ന്യായാധിപന്മാർ 2:6-15
ന്യായാധിപന്മാർ 2:6-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേൽമക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു പോയി. യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ട് ഏറിയനാൾ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിനുവേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു. എന്നാൽ യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവനെ എഫ്രയീംപർവതത്തിലെ തിമ്നാത്ത്-ഹേരെസിൽ ഗായശ്മലയുടെ വടക്കുവശത്ത് അവന്റെ അവകാശഭൂമിയിൽ അടക്കം ചെയ്തു. പിന്നെ ആ തലമുറയൊക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെശേഷം യഹോവയെയും അവൻ യിസ്രായേലിനുവേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി. എന്നാൽ യിസ്രായേൽമക്കൾ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെ സേവിച്ചു, തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്നു നമസ്കരിച്ച് യഹോവയെ കോപിപ്പിച്ചു. അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു. യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവരെ കവർച്ച ചെയ്യേണ്ടതിന് അവൻ അവരെ കവർച്ചക്കാരുടെ കൈയിൽ ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കൾക്ക് അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാൻ അവർക്കു പിന്നെ കഴിഞ്ഞില്ല. യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവർ ചെന്നേടത്തൊക്കെയും അനർഥം വരത്തക്കവണ്ണം അവർക്കു വിരോധമായിരുന്നു; അവർക്കു മഹാകഷ്ടം ഉണ്ടാകയും ചെയ്തു.
ന്യായാധിപന്മാർ 2:6-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് യോശുവ ഇസ്രായേൽജനത്തെ പറഞ്ഞയച്ചു; തങ്ങൾക്ക് അവകാശമായി ലഭിച്ച ഭൂമി കൈവശപ്പെടുത്താൻ അവർ ഓരോരുത്തരും പോയി. യോശുവയുടെ കാലത്തും അതിനുശേഷവും ജീവിച്ചിരുന്നവരും സർവേശ്വരൻ ഇസ്രായേലിന് ചെയ്ത വൻകാര്യങ്ങൾ കണ്ടിട്ടുള്ളവരുമായ ജനനേതാക്കന്മാരുടെ കാലത്തും ജനം സർവേശ്വരനെ സേവിച്ചു. നൂറ്റിപ്പത്താമത്തെ വയസ്സിൽ അവിടുത്തെ ദാസനും നൂനിന്റെ മകനുമായ യോശുവ മരിച്ചു. അദ്ദേഹത്തെ എഫ്രയീം മലനാട്ടിൽ ഗായശ്മലയുടെ വടക്കു വശത്തുള്ള തിമ്നാത്ത്-ഹേരെസിൽ തന്റെ അവകാശഭൂമിയിൽതന്നെ സംസ്കരിച്ചു. ആ തലമുറയിലുള്ള എല്ലാവരും മരിച്ച് അവരുടെ പിതാക്കന്മാരോടു ചേർന്നു. സർവേശ്വരനെയും ഇസ്രായേലിനുവേണ്ടി അവിടുന്നു ചെയ്തിട്ടുള്ള പ്രവൃത്തികളെയും മറന്നുകളഞ്ഞ മറ്റൊരു തലമുറ വളർന്നുവന്നു. പിന്നീട് ഇസ്രായേൽജനം ബാൽദേവന്മാരെ ആരാധിച്ച് സർവേശ്വരന്റെ സന്നിധിയിൽ തിന്മ ചെയ്തു. അവരുടെ പിതാക്കന്മാരെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്ന അവരുടെ ദൈവമായ സർവേശ്വരനെ അവർ ഉപേക്ഷിച്ചു; തദ്ദേശവാസികളുടെ ദേവന്മാരായ അന്യദേവന്മാരെ അവർ പിൻചെന്ന് ആരാധിക്കുകയും ചെയ്തു. അങ്ങനെ അവർ അവിടുത്തെ പ്രകോപിപ്പിച്ചു. അവർ സർവേശ്വരനെ ഉപേക്ഷിച്ച് ബാൽദേവനെയും അസ്തോരെത്ത്ദേവതയെയും ആരാധിച്ചു. അതുകൊണ്ട് അവിടുത്തെ കോപം ഇസ്രായേൽജനത്തിന്റെ നേരെ ജ്വലിച്ചു. അവിടുന്ന് അവരെ കൊള്ളക്കാരുടെ കൈയിൽ ഏല്പിച്ചു. അവർ അവരെ കവർച്ച ചെയ്തു. ചുറ്റുമുള്ള ശത്രുക്കൾക്ക് അവിടുന്ന് അവരെ വിട്ടുകൊടുത്തു. ശത്രുക്കളെ ചെറുത്തുനില്‌ക്കാൻ അവർക്കു കഴിഞ്ഞില്ല. സർവേശ്വരന്റെ പ്രതിജ്ഞപോലെയും അവർക്കു മുന്നറിയിപ്പ് നല്‌കിയിരുന്നതുപോലെയും യുദ്ധത്തിനു പോയിടങ്ങളിലെല്ലാം അവർ പരാജിതരായി. അവിടുത്തെ കരം അവർക്ക് എതിരായിരുന്നുവല്ലോ; അങ്ങനെ അവർ വലിയ കഷ്ടതയിലായി.
ന്യായാധിപന്മാർ 2:6-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോശുവ ജനത്തെ പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ, യിസ്രായേൽ മക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്ക് പോയി. അങ്ങനെ യോശുവയുടെ ജീവകാലത്തും അവന്‍റെ ശേഷം ജീവിച്ചിരുന്നവരും, യഹോവ യിസ്രായേലിനു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിൽ കണ്ടിട്ടുള്ളവരുമായ മൂപ്പന്മാരുടെ കാലത്തും ജനം യഹോവയെ സേവിച്ചു. അനന്തരം നൂന്‍റെ മകനും, യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്താമത്തെ വയസ്സിൽ മരിച്ചു. അവർ അവനെ അവന്‍റെ അവകാശഭൂമിയുടെ അതിരായ എഫ്രയീംപർവ്വതത്തിലെ ഗായശ് മലയുടെ വടക്കുവശത്തുള്ള തിമ്നാത്ത്-ഹേരെസിൽ അടക്കം ചെയ്തു. പിന്നെ ആ തലമുറയൊക്കെയും മരിച്ചു തങ്ങളുടെ പിതാക്കന്മാരോട് ചേർന്നു. അവരുടെ ശേഷം യഹോവയെയും അവിടുന്ന് യിസ്രായേലിനു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിഞ്ഞിട്ടില്ലാത്ത വേറൊരു തലമുറ ഉണ്ടായി. അപ്പോൾ യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തവ ചെയ്തു ബാല്‍ വിഗ്രഹങ്ങളെ സേവിച്ചു. തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ച്, ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്നു നമസ്കരിച്ചു, യഹോവയെ കോപിപ്പിച്ചു. അവർ യഹോവയെ ഉപേക്ഷിച്ച് ബാലിനെയും അസ്തോരെത്ത് ദേവിയേയും പ്രതിഷ്ഠകളെയും സേവിച്ചു. യഹോവ യിസ്രായേലിന്‍റെ നേരെ ഏറ്റവുമധികം കോപിച്ചു; അവരെ കവർച്ചചെയ്യേണ്ടതിന് അവിടുന്ന് അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്പിച്ചു; ചുറ്റുമുള്ള ശത്രുക്കൾക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്‍ക്കാൻ അവർക്ക് പിന്നെ കഴിഞ്ഞില്ല. യഹോവ സത്യംചെയ്ത് അവരോട് അരുളിച്ചെയ്തിരുന്നതുപോലെ, യഹോവയുടെ കൈ അവർ ചെന്നിടത്തൊക്കെയും, അനർത്ഥം വരത്തക്കവണ്ണം അവർക്ക് വിരോധമായിരുന്നു; അവർ മഹാകഷ്ടത്തിലാകുകയും ചെയ്തു.
