃത്തികൾ എവിടെ? ഇപ്പോൾ സർവേശ്വരൻ ഞങ്ങളെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയിൽ ഞങ്ങളെ ഏല്പിച്ചിരിക്കുകയാണല്ലോ.” സർവേശ്വരൻ അയാളുടെ നേരെ തിരിഞ്ഞ് അരുളിച്ചെയ്തു: “നിന്റെ സർവശക്തിയോടുംകൂടെ പോയി ഇസ്രായേൽജനത്തെ മിദ്യാന്യരിൽനിന്നു രക്ഷിക്കുക. ഞാൻ തന്നെയാണു നിന്നെ അയയ്‍ക്കുന്നത്.” ഗിദെയോൻ പറഞ്ഞു: “സർവേശ്വരാ, ഇസ്രായേലിനെ ഞാൻ എങ്ങനെ മോചിപ്പിക്കും? മനശ്ശെഗോത്രത്തിൽ വച്ച് എന്റെ കുലം ദുർബലവും; ഞാനാകട്ടെ എന്റെ കുടുംബത്തിൽ ഏറ്റവും നിസ്സാരനും ആകുന്നു.” അവിടുന്നു പറഞ്ഞു: “ഞാൻ നിന്റെകൂടെ ഉണ്ട്; ഒറ്റയാളെ എന്നപോലെ മിദ്യാന്യരെയെല്ലാം നീ സംഹരിക്കും.” ഗിദെയോൻ പറഞ്ഞു: “അവിടുന്ന് എന്നിൽ പ്രസാദിച്ചിരിക്കുന്നെങ്കിൽ അവിടുന്നു തന്നെയാണ് എന്നോടു സംസാരിക്കുന്നത് എന്നതിന് ഒരു അടയാളം കാണിച്ചുതന്നാലും. ഞാൻ അടുത്തുവന്ന് തിരുമുമ്പിൽ കാഴ്ച സമർപ്പിക്കുന്നതുവരെ അങ്ങ് ഇവിടെനിന്നു പോകരുതേ!” “നീ മടങ്ങി വരുന്നതുവരെ ഞാൻ ഇവിടെത്തന്നെ ഉണ്ടായിരിക്കും.” സർവേശ്വരൻ പറഞ്ഞു. ഗിദെയോൻ വീട്ടിൽ ചെന്ന് ഒരാട്ടിൻകുട്ടിയെ പാകം ചെയ്തു; ഒരു ഏഫാ മാവുകൊണ്ട് പുളിപ്പു ചേർക്കാത്ത അപ്പവും ഉണ്ടാക്കി; മാംസം ഒരു കുട്ടയിലും ചാറ് ഒരു കലത്തിലും എടുത്തു കരുവേലകത്തിന്റെ ചുവട്ടിൽ അവിടുത്തെ മുമ്പാകെ കാഴ്ചവച്ചു. അപ്പോൾ സർവേശ്വരന്റെ ദൂതൻ കല്പിച്ചു: “മാംസവും അപ്പവും പാറമേൽ വച്ച് മീതേ ചാറ് ഒഴിക്കുക.” ഗിദെയോൻ അങ്ങനെ ചെയ്തു. സർവേശ്വരന്റെ ദൂതൻ തന്റെ വടിയുടെ അറ്റംകൊണ്ട് മാംസവും പുളിപ്പു ചേരാത്ത അപ്പവും സ്പർശിച്ചു. ഉടൻതന്നെ പാറയിൽനിന്നു തീ പുറപ്പെട്ടു മാംസവും അപ്പവും ദഹിപ്പിച്ചു. പിന്നീടു ദൂതൻ അപ്രത്യക്ഷനായി. താൻ കണ്ടത് സർവേശ്വരന്റെ ദൂതനെത്തന്നെ ആയിരുന്നു എന്നു ഗിദെയോൻ മനസ്സിലാക്കി; “ദൈവമായ സർവേശ്വരാ, അവിടുത്തെ ദൂതനെ ഞാൻ അഭിമുഖം കണ്ടുപോയല്ലോ” എന്നു പറഞ്ഞു. സർവേശ്വരൻ അവനോടു പറഞ്ഞു: “നിനക്ക് സമാധാനം; ഭയപ്പെടേണ്ടാ; നീ മരിക്കുകയില്ല.”
