ന്യായാധിപന്മാർ 2:16-23
ന്യായാധിപന്മാർ 2:16-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു. അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗം ചെയ്ത് അവയെ നമസ്കരിച്ച്, തങ്ങളുടെ പിതാക്കന്മാർ നടന്ന വഴിയിൽനിന്ന് വേഗം മാറിക്കളഞ്ഞു; അവർ യഹോവയുടെ കല്പനകൾ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല. യഹോവ അവർക്ക് ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോൾ യഹോവ അതതു ന്യായാധിപനോടു കൂടെയിരുന്ന് അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലവിളിയിങ്കൽ യഹോവയ്ക്കു മനസ്സലിവു തോന്നും. എന്നാൽ ആ ന്യായാധിപൻ മരിച്ചശേഷം അവർ തിരിഞ്ഞ് അന്യദൈവങ്ങളെ ചെന്നു സേവിച്ചും നമസ്കരിച്ചുംകൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്തം പ്രവർത്തിക്കും; അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിടാതിരിക്കും. അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു: ഈ ജാതി അവരുടെ പിതാക്കന്മാരോടു ഞാൻ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ച് എന്റെ വാക്കു കേൾക്കായ്കയാൽ അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും അനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു യിസ്രായേലിനെ പരീക്ഷിക്കേണ്ടതിനു ഞാനും, യോശുവ മരിക്കുമ്പോൾ വിട്ടേച്ചുപോയ ജാതികളിൽ ഒന്നിനെയും ഇനി അവരുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല എന്ന് അവൻ അരുളിച്ചെയ്തു. അങ്ങനെ യഹോവ ആ ജാതികളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കൈയിൽ ഏല്പിക്കാതെയും വച്ചിരുന്നു.
ന്യായാധിപന്മാർ 2:16-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കവർച്ചക്കാരുടെ കൈയിൽനിന്ന് അവരെ രക്ഷിക്കാൻ സർവേശ്വരൻ ന്യായാധിപന്മാരെ നിയോഗിച്ചു. എങ്കിലും അവർ അവരെ അനുസരിച്ചില്ല; സർവേശ്വരനോട് അവർ അവിശ്വസ്തരായി അന്യദേവന്മാരെ ആരാധിച്ചു. അവിടുത്തെ കല്പനകൾ അനുസരിച്ചുനടന്ന പിതാക്കന്മാരുടെ വഴിയിൽനിന്ന് അവർ വ്യതിചലിച്ചു. അവർക്കു ന്യായാധിപന്മാരെ നല്‌കിയപ്പോഴെല്ലാം സർവേശ്വരൻ ആ ന്യായാധിപന്മാരോടൊപ്പം ഇരുന്ന് അവരെ ശത്രുക്കളിൽനിന്നു രക്ഷിച്ചു. കാരണം പീഡനങ്ങളിലും മർദനങ്ങളിലും അവർ നിലവിളിക്കുമ്പോൾ സർവേശ്വരന് അവരോടു കനിവു തോന്നുമായിരുന്നു. എന്നാൽ ആ ന്യായാധിപന്മാരുടെ കാലശേഷം ഇസ്രായേൽജനം തിരിഞ്ഞ് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികമായി മ്ലേച്ഛത പ്രവർത്തിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തുവന്നു. അവർ തങ്ങളുടെ ദുരാചാരങ്ങളോ ദുശ്ശാഠ്യങ്ങളോ ഉപേക്ഷിച്ചില്ല; അപ്പോഴെല്ലാം സർവേശ്വരന്റെ കോപം ഇസ്രായേൽജനത്തിനെതിരെ ജ്വലിക്കും; അവിടുന്ന് അവരോട് അരുളിച്ചെയ്യും; “ഞാൻ അവരുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടി അവർ ലംഘിക്കുകയും എന്റെ വാക്ക് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് യോശുവ മരിക്കുമ്പോൾ അവരുടെ ദേശത്ത് അവശേഷിച്ചിരുന്ന ജനതകളിൽ ഒന്നിനെപ്പോലും അവരുടെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളയുകയില്ല. അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന എന്റെ വഴിയിൽ അവർ നടക്കുമോ ഇല്ലയോ എന്നറിയുന്നതിന് ഇസ്രായേലിനെ ഞാൻ പരീക്ഷിച്ചുനോക്കും.” അതുകൊണ്ട് സർവേശ്വരൻ ആ ജനതകളെ യോശുവയുടെ കൈയിൽ ഏല്പിക്കുകയോ, ഒറ്റയടിക്ക് പുറത്താക്കുകയോ ചെയ്യാതെ അവരെ അവശേഷിപ്പിച്ചു.
ന്യായാധിപന്മാർ 2:16-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നിരുന്നാലും യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരിൽ നിന്ന് അവരെ രക്ഷിച്ചു. എന്നാലും അവർ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോട് ഇടകലർന്ന് അവയെ നമസ്കരിച്ചു; യഹോവയുടെ കല്പനകൾ അനുസരിച്ച് നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളിൽ നടക്കാതെ അതിൽ നിന്ന് വേഗം മാറിപ്പോയി. യഹോവ അവർക്ക് ന്യായാധിപന്മാരെ എഴുന്നേല്പിച്ചപ്പോൾ, അവിടുന്ന്, അതാത് ന്യായാധിപനോടു കൂടെയിരുന്ന് അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചിരുന്നു. എന്തെന്നാൽ തങ്ങളെ ഉപദ്രവിച്ച് പീഡിപ്പിക്കുന്നവരുടെ നിമിത്തമുള്ള അവരുടെ നിലവിളിയിങ്കൽ യഹോവയ്ക്ക് മനസ്സലിവ് തോന്നിയിരുന്നു. എന്നാൽ ആ ന്യായാധിപന്‍റെ മരണശേഷം അവർ വീണ്ടും അന്യദൈവങ്ങളെ സേവിച്ചും നമസ്കരിച്ചും കൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചിരുന്നു. അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിട്ടിരുന്നില്ല. അങ്ങനെ യഹോവ യിസ്രായേലിനോട് ഏറ്റവുമധികം കോപിച്ചു: “ഈ ജനം അവരുടെ പിതാക്കന്മാരോട് ഞാൻ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ച് എന്‍റെ വാക്ക് കേൾക്കായ്കയാൽ അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും നടക്കുമോ ഇല്ലയോ എന്ന് യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്, യോശുവ മരിക്കുമ്പോൾ നശിപ്പിക്കാതെ വിട്ട ജാതികളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു. അങ്ങനെ യഹോവ ആ ജനതകളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കയ്യിൽ ഏല്പിക്കാതെയുമിരുന്നു.
ന്യായാധിപന്മാർ 2:16-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കയ്യിൽ നിന്നു അവരെ രക്ഷിച്ചു. അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗംചെയ്തു അവയെ നമസ്കരിച്ചു, തങ്ങളുടെ പിതാക്കന്മാർ നടന്ന വഴിയിൽനിന്നു വേഗം മാറിക്കളഞ്ഞു; അവർ യഹോവയുടെ കല്പനകൾ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല. യഹോവ അവർക്കു ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോൾ യഹോവ അതതു ന്യായധിപനോടു കൂടെയിരുന്നു അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലവിളിയിങ്കൽ യഹോവെക്കു മനസ്സിലിവു തോന്നും. എന്നാൽ ആ ന്യായാധിപൻ മരിച്ചശേഷം അവർ തിരിഞ്ഞു അന്യദൈവങ്ങളെ ചെന്നു സേവിച്ചും നമസ്കരിച്ചുംകൊണ്ടു തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിക്കും; അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിടാതിരിക്കും. അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു: ഈ ജാതി അവരുടെ പിതാക്കന്മാരോടു ഞാൻ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ചു എന്റെ വാക്കു കേൾക്കായ്കയാൽ അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും അനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്നു ഞാനും, യോശുവ മരിക്കുമ്പോൾ വിട്ടേച്ചുപോയ ജാതികളിൽ ഒന്നിനെയും ഇനി അവരുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല എന്നു അവൻ അരുളിച്ചെയ്തു. അങ്ങനെ യഹോവ ആ ജാതികളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കയ്യിൽ ഏല്പിക്കാതെയും വെച്ചിരുന്നു.
ന്യായാധിപന്മാർ 2:16-23 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ യഹോവ ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ചു; അവർ കവർച്ചക്കാരുടെ കൈയിൽനിന്ന് ഇസ്രായേൽജനത്തെ രക്ഷിച്ചു. എങ്കിലും അവർ തങ്ങളുടെ ന്യായാധിപന്മാരെ അനുസരിക്കാതെ അന്യദേവന്മാരോടു പരസംഗംചെയ്ത് അവരെ ഭജിച്ചുവന്നു. യഹോവയുടെ കൽപ്പനകൾ അനുസരിച്ചു നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളെ അവർ അതിവേഗം വിട്ടുമാറി; അവരെ അനുകരിച്ചതുമില്ല. യഹോവ അവർക്കുവേണ്ടി ന്യായാധിപന്മാരെ എഴുന്നേൽപ്പിക്കുമ്പോൾ യഹോവ അതതു ന്യായാധിപന്മാരോടുകൂടെയിരുന്ന് അവരുടെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും. തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവർ നിമിത്തമുള്ള അവരുടെ നിലവിളികേട്ട് യഹോവയ്ക്ക് അവരിൽ മനസ്സലിവു തോന്നുന്നതുകൊണ്ടാണ് അവിടന്ന് ഇപ്രകാരംചെയ്യുന്നത്. എന്നാൽ ആ ന്യായാധിപന്റെ മരണത്തിനുശേഷം അവർ വീണ്ടും അന്യദേവന്മാരെ സേവിച്ചും നമസ്കരിച്ചുംകൊണ്ടു തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദുഷ്ടത പ്രവർത്തിക്കും; അവർ തങ്ങളുടെ ഹീനകൃത്യങ്ങളും ദുശ്ശാഠ്യജീവിതവും ഉപേക്ഷിക്കാൻ വിസമ്മതിച്ചു. അതുകൊണ്ട് യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു: “ഈ ജനത അവരുടെ പിതാക്കന്മാരോടു ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ ഉടമ്പടി ലംഘിച്ചു; എന്റെ കൽപ്പനകൾ അവഗണിച്ചു. അതിനാൽ അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും അനുസരിച്ചു നടക്കുമോ ഇല്ലയോ എന്ന് ഇസ്രായേലിനെ പരീക്ഷിക്കേണ്ടതിന്, യോശുവ മരിക്കുമ്പോൾ കീഴ്പ്പെടുത്താതിരുന്ന ജനതകളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ല,” എന്ന് അവിടന്ന് അരുളിച്ചെയ്തു. അതുകൊണ്ട് യഹോവ ആ ജനതകളെ അവിടെത്തന്നെ തുടരാൻ അനുവദിച്ചു; അവരെ വേഗത്തിൽ നീക്കിക്കളയുന്നതിനായി യോശുവയുടെ കൈയിൽ ഏൽപ്പിക്കാതെയുമിരുന്നു.