ന്യായാധിപന്മാർ 2:6-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേൽമക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു പോയി. യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാൾ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു. എന്നാൽ യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവനെ എഫ്രയീംപർവ്വതത്തിലെ തിമ്നാത്ത്‒ഹേരെസിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു. പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെ ശേഷം യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി. എന്നാൽ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെ സേവിച്ചു, തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്നു നമസ്കരിച്ചു യഹോവയെ കോപിപ്പിച്ചു. അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു. യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവരെ കവർച്ചചെയ്യേണ്ടതിന്നു അവൻ അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കൾക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാൻ അവർക്കു പിന്നെ കഴിഞ്ഞില്ല. യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവർ ചെന്നേടത്തൊക്കെയും അനർത്ഥം വരത്തക്കവണ്ണം അവർക്കു വിരോധമായിരുന്നു; അവർക്കു മഹാകഷ്ടം ഉണ്ടാകയും ചെയ്തു.
ന്യായാധിപന്മാർ 2:6-15 സമകാലിക മലയാളവിവർത്തനം (MCV)
യോശുവ ഇസ്രായേൽജനത്തെ പറഞ്ഞയച്ചശേഷം, ഓരോ ഗോത്രവും അവരവർക്ക് അവകാശമായി നൽകപ്പെട്ടിരുന്നു ദേശം കൈവശമാക്കാൻ പുറപ്പെട്ടു. യോശുവയുടെ ജീവകാലംമുഴുവനും അദ്ദേഹത്തിനുശേഷം യഹോവ ഇസ്രായേലിനു ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിട്ടു കണ്ടിട്ടുള്ള ഗോത്രത്തലവന്മാരുടെ ജീവകാലംമുഴുവനും ജനം യഹോവയെ സേവിച്ചു. നൂന്റെ മകനും യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അദ്ദേഹത്തെ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-ഹേരസിൽ ഗായശുമലയുടെ വടക്കുവശത്ത് അദ്ദേഹത്തിന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു. ഇതിനുശേഷം ആ തലമുറ മുഴുവനും തങ്ങളുടെ പിതാക്കന്മാരോടുചേർന്നു; അവർക്കുശേഷം യഹോവയെയോ അവിടന്ന് ഇസ്രായേലിനു ചെയ്തിട്ടുള്ള മഹാപ്രവൃത്തികളെയോ അറിയാത്ത മറ്റൊരു തലമുറ വളർന്നുവന്നു. ആ കാലഘട്ടത്തിൽ ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു; ബാൽവിഗ്രഹങ്ങളെ സേവിച്ചു. തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്ന് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു. അവർ തങ്ങൾക്കുചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ വിവിധദേവന്മാരുടെ പിന്നാലെചെന്ന് അവയെ നമസ്കരിച്ച്, യഹോവയെ പ്രകോപിപ്പിച്ചു. അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തരോത്ത് പ്രതിഷ്ഠകളെയും സേവിച്ചു. യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു; അവിടന്ന് അവരെ കവർച്ചക്കാരുടെ കൈയിൽ ഏൽപ്പിച്ചു, അവർ അവരെ കൊള്ളയടിച്ചു. ചുറ്റുമുള്ള ശത്രുക്കൾക്ക് അവരെ വിറ്റുകളഞ്ഞു; ശത്രുക്കൾക്കെതിരേ ചെറുത്തുനിൽക്കാൻ അവർക്കു കഴിഞ്ഞതേയില്ല. യഹോവ അവരോടു ശപഥംചെയ്തിരുന്നതുപോലെ, യുദ്ധത്തിനു ചെല്ലുന്നിടത്തൊക്കെയും തോൽവിയുണ്ടാകത്തക്കവണ്ണം യഹോവയുടെ കരം അവർക്കു വിരോധമായിരുന്നു; അവർക്കു മഹാകഷ്ടതയുണ്ടായി.