ന്യായാധിപന്മാർ 6:11-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം യഹോവയുടെ ഒരു ദൂതൻ വന്ന് ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ ഗോതമ്പ് മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കുകയായിരുന്നു. യഹോവയുടെ ദൂതൻ അവന് പ്രത്യക്ഷനായി: “അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട്” എന്ന് അവനോട് പറഞ്ഞു. ഗിദെയോൻ അവനോട്: “അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെയും ഭവിക്കുന്നത് എന്ത്? യഹോവ നമ്മെ മിസ്രയീമിൽനിന്ന് അത്ഭുതകരമായി കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോട് അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ച് മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ“ എന്നു പറഞ്ഞു. അപ്പോൾ യഹോവ അവനെ നോക്കി: “നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരിൽ നിന്ന് രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നത്“ എന്നു പറഞ്ഞു. അവൻ യഹോവയോട്: “അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്‍റെ കുടുംബത്തിൽവെച്ച് ഞാൻ ചെറിയവനും അല്ലോ“ എന്നു പറഞ്ഞു. യഹോവ അവനോട്: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെ എന്നപോലെ തോല്പിക്കും“ എന്നു കല്പിച്ചു. അതിന് അവൻ: “അങ്ങേക്ക് എന്നോട് കൃപയുണ്ടെങ്കിൽ എന്നോട് സംസാരിക്കുന്നത് അവിടുന്ന് തന്നെ എന്നതിന് ഒരു അടയാളം കാണിച്ചുതരേണമേ. ഞാൻ പോയി എന്‍റെ വഴിപാട് കൊണ്ടുവന്ന് അങ്ങേയുടെ മുമ്പാകെ വെക്കുവോളം ഇവിടെനിന്ന് പോകരുതേ“ എന്നു പറഞ്ഞു. “നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം“ എന്നു യഹോവ അരുളിച്ചെയ്തു. അങ്ങനെ ഗിദെയോൻ ചെന്നു ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ട് പുളിപ്പില്ലാത്ത അപ്പവും ഒരുക്കി, മാംസം ഒരു കൊട്ടയിൽവെച്ചു, ചാറ് ഒരു പാത്രത്തിൽ പകർന്നു; കരുവേലകത്തിൻ കീഴെ കൊണ്ടുവന്ന് യഹോവയുടെ മുമ്പിൽ വെച്ചു. അപ്പോൾ ദൈവത്തിന്റെ ദൂതൻ അവനോട്: “മാംസവും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ഈ പാറമേൽവെച്ച് ചാറ് അതിന്മേൽ ഒഴിക്ക“ എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു. യഹോവയുടെ ദൂതൻ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും തൊട്ടു; ഉടനെ പാറയിൽനിന്ന് തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത അപ്പവും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്‍റെ കണ്ണിന് കാണാതായി. അവൻ യഹോവയുടെ ദൂതൻ എന്ന് ഗിദെയോൻ മനസ്സിലാക്കിയപ്പോൾ, “അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ“ എന്നു പറഞ്ഞു. യഹോവ അവനോട്: “നിനക്ക് സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല“ എന്ന് അരുളിച്ചെയ്തു.
ന്യായാധിപന്മാർ 6:11-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യഹോവയുടെ ഒരു ദൂതൻ വന്നു ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു. യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു. ഗിദെയോൻ അവനോടു: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ ഒക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു. അവൻ അവനോടു: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു. യഹോവ അവനോടു: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു. അതിന്നു അവൻ: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നേ എന്നതിന്നു ഒരു അടയാളം കാണിച്ചുതരേണമേ. ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്നു നിന്റെ മുമ്പാകെ വെക്കുവോളം ഇവിടെനിന്നു പോകരുതേ എന്നു അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്നു അവൻ അരുളിച്ചെയ്തു. അങ്ങനെ ഗിദെയോൻ ചെന്നു ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയിൽവെച്ചു ചാറു ഒരു കിണ്ണത്തിൽ പകർന്നു കരുവേലകത്തിൻ കീഴെ കൊണ്ടുവന്നു അവന്റെ മുമ്പിൽ വെച്ചു. അപ്പോൾ ദൈവത്തിന്റെ ദൂതൻ അവനോടു: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്തു ഈ പാറമേൽവെച്ചു ചാറു അതിന്മേൽ ഒഴിക്ക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു. യഹോവയുടെ ദൂതൻ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിന്നു മറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്നു പറഞ്ഞു. യഹോവ അവനോടു: നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു.
ന്യായാധിപന്മാർ 6:11-23 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ ദൂതൻ ഒഫ്രായിൽവന്ന് അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിന്റെ കീഴിലിരുന്നു; അദ്ദേഹത്തിന്റെ മകനായ ഗിദെയോൻ, മിദ്യാന്യരിൽനിന്നു ഗോതമ്പു സംരക്ഷിക്കേണ്ടതിനു മുന്തിരിച്ചക്കിനരികെവെച്ച് മെതിക്കുകയായിരുന്നു. യഹോവയുടെ ദൂതൻ അയാൾക്കു പ്രത്യക്ഷനായി, അദ്ദേഹത്തോട്, “പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ഗിദെയോൻ പറഞ്ഞു: “എന്നോട് ക്ഷമിക്കണമേ യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇതൊക്കെ നമുക്ക് സംഭവിക്കുന്നത്? ‘യഹോവ നമ്മെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നു,’ എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിട്ടുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ എവിടെ? യഹോവ നമ്മെ ഉപേക്ഷിച്ച് ഇപ്പോൾ മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നല്ലോ.” യഹോവ തിരിഞ്ഞ് അവനെ നോക്കി, “നിനക്കുള്ള ബലത്തോടെ പോകുക. ഇസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കുക, ഞാനല്ലയോ, നിന്നെ അയയ്ക്കുന്നത്?” എന്നു പറഞ്ഞു. “അയ്യോ കർത്താവേ, ഞാൻ ഇസ്രായേലിനെ രക്ഷിക്കുന്നത് എങ്ങനെ? എന്റെ കുലം മനശ്ശെയിൽ ഏറ്റവും എളിയതും, ഞാൻ എന്റെ കുടുംബത്തിൽ ഏറ്റവും ചെറിയവനും ആകുന്നു,” എന്ന് ഗിദെയോൻ പറഞ്ഞു. യഹോവ പറഞ്ഞു: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ സകലമിദ്യാന്യരെയും ഒരു ഒറ്റ മനുഷ്യനെ എന്നപോലെ തോൽപ്പിക്കും.” അപ്പോൾ ഗിദെയോൻ, “അങ്ങേക്ക് എന്നോട് കൃപയുണ്ടെങ്കിൽ, എന്നോടു സംസാരിക്കുന്നത് അവിടന്നുതന്നെ എന്നതിന് ഒരു ചിഹ്നം തരണമേ. ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്ന് അങ്ങയുടെമുമ്പാകെ അർപ്പിക്കുന്നതുവരെ ഇവിടെനിന്നു പോകരുതേ” എന്നു പറഞ്ഞു. “നീ മടങ്ങിവരുന്നതുവരെ ഞാൻ കാത്തിരിക്കാം” യഹോവ അരുളിച്ചെയ്തു. ഗിദെയോൻ പോയി ഒരു കോലാട്ടിൻകുട്ടിയെ പാകംചെയ്തു. ഒരു ഏഫാ മാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. മാംസം ഒരു കൊട്ടയിലും ചാറ് ഒരു കലത്തിലും പകർന്നുകൊണ്ടുവന്ന് കരുവേലകത്തിൻകീഴേ അവിടത്തെ മുമ്പിൽ അർപ്പിച്ചു. അപ്പോൾ ദൈവത്തിന്റെ ദൂതൻ അയാളോട്, “മാംസവും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ഈ പാറയിൽ വെക്കുക, ചാറ് അതിന്മേൽ ഒഴിക്കുക” എന്നു കൽപ്പിച്ചു; അയാൾ അങ്ങനെ ചെയ്തു. യഹോവയുടെ ദൂതൻ കൈയിലിരുന്ന വടിയുടെ അഗ്രംകൊണ്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും തൊട്ടു; പാറയിൽനിന്നു തീ ജ്വലിച്ച് മാംസവും പുളിപ്പില്ലാത്ത അപ്പവും ദഹിപ്പിച്ചു; തുടർന്ന് യഹോവയുടെ ദൂതൻ അപ്രത്യക്ഷനായി. അത് യഹോവയുടെ ദൂതൻ ആയിരുന്നു എന്ന് ഗിദെയോൻ ഗ്രഹിച്ചപ്പോൾ; ആശ്ചര്യത്തോടെ, “അയ്യോ, കർത്താവായ യഹോവേ! ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ!” എന്നു പറഞ്ഞു. എന്നാൽ യഹോവ അയാളോട്: “നിനക്കു സമാധാനം; ഭയപ്പെടേണ്ട, നീ മരിക്കുകയില്ല” എന്ന് അരുളിച്ചെയ്തു.